ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായ പശ്ചാത്തലത്തിൽ കര്‍ശന നിയന്ത്രണങ്ങള്‍ക്കൊരുങ്ങി എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് കമ്മീഷൻ (സി.എ.ക്യു.എം). ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍- നാല് (ജി.ആര്‍.എ.പി-4),  ജി.ആര്‍.എ.പി-3 അനുസരിച്ചുള്ള നടപടിക്രമങ്ങൾ നടപ്പാക്കാനാണ് കമ്മീഷന്‍റെ തീരുമാനം. ഡല്‍ഹിയില്‍ ജി.ആര്‍.എ.പി നാലും മൂന്നും നടപടികള്‍ ഒരുമിച്ച് നടപ്പിലാക്കുന്ന കാര്യം കമ്മീഷന്‍ ആലോചിക്കണമെന്ന് നേരത്തേ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. 

To advertise here,

റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൊവ്വാഴ്ച ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക അഥവാ എ.ക്യു.ഐ 275 ആയിരുന്നു. ഇത് ബുധനാഴ്ച 386 ആയി. വൈകുന്നേരം ആറ് മണിയോട് എ.ക്യു.ഐ 396 ആയി വീണ്ടുമുയർന്നു. അടുത്തുതന്നെ വായുഗുണനിലവാര സൂചിക 400 കടന്നേക്കുമെന്നാണ് റിപ്പോർട്ട്. എ.ക്യു.ഐ 350 കടന്നാല്‍ ജി.ആര്‍.എ.പി 3 അനുസരിച്ചുള്ള നടപടിക്രമങ്ങളിലേക്ക് കടക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. 400 കടന്നാല്‍ ജി.ആര്‍.എ.പി 4 അനുസരിച്ചുള്ള നിയന്ത്രണങ്ങളും നടപ്പിലാക്കണം. വായുമലിനീകരണം നിയന്ത്രിക്കാനുള്ള നടപടിക്രമങ്ങളാണ് ജി.ആര്‍.എ.പി അഥവാ ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍. 

ജി.ആര്‍.എ.പി 4 പ്രകാരം കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതും പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്ക് നിരോധനമുണ്ട്. എന്നാല്‍ റെയില്‍വേ, വിമാനത്താവളം, ആശുപത്രി തുടങ്ങി പൊതുതാത്പര്യവുമായി ബന്ധപ്പെട്ടവയ്ക്ക് ഇളവുണ്ട്. ഖനനവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും നിര്‍ത്തിവെക്കണം. ജി.ആര്‍.എ.പി നാല് നിലനിൽക്കുമ്പോൾ ട്രക്കുകള്‍ക്കും മറ്റ് അന്തര്‍സംസ്ഥാന വാഹനങ്ങള്‍ക്കും നഗരത്തിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.

ബി.എസ് 3 പെട്രോള്‍, ബി.എസ് 4 ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും നിയന്ത്രണമുണ്ടാകും. 10,12 ക്ലാസുകള്‍ ഒഴിച്ച് മറ്റുള്ളവരുടെ ക്ലാസുകള്‍ ഹൈബ്രിഡ് മോഡിലേക്ക് മാറ്റണമെന്ന നിര്‍ദേശമുണ്ട്. 50% സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കണമോയെന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാം. കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കുന്നത് സംബന്ധിച്ച വിഷയം സര്‍ക്കാരിന് പരിഗണിക്കാം. വായുമലിനീകരണം നിയന്ത്രിക്കുന്നതില്‍ കടുത്ത വീഴ്ച ഉണ്ടായതായി സുപ്രീം കോടതി വിമർശിച്ചതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.