
നാൽപത്തിനാല് നദികളും കായലുകളും എണ്ണമില്ലാത്ത വയലുകളും കുളങ്ങളും അരുവികളുമടങ്ങുന്ന ജലസമ്പുഷ്ടമായ സംസ്ഥാനമാണ് കേരളം. പശ്ചിമഘട്ട മലനിരകള്‍ ആവോളം അനുഗ്രഹിച്ച നാട്. കേരളത്തെ ദൈവത്തിന്റെ നാടാക്കി മാറ്റിയതില്‍ ഈ ജലസ്രോതസ്സുകള്‍ വഹിച്ച പങ്കും ചെറുതല്ല. ഒരുകാലത്ത് പ്രകൃതിയൊരുക്കിയ വാട്ടര്‍ടാങ്കെന്ന വിളിപ്പേരുണ്ടായിരുന്ന കേരളം, ഇന്ന് മഴക്കാലത്ത് പോലും ശുദ്ധജലം കിട്ടാക്കനിയാവുന്ന നാടായി മാറി. നമ്മുടെ കുളങ്ങളും പുഴകളുമെല്ലാം രോഗാണുവാഹകരായി രൂപം മാറിപ്പോയിരിക്കുന്നു.
കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലും ഈ ജലസ്രോതസ്സുകളുടെ സ്വാഭാവികതയില്‍ ഓരോ നിമിഷത്തിലുമുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് അത്ഭുതപ്പെടുകയാണ് ശാസ്ത്രലോകം. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് അമീബിക് മസ്തിഷ്‌ക ജ്വരം (Naegleriasis) ബാധിക്കുന്ന രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്. 2016 മുതല്‍ ഇതുവരെ ഒമ്പത് പേര്‍ മരിച്ചു. അതി വിരളമായി കാണുന്ന നെഗ്ലേറിയ ഫൗളറി (naegleria fowleri) എന്ന, തലച്ചോറ് കാര്‍ന്നുതിന്നുന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗം വലിയ ഭീഷണിയാണ് കുട്ടികളിലുണ്ടാക്കുന്നത്.
ധൈര്യമായി മുഖം കഴുകാന്‍ പോലും വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥ. രോഗം ബാധിച്ച് മരിച്ചവര്‍ക്കെല്ലാം ഏതെങ്കിലും ജലസ്രോതസ്സുകളില്‍ നിന്ന് കുളിച്ചത് മൂലമുള്ള പശ്ചാത്തലവുമുണ്ട്. ഇതോടെയാണ് സംസ്ഥാനത്തെ ജലസുരക്ഷിതത്വം സംബന്ധിച്ച് വീണ്ടും ഗൗരവമായ ചര്‍ച്ച നടക്കുന്നത്. കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് ഏറ്റവും മലിനമാക്കപ്പെട്ട പുഴയായി കണക്കാക്കുന്നത് കോഴിക്കോട്ടെ കല്ലായിപ്പുഴയെ ആണ്. ഇതില്‍ നൂറ് മില്ലി ലിറ്റര്‍ വെള്ളത്തിലെ കോളിഫോം ബാക്ടീരിയ മാത്രം 4,80,000 ആണ്. ഇത് കല്ലായിപ്പുഴയുടെ മാത്രം അവസ്ഥയല്ല.സംസ്ഥാനത്തെ ഒട്ടുമിക്ക ജലസ്രോതസ്സുകളുടെയും അവസ്ഥ സമാനമാണ്. കേരള സര്‍വകലാശാല ജിയോളജി വിഭാഗം പ്രൊവസറും , പ്രൊഫഷണല്‍ ഹൈഡ്രോ ജിയോളജിസ്റ്റുമായ ഡോ.ഇ.ഷാജി മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.

ഈ വര്‍ഷം മാത്രം മൂന്നു കൂട്ടികളാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണപ്പെട്ടിരിക്കുന്നത്. ചിലര്‍ ചികിത്സയിലുമുണ്ട്. മരിച്ചവര്‍ക്കെല്ലാം ഏതെങ്കിലും ജലസ്രോതസ്സില്‍ കുളിച്ചതിന്റെയോ കളിച്ചതിന്റെയോ പശ്ചാത്തലവുമുണ്ട്. സുരക്ഷിതമെന്ന് കരുതുന്ന നമ്മുടെ ജലസ്രോതസ്സുകള്‍ക്ക് എന്താണ് സംഭവിക്കുന്നത്.
ഇ.കോളിബാക്ടീരിയകളുടെ സാന്നിധ്യം മാത്രമായിരുന്നു ഇക്കാലമത്രയും പ്രധാനമായും നമ്മുടെ ജലസ്രോതസ്സുകളില്‍ സാധാരണയായി കണ്ടുവന്നിരുന്നത്. ഇത് അപകടകരമാണെങ്കിലും ജീവന്‍ അപകടത്തിലാക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ കുറവായിരുന്നു. എന്നാല്‍, ഇതില്‍ നിന്നും വ്യത്യസ്തമായി, ഏറെ ആശങ്കയുണ്ടാക്കുന്നതാണ് നെഗ്ലേറിയ ഫൗളറി ബാക്ടീരിയകളുടെ (naegleria fowleri) സാന്നിധ്യം നമ്മുടെ ജലാശയത്തില്‍ കണ്ടുവരുന്നത്. എന്തുകൊണ്ട് ഇത്തരം ബാക്ടീരിയകള്‍ ജലാശയങ്ങളിലെത്തുന്നുവെന്നത് സംബന്ധിച്ച് കൃത്യമായി പഠിക്കേണ്ടതാണെങ്കിലും കാലാവസ്ഥാമാറ്റവും ഭൂമിയോടുള്ള മനുഷ്യന്റെ ഇടപെടലുമെല്ലാം ഇതിനൊരു കാരണമായി പറയാവുന്നത് തന്നെയാണ്.
ഇന്ന് സ്വാഭാവിക മേല്‍മണ്ണ് എന്നത് നമ്മുടെ ഓരോരുത്തരുടേയും ഭൂമിയില്‍ നിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കെട്ടിട നിര്‍മാണത്തിനായും മറ്റ് വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുമെല്ലാം മേല്‍മണ്ണ് ഒരു ചിന്തയുമില്ലാതെയാണ് എടുത്തുമാറ്റപ്പെടുന്നത്. നമുക്ക് നല്ല വെള്ളം തരുന്നതില്‍ ഈ മേല്‍മണ്ണിന് വലിയ പങ്കുണ്ട്. വേണമെങ്കില്‍ ഭൂമിയുടെ സ്വാഭാവിക ഫില്‍റ്റര്‍ എന്നും നമുക്കതിനെ പറയാം. ഈ മേല്‍മണ്ണ് എടുത്തുമാറ്റുന്നതോടെ മണ്ണിനടിയിലുണ്ടാവുന്ന സൂക്ഷ്മജീവികളുടെ സ്വാഭാവികതയില്‍ ഉണ്ടായേക്കാവുന്ന മാറ്റത്തെക്കുറിച്ച് ആര്‍ക്കും അറിവില്ല. ഒരുപക്ഷേ, ഇവയ്ക്ക് വലിയ രീതിയില്‍ രൂപമാറ്റം വന്നിരിക്കാം. നെഗ്ലേറിയ ഫൗളറി പോലുള്ള ബാക്ടീരിയയായി മാറിയതാവാം. ഇതെല്ലാം പഠനവിധേയമാക്കേണ്ടതാണ്.

കേരളത്തിൽ വലിയ രീതിയിലുള്ള ജലക്ഷാമം റിപ്പോര്‍ട്ട് ചെയ്യുന്ന സമയത്താണ് ഉള്ള ജലം തന്നെ സുരക്ഷിതമല്ല എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരുന്നത്. ഏത് തരത്തിലുള്ള ഭീഷണിയാണ് മുന്നിള്ളത്.
