ശ്രീനഗർ: ഡൽഹിയിലെ വായുമലിനീകരണത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ കശ്മീർ തലസ്ഥാനമായ ശ്രീനഗറിലും വായുനിലവാരം മോശമാകുന്നതായി റിപ്പോർട്ട്. സ്വകാര്യ വായു ഗുണനിലവാര നിരീക്ഷണ പ്ലാറ്റ്‌ഫോമായ AQI.in പുറത്തുവിട്ട കണക്കുകൾ പ്രകാരം നവംബർ 20-ന് ശ്രീനഗറിലെ വായു ഗുണനിലവാര സൂചിക 354 ആയി ഉയർന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും വായുമലിനീകരണമുള്ള നഗരങ്ങളിലൊന്നായി ശ്രീനഗർ മാറിയെന്ന് ഇന്ത്യാടുഡേ റിപ്പോർട്ടിൽ പറയുന്നു.

To advertise here,

ഇതേദിവസം ഡൽഹിയിലെ വായു ഗുണനിലവാരം 277 ആയിരുന്നു. ഹരിയാനയിലെ ഹിസാർ (328), ലുധിയാന (309), അമൃത്സർ (302) എന്നീ നഗരങ്ങളിലും ഉയർന്ന മലിനീകരണനിരക്ക് രേഖപ്പെടുത്തി. എന്നാൽ, സ്വകാര്യ പ്ലാറ്റ്‌ഫോം പുറത്തുവിട്ട കണക്കുകളും ഔദ്യോഗിക സർക്കാർ കണക്കുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുപ്രകാരം, ശ്രീനഗറിലെ വായു ഗുണനിലവാരം 59 ആണ്. ഇത് തൃപ്തികരമായ വായുനിലവാര വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. അതേസമയം, മറ്റൊരു റിപ്പോർട്ടിൽ സി.പി.സി.ബി.യുടെ 24 മണിക്കൂർ ശരാശരി വായു ഗുണനിലവാരം 180 ആണെന്നും വ്യക്തമാക്കുന്നു. 

AQI.in-ന്റെ കണക്കുകൾ പ്രകാരം ശ്രീനഗറിലെ അന്തരീക്ഷത്തിൽ ആരോഗ്യത്തിന് ഹാനികരമായ സൂക്ഷ്മ കണികകളായ പിഎം2.5, പിഎം10 എന്നിവയുടെ അളവും ഉയർന്ന നിലയിലാണ്. ഇതിൽ പിഎം2.5 കണികകൾക്ക് വലിപ്പം കുറവായതിനാൽ ശ്വസനത്തിലൂടെ ശ്വാസകോശത്തിലേക്ക് കടക്കാൻ കഴിയും. ദീർഘകാലം ഇത്തരം മലിനവായു ശ്വസിക്കുന്നത് ശ്വാസകോശ, ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് കാരണമായേക്കും. 

ശ്രീനഗറിൽ വായുമലിനീകരണം വർധിക്കുന്നതിന് ഭൂപ്രകൃതിയും കാലാവസ്ഥയും കാരണമാകുന്നുണ്ടെന്നാണ് AQI.in ചൂണ്ടിക്കാട്ടുന്നത്. പർവതങ്ങളാൽ ചുറ്റപ്പെട്ട താഴ്‌വരയായതിനാൽ കാറ്റിന്റെ സഞ്ചാരം കുറയുകയും മലിനവായു അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയും ചെയ്യുന്നു.

ശൈത്യകാലത്ത് ഉണ്ടാകുന്ന 'ടെമ്പറേച്ചർ ഇൻവേർഷൻ' പ്രതിഭാസം മൂലം ഉപരിതലത്തിലെ തണുത്ത കാറ്റിനു മുകളിൽ ചൂടുള്ള വായു ഒരു മൂടി പോലെ പ്രവർത്തിച്ച് മലിനീകരണത്തെ തടഞ്ഞുനിർത്തുന്നു. അതിനാൽ മലിനീകാരികളായ കണികകൾ അന്തരീക്ഷത്തിൽ കുടുങ്ങിക്കിടക്കും. മഴയും മഞ്ഞുവീഴ്ചയും കുറയുന്നതും വീടുകളിൽ ചൂടിനായി ഇന്ധനം കത്തിക്കുന്നതും വാഹനപ്പുകയും നിർമാണ പ്രവർത്തനങ്ങളും മാലിന്യം കത്തിക്കുന്നതും മലിനീകരണം വർധിപ്പിക്കുന്നു.

ശ്രീനഗറിലെ വായുനിലവാരം മോശമാകുന്നതിൽ ജനപ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കശ്മീരിലെ കാടുകളും തടാകങ്ങളും ജൈവവൈവിധ്യവും വലിയ ഭീഷണി നേരിടുകയാണെന്നും പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകണമെന്നും പുൽവാമ എം.എൽ.എ വഹീദ് പാറ എക്സിൽ കുറിച്ചു.