
ലോകത്തെ നടുക്കിയ സുനാമിദുരന്തത്തിന്റെ ഓര്‍മകള്‍ 20 വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. ലോകം നടുങ്ങിനിന്ന നിമിഷം, ആര്‍ത്തലച്ചുവന്ന കടലിനുമുന്നില്‍ സ്തബ്ധരായി നിന്ന ആയിരങ്ങള്‍. ഭൂകമ്പവും സുനാമി തിരമാലകളും വിഴുങ്ങിയ സ്വപ്നങ്ങള്‍ അതിലുമേറെ. കേരളത്തില്‍നിന്നടക്കം ലക്ഷകണക്കിന് ജീവനുകള്‍ സുനാമി അപഹരിച്ചു. ഇന്‍ഡൊനീഷ്യ, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെയാണ് ദുരന്തം ഏറെ ബാധിച്ചത്. ശ്രീലങ്കയില്‍ 35000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
സുനാമിത്തിരയില്‍ കിഴക്കന്‍ ശ്രീലങ്കയിലെ ഒരുവീട്ടില്‍നിന്ന് രണ്ടുമാസം പ്രായമുള്ള ഒരു കുഞ്ഞും ഒഴുകിപ്പോയി. വീടിന് കുറച്ചകലെനിന്ന് രക്ഷാപ്രവര്‍ത്തകര്‍ ആ കുഞ്ഞിനെ നേരിയ ശ്വാസമിടിപ്പോടെ കണ്ടെത്തി. കാണാതായ കുഞ്ഞിനെ കണ്ടെത്താനുള്ള മാതാപിതാക്കളുടെ വൈകാരിക പോരാട്ടവും ശ്രദ്ധേയമായിരുന്നു. 'ബേബി 81' എന്ന നമ്പറില്‍ അധികൃതര്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ആ കുഞ്ഞ് ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസം സ്വപ്നം കാണുന്ന 20 വയസ്സുകാരനാണ്.
ജയരാസ അഭിലാഷ്, ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന കുടുംബങ്ങളുടെ പ്രതീകമാണ് ഈ 20-കാരന്റെ കഥ. ഭീമന്‍ തിരമാലയില്‍ ചിതറിപ്പോയ തന്റെ കുടുംബത്തെ അന്വേഷിച്ച് അവന്റെ പിതാവ് മുരുഗപിള്ള ജയരാസ മൂന്ന് ദിവസം തിരച്ചില്‍ നടത്തി. മൂന്നാംദിവസം ഒരു ജോഡി ഷോട്ട്‌സ് കണ്ടെത്താനായി. പിന്നീട് ഭാര്യയെ കണ്ടെത്തി. എന്നാല്‍ രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്താനായില്ല.
തങ്ങളുടെ കുഞ്ഞ് ആശുപത്രിയിലുണ്ടെന്ന് മനസ്സിലാക്കി മുരുഗപിള്ള ജയരാസയും ഭാര്യയും അവിടെ എത്തി. എന്നാല്‍ ബേബി 81ന് അവകാശവാദവുമായി ഒമ്പത് കുടുംബങ്ങള്‍ ആശുപത്രിയെ സമീപിച്ചിരുന്നു. അതിനാല്‍ തെളിവില്ലാതെ കുട്ടിയെ ജയരാസയ്ക്കും ഭാര്യയ്ക്കും കൈമാറാന്‍ ആശുപത്രി ഭരണകൂടം വിസമ്മതിച്ചു.

തുടര്‍ന്ന് ജയരാസയയും ഭാര്യയും പോലീസിനെ സമീപിക്കുകയും വിഷയം കോടതിയിലെത്തുകയും ചെയ്തു. കോടതി ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ടു. എന്നാല്‍ മറ്റു ഒമ്പത് കുടുംബങ്ങളും നിയമപരമായി കുഞ്ഞിനുള്ള അവകാശവാദം ഉന്നയിക്കാത്തതിനാല്‍ ആ തര്‍ക്കം അതോടെ അവസാനിച്ചതായി ജയരാസ പറഞ്ഞു.
'കുട്ടി തങ്ങളുടേതാണെന്ന് പറഞ്ഞ എല്ലാവരോടും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയരാകാന്‍ ഉത്തരവിട്ടിരുന്നു. പക്ഷേ അവരാരും മുന്നോട്ട് വന്നില്ല. എന്റെ കുടുംബം ഡിഎന്‍എ സാമ്പിളുകള്‍ നല്‍കി, കുട്ടി ഞങ്ങളുടേതാണെന്ന് തെളിഞ്ഞു,' ജയരാസ പറഞ്ഞു.
ഇന്ന് ബേബി 81 എന്ന അഭിലാഷ് ഹൈസ്‌കൂള്‍ പരീക്ഷ എഴുതുകയാണ്. ഐടി പഠനത്തിനായി പുതിയ സര്‍വകലാശാലയിലേക്ക് പോകാനുള്ള ഒരുക്കത്തിലുമാണ്.
മാതാപിതാക്കളില്‍ നിന്ന് തന്റെ കഥ കേട്ടാണ് താന്‍ വളര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു, അതേസമയം സഹപാഠികള്‍ തന്നെ 'ബേബി 81' അല്ലെങ്കില്‍ 'സുനാമി ബേബി' എന്ന് വിളിച്ച് കളിയാക്കാറുണ്ടെന്നും അഭിലാഷ് പറഞ്ഞു. സുനാമിയുടെ വാര്‍ഷികം വരുമ്പോഴെല്ലാം ഈ വിളി കുറച്ച് കൂടുമെന്നും അഭിലാഷ് വ്യക്തമാക്കി.
ആദ്യമൊക്കെ അഭിലാഷ് അസ്വസ്ഥനായിരുന്നുവെന്നും അവന്‍ ഭയപ്പെട്ടിരുന്നുവെന്നും പിതാവ് പറഞ്ഞു. പിന്നീട് സംഭവത്തെ കുറിച്ച് മാധ്യമങ്ങളിലൂടെയും മറ്റും വന്ന കാര്യങ്ങള്‍ വായിക്കുകയും തങ്ങളില്‍നിന്ന് കഥകള്‍ കേള്‍ക്കുകയും ചെയ്തതോടെ ആ ഭയമൊക്കെ മാറിയെന്നും ജയരാസ കൂട്ടിച്ചേര്‍ത്തു. ആ വിളിപ്പേര് ജീവിതക്കാലം മുഴുവന്‍ അവനെ പിന്തുടരുമെന്ന് അവനറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: 20 years after the Indian Ocean tsunami, a boy found in the mud embraces being known as ‘Baby 81'
Published: 24 Dec 2024, 12:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented