കടലുണ്ടി (കോഴിക്കോട്): ചാലിയം ഓഷ്യാനസ് ബീച്ചിൽ ദേശാടനപ്പക്ഷിയായ വലിയരാജഹംസത്തെ കണ്ടെത്തി. ബുധനാഴ്ച ഉച്ചയോടെ പക്ഷി കടലിലിറങ്ങി തീറ്റതേടുന്ന വേളയിലാണ് ശ്രദ്ധയിൽപ്പെട്ടതെന്ന് ബേഡ്‌ ഫോട്ടോഗ്രാഫറായ വിജേഷ് വള്ളിക്കുന്ന് പറഞ്ഞു. കടലുണ്ടി പക്ഷിസങ്കേതത്തിൽ ദേശാടനപ്പക്ഷികൾ കൂടുതലായെത്തുന്ന കാലയളവാണ്‌ ഡിസംബർ. ഒന്നരമീറ്ററോളം നീളമുള്ള രാജഹംസത്തിന്റെ കുഞ്ഞിനെയാണ് ഇവിടെ കണ്ടതെന്ന് നിരീക്ഷകർ പറഞ്ഞു.

To advertise here,

ആദ്യമായാണ് ചാലിയം ബീച്ചിൽ ഇവയെക്കാണുന്നതെന്നും പറയുന്നു. 2018 ഡിസംബറിൽ കോഴിക്കോട് കടപ്പുറത്ത് ഇത്തരത്തിലൊരു രാജഹംസത്തെ കണ്ടെത്തിയിരുന്നു. കല്ലേറിലും തെരുവുനായകളുടെ ആക്രമണത്തിലും പരിക്കേറ്റ പക്ഷി പിന്നീട് ചത്തു. 1991-ൽ തിരൂർ പുറത്തൂരിൽ അഴിമുഖത്തും ഇതിനെ കണ്ടതായി പറയുന്നുണ്ട്. വെള്ളയിൽ ചാരനിറം കലർന്ന ദേഹത്തോടുകൂടിയ പക്ഷി വെള്ളത്തിൽ കൊക്കുതാഴ്ത്തി അരിച്ചെടുക്കുന്ന പ്രത്യേകരീതിയിലാണ് ഭക്ഷണം കഴിക്കുന്നത്.

ഗുജറാത്തിലെ കച്ച് പ്രദേശത്താണ് രാജഹംസപ്പക്ഷി സ്ഥിരമായി പ്രജനനം നടത്താറുന്നത്. തമിഴ്നാട്ടിലെ കന്യാകുമാരിയിലും പക്ഷിയുടെ പ്രജനനസ്ഥലമായി കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ കൂട്ടംകൂട്ടമായി എത്തി ഇരതേടുന്ന ഇവയെ കേരളത്തിൽ ഒറ്റക്കൊറ്റയ്ക്കാണ് കാണാറുള്ളത്. സീസൺ ആയതോടെ ദേശാടനപ്പക്ഷികളായ മണൽക്കോഴി, പച്ചക്കാടി, ചെറിയ നീർക്കാട, കടൽമണ്ണാത്തി തുടങ്ങിയവയെ ബീച്ചിൽ കണ്ടെത്തിയിട്ടുണ്ട്.

സെപ്‌റ്റംബർമുതൽ മേയ്‌ വരെയാണ്‌ വലിയരാജഹംസങ്ങൾ കേരളത്തിൽ ദേശാടകരായി എത്താറുള്ളത്‌. നീണ്ടുമെലിഞ്ഞ കഴുത്തും വലിയകാലുകളും താഴേക്കു വളച്ചുവെച്ചതുപോലുള്ള വലിയകൊക്കും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു.