ന്യൂഡല്‍ഹി: സൊമാലിയയില്‍നിന്ന് വിശ്രമമില്ലാതെ മണിക്കൂറുകള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ഒരു അതിഥി ഇന്ത്യയിലെത്തിയ സന്തോഷത്തിലാണ് ഗവേഷകര്‍. ചിയുലുയാന്‍ 2 എന്ന് പേരുനല്‍കിയിരിക്കുന്ന ആണ് വിഭാഗത്തില്‍പ്പെടുന്ന അമുര്‍ ഫാല്‍ക്കണ്‍ (Falco amurensis) ആണ് ആ അതിഥി. സൊമാലിയയില്‍നിന്ന് 3,800 കിലോമീറ്റര്‍ താണ്ടി ഇന്ത്യയിലെത്താന്‍ വെറും 93 മണിക്കൂര്‍ മാത്രമേ ചിയുലുയാന്‍ 2-ന് വേണ്ടിവന്നുള്ളൂ. വിശ്രമമോ ഇടവേളകളോ ഇല്ലാതെയായിരുന്നു ഈ യാത്ര.
റേഡിയോ ടാഗ് ചെയ്തിട്ടുള്ള ഈ അമുര്‍ ഫാല്‍ക്കണിന്റെ സാന്നിധ്യം ഏപ്രില്‍ 30-ന് പടിഞ്ഞാറന്‍ ഒഡിഷയില്‍ രേഖപ്പെടുത്തി. 2024 നവംബറിലാണ് ഈ അമുര്‍ ഫാല്‍ക്കണിനെ മണിപ്പുരിലെ തമേംഗ്ലോങ് ജില്ലയില്‍ വെച്ച് റേഡിയോ ടാഗ് ചെയ്തിരുന്നത്. ദേശാടനസ്വഭാവമുള്ള ഈ പക്ഷിയിനത്തെ പറ്റി കൂടുതല്‍ അറിയുന്നതിനായി വൈല്‍ഡ്ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ ഗവേഷകരാണ് ഇതിനെ റേഡിയോ ടാഗ് ചെയ്തത്. മണിപ്പുര്‍ വനംവകുപ്പും ഈ പഠനത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തമേംഗ്ലോങ് ജില്ലയിലെ ഒരു സ്ഥലപേരാണ് ഈ അമുര്‍ ഫാല്‍ക്കണ്‍ ഗവേഷകര്‍ സമ്മാനിച്ചത്.
ശീതക്കാലം ബോട്സ്വാനയില് ചെലവഴിച്ച ശേഷം വിശ്രമത്തിനായി ഈ അമുര്‍ ഫാല്‍ക്കണ്‍ തിരഞ്ഞെടുത്തത് സൊമാലിയയാണ്. അവിടെ നിന്ന് ഏപ്രില്‍ മാസം അവസാനമായിരുന്നു ഇന്ത്യയിലേക്കുള്ള അമുര്‍ ഫാല്‍ക്കണിന്റെ യാത്ര. നാലുദിവസത്തിനുള്ളില്‍ ലക്ഷ്യസ്ഥാനം എത്തുകയും ചെയ്തു.
അറബിക്കടലിനും മുകളിലായി വിശ്രമിക്കാതെയുള്ള പറക്കലിനൊടുവിലാണ് ഈ അമുര്‍ ഫാല്‍ക്കണ്‍ അതിവേഗം ഇന്ത്യയിലെത്തിയത്. കടലിന് മുകളിലായി മണിക്കൂറില്‍ ശരാശരി 41 കിലോമീറ്റര്‍ വേഗതയിലാണ് ചിയുലുയാന്‍ 2 പറന്നത്.
ദേശാടനപക്ഷികളില്‍ തന്നെ വളരെ ദൂരം യാത്ര നടത്തുന്ന പക്ഷികളാണ് അമുര്‍ ഫാല്‍ക്കണുകള്‍. കിഴക്കന്‍ ഏഷ്യയിലെ പ്രജനന കേന്ദ്രങ്ങള്‍ക്കും തെക്കന്‍ ആഫ്രിക്കയില്‍ ശീതക്കാലം ചെലവഴിക്കുന്ന മേഖലകള്‍ക്കുമിടയില്‍ 22,000 കിലോമീറ്ററുകളോളം പ്രതിവര്‍ഷം അമുര്‍ ഫാല്‍ക്കണുകള്‍ സഞ്ചാരിക്കാറുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 114 ദിവസം ചിയുലുയാന്‍ 2 തെക്കന്‍ ആഫ്രിക്കയില്‍ ചെലവഴിച്ചു. ബോട്സ്വാനയില്നിന്ന് മടക്കയാത്ര ആരംഭിക്കുന്നത് 2025 ഏപ്രില്‍ എട്ടിനാണ്.
വടക്കുകിഴക്കന്‍ ഇന്ത്യയില്‍, പ്രധാനമായും മണിപ്പൂരിനെയും നാഗാലാന്ഡിനെയുമാണ് ദേശാടന യാത്രയ്ക്കിടെ വിശ്രമിക്കാനും ഭക്ഷണത്തിനുമായി ആയിരക്കണക്കിന് അമുര്‍ ഫാല്‍ക്കണുകള്‍ പ്രതിവര്‍ഷം ആശ്രയിക്കുന്നത്. ചിയുലുയാന്‍ 2 എന്ന അമുര്‍ ഫാല്‍ക്കണിന്റെ വരവ് അമുര്‍ ഫാല്‍ക്കണുകളുടെ വിശ്രമമില്ലാതെയുളള യാത്രയെ മാത്രമല്ല, അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കൂടിയാണ് ചൂണ്ടിക്കാട്ടുന്നത്. 2018-ലാണ് അമുര്‍ ഫാല്‍ക്കണുകളെ റേഡിയോ ടാഗ് ചെയ്യുന്ന പദ്ധതിക്ക് തുടക്കമിടുന്നത്.
Content Highlights: amur falcon completes non stop 3,800 km long flight in 93 hours
Published: 02 May 2025, 10:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented