
കൊല്ലം: അപൂർവമായി രേഖപ്പെടുത്തപ്പെടുന്ന പക്ഷികളുടെ കഷണ്ടി സംബന്ധിച്ച രസകരമായ നിരീക്ഷണം കൊല്ലം കടൽതീരത്തുനിന്ന്. പക്ഷിനിരീക്ഷണയാത്രയ്ക്കിടെ കഷണ്ടിയുള്ള നാടൻകാക്കയെ ഫാത്തിമ മാതാ നാഷണൽ കോളേജ് ജന്തുശാസ്ത്രവകുപ്പാണ് കണ്ടത്. ഇതിനെ അടിസ്ഥാനമാക്കി പ്രൊഫ. ഡോ. പി.ജെ. സർളിൻ നടത്തിയ ഗവേഷണ റിപ്പോർട്ട് അന്താരാഷ്ട്ര ശാസ്ത്ര ജേണൽ ഓർണിസ് ഹങ്കാരികയിൽ കഴിഞ്ഞ വാരം പ്രസിദ്ധീകരിച്ചു.
തലയും കഴുത്തും ഭാഗങ്ങളിൽ തൂവലുകൾ പൂർണമായും നഷ്ടപ്പെട്ടനിലയിലാണ് കാക്ക. കുറച്ച് കുറ്റിത്തൂവലുകൾ മാത്രം. പക്ഷിയുടെ പെരുമാറ്റത്തിൽ ഒരു അപാകതയും കണ്ടെത്താനായില്ല. കൂട്ടാളിയോടും കുഞ്ഞിനോടും സാധാരണപോലെ ഇടപഴകുന്നതായും ഗവേഷകർ നിരീക്ഷിച്ചു.
പക്ഷികളിലെ കഷണ്ടി മനുഷ്യരുടെ കഷണ്ടിക്കു സമാനമല്ല. വാർഷിക തൂവൽപൊഴിക്കൽ ചക്രത്തിലെ തകരാറുകൾ, കീടശല്യം, ഹോർമോൺ അസന്തുലിതാവസ്ഥ, ഫംഗൽ-ബാക്ടീരിയ രോഗങ്ങൾ, പോഷകാഹാരക്കുറവ്, ജനിതക കാരണങ്ങൾ എന്നിവയാണ് സാധ്യതാഘടകങ്ങളായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.
മൈനകളിലും നാട്ടുതത്തകളിലുമാണ് ഇന്ത്യയിൽ കഷണ്ടി കൂടുതലായി രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം കൊല്ലം ജില്ലയിൽനിന്ന് ഒന്നിലധികം മൈനകളിൽ ഇതേ ഗവേഷകസംഘം കഷണ്ടി റിപ്പോർട്ട് ചെയ്തിരുന്നു. അവയിലൊന്ന് ഇപ്പോഴും കടൽതീരത്തെ മഹാത്മാഗാന്ധി പാർക്കിൽ കഷണ്ടിയായിത്തന്നെ ജീവിക്കുന്നുണ്ട്. ഇന്ത്യയിൽ മറ്റിനം പക്ഷികളിൽ കഷണ്ടി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നാടൻകാക്കയായ കാവതികാക്കയിൽ സംഭവിക്കുന്നത് താരതമ്യേന റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കേരളത്തിൽ മറ്റു പക്ഷിയിനങ്ങളിലും കഷണ്ടി റിപ്പോർട്ടുകൾ വളരെ കുറവാണെന്നും സർളിൻ പറഞ്ഞു.
തൂവലുകൾ പക്ഷികളുടെ പറക്കൽ, താപനിയന്ത്രണം, ശത്രുക്കളിൽനിന്ന് രക്ഷപ്പെടൽ, ഇണയെ ആകർഷിക്കൽ, ഇരതേടൽ തുടങ്ങിയ പ്രധാന പെരുമാറ്റങ്ങളിലും ജൈവശാരീരിക പ്രവർത്തനങ്ങളിലും നിർണായകമാണ്. അതിനാൽ കഷണ്ടി പക്ഷികളുടെ ജീവയോഗ്യതയിലും ദൈനംദിന പ്രവർത്തനങ്ങളിലും സ്വാധീനം ചെലുത്താനിടയുണ്ടെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
Content Highlights: Researchers in Kollam have documented a rare case of baldness in a native crow, with a scientific report published in Ornitho Hungarica.
Published: 19 Nov 2025, 09:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented