മഹാരാഷ്ട്ര: പുനരുപയോഗ ഊർജം സംഭരിച്ച് ആവശ്യാനുസരണം വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ രാജ്യത്ത് പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതികൾ വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾക്കിടെ, പശ്ചിമഘട്ടത്തിലെ പരിസ്ഥിതി അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പുമായി വിദഗ്ധർ. കാലാവസ്ഥാ വ്യതിയാനംമൂലം തീവ്ര മഴയും ഉരുൾപൊട്ടലും വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം പദ്ധതികൾ കൂടുതൽ അപകടസാധ്യത സൃഷ്ടിക്കുമെന്നാണ് ആശങ്ക. പരിസ്ഥിതി വാർത്താ വെബ്സൈറ്റായ മോംഗബേ ഇന്ത്യയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അധികമായി ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് താഴെയുള്ള സംഭരണിയിൽനിന്ന് മുകളിലെ സംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്ത് സൂക്ഷിക്കുകയും ആവശ്യമുള്ളപ്പോൾ താഴേക്ക് ഒഴുക്കി വൈദ്യുതി ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. 2034-ഓടെ രാജ്യത്തെ ഇത്തരം പദ്ധതികളുടെ ശേഷി 87 ജിഗാവാട്ടായും 2036-ഓടെ 100 ജിഗാവാട്ടിലധികമായും ഉയർത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പശ്ചിമഘട്ടത്തിലാണ് പദ്ധതികൾക്ക് കൂടുതൽ സാധ്യതയുള്ളത്. ഇതിൽ മഹാരാഷ്ട്രയാണ് മുന്നിൽ.
എന്നാൽ, പശ്ചിമഘട്ടത്തിലെ കുത്തനെയുള്ള മലഞ്ചെരിവുകളും ക്രമരഹിതമായി പെയ്യുന്ന മഴയും ഉരുൾപൊട്ടൽ സാധ്യത വർധിപ്പിക്കുന്നുണ്ട്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് പശ്ചിമഘട്ടത്തിലെയും മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെയും 90,000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഉരുൾപൊട്ടൽ സാധ്യതയുള്ളതാണ്.
2005-ൽ മഹാരാഷ്ട്രയിലെ ഘട്ഘർ പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയുടെ നിർമാണത്തിനിടെ മണ്ണിടിച്ചിലുണ്ടായി 22 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയിരുന്നു. 2021-ൽ മഹാഡിലെ താലിയേ ഗ്രാമത്തിലുണ്ടായ ഉരുൾപൊട്ടലിൽ 85 പേർ മരിച്ചതും 2014-ൽ മാലിൻ ഗ്രാമത്തിലുണ്ടായ ദുരന്തത്തിൽ 153 പേർ മരിച്ചതും മേഖലയിലെ അപകടസാധ്യത വ്യക്തമാക്കുന്നതാണെന്ന് വിദഗ്ധർ പറയുന്നു.
പദ്ധതികളുടെ നിർമാണത്തിനായി നടത്തുന്ന സ്ഫോടനങ്ങളും തുരങ്കനിർമാണവും മലഞ്ചെരിവുകളുടെ ഉറപ്പ് കുറക്കുകയും മണ്ണിടിച്ചിലിന് കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഓരോ പദ്ധതിയുടെയും ആഘാതം പ്രത്യേകം പരിശോധിക്കുന്നതിനുപകരം ഒരേ പ്രദേശത്ത് നിർമിക്കുന്ന എല്ലാ പദ്ധതികളുടെയും സംയുക്ത പരിസ്ഥിതി ആഘാതം വിലയിരുത്തണമെന്നും ആവശ്യമുണ്ട്. പദ്ധതികൾക്ക് അനുമതി നൽകുന്നതിന് മുമ്പ് സ്വതന്ത്ര വിദഗ്ധരെയും പ്രദേശവാസികളെയും ഉൾപ്പെടുത്തി സമഗ്ര പഠനം നടത്തണമെന്നും അവർ ആവശ്യപ്പെടുന്നു.
Content Highlights: India aims to significantly increase pumped storage capacity by 2034 and 2036 to support renewable energy., Experts warn that these projects in the Western Ghats, especially in Maharashtra, heighten landslide and disaster risks., Past disasters like the 2005 Ghatghar incident and 2021 Talye landslide highlight construction vulnerabilities., Current environmental impact assessments often fail to adequately account for climate change and cumulative regional impacts.
Published: 27 Nov 2026, 05:30 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented