ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ വർധിച്ചുവരുമ്പോഴും അവയെ പ്രതിരോധിക്കുന്നതിൽ ഏഷ്യൻ രാജ്യങ്ങൾ കൈവരിച്ച നേട്ടം ലോകശ്രദ്ധ നേടുന്നു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും വഴി ഏഷ്യയിൽ ഏകദേശം 2.2 ലക്ഷം മുതൽ 5.6 ലക്ഷംവരെ ആളുകളുടെ ജീവൻ രക്ഷിക്കാനായതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

To advertise here,

ചിക്കാഗോ സർവകലാശാലയിലെ ഗവേഷകനായ ബി.ബി. കെയ്ൽ 'ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സിൽ' പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. 1988 മുതലുള്ള ഏകദേശം രണ്ടായിരം കാലാവസ്ഥാ ദുരന്തങ്ങളെയും അതുമൂലമുണ്ടായ മരണങ്ങളെയും ആസ്പദമാക്കിയാണ് പഠനം നടത്തിയത്. ലോകത്തിലെതന്നെ ഏറ്റവും വലിയ ദുരന്തനിവാരണ ഡാറ്റാബേസായ EM-DAT-ൽ നിന്നുള്ള വിവരങ്ങളാണ് ഇതിനായി ഉപയോഗിച്ചത്.

1988-ന് ശേഷം ഏഷ്യയിലെ ജനസംഖ്യ ഗണ്യമായി വർധിക്കുകയും പ്രളയം, ചുഴലിക്കാറ്റ് തുടങ്ങിയവയുടെ തീവ്രത കൂടുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഈ വെല്ലുവിളികൾക്കിടയിലും ദുരന്തങ്ങൾ മൂലമുള്ള മരണനിരക്കിൽ വലിയ കുറവുണ്ടായതായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. 1988-ലെ സംവിധാനങ്ങൾ മാത്രമായിരുന്നു ഇപ്പോഴും നിലവിലുണ്ടായിരുന്നതെങ്കിൽ സംഭവിക്കുമായിരുന്ന മരണനിരക്കിനേക്കാൾ 40 ശതമാനം കുറവാണ് ഇപ്പോൾ സംഭവിക്കുന്നത്. കൃത്യമായ കാലാവസ്ഥാ പ്രവചനം, ശക്തമായ വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങൾ, അടിയന്തര സേവനങ്ങൾ എന്നിവയാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ.

ഏഷ്യ ഈ മേഖലയിൽ മുന്നേറുമ്പോൾ മറ്റ് ഭൂഖണ്ഡങ്ങളിലെ സാഹചര്യം ആശങ്കാജനകമാണെന്ന് പഠനം വിലയിരുത്തുന്നു. യൂറോപ്പിൽ ഉഷ്ണതരംഗം മൂലമുള്ള മരണങ്ങൾ വർധിച്ചുവരികയാണ്. ആഫ്രിക്കയിൽ ജനസംഖ്യാ വർധനവ് മൂലം കൂടുതൽ ആളുകൾ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നത് മരണസംഖ്യ ഉയരാൻ കാരണമാകുന്നു. 2023-ൽ ലിബിയയിലുണ്ടായ 'ഡാനിയൽ' കൊടുങ്കാറ്റും തുടർന്നുണ്ടായ ഡാം തകർച്ചയും 13000-ത്തിലധികം ആളുകളുടെ ജീവനെടുത്തത് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി പഠനം അടയാളപ്പെടുത്തുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ചുഴലിക്കാറ്റുകളെ പ്രതിരോധിക്കുന്നതിലും മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്നതിലും രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. സമീപകാലത്തുണ്ടായ പല വലിയ ചുഴലിക്കാറ്റുകളിലും മരണസംഖ്യ കുറയ്ക്കാൻ സാധിച്ചത് ഇതിന് തെളിവാണ്. എന്നിരുന്നാലും, ഉഷ്ണതരംഗങ്ങൾ ഇന്ത്യയ്ക്ക് വലിയ ഭീഷണിയായി വളർന്നുവരികയാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. മുൻകരുതൽ നടപടികൾക്കായി നീക്കിവെക്കുന്ന നിക്ഷേപം ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിക്കാൻ സഹായിക്കുമെന്നാണ് ഈ പഠനത്തിലെ പ്രധാന കണ്ടെത്തൽ.