ഹിമാലയന്‍ മലനിരകളിലെ മഞ്ഞുരുകലിന്റെ തീവ്രത കാട്ടുന്ന റിപ്പോര്‍ട്ടുമായി ഐഎസ്ആര്‍ഒ. ഹിമാനികളുരുകി രൂപപ്പെടുന്ന ഹിമതടാകങ്ങളുടെ (glacial lakes) വലിപ്പം വർധിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തിരിച്ചറിയപ്പെട്ട ഹിമതടാകങ്ങളുടെ 27 ശതമാനത്തിലധികലും മാറ്റങ്ങൾ വന്നു. 1984 മുതല്‍ ഇത്തരത്തില്‍ വലിപ്പം വെച്ച 676 ഹിമതടാകങ്ങളിൽ 130-ഉം ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്. ഐഎസ്ആര്‍ഒ ഉപഗ്രഹചിത്രങ്ങളുപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്.

To advertise here,

676-ല്‍ 601 വരുന്ന ഹിമതടാകങ്ങളുടെയും വലിപ്പം ഇരട്ടിയലധികമായതായി 1984 മുതല്‍ 2023 വരെയുള്ള ഉപഗ്രഹചിത്രങ്ങളിലൂടെ സ്ഥിരീകരിച്ചു. ബാക്കിവരുന്നവയില്‍ ഒന്നര മുതല്‍ രണ്ട് മടങ്ങ് വരെ വലിപ്പവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടു. 314 ഹിമതടാകങ്ങള്‍ സമുദ്രനിരപ്പിൽ നിന്ന് 4,000-5,000 മീറ്റര്‍ ഉയരത്തിലും 296 തടാകങ്ങള്‍ 5,000 മീറ്റർ ഉയരത്തിലുമാണ് സ്ഥിതി ചെയ്യുന്നതെന്നും കണ്ടെത്തി. 130 ഹിമതടാകങ്ങളിൽ 65-ഉം ഇന്ത്യയിലും ബാക്കിവരുന്ന 58 എണ്ണം സിന്ധു, ഗംഗ, ബ്രഹ്‌മപുത്ര നദീതടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.

ഹിമാലയൻനദികളുടെ പ്രധാന ജലസ്രോതസ്സാണ് ഹിമാനികൾ. പ്രധാന ശുദ്ധജല സ്രോതസ്സ് കൂടിയാണ് ഇത്തരം ഹിമതടാകങ്ങളെങ്കിലും ഇവ ഭീഷണിയും നേരിടുന്നുണ്ട്. ഹിമാനകളുരുകിയെത്തുന്ന ജലം ശേഖരിക്കാവുന്നതിലുമധികമോ ഭാരക്കൂടുതലോ മൂലം തകരുന്നത് പ്രളയത്തിന്  (Glacial Lake Outburst Floods (GLOFs)) കാരണമാകാറുണ്ട്. 2023 ഒക്ടോബറില്‍ ഹിമതടാകം തകർന്നുണ്ടായ പ്രളയത്തിൽ  സിക്കിമില്‍ 40 പേര്‍ കൊല്ലപ്പെടുകയും 76 പേരെ കാണാതാവുകയും ചെയ്തിരുന്നു. നീണ്ടുനിന്ന മഴയിലാണ് South Lhonak Lake എന്ന പേരിലറിയപ്പെട്ടിരുന്ന ഹിമതടാകം തകര്‍ന്നത്. 

ഹിമാലയത്തിലേക്ക് എത്തിപ്പെടാനുള്ള പരിമിതികള്‍, ഭൂപ്രകൃതി എന്നിവയാല്‍ ഹിമതടാകങ്ങളുടെ പഠനം പ്രയാസം സൃഷ്ടിക്കുന്നതായാണ് വിദഗ്ധര്‍ പറയുന്നത്.