
കുവാരി എന്ന അമ്മയാനയും മായാബിനിയെന്ന കുട്ടിയാനയും | Photo: x.com/cmpatowary
കാസിരംഗ (അസം): കാസിരംഗ നാഷണല്‍ പാര്‍ക്ക് ആന്‍ഡ് ടൈഗര്‍ റിസര്‍വില്‍ പിറന്ന കുട്ടിയാനയ്ക്ക് മായാബിനി എന്ന് പേരിട്ട് വനംവകുപ്പ്. ദേശീയോദ്യാനത്തിലെ കുവാരി എന്ന് വിളിപ്പേരുള്ള ആനയ്ക്കാണ് കുട്ടിയാന പിറന്നത്. അസം വനംവകുപ്പ് മന്ത്രി ചന്ദ്ര മോഹന്‍ പടോവാരിയാണ് ഈ വിശേഷം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
“ലോക മൃഗദിനത്തില്‍ സന്തോഷകരമായ വാര്‍ത്ത. കാസിരംഗയിലെ കുവാരി എന്ന ആന ആരോഗ്യവതിയായ ഒരു ആനക്കുട്ടിക്ക് ജന്മം നല്കിയിരിക്കുന്നു. വാത്സ്യലം കൊണ്ടവള്‍ക്ക് ഞങ്ങള്‍ മായാബിനി എന്ന് പേരുനല്കി. വനപ്രദേശത്ത് ഒരു പുതുജീവന്റെയും പ്രത്യാശയുടെയും ചിഹ്നമാണവള്.”, പടോവാരി എക്സില്‍ കുറിച്ചു. ലോക മൃഗ ദിനത്തോടനുബന്ധിച്ച് മായാബിനിയുടെ വീഡിയോയും സാമൂഹികമാധ്യമങ്ങളിലൂടെ അദ്ദേഹം പുറത്തുവിട്ടു.
അടുത്തിടെ അന്തരിച്ച ബോളിവുഡ് ഗായകന് സുബീന്‍ ഗാര്‍ഗിന്റെ ഇഷ്ടഗാനങ്ങളിലൊന്നാണ് 2001-ല്‍ പുറത്തിറങ്ങിയ ദാഗ് എന്ന സംഗീതആല്‍ബത്തിലെ മായാബിനി. ആരാധകര്‍ക്കിടയില്‍ സുബീനെ ശ്രദ്ധയേമാക്കിയ ഗാനം. ഗായകനോടുള്ള ആദരസൂചകമായാണ് ആനക്കുട്ടിക്ക് മായാബിനി എന്ന് പേരുനല്‍കിയത്.
ഒക്ടോബര്‍ നാല്, ലോക മൃഗ ദിനത്തോടനുബന്ധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവും കാസിരംഗ ദേശീയോദ്യാനം സന്ദര്‍ശിച്ചു. ദേശീയോദ്യാനത്തില്‍ ജീപ്പ് സഫാരി നടത്തിയ അദ്ദേഹം കാസിരംഗയിലെ വന്യജീവി സമ്പത്തിനെയും പ്രശംസിച്ചു. വന്യജീവിസമ്പത്തിന്റെ പേരില്‍, പ്രത്യേകിച്ച് കാണ്ടാമൃഗങ്ങളുടെ വിഷയത്തില്‍ കാസിരംഗ സമ്പന്നമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
മധ്യപ്രദേശില്‍ വര്‍ധിച്ചുവരുന്ന വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങളെ പറ്റിയും അദ്ദേഹം പരാമര്‍ശിച്ചു. സംസ്ഥാനത്ത് ആനകളെ അവതരിപ്പിച്ച കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. മധ്യപ്രദേശിലെ ബാന്ധവ്ഗഢിലും മറ്റ് വന്യജീവി സങ്കേതങ്ങളിലും കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 70 ആനകളെ എത്തിച്ചതായും അദ്ദേഹം പറഞ്ഞു. വന്യജീവി സംരക്ഷണത്തിനും കൈമാറ്റത്തിനും അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.
“കാസിരംഗ ദേശീയോദ്യാനത്തിന്റെ പരിപാലനരീതികൾ അങ്ങേയറ്റം ആശ്ചര്യകരമാണ്. ഞങ്ങള്‍ക്ക് ഇവിടെനിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. ഞങ്ങളുടെ വന്യജീവികളില്‍ ചിലതിനെ ഇവിടെയെത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മയുമായി ഈ വിഷയത്തില്‍ സംസാരിക്കും”, മോഹന്‍ യാദവ് പറഞ്ഞു. എല്ലാവര്‍ഷവും ഒക്ടോബര്‍ നാലിനാണ് ലോക മൃഗദിനം ആചരിക്കുന്നത്. മൃഗങ്ങളുടെ ക്ഷേമത്തിനും വംശനാശഭീഷണി നേരിടുന്നവയെ സംരക്ഷിക്കുന്നതിനും ലക്ഷ്യംവെച്ചുള്ളതാണ് ഈ ദിനം.
Content Highlights: Elephant calf born in Kaziranga named Mayabini
Published: 06 Oct 2025, 01:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented