ന്യൂഡൽഹി: ഡൽഹിയിൽ തുടർച്ചയായ ഒമ്പതാംദിനവും കനത്ത മൂടൽമഞ്ഞും വിഷപ്പുകയും കലർന്ന അതീവ ഗുരുതരമായ സാഹചര്യത്തിൽ തുടരുന്നു. വെള്ളിയാഴ്ച ഡൽഹിയിലെ വായുനിലവാരം, ഗുണനിലവാരസൂചികയുടെ 'അതീവ ഗുരുതരം' വിഭാഗത്തിലേക്ക് നീങ്ങുകയും വിമാന സർവീസുകളെ ഇത് സാരമായി ബാധിക്കുകയും ചെയ്തു. പുകമഞ്ഞ് കനത്തതോടെ 700-ലധികം വിമാന സർവീസുകളെയും ബാധിച്ചു. രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടെ 177-ലധികം സർവീസുകൾ റദ്ദാക്കപ്പെട്ടു.
ശനിയാഴ്ച പുലർച്ചെയും കനത്ത മൂടൽമഞ്ഞ് തുടരുന്നതിനാൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വായു ഗുണനിലവാര സൂചിക 400 കടക്കുമെന്നാണ് മുന്നറിയിപ്പ്.
വെള്ളിയാഴ്ച പുലർച്ചെ സഫ്ദർജംഗ് കാലാവസ്ഥാ സ്റ്റേഷനിൽ കാഴ്ചപരിധി പൂജ്യം മീറ്ററായും പാലത്ത് 50 മീറ്ററായും കുറഞ്ഞതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നഗരത്തിലെ 40 മോണിറ്ററിങ് സ്റ്റേഷനുകളിൽ 11 എണ്ണത്തിലും വായുനിലവാരം അതീവ ഗുരുതരമായ നിലയിലാണ് രേഖപ്പെടുത്തിയത്. ഇതിൽ വിവേക് വിഹാർ (434), ആനന്ദ് വിഹാർ (430) എന്നിവിടങ്ങളിലാണ് ഏറ്റവും മോശമായ മലിനീകരണം റിപ്പോർട്ട് ചെയ്തത്. ഡൽഹി വിമാനത്താവളം യാത്രക്കാർക്കായി പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാനങ്ങളുടെ സമയം കൃത്യമായി മനസ്സിലാക്കണമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ, വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോൾ യാത്രക്കാർക്ക് ഭക്ഷണവും റീബുക്കിങ് സൗകര്യങ്ങളും ഉറപ്പാക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയം വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
തുടർച്ചയായ ഒമ്പതാം ദിവസമാണ് ഡൽഹിയിലെ വായുനിലവാരം ഇത്രയും മോശമായി തുടരുന്നത്. കഴിഞ്ഞ എട്ട് വർഷത്തിനിടയിലെ ഏറ്റവും മലിനമായ ഡിസംബറാണ് കടന്നുപോകുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. താപനില കുറയുന്നത് മലിനീകരണ കണികകൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ കാരണമാകുന്ന 'ഇൻവേർഷൻ എഫക്റ്റ്' വർദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാഹനങ്ങളിൽ നിന്നുള്ള പുക മലിനീകരണത്തിന് പ്രധാന കാരണമാകുന്നുണ്ടെന്നും വരും ദിവസങ്ങളിൽ ഇതിന്റെ തോത് ഉയരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡിസംബർ മാസത്തിൽ മഴ ലഭിക്കാത്തത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.
നിലവിലെ നിയന്ത്രണ നടപടികൾ പരാജയമാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, മലിനീകരണം തടയാൻ ശാശ്വതമായ പരിഷ്കാരങ്ങൾ വേണമെന്ന് നിർദ്ദേശിച്ചു. നഗരങ്ങളിലെ ഗതാഗതം, വ്യവസായങ്ങളിൽ നിന്നുള്ള മലിനീകരണം, വൈക്കോൽ കത്തിക്കൽ എന്നിവയിൽ കേന്ദ്രീകൃതമായ നടപടികൾ വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ വേണമെന്നും കോടതി വ്യക്തമാക്കി.
Content Highlights: Delhi battles severe smog & fog for 9 days. Over 700 flights affected, 177+ cancelled. AQI exceeds 400. Orange alert issued.
Published: 20 Dec 2025, 09:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented