ശാസ്ത്രവും പ്രകൃതിനിയമങ്ങളും അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹത്തിനും കരുതലിനും മുന്നിൽ തെറ്റുകയാണോ? അതിരപ്പിള്ളി വനമേഖലയിലെ തുമ്പിയില്ലാ ആനക്കുട്ടിയുടെ അതിജീവനം എത്രകാലം എന്ന ചോദ്യത്തിന് മറുപടിയായി ചില ദൃശ്യങ്ങൾ കാട്ടിൽനിന്നു വരുന്നു. പ്രപഞ്ചത്തിലെ ഏതു ജീവിവർഗത്തിലും അമ്മ അമ്മയും കുഞ്ഞ് കുഞ്ഞും തന്നെ..

To advertise here,

കാടുജീവിതത്തിന് പുതിയ അദ്ഭുതമാവുകയാണ് ഈ ജീവിതം. അതിജീവിക്കുക ഏറക്കുറെ അസാധ്യമാണെന്ന് ശാസ്ത്രലോകം സംശയിച്ച തുമ്പിയില്ലാ കുട്ടിയാന അമ്മയുടെ വാത്സല്യത്തിലും കരുതലിലും മുന്നേറുകയാണ്. വൈകല്യത്തോടെ ജനിക്കുന്നവയെ പുറന്തള്ളുന്ന പതിവ് കാട് ഇക്കുറി തിരുത്തകയാണോ?

2025 മാർച്ച് 23-ന്റെ മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘തുമ്പിയില്ലാ ജീവിത’ത്തിലെ കുഞ്ഞനാനയെ കഴിഞ്ഞദിവസം വനം ഉദ്യോഗസ്ഥർ കണ്ടു. അതൊരു വേറിട്ടകാഴ്ചയായിരുന്നു. മറ്റ്‌ ആനകൾ മറിച്ചിട്ട എണ്ണപ്പനയിൽനിന്ന് അമ്മയാന നാരുകൾ ചീന്തിയെടുത്ത് കുഞ്ഞനാനയ്ക്ക് ഇട്ടുകൊടുക്കുന്നു. പശുക്കൾ പുല്ലുതിന്നുന്നപോലെ കുഞ്ഞനാന പനയിൽനിന്ന് നാരുകൾ തിന്നുന്നുമുണ്ട്. അതിരപ്പിള്ളി പ്ലാന്റേഷനിലെ ഡിവിഷൻ ബി - പറയൻപാറയിലായിരുന്നു ഈ കാഴ്ച. നാലുവയസ്സെങ്കിലുമുള്ള ആനക്കുട്ടിയെ അമ്മയാന ഇപ്പോഴും പരിപാലിക്കുകയാണ്. വാഹനങ്ങളുടെ ശബ്ദം കേൾക്കുമ്പോഴും മറ്റ്‌ ആനക്കൂട്ടങ്ങൾ വരുമ്പോഴും തുമ്പിയില്ലാ കുഞ്ഞിനെ അമ്മ ചേർത്തുനിർത്തുന്നുമുണ്ട്. പുഴയിലിറങ്ങി വായിലേക്ക് നേരിട്ടാണ് വെള്ളം കുടിക്കുന്നത്.

ചെവി മടങ്ങിത്തുടങ്ങുമ്പോഴേക്കും നാലു വയസ്സാകുന്നതോടെ കുട്ടിയാനകൾ അമ്മയിൽനിന്ന് അകലുകയാണ് പതിവ്. പിന്നീട് അവ കാടിനെ സ്വതന്ത്രമായി അറിയാൻ തുടങ്ങും. മറിച്ചൊരു സംഭവം മുൻപ്‌ ഉണ്ടായിട്ടില്ലെന്ന് വനഗവേഷകരും ആനശാസ്ത്രജ്ഞരും പറയുന്നുണ്ട്.

ഭക്ഷണവും വെള്ളവും കഴിക്കാൻ പ്രയാസമാകുന്നതോടെ തുമ്പിയില്ലാ ആനയ്ക്ക് വളരാൻ പ്രയാസമാകുമെന്ന് കേരള വനഗവേഷണ കേന്ദ്രം മുൻ മേധാവിയും പ്രസിദ്ധ ആനഗവേഷകനുമായ ഡോ. പി.എസ്. ഈസ അഭിപ്രായപ്പെട്ടിരുന്നു. അമ്മയാന ഈ ആനക്കുട്ടിയെ എത്രനാൾ സംരക്ഷിക്കുമെന്നത് കൗതുകകരമായ കാര്യമാണെന്ന് ആനചികിത്സകൻ ഡോ. ടി.എസ്. രാജീവും അഭിപ്രായപ്പെടുകയുണ്ടായി.

ഉത്സാഹത്തോടെയാണ് കുഞ്ഞന്റെ ജീവിതം. എങ്കിലും പ്രായത്തിനൊത്ത വളർച്ച പോരെന്നാണ് വനം ജീവനക്കാരുടെ അഭിപ്രായം. ഭീഷണിയൊഴിയാത്തൊരു ഭാവികാലം മുന്നിലുണ്ടെന്നായിരിക്കാം അതിനർഥം! അമ്മയാന എത്രനാൾ ഈവിധം കൂടെനിർത്തി പോറ്റുമെന്നതിന് ഒരു ഉറപ്പുമില്ല. മറ്റൊരു കുഞ്ഞിനെ ഗർഭംധരിക്കുന്നതോടെ, അല്ലെങ്കിൽ അതിനുള്ള തയ്യാറെടുപ്പോടെ ഈ സംരക്ഷണം അവസാനിച്ചേക്കാം. കുഞ്ഞനാന പെണ്ണാണെന്നാണ് നിഗമനം. അല്ലെങ്കിൽ ഇതിനകം കൊമ്പ് മുളയ്ക്കുമായിരുന്നു. ഒരർഥത്തിൽ അതൊരു ആശ്വാസമാണ്. കാരണം, കൊമ്പ് വളർന്നാൽ വായിലേക്ക് നേരിട്ട് തീറ്റയെടുക്കാൻ ആനയ്ക്ക് പ്രയാസമാവും.

പ്രകൃതി, അനന്തവും അജ്ഞാതവുമായ ഉദ്ദേശ്യങ്ങളുടെ നിലവറയാണ്. അതിലൊന്ന്, ഈ തുമ്പിയില്ലാ ആനക്കുട്ടിയുടെ അതിജീവനത്തിനുള്ളതാവാം.