സിനിമകളില്‍ വില്ലനൊപ്പം രംഗപ്രവേശം ചെയ്യുന്ന പക്ഷി. ആരുമൊന്ന് അടുക്കാന്‍ മടിക്കുന്ന മട്ടും ഭാവവും. ഇതൊക്കെയാണ് കഴുകന്മാരെങ്കിലും 1967-ല്‍ പുറത്തിറങ്ങിയ ദ ജംഗിള്‍ ബുക്ക് പോലുള്ള ചില ആനിമേഷന്‍ സിനിമകള്‍ ഈ സങ്കല്‍പ്പങ്ങളെല്ലാം തച്ചുടച്ച് ഒരു സൗഹൃദ പരിവേഷം കഴുകന്മാര്‍ക്ക് കല്‍പ്പിച്ചു നല്‍കി. ശവംതീനി പക്ഷികളെന്ന് വിശേഷിപ്പിക്കാവുന്ന ഇവ ഇന്ന് ഗുരുതരവംശനാശ ഭീഷണി നേരിടുന്നവ കൂടിയാണ്. വംശമറ്റ അനേകം ജീവജാലങ്ങളുടെ കഥകള്‍ ലോകമെമ്പാടുമുണ്ടായിട്ടുണ്ടെന്ന തിരിച്ചറിവില്‍ ഇന്ത്യ കഴുകന്മാരുടെ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയപ്പോള്‍ സ്വന്തമാക്കിയത് അഭിനന്ദനാര്‍ഹമായ നേട്ടങ്ങളാണ്.

To advertise here,

കാപ്റ്റീവ് ബ്രീഡിങ് നടത്തി വനപ്രദേശങ്ങളില്‍ തുറന്നുവിട്ടുള്ള സംരക്ഷണ പ്രവർത്തനങ്ങൾ പലയിടങ്ങളിലും നടക്കുന്നു. വെറ്ററിനറി മരുന്നുകുത്തിവെച്ച കന്നുകാലികളുടെ മാംസം ഭക്ഷിക്കുന്നത് കഴുകൻമാർക്ക് ഭീഷണിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷിതമായ മാംസം ഇവയ്ക്ക് നല്‍കുന്നതിനായി 'വള്‍ച്ചര്‍ റെസ്റ്റോറന്റ്' എന്ന ആശയവും  ജാര്‍ഖണ്ഡിൽ നടപ്പിലാക്കിയിരുന്നു. സംരക്ഷിത മേഖലകള്‍, കൂടൊരുക്കുന്ന ഇടങ്ങള്‍ എന്നിങ്ങനെയുള്ള ഘടകങ്ങളെ ആശ്രയിച്ച് വള്‍ച്ചര്‍ റെസ്റ്റോറന്റുകള്‍ തുറക്കുന്നത് ഗുണം ചെയ്യുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ വിദഗ്ധര്‍ക്ക് പറയാനുള്ളത്. അതേസമയം ഭക്ഷ്യലഭ്യത എങ്ങനെയാണ് കഴുകന്മാരെ ബാധിക്കുകയെന്നതില്‍ കൂടുതല്‍ പഠനങ്ങള്‍ വേണ്ടിവരുമെന്ന് മാതൃഭൂമിഡോട്ട്കോമിനോട് പ്രതികരിക്കുകയാണ് ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യയുടെ (WWF-India) റാപ്റ്റര്‍ കണ്‍സര്‍വേഷന്‍ പ്രോ​ഗ്രാം മാനേജറായ റിങ്കിത ഗുരാവ്

placeholder
ജാര്‍ഖണ്ഡിലെ വള്‍ച്ചര്‍ റെസ്റ്റോറന്റ്‌ | Photo: PTI

ഇന്ത്യയില്‍ ഏതുതരം ഭൂപ്രകൃതിയിലും കാലാവസ്ഥയിലുമാണ് കഴുകന്മാരെ കൂടുതലായും കാണുന്നത്?

രാജ്യത്ത് മധ്യപ്രദേശിലാണ് ഏറ്റവുമധികം കഴുകന്മാരെ കാണാന്‍ കഴിയുക. കഴുകന്മാരുടെ കോളനികളും ഇവിടെ കാണാം. കൂടൊരുക്കുന്ന വിഷയങ്ങളിലും മധ്യപ്രദേശില്‍ സ്ഥിതി ഭേദമാണെന്ന് പറയാം. മധ്യപ്രദേശില്‍ എല്ലാ രണ്ടുവര്‍ഷം കൂടുമ്പോഴും ഇവയ്ക്കായി സര്‍വേ നടത്തുന്നുണ്ട്. എണ്ണത്തിലെ വര്‍ധനവ് പോലുള്ള കാര്യങ്ങള്‍ ഇത്തരം സര്‍വേകള്‍ നടതുന്നതിലൂടെ വ്യക്തമായി തിരിച്ചറിയാം. മധ്യപ്രദേശില്‍ ധാരാളം കഴുകന്മാരെ കാണുന്നുണ്ടെന്ന കരുതി അവിടുത്തെ കാലാവസ്ഥ ഇവയ്ക്ക് അനുകൂലമാണെന്ന് പൂര്‍ണമായും പറയാന്‍ കഴിയില്ല. കഴുകന്മാരെ സംബന്ധിച്ച് കാലാവസ്ഥ മാത്രമല്ല നിര്‍ണായകം. കൂടൊരുക്കാന്‍ അനുയോജ്യമായ ആവാസവ്യവസ്ഥ പ്രധാനമാണ്. കാലാവസ്ഥയ്‌ക്കൊപ്പം ഭക്ഷ്യലഭ്യത, ജലസ്രോതസ്സ് പോലുളളവയും കഴുകന്മാര്‍ ആ പ്രദേശത്ത് വാസമുറപ്പിക്കുന്നതിന് തിരഞ്ഞെടുക്കുന്ന ഘടകങ്ങളാണ്. കൂടൊരുക്കുന്ന മേഖലകള്‍ക്ക് സമീപത്ത് ഏതെങ്കിലും തരത്തിലുള്ള ശല്യമുണ്ടാകുന്നത് ഇവയ്ക്ക് ബ്രീഡിങ് നടത്തുന്നതിന് വെല്ലുവിളിയാണ്. ഈ മേഖലകള്‍ക്ക് വേണ്ട സുരക്ഷിത്വം ഉറപ്പുവരുത്തുകയെന്നത് അതിപ്രധാനമാണ്. രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സംരക്ഷിത മേഖലയ്ക്ക് പുറത്തും കഴുകന്മാര്‍ ബ്രീഡിങ് നടത്തുന്നതിന് തെളിവുണ്ട്. ഇതുപോലെ അനേകം ഘടകങ്ങളെ ആശ്രയിച്ചാണ് ഇവയുടെ അതിജീവനം. 

ഇന്ത്യയില്‍ കഴുകന്മാരുടെ എണ്ണവുമായി ബന്ധപ്പെട്ട് ആശങ്കാജനകമായ പല കണക്കുകളും പുറത്തുവന്നിരുന്നു. എന്താണ് നിലവിലെ അവസ്ഥ?

അടുത്തിടെ ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ (ബിഎന്‍എച്ച്എസ്) ഒരു പഠനറിപ്പോര്‍ട്ട് പുറത്തിറങ്ങിയിരുന്നു. ഇവയുടെ എണ്ണത്തില്‍ വര്‍ധനവില്ലെന്ന റിപ്പോര്‍ട്ട് മുന്‍പ് പുറത്തുവന്നിരുന്നു. ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് ബിഎന്‍എച്ച്എസ് കഴുകന്മാരുടെ സെന്‍സസ് നടത്തിപ്പോരുന്നുണ്ട്. എന്നാല്‍ സമീപകാലത്ത് ഇവയുടെ എണ്ണം ഏറിയും കുറയാതെയും ഒരേ നിലവാരത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് കണ്ടെത്തി. കഴുകന്മാരുടെ എണ്ണമെടുക്കലിന് സിംഗ്രോണൈസ്ഡ് (synchronized) സർവേ രീതിയാണ് കൂടുതല്‍ നല്ലത്. വനംവകുപ്പിന്റെയും സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എന്‍ജിഒകളുടെയും പങ്കാളിത്തം ഇത്തരം സര്‍വേകളില്‍ ഉറപ്പാക്കാന്‍ കഴിയുമെന്ന മെച്ചമുണ്ട്.  

മുന്‍പ് എണ്ണത്തില്‍ ഏറെയുണ്ടായിരുന്ന റെഡ് ഹെഡഡ് വള്‍ച്ചറിനെ കേരളത്തിലെ വയനാട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംരക്ഷിതമേഖലയ്ക്ക് പുറത്ത് ഇവയെ കാണാനുള്ള സാധ്യത നന്നേ കുറവാണ്. സ്ലെന്‍ഡര്‍ ബില്‍ഡ് വള്‍ച്ചറിന്റെ എണ്ണം വടക്കുകിഴക്കന്‍ ഇന്ത്യയിലായി ചുരുങ്ങി. ബിയേര്‍ഡഡ് വള്‍ച്ചറെന്ന ഇനം ഹിമാലയത്തിന്റെ വടക്കന്‍ മേഖലയിലാണ് വാസമുറപ്പിച്ചിരിക്കുന്നത്. 

കന്നുകാലികളിലെ മരുന്ന കുത്തിവെപ്പും മരുന്നു കുത്തിവെച്ച മൃഗങ്ങളുടെ ജഡം ഭക്ഷിക്കുന്നതും കഴുകൻമാരുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ ഇടയ്ക്ക് പുറത്തു വന്നിരുന്നു . അതേക്കുറിച്ച് വിശദീകരിക്കാമോ.

കന്നുകാലികള്‍ക്ക് നല്‍കുന്ന വെറ്ററിനറി മരുന്നിലെ ഡൈക്ലോഫനാക് എന്ന പദാര്‍ഥം കഴുകന്മാരില്‍ ജീവഹാനി വരെ വരുത്തിയേക്കാവുന്ന ഒന്നാണ്. ഇത്തരം വെല്ലുവിളികള്‍ പാടെ ഒഴിവാക്കിയാല്‍ കഴുകന്മാരുടെ എണ്ണം കൂടാനുള്ള സാധ്യതകളുണ്ടെന്നതാണ് വസ്തുത. ഹാനികരമായതും നിരോധിച്ചതുമായ ചില രാസപദാര്‍ത്ഥങ്ങളടങ്ങിയ മരുന്നുകള്‍ ഇപ്പോഴും അനധികൃതമായി ഉപയോഗിക്കുന്നുണ്ട്. വെറ്ററിനറി മരുന്നുകളുടെ കാര്യത്തില്‍ ബദല്‍മാര്‍ഗങ്ങളുണ്ടെന്നിരിക്കെയാണ് ഈ ഹാനികരമായ പദാര്‍ഥങ്ങളുടെ അനധികൃത ഉപയോഗമെന്നത് വിഷമകരമാണ്. പവര്‍ലൈനുകളില്‍ ഷോക്കേറ്റും ഇവ ചത്തതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റ് ജീവികളോട് ഭക്ഷണത്തിനായി നടത്തുന്ന പോരാട്ടവും ഇവ നേരിടുന്ന പ്രതിസന്ധികളില്‍ ചിലതാണ്. 

placeholder
സൈപ്രസില്‍ പവര്‍ ലൈനില്‍ നിന്ന് ഷോക്കേറ്റ് ചത്ത സ്പാനിഷ് ഗ്രിഫണ്‍ വള്‍ച്ചര്‍ | Photo: Vulture Conservation Foundation

ഇന്ത്യയിൽ ഇവയ്ക്കുവേണ്ടി പലവിധമുള്ള സംരക്ഷണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടല്ലോ . വൾച്ചർ റെസ്സ്റ്റോറന്റ് എന്ന ആശയം ഈ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമാണല്ലോ. റസ്റ്ററന്റിനെ കുറിച്ചും സംരക്ഷണ പ്രവർത്തനങ്ങളെ കുറിച്ചും പറയാമോ.

പോസിറ്റീവായ ഒരുപാട് മാറ്റങ്ങള്‍ ഈ വിഷയത്തിലുണ്ടായി. കൂടുതല്‍ സംസ്ഥാനങ്ങളിലെ വനംവകുപ്പ് സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നു. ഇതിന്റെ ഭാഗം കൂടിയാണ് കൂടൊരുക്കുന്ന മേഖലകളുടെ കണക്കെടുപ്പും സെന്‍സസും പോലുള്ളവ. വനംവകുപ്പിന് സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പ്രദേശവാസികളുടെ സഹായം തേടാം. മാംസം കൂടുതല്‍ നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍, കൂടൊരുക്കുന്ന പ്രദേശം എന്നിവ കണ്ടെത്തുന്നതില്‍ പ്രദേശവാസികളുടെ സഹായം നിര്‍ണായകമാണെന്ന് പല സംഭവങ്ങളും തെളിയിച്ചിട്ടുള്ളതാണ്. രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലും ഇത് കൃത്യമായി നടപ്പിലാക്കണം. കൂടുതല്‍ സംസ്ഥാനങ്ങള്‍ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടേക്ക് വരണം. വനപ്രദേശത്ത് ഇവയുടെ എണ്ണം തിരിച്ചറിയുന്നത് സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ അനിവാര്യമാണ്. രാജ്യത്ത് 20 പ്രദേശങ്ങളിലായുള്ള കഴുകന്മാരുടെ കൂട് ഡബ്ല്യുഡബ്ല്യുഎഫ് നിരീക്ഷിച്ചുവരികയാണ്. 2019-മുതലാണ് കഴുകന്മാര്‍ മാംസം കഴിക്കുവാനെത്തുന്ന ഫീഡിങ് ഏരിയയും മറ്റും ഡബ്ല്യുഡബ്ല്യുഎഫ് പഠനവിധേയമാക്കുന്നത്. ഗോശാലകളില്‍ കഴുകന്മാര്‍ക്ക് നല്‍കുന്ന മാംസം എങ്ങനെ സുരക്ഷിതമാക്കാം എന്നത് സംബന്ധിച്ച ബോധവത്കരണവും നടത്തുന്നുണ്ട്. മാംസം പുറന്തള്ളപ്പെടുന്ന പ്രദേശങ്ങളില്‍ നായകളുണ്ടായാൽ മാംസം കഴുകന്മാര്‍ക്ക് കിട്ടണമെന്നില്ല. ഇതും പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമാണ്. 

കഴുകന്മാര്‍ കൂടൊരുക്കുന്നതിന് സമീപത്ത് വൾച്ചർ റെസ്റ്റോറന്റുകള്‍ ആരംഭിക്കുന്നത് ഏറെ പ്രയോജനം ചെയ്യും. മറ്റിനം പക്ഷികളില്‍ നിന്ന് വലിപ്പമേറിയ കൂടുകളാണ് കഴുകന്മാര്‍ക്കുള്ളത്. ഇന്ത്യന്‍ വള്‍ച്ചറുകള്‍ (Indian vulture) മലഞ്ചെരിവുകളില്‍ (cliff) കൂടൊരുക്കുമ്പോള്‍ വൈറ്റ് റംപ്ഡ് വള്‍ച്ചറുകള്‍ (White-rumped vulture) കൂടൊരുക്കുന്നത് വലിയ മരങ്ങളിലാണ്. സംരക്ഷിതമേഖലകള്‍ അഥവാ പ്രൊട്ടക്ട്ഡ് ഏരിയകളാണ് റെസ്റ്റോറന്റുകള്‍ ആരംഭിക്കാന്‍ അനുയോജ്യമായ മറ്റ് സ്ഥലങ്ങളെന്നുമാണ് ഇതുവരെയുള്ള കണ്ടെത്തല്‍. ഈ പ്രദേശങ്ങളില്‍ നിന്ന് വളരെ അകലെയുള്ള 'വള്‍ച്ചര്‍ റെസ്റ്റോറന്റുകള്‍' വേണ്ട ഫലം ചെയ്‌തേക്കില്ലെന്നാണ് നിഗമനം.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

കാപ്റ്റീവ് ബ്രീഡിങ് എന്ന ആലോചനയിലേക്ക് സംരക്ഷണ പ്രവർത്തനങ്ങൾ എത്താനുള്ള കാരണമെന്താണ്.

വന്‍തോതില്‍ കഴുകന്മാര്‍ ചത്തൊടുങ്ങിയപ്പോഴാണ് ഇവയുടെ എണ്ണത്തെ പറ്റിയുളള ആശങ്കകള്‍ വ്യാപകമായത്. പലപ്പോഴും മരണകാരണം അജ്ഞാതമായിരുന്നു. ഇവ വംശമറ്റു പോയേക്കാമെന്ന സാഹചര്യം പോലുമുണ്ടായി. കാപ്റ്റീവ് ബ്രീഡിങ് എന്ന പോംവഴിയുടെ സാധ്യതകളാണ് ഗവേഷകരുടെയും പല സംരക്ഷണപ്രവര്‍ത്തകരുടെയും കണ്‍മുന്നില്‍ തെളിഞ്ഞ ഏകമാര്‍ഗം. കഴുകന്മാര്‍ സ്ലോ ബീഡേഴ്‌സാണ്. വര്‍ഷത്തില്‍ ഒരു മുട്ട മാത്രമാകും ഉണ്ടാവുക. കാപ്റ്റീവ് ബ്രീഡിങ്ങിലൂടെ ഒരു സീസണില്‍ മൂന്ന് മുതല്‍ നാല് മുട്ടകള്‍ വരെ ഒരു ജോഡി കഴുകന്മാരില്‍ നിന്ന് കിട്ടി. ഇത് എണ്ണം കൂടാന്‍ കാരണമായി. ഇന്ത്യയില്‍ ഇന്ന് കഴുകന്മാര്‍ക്കായുള്ള കാപ്റ്റീവ് ബ്രീഡിങ് വ്യാപകമാണ്. ആഹാരം തേടി വളരെ ദൂരം സഞ്ചരിക്കാന്‍ കഴുകന്മാര്‍ക്ക് സാധിക്കും. സുരക്ഷിതമായ മാംസം പ്രദേശത്ത് ലഭ്യമാണോയെന്നതും പരിശോധനയ്ക്ക് വിധേയമാക്കണം. കാപ്റ്റീവ് ബ്രീഡ് ചെയ്ത 20 കഴുകന്മാരെ പെഞ്ചിലെ ടൈഗര്‍ റിസര്‍വിലും തഡോബ അന്ധാരി ടൈഗര്‍ റിസര്‍വിലും തുറന്നുവിട്ടിരുന്നു. ഇത്തരം വന്യജീവി സങ്കേതങ്ങളിലും കടുവ സങ്കേതങ്ങളില്‍ അനുകൂലമായ ആവാസവ്യവസ്ഥയുണ്ട്. കടുവകള്‍, പുള്ളിപ്പുലി പോലുള്ള വന്യജീവികള്‍ ഭക്ഷിച്ച ബാക്കി വന്ന മാംസവും ഈ പ്രദേശങ്ങളില്‍ കഴുകന്മാര്‍ക്ക് ലഭിക്കുമെന്ന ഗുണവുമുണ്ട്. 

ശവംതീനികള്‍ എന്ന നിലയിലുള്ള ഭീകരനെന്ന ഇമേജ് കഴുകന്‍മാര്‍ക്കുണ്ടല്ലോ. പക്ഷെ വൈറസടക്കമുള്ള രോഗങ്ങളെ നിയന്ത്രിക്കുന്ന തരത്തില്‍ ഇവ ആവാസവ്യവസ്ഥയില്‍ വഹിക്കുന്ന പങ്കിനെ കുറിച്ച് പറയാമോ.

ആദ്യമൊക്കെ കഴുകന്മാരെ കുറിച്ചുള്ള എന്റെ അറിവുകള്‍ പരിമിതമായിരുന്നു. മറ്റുള്ളവയെ പോലെ കാണാന്‍ ഭംഗിയൊന്നുമില്ലാത്ത ഒരു സാധാരണ പക്ഷി. പൊതുജനങ്ങള്‍ കഴുകന്മാരെ മോശമായ തരത്തില്‍ ചിത്രീകരിച്ച് തുടങ്ങി. മരണത്തോട് ചേര്‍ത്താണ് പലപ്പോഴും കഴുകന്റെ പേര് ആളുകള്‍ പറയാറ്. കഴുകന്മാര്‍ ആവാസവ്യവസ്ഥയില്‍ വഹിക്കുന്ന പങ്ക് വ്യക്തമായതോടെ ഞാന്‍ ആളുകളെ ബോധവത്കരിക്കാന്‍ തുടങ്ങി. വേട്ടയാടുന്ന പക്ഷികളല്ല കഴുകന്മാര്‍. മാംസം പൂര്‍ണമായും കഴുകന്മാര്‍ ഭക്ഷിക്കുന്നതിലൂടെ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയും കുറയുന്നു. കഴുതപ്പുലികളും പലപ്പോഴും തെറ്റായ രീതിയില്‍ ചിത്രീകരിക്കപ്പെടുന്നു. ആവാസവ്യവസ്ഥയില്‍ ഇവയ്ക്കുള്ള പങ്ക് മനസിലാക്കേണ്ടത് അനിവാര്യമാണ്. ശവംതീനികളെന്നാണ് കഴുകന്മാര്‍ അറിയപ്പെടുന്നത് തന്നെ. പുറന്തള്ളപ്പെടുന്നതും ലഭ്യമായതുമായ മാംസം ഭക്ഷിക്കുന്നതിലൂടെ പരിസരം ശുചീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. കഴുകന്മാരില്ലെങ്കിലുളള കാര്യമൊന്ന് ചിന്തിച്ചുനോക്കൂ. മാംസം ചീഞ്ഞ് (decompose) ബാക്ടീരിയകള്‍ രൂപപ്പെടുകയും, അവ മണ്ണിനടിയിലേക്കും ജലത്തിലേക്കുമെത്തും. ഇതു മണ്ണും ജലവും മലിനപ്പെടുന്നതിന് കാരണമാകും. എണ്ണത്തില്‍ 40 മുതല്‍ 50 വരെ വരുന്ന കഴുകന്മാരുടെ സംഘത്തിന് 20 മിനിറ്റിൽ പശുവിന്റെ മാംസം പൂര്‍ണമായും അകത്താക്കാന്‍ കഴിയുമെന്നതിന് ശാസ്ത്രീയമായ തെളിവുകളുണ്ട്. മറ്റ് സ്‌കാവഞ്ചേഴ്സുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ ചെറിയ സമയം കൂടിയാണ്.

 കാലാവസ്ഥാമാറ്റം മറ്റുജീവികളെപ്പോലെ കഴുകൻമാരെയും എത്രത്തോളം ബാധിക്കുന്നുണ്ട്.

വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിലും പശ്ചിമഘട്ടം പോലുള്ള നിബിഡവനത്തിലും (dense forest) കഴുകന്മാരെ കാണാം. കഴുകന്മാര്‍ കാലാവസ്ഥാ മാറ്റത്തോട് പൊരുത്തപ്പെടുമോയെന്നത് സങ്കീര്‍ണമായ ചോദ്യമാണ്. ദീര്‍ഘനാളുകളായി ശേഖരിച്ച ഡാറ്റയൊക്കെ വിലയിരുത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരൂ.