തിരുവനന്തപുരം: രാജ്യത്തെ ഖരമാലിന്യ സംസ്‌കരണത്തിൽ ഓരോ പൗരന്റെയും ഉത്തരവാദിത്തങ്ങൾ നിർവചിക്കുന്ന കേന്ദ്ര സർക്കാരിന്റെ 2026-ലെ പുതിയ ഖരമാലിന്യ പരിപാലന ചട്ടങ്ങൾ കേരളം നടപ്പിലാക്കുന്നു. പുതിയ ചട്ടപ്രകാരം കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് 21 ചുമതലകളാണ് ഉള്ളത്. മുൻപ് ഇത് ഏഴ് എണ്ണം മാത്രമായിരുന്നു. സമാനമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ ചുമതലകൾ 11-ൽ നിന്ന് 35 ആയി വർധിപ്പിച്ചിട്ടുണ്ട്.

To advertise here,

മാലിന്യങ്ങൾ ഉല്പാദിപ്പിക്കുന്നവരെ വീടുകൾ, ചെറുകിട സ്ഥാപനങ്ങൾ, വൻകിട മാലിന്യ ഉല്പാദകർ എന്നിങ്ങനെ പ്രത്യേക വിഭാഗങ്ങളായി തിരിച്ചാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക നടത്തിപ്പ് ചട്ടക്കൂട് (Implementation Framework) രൂപവത്കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഓൺലൈൻ പോർട്ടലുകൾ, നിയമലംഘകർക്കെതിരെ കനത്ത പിഴ ഈടാക്കുന്ന പരിസ്ഥിതി നഷ്ടപരിഹാര സംവിധാനം, സമയബന്ധിതമായ റിപ്പോർട്ട് സമർപ്പിക്കൽ, പുരോഗതി വിലയിരുത്താൻ പ്രത്യേക സമിതികൾ എന്നിവ നിലവിൽ വരും.

പുതിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മാലിന്യ ശേഖരണ രീതിയിൽ വലിയ മാറ്റങ്ങളാണ് വരുന്നത്. നിലവിലുണ്ടായിരുന്ന രണ്ട് ബിൻ (പച്ച, നീല) സമ്പ്രദായത്തിന് പകരമായി ഇനി മുതൽ മാലിന്യങ്ങളെ നാല് വിഭാഗങ്ങളായി തരംതിരിക്കണം. ഈർപ്പമുള്ളവ (വെറ്റ് വേസ്റ്റ്), ഈർപ്പമില്ലാത്തവ (ഡ്രൈ വേസ്റ്റ്), സാനിറ്ററി മാലിന്യം, പ്രത്യേക പരിചരണം ആവശ്യമുള്ള മാലിന്യം എന്നിങ്ങനെയാണ് പുതിയ തരംതിരിവ്. കേരളത്തിൽ ഇതിനകംതന്നെ ഖരമാലിന്യ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്ന ഡാഷ്ബോർഡും ഉറവിടങ്ങൾ കണ്ടെത്താൻ ഹരിതമിത്രം ആപ്പും നിലവിലുണ്ട്.

പ്രതിവർഷം കേരളത്തിൽ 37 ലക്ഷം ടൺ ഖരമാലിന്യം ഉല്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ 77 ശതമാനം ജൈവമാലിന്യവും 18 ശതമാനം അജൈവ മാലിന്യവുമാണ്. ആകെ മാലിന്യത്തിന്റെ 49 ശതമാനവും വീടുകളിൽ നിന്നാണ് ഉണ്ടാകുന്നത്. സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകൾ, 87 മുനിസിപ്പാലിറ്റികൾ, 941 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽനിന്നായി പ്രതിദിനം ടൺ കണക്കിന് മാലിന്യമാണ് ശേഖരിക്കപ്പെടുന്നത്.

കേരളത്തിന്റെ മാലിന്യ പരിപാലന ചരിത്രത്തിൽ 2015-ലെ വികേന്ദ്രീകൃത മാലിന്യ സംസ്കരണ രീതിയും 2016-ലെ ഹരിതകേരളം മിഷനും വലിയ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. നിലവിൽ 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 30,000-ത്തോളം ഹരിതകർമസേനാംഗങ്ങൾ 53 ലക്ഷം വീടുകളിൽ വാതിൽപ്പടി സേവനം നൽകുന്നുണ്ട്. കൂടാതെ 12,676 മിനി എം.സി.എഫുകളും 1165 എം.സി.എഫുകളും 173 ആർ.ആർ.എഫുകളും പ്രവർത്തിക്കുന്നു. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ 12.48 ലക്ഷം ഉപാധികളും 3,800 ഓളം കമ്മ്യൂണിറ്റി കമ്പോസ്റ്റിങ്/ബയോഗ്യാസ് സംവിധാനങ്ങളും സംസ്ഥാനത്തുണ്ട്.

അജൈവ മാലിന്യങ്ങളുടെ പുനഃചംക്രമണത്തിന് ക്ലീൻ കേരള കമ്പനിയും മറ്റ് സ്വകാര്യ ഏജൻസികളും സജീവമായി രംഗത്തുണ്ട്. ക്ലീൻ കേരള കമ്പനി മാത്രം പ്രതിമാസം 750 ടൺ പ്ലാസ്റ്റിക്, 200 ടൺ ഇ-മാലിന്യം, 10 ടൺ അപകടകരമായ മാലിന്യം, 60 ടൺ തുണി മാലിന്യം എന്നിവ ശേഖരിക്കുന്നു. ആകെ 3400 ടൺ അജൈവ മാലിന്യമാണ് ക്ലീൻ കേരള കമ്പനി പ്രതിമാസം തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഏറ്റെടുക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലമുള്ള ഗുരുതര പ്രശ്നങ്ങൾ പരിഹരിക്കാൻ റീസൈക്ലിങ്ങിന് മുൻഗണന നൽകുന്നതിനൊപ്പം ശാസ്ത്രീയ ലാൻഡ്ഫിൽ സംവിധാനങ്ങളും വേസ്റ്റ് ടു എനർജി പ്ലാന്റുകളും സ്ഥാപിക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ നടത്തിവരികയാണ്.