
കുഞ്ചിത്തണ്ണി (ഇടുക്കി): മഴ ഇത്തിരിയൊന്ന് കനത്തുപെയ്താല്‍ മുട്ടുകാട്ടിലും ബൈസണ്‍വാലിയിലും ആളുകള്‍ രാത്രിയില്‍ ഉറങ്ങില്ല. അശാസ്ത്രീയമായി പണിത ഗ്യാപ്പ് റോഡില്‍നിന്ന് ഏതുസമയവും മലയിടിഞ്ഞ് താഴ്വാരങ്ങളായ ബൈസണ്‍വാലിയിലും മുട്ടുകാട്ടിലും പതിക്കാമെന്നതാണ് കാരണം.
മഴ പെയ്താല്‍ ഉടന്‍ ഗ്യാപ്പ് റോഡിലെ ഗതാഗതം നിരോധിക്കും. അങ്ങനെയിരിക്കയാണ് മുട്ടുകാട്, ബൈസണ്‍വാലി നിവാസികളുടെ ഉറക്കം വീണ്ടും കെടുത്തികൊണ്ട് ചൊക്രമുടി മലനിരകളില്‍ അനധികൃത നിര്‍മാണംകൂടി നടക്കുന്നത്. അതും റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ. കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ് ചൊക്രമുടി.
അതീവ പരിസ്ഥിതി ദുര്‍ബലപ്രദേശവും ദുരന്തനിവാരണ നിയമപ്രകാരം റെഡ്സോണ്‍ കാറ്റഗറിപ്പെടുന്ന ഇടവുമാണിത്. ചൊക്രമുടിയുടെ താഴ്വാരത്തെ, മുന്നൂറോളം ആദിവാസി കുടുംബങ്ങള്‍ അടക്കം രണ്ടായിരത്തിലധികം പേര് ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്.
ഏതാനും മാസങ്ങള്‍ക്കുമുമ്പ് പച്ചപ്പുല്‍ പ്രദേശമായിരുന്ന ഇവിടെ കളനാശിനി തളിച്ച് തെളിച്ചതിനെക്കുറിച്ച് 'മാതൃഭൂമി' വാര്‍ത്ത നല്‍കിയിരുന്നു. സമുദ്രനിരപ്പില്‍നിന്ന് 7000-ത്തിലധികം അടി ഉയരത്തിലാണ് ചൊക്രമുടി. ഇവിടെ അനധികൃതമായി റോഡ് നിര്‍മിച്ചു. റോഡിന്റെ ഇരുവശവും പ്ലോട്ടുകള്‍ തിരിച്ച് വില്ക്കുകമാണ്.
കേരളത്തില്‍ മറ്റൊരിടത്തും വീടില്ലാത്തവര്‍ക്ക് 1614 സ്ക്വയര്‍ അടി വരെയുള്ള വീടിന് ഇവിടെ അനുമതി നല്കുന്നു. പക്ഷേ, ഇവിടെ ഇപ്പോള്‍ അടിമാലി സ്വദേശിയായ ഒരാള്‍ക്ക് വീട് നിര്‍മിക്കുവാന്‍ ദേവികുളം തഹസീല്‍ദാര്‍ അനുമതിനല്‍കിയിരുന്നു.
ഈ അനുമതി നല്കിയ അതേദിവസംതന്നെ ഇയാളുടെ ഭാര്യക്ക് മറ്റൊരു വീട് ഇവിടെ നിര്‍മിക്കുന്നതിനും എന്‍.ഒ.സി നല്കി. ഇവര്‍ക്ക് അടിമാലിയില്‍ സ്വന്തമായി വീടുണ്ട്. ഇതുതന്നെ, ഇവിടുത്തെ ക്രമക്കേടില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് വെളിപ്പെടുത്തുന്നു.
പത്തു മാസമായി ഇവിടെ നിര്‍മാണം നടക്കുന്നു. ചൊക്രമുടിക്കുടിയിലെ ആദിവാസികള്‍ കുടിവെള്ളത്തിന് ഉപയോഗിച്ചിരുന്ന ജലസ്രോതസ്സുകള്‍ തടസ്സപ്പെടുത്തിയും നിര്‍മാണം നടന്നു. കുടിയേറ്റകാലം മുതല്‍ തരിശായി കിടന്നിരുന്ന ഈ ഭൂമിയുടെ പട്ടയം സംബന്ധിച്ച് ദുരൂഹതകളേറെ.
നിര്‍മാണം നടക്കുന്ന ഈ സ്ഥലം നേരത്തെ റവന്യു ഭൂമിയായിരുന്നോ എന്ന് അന്വേഷിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍, റവന്യുവകുപ്പിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ പഞ്ചായത്തിന് നിര്‍മാണത്തിനെതിരേ തടസ്സവാദങ്ങള്‍ ഉന്നയിക്കാനാകില്ലെന്ന് ബൈസണ്‍വാലി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
Content Highlights: illegal construction in chokramudi idukki with the help of revenue officials
Published: 23 Aug 2024, 12:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented