
മഞ്ഞ് മൂടിയ ആൽപ്സ് മലനിരകൾ അധികം വൈകാതെ ഓർമയിൽ ഇടംപിടിക്കും. എട്ട് യൂറോപ്പ്യൻ രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന ഈ മലനിരകൾ പച്ചപ്പ് പുതയ്ക്കാനൊരുങ്ങുകയാണ്. ചെടികളും മറ്റും വളരാത്ത പ്രതികൂല സാഹചര്യമായിരുന്നെങ്കിലും, 1984-ന് ശേഷം ഇത്തരം മേഖലകളിൽ സസ്യജാലങ്ങളുടെ എണ്ണത്തിൽ 77 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഇത്തരം മേഖലകളിൽ 10 ശതമാനത്തിൽ താഴെ മഞ്ഞുരുകയാണെങ്കിൽ പോലും ആപത്താണെന്നാണ് വിദ്ഗധരുടെ മുന്നറിയിപ്പ്. ആഗോള താപനം, വർധിച്ച മഴ പോലെയുള്ള ഘടകങ്ങളാണ് മഞ്ഞുരുകലിന് പ്രധാന കാരണം.
ശരാശരി താപനിലയുടെ പതിന്മടങ്ങ് ചൂടാണ് മലനിരകളിൽ രേഖപ്പെടുത്തുന്നത്. സസ്യങ്ങൾ വ്യാപിക്കുകയും ഇടതൂർന്ന ചെടികൾ വളരുകയും ചെയ്തത് മഞ്ഞുപാളികളുടെ തോതിലും ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ആൽപ്സ് മലനിര പച്ചപ്പണിയുന്നത് കാർബൺ ആഗിരണം ചെയ്യാൻ സഹായകരമാകുമെങ്കിലും മഞ്ഞ് ഉറയൽ, മഞ്ഞുപാളികളിൽ തട്ടി പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ അളവായ ആൽബിഡോ പ്രതിഭാസത്തിന്റെ (albedo effect) തോത് കുറയലും പോലെയുള്ള കാര്യമായ മാറ്റങ്ങളുണ്ടാക്കും.
പച്ചപ്പ് മൂടിയ മലനിരകൾക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിക്കാതിരിക്കാൻ സാധിക്കുകയും ചൂട് ഉയരുകയും ചെയ്യും. ഇത് കൂടുതൽ മഞ്ഞുരുകുന്നതിന് ഇടയാക്കും. മലനിരകളുടെ ഉയർന്ന പ്രദേശങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ചെടികൾ കൂടുതൽ വളരുന്നത് തണുപ്പ് കാലാവസ്ഥയോട് പൊരുത്തപ്പെട്ടു കഴിയുന്ന ആൽപ്സിന്റെ തനത് സസ്യങ്ങൾക്ക് ഭീഷണിയാകുമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ബേസലിലെ പ്രൊഫസ്സറും പഠനത്തിന്റെ മുഖ്യ രചയിതാവുമായ സബീൻ റംഫ് പറയുന്നത്.
ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞിന്റെ തോത് കുറയുകയും താഴ്ന്ന പ്രദേശങ്ങളിലെ ചെടികളുടെ 'കോളനി' രൂപപ്പെടാൻ കാരണമാകുകയും ചെയ്യുന്നത് ആൽപ്സിന്റെ തനത് ജൈവവൈവിധ്യത്തെയായിരിക്കും ബാധിക്കുക. ആൽപ്‌സിന്റെ പലയിടത്തും 10 ശതമാനത്തോളം മഞ്ഞുരുകി തീർന്നിട്ടുണ്ട്. ചെടികൾക്ക് അനുകൂലമല്ലാത്ത സാഹചര്യങ്ങളായിരുന്നു ഈ സ്ഥലങ്ങളിൽ മുമ്പുണ്ടായിരുന്നത്.
ഇത്തരത്തിലൊരു പ്രവണത മുമ്പ് നടത്തിയ പഠനങ്ങളിൽ സ്ഥിരീകരിച്ചിരുന്നില്ല. ചിലപ്പോൾ ഉപഗ്രഹങ്ങളുപയോഗിച്ചുള്ള വിവര ശേഖരണത്തിലെ വ്യക്തത കുറവ് മൂലമായിരിക്കാം ഇതെന്നാണ് നിഗമനം. ഇത്തരത്തിൽ ശേഖരിച്ചവയിൽ മഞ്ഞുപാളികളുടെ തോത് കുറയുന്നത് ഏറെ കാലമായി കണ്ടെത്തിയിരുന്നില്ല. എന്നാൽ, ഏതാനും വർഷങ്ങളായി മലനിരകളിൽ നടത്തിയ പഠനങ്ങളിൽ മലനിരയുടെ താഴ്ന്ന പ്രദേശങ്ങളിൽ മഞ്ഞിന്റെ തോത് കുറഞ്ഞതായി കണ്ടെത്തിയിരുന്നു. കനത്ത തോതിലുള്ള മഞ്ഞുരുകൽ മണ്ണിടിച്ചിൽ പോലെയുള്ള പ്രത്യാഘാതങ്ങളിലേക്ക് വഴി വെച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
Content Highlights: Global Warming Caused reduced albedo effect Turns White Alps to Green
Published: 03 Jun 2022, 04:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented