കൊച്ചി: സുപ്രീംകോടതിയിലടക്കം നടത്തിയ നിയമപോരാട്ടത്തിലൂടെ സർക്കാർ നടത്തിയ നവകേരള സർവേ ലക്ഷ്യംകണ്ടില്ല. 95 ലക്ഷം വീടുകളിൽ നേരിട്ടെത്തി വിവരശേഖരണത്തിന് ലക്ഷ്യമിട്ട സർവേ 49.42 ലക്ഷം വീടുകൾ പിന്നിട്ടതോടെ നിലച്ചു. ഇത്രയും വീടുകളിൽ നേരിട്ടെത്തിയിട്ടും ലഭിച്ചത് നാലരലക്ഷം അഭിപ്രായംമാത്രം.

To advertise here,

കുടുംബശ്രീ അംഗങ്ങൾപോലുള്ള ഗ്രൂപ്പുകളെ സംഘടിപ്പിച്ച് നടത്തിയ ഫോക്കസ് ഗ്രൂപ്പ് ചർച്ചമാത്രമാണ് ലക്ഷ്യമിട്ടതുപോലെ നടത്താനായത്. ഇതുവഴി പങ്കുവെച്ചത് 46,000 അഭിപ്രായം.

സർവേ വൊളന്റിയർമാരാകാൻ 96,200 പേർ രജിസ്റ്റർചെയ്തെങ്കിലും രണ്ടുദിവസത്തെ പരിശീലനത്തിനെത്തിയത് കുറച്ചുപേർ മാത്രം. പരിശീലനം ഒരുദിവസമായി കുറച്ചിട്ടും വൊളന്റിയമാരെ കിട്ടാതായതോടെ കുടുംബശ്രീ അംഗങ്ങളെയാണ് സർവേക്കു നിയോഗിച്ചത്. 250 വീടുകൾക്ക് രണ്ടുപേരടങ്ങിയ ടീമിനെയാണ് നിയോഗിച്ചത്. ‌വിവരശേഖരണം ഫെബ്രുവരി 28-നകം പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം.

കണ്ണൂർ ജില്ലയിലാണ് സർവേ ലക്ഷ്യത്തിന്റെ അടുത്തെങ്കിലും എത്തിയത്. ഇവിടെ 6.89 ലക്ഷം വീടുകൾ ലക്ഷ്യമിട്ടതിൽ 5.76 ലക്ഷം വീടുകളിൽ സർവേക്കാർ എത്തി. മലപ്പുറംജില്ലയിൽ 10.66 ലക്ഷം വീടുകളിൽ സർവേനടന്നത് 2.96 ലക്ഷത്തിൽമാത്രം. തിരുവനന്തപുരം ജില്ലയിൽ 10.32 ലക്ഷം വീടുകളിൽ 4.65 ലക്ഷം വീടുകളിൽ മാത്രമേ സർവേ നടന്നുള്ളൂ. മറ്റ് ജില്ലകളിലെ അവസ്ഥയും സമാനം.

കഴിഞ്ഞ ഒക്ടോബർ എട്ടിലെ മന്ത്രിസഭാ തീരുമാനപ്രകാരമായിരുന്നു നവകേരള സർവേ നടത്താൻ ലക്ഷ്യമിട്ടത്. 20 കോടി രൂപ ചെലവഴിച്ചുള്ള സർവേക്കെതിരേ കെ.എസ്.യു. സംസ്ഥാനപ്രസിഡന്റ് അടക്കമുള്ളവർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർവേ വിലക്കി. എന്നാൽ, സുപ്രീംകോടതിയിൽപോയി സർക്കാർ അനുകൂല ഉത്തരവ് നേടി.

സർവേയിൽ തേടിയത്

* പുതിയ വികസനപദ്ധതികൾ സംബന്ധിച്ച നിർദേശം

* 10 വർഷത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായം

* പുതിയ സാമൂഹികക്ഷേമ പദ്ധതി തുടങ്ങുന്നതിനെക്കുറിച്ചുള്ള നിർദേശം

* നിലവിലെ ക്ഷേമപദ്ധതിക്കളെക്കുറിച്ചുള്ള അഭിപ്രായം