കണ്ണൂർ: പുള്ളിവാനമ്പാടിയെ (ബിമാകുലേറ്റഡ് ലാർക്ക്) ആദ്യമായി കേരളത്തിൽ കണ്ടെത്തി. മുൻ ബാങ്ക് ഉദ്യോഗസ്ഥനും പക്ഷിനിരീക്ഷകനുമായ അശ്വിൻ ജനാർദനൻ കണ്ണൂർ ചെറുകുന്ന് അയ്യോത്താണ് പക്ഷിയെ കണ്ടത്. മധ്യ ഇന്ത്യയിലോ തെക്കേ ഇന്ത്യയിലോ ഇതിനു മുമ്പ് ഇതിനെ കണ്ടതായി രേഖപ്പെടുത്തിയിട്ടില്ല.

To advertise here,

തണുപ്പുകാലത്ത് ഉത്തരേന്ത്യയിലും ടിബറ്റിലും പാകിസ്താനിലും ആഫ്രിക്കയിലും എത്താറുള്ള ഈ പക്ഷികളുടെ ജന്മദേശം തുർക്കി, കസാഖ്‌സ്താൻ ഇസ്രയേൽ മേഖലകളാണ്.

37 വർഷം എസ്ബിടിയിൽ ഉദ്യോഗസ്ഥനായിരുന്ന അശ്വിൻ വിരമിച്ചശേഷമാണ് പക്ഷിനിരീക്ഷണത്തിലേക്ക് തിരിഞ്ഞത്. കണ്ണൂർ തളാപ്പ് സ്വദേശിയാണ്. സാധാരണ വാനമ്പാടിയെക്കാൾ തടിച്ച ശരീരപ്രകൃതിയുള്ള പക്ഷിയെ കണ്ടപ്പോൾ റിച്ചാർഡ് പിപ്പറ്റാണെന്നാണ് കരുതിയതെന്ന് അശ്വിൻ പറഞ്ഞു. കൊക്കിന്റെ വ്യത്യാസവും കഴുത്തിനുതാഴെ നെഞ്ചിനുമുകളിലുള്ള കറുത്ത വരയുമാണിതിനെ തിരിച്ചറിയാൻ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പക്ഷിനിരീക്ഷകരായ ഡോ. ജയൻ തോമസ്, സി. ശ്രീകാന്ത്, ഇ-ബേർഡ് എഡിറ്റർമാരായ ജെ. പ്രവീൺ, അശ്വിൻ വിശ്വനാഥൻ, കെ. ആദിത്യൻ തുടങ്ങിയവർ ചേർന്നാണ് പക്ഷി ബിനാ കുലേറ്റഡ് ലാർക്ക (പുള്ളിവാനമ്പാടി) ആണെന്ന് സ്ഥിരീകരിച്ചത്.