ന്യൂഡൽഹി: സംഭരിച്ച വെള്ളമുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതികൾക്ക് വൻതോതിൽ പാരിസ്ഥിതിക ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പരിസ്ഥിതിലോല മേഖലയിലും സംരക്ഷിതവനമേഖലയിലെ 10 കിലോമീറ്റർ ചുറ്റളവിലും ഇനി മുതൽ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാവാം. പശ്ചിമഘട്ട നിയന്ത്രണങ്ങളിൽ ഇതിനാവശ്യമായ ഇളവനുവദിക്കാമെന്നും കേന്ദ്ര വൈദ്യുതി അതോറിറ്റി പുറത്തിറക്കിയ പുതിയ മാർഗരേഖ നിർദ്ദേശിക്കുന്നു. പരിസ്ഥിതിസംരക്ഷണ കവചത്തിന് ഇത് മറ്റൊരു വെല്ലുവിളിയാകും.

To advertise here,

പമ്പ്ഡ് സ്റ്റോറേജ് പദ്ധതി

ജലവൈദ്യുത പദ്ധതി ഉൽപ്പാദിപ്പിച്ച ശേഷം പുറത്തുവിടുന്ന വെള്ളം വൈദ്യുതിയാവശ്യം കുറവായ സമയങ്ങളിൽ സോളാർ, കാറ്റ് പോലുള്ള പാരമ്പര്യേതര ഊർജസ്രോതസ്സുകളുപയോഗിച്ച് മറ്റൊരു ജലസംഭരണിയിലേക്ക് ശേഖരിച്ച വെള്ളത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതാണ് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ. ഹ്രസ്വ ആവശ്യം നിറവേറ്റാനാണിത്.

ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദിയിൽ നിന്ന് വിട്ടുമാറിയുള്ള ഭൂപ്രദേശത്താണ് പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയെങ്കിൽ അവിടെ മറ്റൊരു ജലസംഭരണി കൂടി നിർമിക്കേണ്ടിവരും. 2035-36ഓടെ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളുടെ ശേഷി 100 ജിഗാവാട്ട് ആയി ഉയർത്തലാണ് ലക്ഷ്യം

ഇളവിനുള്ള വാദങ്ങൾ

  • പകരം വനവൽക്കരണത്തിനാവശ്യമായ വനേതരഭൂമി ലഭിക്കാനുള്ള ബുദ്ധിമുട്ട്
  • ചെറിയ അണക്കെട്ടുകളിലൂടെ കുറഞ്ഞതോതിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ പോലും വേണ്ടി വരുന്ന പാരിസ്ഥിതികാനുമതി വെല്ലുവിളി ഉയർത്തുന്നു
  • സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗീകാരങ്ങൾക്കുണ്ടാകുന്ന കാലതാമസം പാരിസ്ഥിതികാനുമതിയെ വൈകിപ്പിക്കുന്നു

മാർഗരേഖ

  • പമ്പ്ഡ് സ്‌റ്റോറേജ് പദ്ധതിക്കായി വകമാറ്റുന്ന വനഭൂമിക്ക് പകരം വനവൽക്കരണത്തിന് വനേതര ഭൂമി നിർബന്ധമില്ല. വിട്ടുനൽകുന്ന വനഭൂമിയുടെ രണ്ടിരട്ടി ക്ഷയിച്ച വനഭൂമി കൈമാറിയാൽ മതി.
  • നദികളോട് ചേർന്നല്ലാതെ കിടക്കുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളെ (ഓഫ് സ്ട്രീം പിഎസ്പികൾ) വൃഷ്ടി പ്രദേശ ശുചീകരണ പദ്ധതിയിൽ (കാച്ച്‌മെന്റ് ഏരിയ ട്രീറ്റ്‌മെന്റ് പ്ലാൻ) നിന്നൊഴിവാക്കും.
  • നിലവിൽ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾക്ക് സിഎടി നിർബന്ധമാണ്.
  • നീർത്തടാധിഷ്ഠിത പദ്ധതികളിലൂടെ മണ്ണും ഈർപ്പവും സംരക്ഷിക്കപ്പെടുന്നതിനാൽ ഇതിന് മണ്ണ്-നീർത്തട സംരക്ഷണ പ്ലാനിൽ ഇളവനുവദിക്കാം.
  • പദ്ധതിനിർമാണം വേഗത്തിലാക്കാനായി റോഡ്, വനഭൂമിയേറ്റെടുക്കൽ പ്രക്രിയ പ്രത്യേകം നടത്തണം.
  • അഞ്ചടിയിൽ കൂടുതൽ വ്യാസമുള്ള ടണലുകൾ നിർമിക്കുമ്പോൾ കൂടുതൽ ഭൂമി ആവശ്യമില്ലെങ്കിൽ വനഭൂമി കൈമാറ്റത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കണം.
  • പദ്ധതിക്കുള്ള ടേംസ് ഓഫ് റഫറൻസ് തയാറാക്കുന്നതിന് മുമ്പായി കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം, ദേശീയ കടുവാ സംരക്ഷണ അതോറിറ്റി, ദേശീയ വന്യജീവി ബോർഡ് എന്നിവരുമായി ചർച്ച ചെയ്ത് ധാരണയിലെത്തണം.
  • ഇത്തരം പദ്ധതികളെ കുറഞ്ഞ പാരിസ്ഥിതികാഘാതമുള്ള വെള്ള വിഭാഗത്തിൽ ഉൾപെടുത്തണം.