ഇ. കോളി ബാക്ടീരിയ | Photo: A.P.
ന്യൂഡല്‍ഹി: 2019-ല്‍ ഇന്ത്യയിലെ 6,78,846 പേരുടെ ജീവനെടുത്തത് അഞ്ചിനം ബാക്ടീരിയയെന്ന് വൈദ്യശാസ്ത്ര ജേണലായ 'ലാന്‍സെറ്റ്'. എഷ്ചെറിഷ്യ കോളി, സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയേ, ക്ലെബ്സിയെല്ല ന്യുമോണിയേ, സ്റ്റഫൈലോകോക്കസ് ഓറിയസ്, അസിനെറ്റോ ബാക്റ്റര്‍ ബോമനി എന്നിവയാണ് ആളെക്കൊല്ലികളായി മാറിയത്.
2019-ല്‍ ലോകത്ത് എട്ടിലൊരാള്‍ ബാക്ടീരിയബാധമൂലം മരിച്ചു. ഇസ്‌കെമിക് ഹൃദ്രോഗം (കൊറോണറി ഹൃദ്രോഗം) കഴിഞ്ഞാല്‍ അക്കൊല്ലം ലോകത്ത് ഏറ്റവുമധികം ജീവഹാനിയുണ്ടാക്കിയത് ബാക്ടീരിയബാധയാണ്. 33 ഇനം ബാക്ടീരിയ 77 ലക്ഷം മനുഷ്യജീനെടുത്തു. ഇതില്‍ അഞ്ചിനങ്ങളാണ് മരണങ്ങളില്‍ പകുതിയിലേറെയുമുണ്ടാക്കിയത്.
വയറിളക്ക രോഗങ്ങള്‍ക്കു കാരണമാകുന്ന ഇ.കോളിയാണ് ഇന്ത്യയില്‍ 1,57,082 പേരുടെ മരണകാരണം. ഇ.കോളിയും എസ്.ഔറിയസുമാണ് 2019-ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജീവനെടുത്ത ബാക്ടീരിയ.
മനുഷ്യരെ സാധാരണ ബാധിക്കുന്ന 33 ബാക്ടീരിയ എത്രമാത്രം മരണമുണ്ടാക്കുന്നു എന്നതിനെക്കുറിച്ചുള്ള ആദ്യ ആഗോള അവലോകനമാണ് 'ലാന്‍സെറ്റി'ല്‍ പ്രസിദ്ധീകരിച്ച ഈ പഠനം. യു.എസിലെ വാഷിങ്ടണ്‍ സര്‍വകലാശാല സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാല്യുവേഷന്‍ വിഭാഗം ഡയറക്ടര്‍ ക്രിസറ്റഫര്‍ മറേയും സംഘവുമാണ് പഠനം നടത്തിയത്.
രാജ്യങ്ങളും ഭൂഭാഗങ്ങളിലുമായി 204 എണ്ണത്തിലെ എല്ലാ പ്രായ, ലിംഗക്കാരുടെയും ഇടയില്‍ പഠനം നടത്തി. 34.3 കോടി വ്യക്തിവിവരങ്ങള്‍ പഠിച്ചു. 2019-ല്‍ 1.37 കോടിപ്പേരാണ് അണുബാധമൂലം മരിച്ചതെന്നും ഇതില്‍ 77 ലക്ഷത്തെയും ബാധിച്ച് 33 ഇനം ബാക്ടീരിയയില്‍ ഏതെങ്കിലുമാണെന്നും ഇതില്‍നിന്നു കണ്ടെത്തി. അതില്‍ത്തന്നെ എസ്. റിയസ്, ഇ.കോളി, എസ്. ന്യുമോണിയേ, കെ. ന്യുമോണിയേ, സ്യൂഡോമോണാസ് ഓറിഗിനോസ എന്നിവയാണ് 54.2 ശതമാനം മരണങ്ങള്‍ക്കും കാരണം.
സഹാറ മരുഭൂമിക്കു തെക്കുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ബാക്ടീരിയബാധിച്ചുള്ള മരണങ്ങളേറെയും. ലക്ഷത്തില്‍ 230 പേരെന്ന നിലയിലാണ് മരണനിരക്ക്. പ്രായത്തിനനുസരിച്ച് ബാക്ടീരിയബാധയിലും വ്യത്യാസമുണ്ട്. 15 വയസ്സിനുമേല്‍ പ്രായമുള്ളവരിലാണ് എസ്. ഔറിയസ് ബാക്ടീരിയം ബാധിച്ചുള്ള മരണം കൂടുതല്‍. ഈ പ്രായത്തിലുള്ള 9.4 ലക്ഷം പേരാണ് ഇതുമൂലം മരിച്ചത്.
Content Highlights: bacteria diseases, five types of bacteria claimed 6.8 lakh lives in India, health


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..