
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ അന്നുമുതല്‍ ഇന്നുവരെ പോലീസ് എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ദുരന്തമുഖത്തുണ്ട്. ജിയോളജിസ്റ്റ് കൂടിയായ അദ്ദേഹം ദുരന്തത്തിന്റെ പശ്ചാത്തലത്തെയും പോലീസ് സേനയുടെ ഇടപെടലുകളെയും കുറിച്ച് സംസാരിക്കുന്നു. പോലീസ് ദുരന്തനിവാരണസേനയുടെ ശക്തിപ്പെടുത്തല്‍, ശാസ്ത്രീയമായ മുന്നൊരുക്കങ്ങള്‍, മുന്നറിയിപ്പ് സംവിധാനങ്ങള്‍... നമുക്ക് ഇനിയും ഈ മേഖലയില്‍ ഏറെ മുന്നേറാനുണ്ടെന്ന് അദ്ദേഹം പറയുന്നു. എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ മാതൃഭൂമി പ്രതിനിധി നീനു മോഹനു നല്‍കിയ അഭിമുഖത്തില്‍നിന്ന്...
ക്രമസമാധാനപാലനം എന്നതിനപ്പുറം നാടിന്റെ രക്ഷകരായി പോലീസെത്തി. പോലീസിന്റെ പ്രാദേശികജ്ഞാനം രക്ഷാപ്രവര്‍ത്തനത്തില്‍ എത്രത്തോളം ഉപകരിച്ചു
പോലീസ് ഇവിടെ ഒരു ബാസ്‌കറ്റുപോലെ, അല്ലെങ്കില്‍ ഒരു കുടപോലെയാണ് പ്രവര്‍ത്തിച്ചത്. മറ്റെല്ലാ സംവിധാനങ്ങളും ഞങ്ങളൊരുക്കിയ ഈ കവചത്തിനുള്ളിലായിരുന്നു. അതിനൊപ്പം രക്ഷാപ്രവര്‍ത്തനം മുതല്‍ ആശുപത്രിയിലും ക്യാമ്പിലും സുരക്ഷയൊരുക്കല്‍ വരെ എല്ലായിടത്തും പോലീസുണ്ടായിരുന്നു. തികഞ്ഞ കാര്യപ്രാപ്തിയോടെയാണ് സേന അതുചെയ്തത്.
പ്രാദേശികമായ അറിവും ഇതില്‍ മുതല്‍ക്കൂട്ടായി. ജനമൈത്രി പോലീസെന്ന നിലയില്‍ ഓരോ വഴിയും ഓരോ വീടും അറിയാമായിരുന്നു. പല ഉദ്യോഗസ്ഥരും പെട്ടെന്ന് വന്നവരാണ്, അവരുടെ വീട്, കുടുംബം, ആരോഗ്യപ്രശ്‌നങ്ങള്‍ ഇതൊന്നും ആരും വകവെച്ചില്ല. ഇതൊരു കൂട്ടായ്മയുടെ പ്രവര്‍ത്തനമാണ്.
ഓരോ അനുഭവവും ഒരു പാഠംകൂടിയാണല്ലോ, ഈ ദുരന്താനുഭവങ്ങളില്‍നിന്ന് പോലീസ് സേന ഉള്‍ക്കൊള്ളുന്നതെന്താണ്
കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് കേരളം ദുരന്തസാധ്യതാ പ്രദേശമായി മാറിയിട്ടുണ്ട്. ജനസാന്ദ്രതയും കൂടുതലാണ്. പോലീസിന് ഇപ്പോള്‍ത്തന്നെ റാപ്പിഡ് റെസ്‌പോണ്‍സ് ഫോഴ്സ് (ആര്‍.ആര്‍.എഫ്.) എന്ന പേരില്‍ ഒരു ദുരന്തനിവാരണ വിഭാഗമുണ്ട്. ഇതൊരു പ്രത്യേക ദുരന്തനിവാരണ വിഭാഗമായി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ആറുമാസമായി നടക്കുന്നു. പക്ഷേ, പ്രതീക്ഷിച്ച രീതിയിലായിട്ടില്ല.
ഇവരുടെ നവീകരണം, ഉപകരണങ്ങള്‍ എത്തിക്കുക തുടങ്ങി ആര്‍.ആര്‍.എഫിനെ ശക്തമാക്കുകയാണ് അടുത്ത നടപടി. എല്ലാ ജില്ലയിലും ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന് കീഴില്‍ ഡിസ്സാസ്റ്റര്‍ അവെയര്‍നെസ് ആന്‍ഡ് റെസ്‌പോണ്‍സ് മെക്കാനിസം ഉണ്ടാക്കാന്‍ വിചാരിക്കുന്നു. പോലീസ്, ജനങ്ങള്‍ക്കും ഭരണകൂടത്തിനും മുന്നറിയിപ്പ് നല്‍കുന്ന തരത്തില്‍ സംവിധാനം ഒരുക്കുന്നത് പരിഗണനയിലുണ്ട്.
ആര്‍.ആര്‍.എഫിനെ കൂടുതല്‍ ശക്തിപ്പെടുത്തി, ജാഗ്രതയുള്ളവരാക്കുകയാണ് പ്രധാനം. ശാരീരികവും മാനസികവും വൈകാരികവുമായി തളര്‍ത്തുന്ന അനുഭവമാണിത്. അതിനെ നേരിടാന്‍ പോലീസ് സേനയെ സജ്ജമാക്കും. പോലീസ് ആത്മഹത്യ കൂടുന്നതുപോലും ജോലിഭാരം കൊണ്ടല്ല, പി.എസ്.സി. പരീക്ഷയെഴുതി വരുന്നവരാണ് പോലീസ് സേനയിലുള്ളത്. പലര്‍ക്കും എല്ലാം നേരിടാനുള്ള മനക്കരുത്തുണ്ടാവില്ല.
ദുരിതബാധിതരുടെ പുനരധിവാസത്തില്‍ പോലീസ് സേനയുടെ പങ്കാളിത്തം എത്രത്തോളമുണ്ടാകും
ഈ ദുരന്തം പൂര്‍ണമായും പോലീസ് ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തി സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ടുനല്‍കും. കേരളാ പോലീസ് സേനാംഗങ്ങളും ദുരന്തത്തിനിരയായി. പലരുടെയും വീട് നഷ്ടപ്പെട്ടു. ഇവര്‍ക്ക് വീടു നിര്‍മിക്കാനുള്ള സ്ഥലം കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ വാങ്ങിനല്‍കും.
പ്രധാനമന്ത്രിക്കൊപ്പം എല്ലാം വിശദീകരിക്കാനും താങ്കള്‍ മുന്‍നിരയിലുണ്ടായിരുന്നു. അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ
സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വലിയ പിന്തുണയാണ്. പ്രധാനമന്ത്രി വന്നു, ദുരന്തസ്ഥലം സന്ദര്‍ശിച്ചു. ദുരിതബാധിതരെ കണ്ടു. പ്രധാനമന്ത്രിയുടെ ഹൃദയത്തെ ഈ അനുഭവം ഉലച്ചിട്ടുണ്ട്. വേദനിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഓരോ അന്വേഷണങ്ങളും. അവിടെ എത്തുന്നവര്‍ക്ക് മാത്രമേ ദുരന്തത്തിന്റെ വ്യാപ്തി തിരിച്ചറിയാനാവൂ. പ്രധാനമന്ത്രിതന്നെ വിങ്ങിപ്പോയി.
പോലീസിലെത്തും മുന്‍പ് താങ്കള്‍ ജിയോളജിസ്റ്റ് ആയിരുന്നു, ആ നിലയിലുള്ള വിലയിരുത്തലുകളെന്താണ്
ജിയോളജിസ്റ്റ് എന്ന താത്പര്യം കൂടിയാണ് ദുരന്തസ്ഥലം മുഴുവനായി സന്ദര്‍ശിക്കാന്‍ പ്രേരിപ്പിച്ചത്. ഉദ്ഭവ സ്ഥാനത്തുവരെ ഞാന്‍ നേരില്‍ച്ചെന്നു. ആദ്യം അവിടെ പോകുമ്പോള്‍ മുണ്ടക്കൈ പള്ളിയുടെ താഴെ വരെയേ എത്താനായുള്ളൂ. അവിടെ ഉണ്ടായിരുന്ന ഒരു അലവി പറഞ്ഞു, താങ്കള്‍ക്ക് ധൈര്യമുണ്ടേല്‍ പുഴ വഴി പോകാമെന്ന്. അദ്ദേഹത്തിന്റ താത്പര്യത്തിലാണ് പുഴ വഴി പുഞ്ചിരിമട്ടം വരെയെത്തുന്നത്.
പിന്നീട് വനംവകുപ്പിലെ വനിതാ ബീറ്റ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള സംഘത്തിനൊപ്പം കാട്ടിലൂടെയും ഈ പ്രദേശമാകെ സഞ്ചരിച്ചു, വിലയിരുത്തി. കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് മഴയുടെ സ്വഭാവം മാറിയത് തന്നെയാണ് പ്രധാനഘടകം. ചെറിയ സമയദൈര്‍ഘ്യത്തില്‍ തീവ്രമഴയാണ്. നിരന്തരം മഴകിട്ടി മണ്ണ് കുതിര്‍ന്നു നില്‍ക്കുന്നു. ലഘു മേഘസ്‌ഫോടനം (cloud bursting) കൂടി ഇവിടെയുണ്ടായി. ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങള്‍ നമുക്ക് ഒരു പരിധി വരെയേ പ്രതിരോധിക്കാനാവൂ.
മലയോരത്ത് ഒരു ജീവിതകാലംകൊണ്ട് വീടും കൃഷിയിടവും ഒരുക്കിയവരോട് നമുക്ക് മാറിത്താമസിക്കൂ എന്ന് പറയാനാവില്ല. ദുരന്താവബോധം എത്രത്തോളം ഉയര്‍ത്താമെന്നതാണ് പ്രധാനം. മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഉണ്ടാവണം. സുരക്ഷിത ഇടങ്ങള്‍ തിരിച്ചറിഞ്ഞ് ശാസ്ത്രീയമായി ഒഴിപ്പിക്കല്‍ നടക്കണം.
ഒഡിഷ സര്‍ക്കാരിന് കീഴിലെ ഒഡിഷ ദുരന്തനിവാരണ വിഭാഗം വളരെ ശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്നവരാണ്. ഭൂകമ്പ സാധ്യതാപ്രദേശമായ ജപ്പാന്‍ അത് നേരിടാന്‍ സജ്ജമാണ്. തീപ്പിടിത്തമുണ്ടായാല്‍ ഓടിയിറങ്ങാനുള്ള വഴി നമ്മള്‍ കെട്ടിടങ്ങളില്‍ പ്രദര്‍ശിപ്പിക്കാറില്ലേ. അതുപോലെ ചെറിയ കുട്ടികളില്‍ തുടങ്ങി സംവിധാനം ഒരുക്കണം. മലയാളിയുടെ ഒരു പൊതുബോധമുണ്ട് എനിക്കൊന്നും സംഭവിക്കില്ലെന്ന്, അതുമാറ്റി എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ എന്തുചെയ്യും എന്ന തലത്തിലേക്ക് കാര്യങ്ങള്‍ നീക്കണം.
Content Highlights: will make rrf more responsible and strong says adgp mr ajithkumar wayanad landslide
Published: 14 Aug 2024, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented