കോഴിക്കോട്: ബീച്ചിൽ കിലോമീറ്ററുകൾ വ്യത്യാസത്തിൽ ഡോൾഫിനും കടൽപ്പന്നിയും ചത്ത് കരയ്ക്കടിഞ്ഞു. പ്ലാസ്റ്റിക് വല അന്നനാളത്തിൽക്കുടുങ്ങി അന്നമെടുക്കാൻ പറ്റാതെയാണ് ഡോൾഫിൻ ചത്തത്. രണ്ടുകിലോയോളം വലയാണ് ഡോൾഫിന്റെ വയറ്റിൽനിന്ന് നീക്കിയത്. സൗത്ത് ബീച്ചിൽ മുഖദാർ ഭാഗത്തെ കരിങ്കൽക്കെട്ടുകൾക്കിടയിലായിരുന്നു 200 കിലോയോളം തൂക്കമുള്ള ഡോൾഫിൻ ചത്തുകിടന്നത്. 50 കിലോയോളം തൂക്കമുള്ള കടൽപ്പന്നി(കടലേടി)യാണ് ബീച്ച് ആശുപത്രിക്ക് മുൻവശത്തെ തീരത്ത് ഉണ്ടായിരുന്നത്.

To advertise here,

ചത്തനിലയിൽ കണ്ട വലുത് ഹമ്പ്ബാക്ക് ഡോൾഫിനാണ്. ഇത് ചത്തത് മൂന്നു ദിവസം മുമ്പാണെന്നാണ് കരുതുന്നത്. പോസ്റ്റ് മോർട്ടം ചെയ്തപ്പോഴാണ് വല കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഭക്ഷണംകഴിക്കാൻ പറ്റാത്തതാണ് മരണകാരണമെന്ന് ജില്ലാ മൃഗാശുപത്രിയിലെ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. കെ.എം. മനോജ് ലാൽ പറഞ്ഞു.

മീൻപിടിത്തക്കാർ ഉപയോഗിക്കുന്ന വലയാണിത്. വല അലക്ഷ്യമായി എറിയുന്നത് കടൽജീവികളുടെ മരണത്തിനു കാരണമാകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു. അതേസമയം ഡോൾഫിനുകൾ വല കടിച്ചുമുറിക്കുന്നതാണെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

ഡോൾഫിനോട് സാദൃശ്യമുള്ള കടൽപ്പന്നിയുടെ തൊലിയും ശ്വാസകോശവും മറ്റ് ആന്തരികാവയവങ്ങളും അഴുകിത്തുടങ്ങിയിരുന്നു. കൃത്യമായി ഭക്ഷണം കഴിച്ചിരുന്നതാണെന്നും എന്തെങ്കിലും അപകടം പറ്റി ശ്വാസമെടുക്കാൻ പറ്റാഞ്ഞതാവാം ചത്തുപോകാനുള്ള കാരണമെന്നുമാണ് നിഗമനം. വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ, വാച്ചർ അനീഷ്, കോർപ്പറേഷൻ ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.