കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷതയിലേക്ക് വിരല്‍ചൂണ്ടി ആര്‍ട്ടിക് സമുദ്രത്തില്‍ മൂന്നുവര്‍ഷത്തിനകം മഞ്ഞില്ലാത്ത അവസ്ഥയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഡിസംബര്‍ മൂന്നിന് പ്രസിദ്ധീകരിച്ച നേച്ചര്‍ കമ്യൂണിക്കേഷന്‍സ് എന്ന ജേണലിലാണ് 2027-ല്‍ ആര്‍ട്ടിക് മഞ്ഞുപാളികളില്ലാതാകുമെന്ന ഗവേഷണഫലമുള്ളത്. അതിനൂതന കംപ്യൂട്ടര്‍ മോഡലുകള്‍ ഉപയോഗിച്ചാണ് ഈ സമയം പ്രവചിച്ചിരിക്കുന്നത്.

To advertise here,

ആര്‍ട്ടിക് സമുദ്രം ചരിത്രത്തിലാദ്യമായി മഞ്ഞുപാളികളില്ലാത്ത ദിനത്തിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. യു.എസിലെ കൊളറാഡോ ബൗള്‍ഡര്‍ യൂണിവേഴ്സിറ്റിയിലെയും സ്വീഡനിലെ ഗോഥന്‍ബെര്‍ഗ് യൂണിവേഴ്സിറ്റിയിലെയും കാലാവസ്ഥാഗവേഷകരാണ് പഠനത്തിന് പിന്നില്‍. 10 ലക്ഷം ചതുരശ്ര കിലോമീറ്ററോ അതില്‍ താഴെയോ ഉള്ള ഹിമപ്രദേശത്താണ് ഇത് സംഭവിക്കുക. അടുത്ത മൂന്നോ ആറോ വര്‍ഷത്തിനുള്ളില്‍ ഇത് സംഭവിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

കഴിഞ്ഞ ശൈത്യകാലത്തും വസന്തകാലത്തും പ്രദേശത്ത് നിലനിന്ന താപ അന്തരീക്ഷത്തെ മുന്‍നിര്‍ത്തിയാണ് ഈ പഠനത്തിലെത്തിയത്. ഇത് തുടര്‍ന്നാല്‍ മഞ്ഞുപാളികളുടെ നഷ്ടത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാസയുടെ കണക്കനുസരിച്ച് 1981 മുതല്‍ 2010 വരെയുള്ള കാലയളവിലെ ശരാശരി വ്യാപ്തിയെ അപേക്ഷിച്ച്, ഇപ്പോള്‍ ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞിന്റെ അളവ് ഓരോ ദശകത്തിലും അഭൂതപൂര്‍വമായ തോതില്‍ ഉരുകിക്കൊണ്ടിരിക്കുകയാണ്.

മഞ്ഞുരുകുന്നതിന്റെ വേഗത 12 ശതമാനമായി വര്‍ധിച്ചു. ഗവേഷകരുടെ പഠനത്തില്‍ ഒമ്പത് മുതല്‍ 20 വര്‍ഷത്തിനുള്ളില്‍ ആര്‍ട്ടിക് പൂര്‍ണമായും മഞ്ഞുപാളികളില്ലാത്ത മേഖലയായി മാറുമെന്നാണ് കരുതിയത്. എന്നാല്‍ മൂന്നുവര്‍ഷത്തിനകം ഇത് സംഭവിച്ചേക്കാമെന്നതിനാണ് ഇപ്പോള്‍ സാധ്യത കല്‍പ്പിക്കുന്നത്.  എന്നാല്‍ ആദ്യമൊക്കെ ഇത് വളരെ കുറച്ച് ദിവസത്തേക്ക് മാത്രമേ നീണ്ടുനില്‍ക്കു. ഒരുദിവസമോ അതിലധികമോ നീണ്ടുനിന്നേക്കാം. പിന്നീട് ഇതിന്റെ ദൈര്‍ഘ്യം കൂടുകയും ആര്‍ട്ടിക് മേഖലയിലെ കാലാവസ്ഥയെ തകിടം മറിക്കുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്.