രാജ്യത്തെ നദീഡോള്‍ഫിനുകളെ കുറിച്ചുള്ള ആദ്യ സര്‍വേയില്‍ 6327 എണ്ണത്തെ ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലെ 28 നദികളില്‍നിന്നായി കണ്ടെത്തി. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ നദീഡോള്‍ഫിനുകള്‍ ഉള്ളത്. എണ്ണത്തില്‍ രണ്ടാമത് ബിഹാറും മൂന്നാമതായി പശ്ചിമ ബംഗാളുമാണ്. ഗുജറാത്തിലെ ഗിര്‍ ദേശീയ ഉദ്യോന സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

To advertise here,

'6,327 ഡോള്‍ഫിനുകളെ കണക്കാക്കിയ രാജ്യത്തെ ആദ്യത്തെ നദീഡോള്‍ഫിനുകളുടെ കണക്കെടുപ്പിന്റെ റിപ്പോര്‍ട്ട് യോഗത്തില്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. എട്ട് സംസ്ഥാനങ്ങളിലായി 28 നദികളില്‍ സര്‍വേ 3150 മാന്‍ഡേയ്‌സില്‍ 8500 കിലോമീറ്റര്‍ സഞ്ചരിച്ചാണ് തയ്യാറാക്കിയത്', പരിസ്ഥിതി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 

ഇന്ത്യയുടെ ആദ്യ നദീഡോള്‍ഫിന്‍ സര്‍വേ ഗംഗ, ബ്രഹ്‌മപുത്ര, സിന്ധു നദീതടങ്ങള്‍ക്ക് കുറുകെ രണ്ട് വര്‍ഷംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഗംഗാ-ബ്രഹ്‌മപുത്ര-മേഘ്‌ന നദികളിലും അതിന്റെ പോഷകനദികളിലുമാണ് ഗംഗാനദീഡോള്‍ഫിനുകള്‍ വസിക്കുന്നത്. സിന്ധു നദിയില്‍ ചെറിയ അളവിലും ഡോള്‍ഫിനുകളുണ്ട്.