പാലക്കാട്: വ്യവസായ-അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്കുള്ള ഭൂജല ഉപയോഗത്തിന് നിരാക്ഷേപപത്രം (എൻ.ഒ.സി.) അനുവദിക്കുന്നതിന്റെ അധികാരപരിധി പുതുക്കി സർക്കാർ ഉത്തരവിറക്കി. പ്രതിദിനം 25,000 ലിറ്റർവരെ വെള്ളമെടുക്കാൻ ജില്ലാതല അവലോകനസമിതിയുടെ ശുപാർശയോടെ ജില്ലാ ഭൂജല ഓഫീസർക്ക് അനുമതി നൽകാമെന്ന് ഉത്തരവിൽ പറയുന്നു. നേരത്തേ 2500 ലിറ്റർവരെമാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ.

To advertise here,

പ്രതിദിനം 50,000 ലിറ്റർവരെ ജലമെടുക്കാൻ ഭൂജലവകുപ്പ് ഡയറക്ടർക്ക് അനുമതി നൽകാം. നേരത്തേ 10,000 ലിറ്റർവരെയായിരുന്നു ഇത്. അതിനുമുകളിലാണെങ്കിൽ ഭൂജല അതോറിറ്റിക്ക് കൈമാറണമായിരുന്നു. കുപ്പിവെള്ളം, സോഡ എന്നിവയുണ്ടാക്കുന്ന കമ്പനികൾക്കും അടിസ്ഥാനസൗകര്യവികസനം നടത്തുന്ന സ്ഥാപനങ്ങൾക്കുമാണ് പുതിയ നിർദേശം ബാധകമാവുക.

ഭൂജലവകുപ്പ് ഗുരുതരമേഖലകളായി കണ്ടെത്തിയിട്ടുള്ള ചിറ്റൂർ, മലമ്പുഴ, കാസർകോട് എന്നിവിടങ്ങളിലൊഴികെയാണ് കുപ്പിവെള്ളക്കമ്പനികൾക്കുൾപ്പെടെ വ്യവസായ ആവശ്യത്തിന് നിരാക്ഷേപപത്രം നൽകുന്നത്. മൂന്നുവർഷത്തിലൊരിക്കൽ ഇത് പുതുക്കണം. പുതുക്കുന്ന സമയത്തും പുതിയ അധികാരപരിധി ബാധകമാകും.

പുതുക്കിയ ഭേദഗതികൾ സംസ്ഥാന ഭൂജല അതോറിറ്റി യോഗത്തിന്റെകൂടി അംഗീകാരത്തിന് നൽകണമെന്ന് ഉത്തരവിലുണ്ട്. എന്നാൽ, നിലവിലുള്ള അതോറിറ്റിയുടെ കാലാവധി പൂർത്തിയായി. പുതിയത് നിശ്ചയിക്കേണ്ടതുണ്ട്. അതിനാൽ, അതോറിറ്റി യോഗം ചേരുംമുൻപുതന്നെ പുതിയ നിർദേശം നടപ്പാക്കണോയെന്ന കാര്യത്തിൽ ചർച്ച നടക്കുകയാണ്.