
കുട്ടനെല്ലൂർ: മനുഷ്യരില്ലാത്ത വൻകരയായ അന്റാർട്ടിക്കയിൽ മഞ്ഞുരുകിത്തീരുന്നതോടൊപ്പം അപൂർവ ജന്തുവർഗങ്ങളും അപ്രത്യക്ഷമാകുന്നുവെന്ന് അർജന്റീനയിൽനിന്നുള്ള പര്യവേഷകസംഘം. തൃശ്ശൂർ കുട്ടനെല്ലൂർ വാരിയത്ത് സുധീഷ് വാരിയർ സംഘത്തിലുണ്ട്. അന്റാർട്ടിക്കയെ ആഗോളതാപനം കീഴ്‌പ്പെടുത്തുന്നത് നേരിൽക്കണ്ടതിന്റെ ഉത്കണ്ഠ അദ്ദേഹം പങ്കുവെച്ചു.
ഹിമക്കരടികൾ ഏതാണ്ട് അപ്രത്യക്ഷമായ നിലയിലാണ്. ഹംപ് ബാക്ക് തിമിംഗലങ്ങളും സീൽ (കടൽസിംഹം) ഇനങ്ങളും വലിയതോതിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. 10 വർഷം മുൻപ് അന്റാർട്ടിക്ക സന്ദർശിച്ചവർക്ക് ഇപ്പോഴത്തെ മാറ്റം കൃത്യമായി തിരിച്ചറിയാമെന്ന് സംഘത്തിലെ അമേരിക്കയിൽനിന്നുള്ള ജിയോളജി ഗവേഷകൻ ഡോ. ക്രിസ് വിനെഗ്രയും പറയുന്നു. ക്രിസ് 10 വർഷം മുൻപും അന്റാർട്ടിക്ക സന്ദർശിച്ചിട്ടുള്ളയാളാണ്.

10 ദിവസത്തെ അന്റാർട്ടിക്ക പര്യവേഷണത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 132 പേരാണ് ഉണ്ടായിരുന്നത്. 10 വർഷമായി ഇക്വഡോറിൽ ബൻസാൽ ടിമ്പേഴ്സ് കമ്പനിയിലെ കയറ്റുമതിവിഭാഗം തലവനാണ് സുധീഷ്. അർജന്റീനയിലെ ഉഷ്വായിയ നഗരത്തിൽനിന്നാണ് യാത്ര തുടങ്ങിയത്. അമേരിക്കയിലെ അവസാനത്തെ നഗരം എന്നറിയപ്പെടുന്ന ഉഷ്വായിയ അന്റാർട്ടിക്കയുടെ പ്രവേശനകവാടമെന്നും വിളിക്കപ്പെടുന്നു. എക്സ്പെഡീഷ്യൻ മോൺറോവിയ എന്ന കനേഡിയൻ കപ്പലിലായിരുന്നു യാത്ര. പസഫിക്, അറ്റ്‌ലാന്റിക് സമുദ്രങ്ങൾക്കിടയിലെ ഡെക്ക് ഇടനാഴിയിലൂടെയുള്ള ദുഷ്കരമായ യാത്ര കഴിഞ്ഞുവേണം അന്റാർട്ടിക്കയിലെത്താൻ.
വേനൽക്കാലമായതിനാൽ മൈനസ് മൂന്ന് ഡിഗ്രിയായിരുന്നു തണുപ്പ്. രാവിലെ നാലു മുതൽ രാത്രി 10.30 വരെയാണ് ഈ സമയത്ത് ഇവിടെ പകൽ. ശൈത്യകാലത്ത് രാത്രി തിരിച്ചും സംഭവിക്കും. മൈനസ് 35 മുതൽ 65 വരെയായിരിക്കും ശൈത്യകാല താപനില. ഈ സമയത്ത് അന്റാർട്ടിക്കയിലേക്ക് സഞ്ചാരികൾക്ക് നിരോധനമുണ്ട്.
സ്നോ ഐലൻഡ്, നേക്കോ ഹാർബർ, ഓർനെ ഹാർബർ തുടങ്ങിയ സ്ഥലങ്ങളും ചിൻ സ്ട്രാപ്പ്, ജെന്റു, അഡേലി തുടങ്ങിയ പെൻഗ്വിൻ ഇനങ്ങൾ, ആൽബട്രോസ്, വിവിധ സീൽ ഇനങ്ങൾ, ഡോൾഫിനുകൾ, ഹംപ് ബാക്ക്, കില്ലർ തിമിംഗലങ്ങൾ തുടങ്ങിയ ജീവിവർഗങ്ങളെയും യാത്രയുടെ ഭാഗമായി കാണാനായതായി സുധീഷ് പറയുന്നു.
ഇക്വഡോറിൽ മിഡിൽ ഓഫ് ദി വേൾഡ് എന്നറിയപ്പെടുന്ന പിച്ചിൻചാ പ്രവിശ്യയിലൂടെ ഭൂമധ്യരേഖ കടന്നുപോകുന്ന പ്രദേശം, രണ്ടാമത്തെ വലിയ സജീവ അഗ്നിപർവതമായ കോട്ടോപാക്സി, അഗ്നിപർവതം പൊട്ടി രൂപപ്പെട്ട ക്വിലോടോവ തടാകം എന്നിവയെല്ലാം സുധീഷ് സന്ദർശിച്ച അപൂർവ സ്ഥലങ്ങളാണ്.
Content Highlights: ice melting cause severe impacts in antarctica
Published: 18 Feb 2024, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented