കൊല്ലം: സംസ്ഥാനത്ത് ഭൂജലനിരപ്പ് ഗണ്യമായി കുറഞ്ഞ 33 ബ്ലോക്കുകളിലെ ജലസംരക്ഷണപ്രവർത്തനങ്ങൾക്ക് വിവിധ ഏജൻസികൾ ചേർന്ന് കർമപദ്ധതി തയ്യാറാക്കുന്നു. ശാസ്ത്രീയമായും സുരക്ഷിതമായും ജലനിരപ്പ് ഉയർത്തിക്കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.
കേന്ദ്ര ഭൂജല ബോർഡിന്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് ഒൻപത് ജില്ലകളിലെ മൂന്ന് സ്ഥലങ്ങളിലാണ് അപകടകരമായ സാഹചര്യമുള്ളത്. ചിറ്റൂർ, മലമ്പുഴ, കാസർകോട് എന്നിവയാണ് ഈ സ്ഥലങ്ങൾ. ഇവിടങ്ങളിൽ ജലോപയോഗത്തിന് കർശന നിയന്ത്രണമാണുള്ളത്. കുഴൽക്കിണറുകൾ കുഴിക്കുന്നതിനും വ്യാവസായികാവശ്യത്തിന് വെള്ളമെടുക്കാനും നിയന്ത്രണമുണ്ട്.
വർക്കല, നെടുമങ്ങാട്, അതിയന്നൂർ, പോത്തൻകോട്, പാറശ്ശാല, ചിറയിൻകീഴ്, മുഖത്തല, ശാസ്താംകോട്ട, കട്ടപ്പന, നെടുങ്കണ്ടം, ചൊവ്വന്നൂർ, മതിലകം, തളിക്കുളം, പട്ടാമ്പി, തൃത്താല, മലപ്പുറത്തെ കൊണ്ടോട്ടി, മങ്കട, മലപ്പുറം, തിരൂർ, തിരൂരങ്ങാടി, കുറ്റിപ്പുറം, താനൂർ, വേങ്ങര, കോഴിക്കോട്, കുന്ദമംഗലം, ബാലുശ്ശേരി, തലശ്ശേരി, കണ്ണൂർ, പാനൂർ, മഞ്ചേശ്വരം എന്നിവിടങ്ങളാണ് ജലനിരപ്പ് വലിയ തോതിൽ താഴുന്നത്. സംസ്ഥാന ഭൂജലവകുപ്പിന്റെ 1400 കിണറുകളിലും കേന്ദ്ര ഭൂജല ബോർഡ് നിരീക്ഷണത്തിനായി ഒരുക്കിയിട്ടുള്ള 1600 കിണറുകളിലും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നബാധിതമേഖലകൾ കണ്ടെത്തുന്നത്. ഹൈദരാബാദ് ഐ.ഐ.ടി. വികസിപ്പിച്ച സോഫ്റ്റ്‌വേയറിന്റെ സഹായത്തോടെയാണ് പഠനം നടന്നത്. കേരളത്തിൽ അമിത ജലചൂഷണം നടക്കുന്നതായി പഠനത്തിൽ കണ്ടെത്തിയിട്ടില്ല.
ജലക്ഷാമമുള്ള സ്ഥലങ്ങളിൽ ശാസ്ത്രീയമായ രീതിയിൽ, സുസ്ഥിരമായി ജലനിരപ്പ് നിലനിർത്താനുള്ള നടപടികളാണ് ആരംഭിക്കുന്നത്. ഹരിതകേരളം മിഷൻ, തദ്ദേശസ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന ഭൂജലവകുപ്പ്, ജലസേചനവകുപ്പ്, തൊഴിലുറപ്പ് പദ്ധതി, മണ്ണുസംരക്ഷണവകുപ്പ് എന്നിവ പദ്ധതിയുമായി സഹകരിക്കും. ഭൗമശാസ്ത്രപരമായ പ്രത്യേകതകൾ മുൻനിർത്തി ഹ്രസ്വകാല-ദീർഘകാല പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. ലഭിക്കുന്ന മഴ, പ്രദേശത്തെ ജലോപയോഗത്തിന്റെ തോത് എന്നിവ കണക്കിലെടുക്കുന്നുണ്ട്. ഓരോ മേഖലയിലും ശാസ്ത്രീയമായി എത്രത്തോളം വെള്ളം റീചാർജിനായി ഉപയോഗിക്കേണ്ടിവരുമെന്നതും വിലയിരുത്തുന്നുണ്ട്.
Content Highlights: groundwater level to be lowest in 33 areas problem to be solved soon
Published: 20 Nov 2024, 08:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented