ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തിനെ ചെറുത്തുനില്‍ക്കാനോ അതുമായി പൊരുത്തപ്പെടാനോ ബ്രിട്ടന് സാധിക്കില്ലെന്ന് മുന്നറിയിപ്പ്. ഐപിസി (ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്) ആണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. യു.കെയില്‍ പ്രളയം പോലെയുള്ള പ്രകൃതിദുരന്തങ്ങള്‍ ഇതിനോടകം നിത്യസംഭവമായി കഴിഞ്ഞു. ഈ ആഴ്ച പുറത്തുവിട്ട ഐപിസിസി റിപ്പോര്‍ട്ടില്‍ മലിനജല പാതകള്‍, എയര്‍പോര്‍ട്ട്, സീപോര്‍ട്ട് എന്നിവയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഭീഷണിയിലാണെന്നും പറയുന്നു. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ജലദൗര്‍ലഭ്യം വരുംനാളുകളിലെ ഇരട്ടിക്കുമെന്നാണ് സൂചന. ജലദൗര്‍ലഭ്യം കാര്‍ഷിക വിളകളുടെ നാശത്തിലാണ് ചെന്നെത്തുക.

To advertise here,

യു.കെയില്‍ 1991-നും 2018 നുമിടയില്‍ സൂര്യാഘാതം മൂലമുണ്ടായ മൂന്നിലൊന്ന് മരണങ്ങളുടെയും കാരണം ആഗോള താപനമായിരുന്നു. കാലാവസ്ഥാവ്യതിയാനം ജീവിതം ദുഷ്‌കരമാകുന്നതിനൊപ്പം ചെലവും ഇരട്ടിയായി വര്‍ധിപ്പിക്കും. ആഗോള കാലാവസ്ഥാവ്യതിയാനത്തിന്റെ ഭവിഷ്യത്തുകള്‍ ഇറക്കുമതി ഉത്പന്നങ്ങളുടെ വരവ് കുറയ്ക്കുകയും അത് വഴി വിലവര്‍ധനവുണ്ടാക്കുകയും ചെയ്യും. 

മുമ്പും യു.കെയിലെ കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് പഠനങ്ങള്‍ നടത്തിയിരുന്നു. 2021 -ല്‍ പ്രസിദ്ധീകരിച്ച യു.കെ ക്ലൈമറ്റ് ചേഞ്ച് റിസ്‌ക് അസെസ്‌മെന്റ് (സിസിആര്‍എ) ശരിവെയ്ക്കുന്നതാണ് ഐപിസിസിയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ യൂറോപ്പിലെയും യു.കെയിലെയും പ്രളയം പോലെയുള്ള ദുരന്തങ്ങള്‍ അധികരിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.