ചേരാനെല്ലൂര്‍ (കൊച്ചി): പഴയ ഷൂസിനുള്ളില്‍ വിളഞ്ഞുനില്‍ക്കുന്ന മുളകുചെടികള്‍, സ്‌കൂള്‍ ബാഗില്‍ നിന്ന് തല നീട്ടുന്ന തെങ്ങിന്‍ തൈ, ടെഡി ബെയറിനുള്ളില്‍ കുലച്ചുകിടക്കുന്ന കാപ്‌സിക്കം. ചാക്കിലും കുപ്പിയിലും പാട്ടയിലും പഴയ കളിപ്പാട്ടങ്ങളിലുമെല്ലാം ചെടികള്‍ കായ്ച്ചും പൂവിട്ടും നില്‍ക്കുന്നു. ഒന്നും പാഴല്ല എന്ന സന്ദേശവുമായി ഗ്രേസ് ചാരിറ്റബിള്‍ ട്രസ്റ്റ് ഒരുക്കുന്ന പ്രദര്‍ശനം വ്യത്യസ്തത കൊണ്ടാണ് ശ്രദ്ധേയമാകുന്നത്.

To advertise here,

വിഷ്ണുപുരം കണ്ണന്‍കുളത്തിനു സമീപമാണ് പാഴ്വസ്തുക്കളില്‍ ഉത്പാദിപ്പിച്ച ജൈവകൃഷിയുടെ പ്രദര്‍ശനം നടക്കുന്നത്. വിവിധയിനം പച്ചക്കറികളും മുളകിനങ്ങളും ചെടികളുമെല്ലാം ഇവിടെ പാഴ്വസ്തുക്കളില്‍ നട്ടുവളര്‍ത്തിയിരിക്കുന്നു. പാവലും പടവലവും പയറും വഴുതിനയുമെല്ലാം കായ്ച്ചു കിടക്കുന്നു. ക്വാളിഫ്‌ളവറും കാബേജും വിവിധയിനം ചീരകളുമെല്ലാം ഇവിടെയുണ്ട്. ഇതോടൊപ്പം ചക്കക്കുരുവും ഉള്ളിത്തൊണ്ടുമെല്ലാം മനോഹര കലാരൂപങ്ങളായി പരിണമിച്ചിരിക്കുന്നു. ചേരാനെല്ലൂര്‍ പഞ്ചായത്തിലെ 15, 16 വാര്‍ഡുകളില്‍ പെട്ട ഇരുനൂറോളം കുടുംബങ്ങളാണ് പാഴ്വസ്തുക്കള്‍ കൃഷിയിടമാക്കി മാറ്റിയത്. 

ഗ്രേസ് ചാരിറ്റബിള്‍ ട്രസ്റ്റ് കോ-ഓര്‍ഡിനേറ്റര്‍ ലിസി ജേക്കബ്ബാണ് പുതുമയുള്ള പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത്. പാഴ്വസ്തുക്കളില്‍ നിന്ന് ഭൂമിക്ക് മോക്ഷം നല്‍കുന്നതിനൊപ്പം വിഷരഹിതമായ പച്ചക്കറി ഉത്പാദിപ്പിച്ച് ആരോഗ്യസംസ്‌കാരം വളര്‍ത്തുകയാണ് ലക്ഷ്യമെന്ന് ലിസി ജേക്കബ് പറഞ്ഞു. മുത്തശ്ശിമാര്‍ തയ്യാറാക്കിയ നാടന്‍ വിഭവങ്ങളുടെ വിപണന മേളയും ഇതോടൊപ്പമുണ്ട്.

ടി.ജെ. വിനോദ് എം.എല്‍.എ. പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ് അധ്യക്ഷയായി. ട്രസ്റ്റ് പ്രസിഡന്റ് ജോസ് കെ. മാത്യു, ഫാ. ജേക്കബ് കാച്ചപ്പള്ളി, വാര്‍ഡ് മെംബര്‍മാരായ ഷീജ രമേശന്‍, ബെന്നി ഫ്രാന്‍സിസ്, കൃഷി ഓഫീസര്‍ പുഷ്യരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പ്രദര്‍ശനം സമാപിക്കും. വിവരങ്ങള്‍ക്ക് - 85890 95094.