കാസര്‍ക്കോട് മുതല്‍ തിരുവനന്തപുരം വരെ നമ്മള്‍ യാത്രചെയ്താല്‍ വന്‍കിട കെട്ടിടങ്ങളും ആശുപത്രികളുമെല്ലാം ഭൂരിഭാഗവും നിര്‍മിച്ചിരിക്കുന്നത് ഏതെങ്കിലുമൊരു ജലസ്രോതസ്സുമായി അധികം ദൂരമില്ലാത്ത ഇടങ്ങളിലാണെന്ന് കാണാന്‍ കഴിയും. എന്താണിതിന് കാരണം. മാലിന്യങ്ങളും മലിനജലങ്ങളുമെല്ലാം പുറംതള്ളാനുള്ള പ്രധാന ഇടമായി ഈ ജലസ്രോതസ്സുകള്‍ മാറിയിരിക്കുകയാണ്. കക്കൂസ് മാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളുമെല്ലാം ഈ ജലസ്രോതസ്സുകളിലെത്തുന്നതോടെ അത് ജലത്തിലുണ്ടാക്കുന്ന മാറ്റം ചിന്തിക്കാവുന്നതിലുമപ്പുറത്തായിരിക്കും. അതിന്റെ ഒടുവിലത്തെ അനുഭവമാണ് അമീബിക് മസ്തിഷ്‌ക ജ്വരം പോലെയുള്ള രോഗം. ഇതൊരു നെഗ്ലേറിയ ഫൗളറി ബാക്ടീരിയയില്‍ മാത്രം ഒതുങ്ങിയെന്ന് കരുതിയെങ്കില്‍ തെറ്റി. തുടക്കം മാത്രമാണെന്ന് പറയേണ്ടി വരും. കാരണം അതിഭീകരമാണ് ജലത്തെയും ഭൂമിയേയും അറിയാതെയുള്ള അതിന്‍മേലുള്ള മനുഷ്യന്റെ കൈകടത്തലും ഉപയോഗവും.
പുതിയ സാഹചര്യത്തില്‍ ഏത് ജലാശയങ്ങളാണ് സുരക്ഷിതമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ്. അതില്‍ എന്തൊക്കെ പുതിയ രോഗാണുക്കളും ബാക്ടീരിയകളും അടങ്ങിയിട്ടുണ്ടെന്നത് സംബന്ധിച്ച് അതിഗൗരവമായ പഠനം തന്നെ നടത്തേണ്ടിയിരിക്കുന്നു. ഓരോ പഞ്ചായത്തിലും അല്ലെങ്കില്‍ ഓരോ വാര്‍ഡിലും ഈ ജലാശയം സുരക്ഷിതമാണ്, അല്ലെങ്കില്‍ ഈ ജലം ഉപയോഗിക്കാന്‍ പറ്റുന്നതാണ്, ഉപയോഗിക്കാന്‍ പറ്റുന്നതല്ല എന്ന തരത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

മരിച്ച കണ്ണൂരിലെ
ദക്ഷിണ | ഫോട്ടോ: മാതൃഭൂമി
ഏത് തരത്തിലുള്ള പരിശോധനയാണ് നടക്കേണ്ടത്.?
ഞാന്‍ നേരത്തെ പറഞ്ഞപോലെ നമ്മുടെ ജലം എത്രമാത്രം മലിനമാണ് എന്നതിന്റെ ഉദാഹരണമാണ് പുതിയതരം ബാക്ടീരിയകളുടെയടക്കം സാന്നിധ്യം കാണപ്പെടുന്നത്. ഇതിന് പുറമെ തുടച്ചുമാറ്റപ്പെട്ടുവെന്ന് കരുതിയ കോളറ പോലുള്ള രോഗങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മാത്രം ഭൂമിയുടെ വിനിയോഗത്തില്‍ അതിഭീകരമായ മാറ്റമാണുണ്ടായിട്ടുള്ളത്. കുന്നും മലയും ഇടിക്കുന്നത് വ്യാപകമാവുകയും ഭൂരിഭാഗം തണ്ണീര്‍ത്തടങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിമാറുകയും ചെയ്യുന്ന കാഴ്ചയ്ക്ക് നമ്മള്‍ സാക്ഷ്യം വഹിക്കുകയാണ്. മണ്ണും വെള്ളവും തമ്മിലുള്ള സമ്പര്‍ക്കമുണ്ടാവുമ്പോള്‍ എന്തൊക്കെയാണ് കടന്നുകൂടുന്നത് എന്നത് സംബന്ധിച്ച് നമുക്കിപ്പോഴും കൃത്യമായ ധാരണയില്ല. ജലവുമായി ബന്ധപ്പെട്ട് സാധാരണയായി മൈക്രോബയോളജിക്കല്‍ അനാലിസിസ് ആണ് ലാബുകളില്‍ നടത്തുന്നത്. ഇതില്‍ പ്രധാനമായും ഇ.കോളിപോലുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. വൈറസ്, അമീബ പോലുള്ള കാര്യങ്ങളൊന്നും പരിശോധിക്കുന്നില്ല. മാത്രമല്ല, കെട്ടിടങ്ങളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമെല്ലാം പുറത്തുവരുന്ന മാലിന്യങ്ങള്‍ ജലത്തിലേക്കെത്തുമ്പോള്‍ അതില്‍ നിന്ന് ഏത് തരത്തിലുള്ള രോഗാണുവാണ് ജലത്തിലേക്കെത്തുന്നത് എന്നത് സംബന്ധിച്ചും കൃത്യമായ വിവരമില്ല. അല്ലെങ്കില്‍ പരിശോധിക്കുന്നില്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
പുതിയ സാഹചര്യത്തില്‍ ഓരോ ജലാശയങ്ങളും ഇത്തരത്തില്‍ പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. മേല്‍മണ്ണ് നഷ്ടപ്പെടുന്നതോടെ ജലാശയങ്ങളിലേക്ക് ഫിൽറ്റർ ചെയ്ത് എത്തേണ്ട വെള്ളം മാലിന്യത്തോടെ ഇന്ന് നേരിട്ടാണ് ജലാശയങ്ങളിലെത്തുന്നത്. നമ്മുടെ ചുറ്റുമുള്ള ജലസ്രോതസ്സുകള്‍ നോക്കുമ്പോള്‍ നമുക്കത് മനസ്സിലാക്കാന്‍ കഴിയും. വെള്ളത്തിന്റെ നിറംപോലും മാറി. പലയിടത്തും കറുത്ത വെള്ളമായി. ചിലയിടങ്ങളിൽ പാടകെട്ടി ഉപയോഗശൂന്യമായി. നമ്മള്‍ ഇപ്പോള്‍ കാണുന്ന മണ്ണൊന്നും മേല്‍മണ്ണല്ല. അത് ഏതെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരപ്പാക്കിയ ശേഷമുള്ള ഭൂമിക്കടിയിലെ മറ്റ് പാളികളാണ്. ഇതില്‍ വളര്‍ന്ന് വരുന്ന സൂക്ഷ്മജീവികളെക്കുറിച്ച് ഒരു ആഴത്തിലുള്ള പഠനം ഇപ്പോഴും നടന്നിട്ടില്ല. ഈ സൂക്ഷ്മജീവികള്‍ കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റം കൊണ്ട് അപകടകരമായി മാറാനും സാധ്യതയുള്ളതാണ്.

കലാവസ്ഥാമാറ്റം എങ്ങനെയാണ് സ്വാധീനിക്കുന്നത്.
