നവി മുംബൈ (മഹാരാഷ്ട്ര) : കാലിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഫ്‌ളമിംഗോ പക്ഷിക്ക് കൃത്രിമക്കാല്‍ വച്ചുനല്‍കി.നവി മുംബൈയിലെ നേരൂളിലുള്ള എന്‍ആര്‍ഐ തണ്ണീര്‍ത്തടത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഗ്രേറ്റര്‍ ഫ്‌ളമിംഗോ പക്ഷിക്കാണ് കൃത്രിമക്കാല്‍ വെച്ചുനല്‍കിയത്. 

To advertise here,

മീന്‍വലയിലോ മറ്റോ കുടുങ്ങി കാല്‍ മുറിഞ്ഞ അവസ്ഥയിലായിരുന്നു ഫ്‌ളമിംഗോ പക്ഷി. വന്യജീവി ഫോട്ടോഗ്രഫറായ അഭിജിത്ത് ആണ് പക്ഷിയെ ദുരവസ്ഥയില്‍ കാണുന്നത്. ഉടന്‍ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു. 

പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മേയ് 15-ന് ഫ്‌ളമിംഗോ പക്ഷിയെ തണ്ണീര്‍ത്തടത്തിലേക്ക് തന്നെ തുറന്നുവിട്ടു. എന്നാല്‍ നടക്കാന്‍ പ്രയാസപ്പെട്ട് തുറന്നുവിട്ട പ്രദേശത്ത് തന്നെ ഫ്‌ളമിംഗോ പക്ഷിക്ക് തുടരേണ്ടി വന്നു. 

തുടര്‍ന്നാണ് പക്ഷിക്ക് കൃത്രിമക്കാല്‍ വെച്ചുനല്‍കാന്‍ അധികൃതര്‍ തീരുമാനമെടുത്തത്. മുംബൈയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്റെ ഇടപെടല്‍ ഇതില്‍ നിര്‍ണായകമായി. 

ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ മക്‌രാന്ത് സറഫ് ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്ലാസ്റ്റര്‍ ഓഫ് പാരീസ് കാസ്റ്റ് ഉപയോഗിച്ച് കൃത്രിമക്കാല്‍ വെയ്ക്കുന്നത് ഫലം കാണാത്തതിനാല്‍ കാര്‍ബണ്‍ ഫൈബറിലേക്ക് അധികൃതര്‍ നീങ്ങി. 

ഇതിനിടയില്‍ മറ്റ് രണ്ട് സ്ഥാപനങ്ങള്‍ കൂടി കൃത്രിമക്കാല്‍ വെച്ചുനല്‍കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി. വിമാനത്തിന്റെ ഭാഗങ്ങളും എഫ് 1 റേസിങ് കാറും നിര്‍മിക്കാനായി ഉപയോഗിക്കുന്ന കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് കൃത്രിമക്കാല്‍ നിര്‍മിച്ചത്. ജൂലായ് ആറിനാണ് കാല്‍ പക്ഷിക്ക് വെച്ചുനല്‍കിയത്. ഫ്‌ളിമംഗോ പക്ഷിക്ക് നടക്കുന്നതില്‍ മറ്റ് പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ലെങ്കിലും പറക്കാനുള്ള ശേഷി കൃത്രിമക്കാല്‍ നല്‍കില്ലെന്നാണ് വിലയിരുത്തല്‍.