തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഞ്ഞ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഏപ്രില്‍ 20 മുതല്‍ 24 വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും. ആലപ്പുഴയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരും.

To advertise here,

കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, എറണാകുളം, മലപ്പുറം  ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടില്‍ വര്‍ധനവുണ്ടാകുക. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 20 മുതല്‍ 24 വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുമുണ്ട്.