നമുക്ക് പൊതുവെ കിട്ടിക്കൊണ്ടിരിക്കുന്ന മഴയല്ല ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. ചാറ്റല്‍ മഴയ്ക്ക് പകരം മിനിറ്റുകള്‍കൊണ്ട് അതി ഭീകര മഴ പെയ്ത് ശേഷം അതികഠിനമായ ചൂടിന് വഴിമാറുന്നു. ഇത് വീണ്ടും ആവര്‍ത്തിക്കുന്നു. ചൂടുകാലത്തിനും മാറ്റമുണ്ടായിരിക്കുന്നു. ഇത്ര കഠിനമായ ചൂടൊന്നും കേരളം അനുഭവിച്ചിട്ടുണ്ടായിരുന്നല്ല. 40 ഉം 41 ഉം വരെയാണ് ഇത്തവണ പലയിടത്തും രേഖപ്പെടുത്തിയ ചൂടിന്റെ ശക്തി. ഇതെല്ലാം മണ്ണിനെയാണ് സ്വാധീനിക്കുന്നത്. അവസാനം എത്തുന്നത് ജാലാശയങ്ങളിലുമാണ്. വെള്ളത്തെ പൊതുവെ പറയുന്നത്-വാട്ടര്‍ ഈസ് ആന്‍ യൂണിവേഴ്സല്‍ സോള്‍വെന്റ് (water is a universal solvent) എന്നാണ്. അതായത് സാര്‍വത്രിക ലായകം. നമ്മള്‍ ഉപേക്ഷിക്കുന്ന പദാര്‍ഥങ്ങളെ മറ്റെന്ത് ലിക്വിഡിനേക്കാളും കൂടുതല്‍ ദ്രവിപ്പിച്ചു കളയാനുള്ള ശക്തി ജലത്തിനുണ്ട്. അതുകൊണ്ട് ഭൂമിയുടെ സ്വാഭാവിക അവസ്ഥയ്ക്ക് സംഭവിക്കുന്ന എന്ത് മാറ്റവും ജലത്തേയും വലിയ രീതിയില്‍ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല.
നമ്മള്‍ ഒരു ഇലക്ട്രോണിക് മാലിന്യം അല്ലെങ്കില്‍ ഇറച്ചി മാലിന്യമോ ഫാക്ടറി മാലിന്യമോ ജലാശയത്തിലിടുമ്പോള്‍ ജലം എന്ത് ആഗിരണം ചെയ്യുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. അത് എത്രമാത്രം ജലാശയങ്ങളെ മലിനമാക്കിയിട്ടുണ്ടെന്നും ആര്‍ക്കും അറിയില്ല. അത്രമാത്രം നിഗൂഢത നിറഞ്ഞതാണ് ജലം. ഇത്തരത്തില്‍ വിഷലിപ്തമായ അല്ലെങ്കില്‍ ഉപയോഗശൂന്യമായ ജലാശയത്തില്‍ ഇറങ്ങരുതെന്നോ അല്ലെങ്കില്‍ ഉപയോഗിക്കരുതെന്നോ പറഞ്ഞ് എവിടെയെങ്കിലും ഒരൂ സൂചനാ ബോര്‍ഡ് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരുപക്ഷേ, ഈ അമീബിക് മസ്തിഷ്‌കജ്വര കേസുകളൊക്കെ വന്നതിന് ശേഷം ഉണ്ടാവാം എന്നല്ലാതെ. ജനങ്ങളില്‍ കൃത്യമായ ബോധവത്കരണ പരിപാടികള്‍ നടത്തുകയും ഒരു മാലിന്യസംസ്‌കാരം രൂപവത്കരിക്കുകയും ചെയ്യുകയാണ് ആദ്യമുണ്ടാവേണ്ടത്. അല്ലാതെ എല്ലാ കുളങ്ങളും തോടുകളും ഒറ്റ ദിവസംകൊണ്ട് ക്ലീന്‍ചെയ്ത് ഒരു മാരത്തോണ്‍ പദ്ധതി നടപ്പാക്കിയാല്‍ വിജയിക്കില്ല. അത് നടക്കുന്ന കാര്യവുമല്ല.

നഗരപ്രദേശങ്ങളില്‍ നിന്നും മാറി ഗ്രാമപ്രദേശങ്ങളിലെ കിണര്‍വെള്ളം പോലും ഉപയോഗിക്കാന്‍ പറ്റാത്ത രീതിയിലായി മാറിയിട്ടുണ്ടല്ലോ
കേരളത്തില്‍ ഇന്ന് നഗരം, ഗ്രാമം പോലുള്ള കാഴ്ചപ്പാടൊക്കെ മാറി. വളരെ കുറഞ്ഞ ഇടങ്ങളിലൊഴികെ എല്ലാം എവിടെയും കിട്ടുന്ന തരത്തിലേക്ക് മനുഷ്യന്റ ജീവിതനിലവാരവും ചിന്തയും വര്‍ധിച്ചു. അര്‍ബന്‍, റൂറല്‍ എന്ന് അഭിസംബോധന ചെയ്യുന്നതിന് പകരം രണ്ടുംകൂടി ചേര്‍ന്ന് റര്‍ബന്‍ (rurban) കാഴ്ചപ്പാടിലേക്ക് കാര്യങ്ങള്‍മാറി. അതിന് അനുസരിച്ച് ഭൂവിനിയോഗത്തിലും മാലിന്യ നിക്ഷേപത്തിലുമൊക്കെ മാറ്റം വന്നിട്ടുമുണ്ട്. നിങ്ങള്‍ ഏതെങ്കിലും സ്ഥലം വഴി നടന്നുപോവുമ്പോള്‍ പോലും ശ്രദ്ധിച്ചാല്‍ മതി. ചിലയിടത്ത് പ്ലാസ്റ്റിക് ബിന്നുകള്‍ കാണാം. എന്നിട്ടും ചുറ്റുപാടും പ്ളാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക് പേപ്പറുകളും ഭക്ഷ്യവസ്തുക്കളുമെല്ലാം നിറഞ്ഞിരിക്കുന്നുണ്ടാവും. ആരാണിതിന് കാരണം. ചിലയിടത്താണെങ്കില്‍ ഇങ്ങനെയൊരു ബിന്നുകള്‍ പോലുമില്ലാതെ എല്ലാ മാലിന്യങ്ങളും റോഡുകളില്‍ ചിന്നിച്ചിതറിക്കിടക്കുന്നതും കാണാം. അപ്പോള്‍ മഴപെയ്യുമ്പോള്‍ ഇത് ഓടയിലൂടെയും നേരിട്ടും ജലാശയങ്ങളിലെത്തുന്നു. ചിലതിനെ ജലം ലയിപ്പിച്ച് മറ്റെന്തെങ്കിലും പുതിയ പദാര്‍ഥമാക്കി മാറ്റുന്നു. അത് മനുഷ്യരിക്ക് തന്നെയെത്തുന്നു. ഇതാണ് യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്. ഇതിനെക്കുറിച്ചൊന്നും കൃത്യമായ പഠനം നടത്താന്‍ കഴിഞ്ഞിട്ടില്ല. വെള്ളത്തോടുള്ള ഒരു സ്നേഹമില്ലായ്മ നമുക്കെല്ലാമുണ്ട്. അതായത് ഇഷ്ടംപോലെ കിട്ടുന്നുവെന്നുകൊണ്ടുതന്നെ ഒരു നിയന്ത്രണമോ സംരക്ഷണമോ ഇല്ലാതെയാണ് ജലത്തിന്റെ ഉപയോഗം. അതിനുള്ള തിരിച്ചടിയാണ് ശുദ്ധജല ശോഷണമായും രോഗാണുക്കളുമായെല്ലാം നമ്മള്‍ ഇപ്പോള്‍ സ്വീകരിച്ചികൊണ്ടിരിക്കുന്നത്.

കേരളത്തിലെ പല കിണറുകളും ജലാശയങ്ങളും എണ്ണപ്പാടം പോലെ കാണപ്പെടുന്നത് വ്യാപകമാണല്ലോ
ഇതിപ്പോള്‍ വ്യാപിച്ചുവരുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. നമ്മള്‍ നേരത്തെ പറഞ്ഞതുപോലെ മണ്ണും വെള്ളവും തമ്മിലുള്ള സമ്പര്‍ക്കം മൂലം ഇരുമ്പിന്റെ പ്രതിഫലനം കൂടുതല്‍ ഉണ്ടാകുമ്പോള്‍ സംഭവിക്കുന്നതാണത്. അത് വെള്ളത്തിലേക്കിറങ്ങുമ്പോള്‍ ഒരു ബാക്ടീരിയ ഉണ്ടാവും. ഈ ബാക്ടീരിയയാണ് ഇത്തരം എണ്ണപ്പാടങ്ങളുണ്ടാകാനുള്ള കാരണം. കാലാവസ്ഥാവ്യതിയാനം മൂലം മണ്ണിലുണ്ടാക്കുന്ന മാറ്റം തന്നെയാണ് ഇതിന് കാരണം. പെട്ടെന്ന് മണ്ണ് ചൂടാവുകയും അത് കഴിഞ്ഞ് മഴപെയ്യുകയും ചെയ്യുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിനെ കുറിച്ച് ഒരു പഠനത്തിനൊരുങ്ങുന്നുണ്ട്.
വെള്ളത്തിന്റെ ലഭ്യത കുറയുന്നുവെന്നതിന് അപ്പുറം വെള്ളത്തിന്റെ ഗുണനിലവാരം കുറയുന്നത് സംബന്ധിച്ച് ജനങ്ങളില്‍ കൃത്യമായ ധാരണയുണ്ടാക്കാന്‍ അധികാരികള്‍ക്കോ ബന്ധപ്പെട്ടവര്‍ക്കോ ഇതുവരെ സാധിച്ചിട്ടില്ല. ഈയൊരു ബോധം ആദ്യം ജനങ്ങളിലുണ്ടാക്കണം. അത് നഗര-ഗ്രാമ വ്യത്യാസമില്ലാതെ നടപ്പിലാക്കണം. ഏറ്റവും പ്രാഥമികമായി ചെയ്യേണ്ടത് അതാണ്. സ്‌കൂളുകളിലും കോളേജുകളിലുമെല്ലാം ജലദിനത്തില്‍ മാത്രം ഒതുങ്ങിപ്പോവുന്നതാണ് നമ്മുടെ ബോധവത്കരണ പരിപാടികള്‍. പുതിയ സാഹചര്യത്തില്‍ അതില്‍ നിന്നെല്ലാം മാറിയേ മതിയാവൂ. അല്ലാത്തപക്ഷം ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത രോഗങ്ങളുടെ തിരിച്ചടികള്‍ കൊണ്ട് മരണം വരിക്കുന്നവരുടെ വാര്‍ത്തകള്‍ നമ്മള്‍ ഇനിയും കേള്‍ക്കേണ്ടി വരും.
ഓക്സിജന്‍, ഹൈഡ്രജന്‍ എന്നീ മൂലകങ്ങള്‍ അടങ്ങിയ സംയുക്തമാണല്ലോ ജലം. ഇതിനെ രണ്ടായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. ഒന്ന് ഉപരിതല ജലം, മറ്റൊന്ന് ഭൂജലം. പിന്നെ അതിന്റെ സ്വഭാവത്തിന് അനുസരിച്ച് മൃദുലജലം, കഠിനജലം എന്നൊക്കെ നമ്മള്‍ പറയും. കുടിക്കാനൊക്കെ ഉപയോഗിക്കുന്ന വെള്ളമാണ് മൃദുലജലം, കടല്‍വെള്ളത്തെ കഠിനജലമെന്നും പറയും. പക്ഷേ, നമ്മള്‍ ഓര്‍ക്കേണ്ട ഒറ്റക്കാര്യം മലിനജലം എന്നൊന്ന് ഇല്ല എന്നതാണ്. അത് മനുഷ്യ നിര്‍മിതമാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സ്വാഭാവിക ജലസ്രോതസ്സുകള്‍ പോലും ഇന്ന് മലിനജലമായി മാറിപ്പോവുന്നുവെന്നതാണ് ഏറ്റവും ദുഃഖകരമായ അവസ്ഥ.
Content Highlights: water resources in kerala and lack of pure water
Published: 12 Jul 2024, 10:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented