ത്തരേന്ത്യയില്‍ ഉഷ്ണക്കാറ്റ്‌, കേരളത്തില്‍ മേഘവിസ്‌ഫോടനം, കള്ളക്കടല്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മലയിടിച്ചില്‍. ഈ പശ്ചാത്തലത്തിലാണ് ഇക്കൊല്ലത്തെ പരിതസ്ഥിതി ദിവസം വന്നെത്തിയിരിക്കുന്നത്. 'ഒരേയൊരു ഭൂമി  (Only One Earth) 'എന്ന  സന്ദേശത്തോടെ 1973  ജൂണ്‍ 05-ന്‌ ആരംഭിച്ച  ദിനാചരണത്തിന്, ഇന്ന് 52 വയസ്സ് തികയുകയാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യം വരുമ്പോള്‍ എട്ടിലപ്പടി പയറ്റിലിപ്പടി എന്ന സമീപനമാണ് മിക്കവര്‍ക്കും.പരിസ്ഥിതി ദിനത്തില്‍ ഒരു ചെടി നട്ടാല്‍ എല്ലാമായി.അതിന്റെ പടമെടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാല്‍ കടമ തീര്‍ന്നു എന്ന് വിശ്വസിക്കുന്നവരാണ് അധികവും.

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രമേയം 'ഭൂപുനഃസ്ഥാപനവും മരുവല്‍ക്കരണം, വരള്‍ച്ച എന്നിവയ്‌ക്കെതിരെയുള്ള  പ്രതിരോധവും' എന്നതാണ്. 'നമ്മുടെ ഭൂമി. നമ്മുടെ ഭാവി. നമ്മള്‍ പുനഃസ്ഥാപനത്തിന്റെ തലമുറ' എന്നതാണ് മുദ്രാവാക്യം. ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകര്‍ച്ച തടയുന്നതിനും പുനഃസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ  2021-2030 ദശകത്തിന്റെ ഓര്‍മ്മപ്പെടുത്തലും ശക്തിപ്പെടുത്തലും കൂടിയാണ് ഈ വര്‍ഷത്തെ പരിസരദിനത്തിന്റെ പ്രമേയവും മുദ്രാവാക്യവും. ഞങ്ങള്‍ 'പുനഃസ്ഥാപനത്തിന്റെ തലമുറ' എന്ന പ്രചാരണം 2021-ല്‍ തന്നെ ആരംഭിച്ചിരുന്നു. ഏകദേശം 320 കോടി ആളുകളെ (ലോക ജനസംഖ്യയുടെ 40%), ഭൂമിയുടെ തകര്‍ച്ച ബാധിക്കുന്നുണ്ട്. കൂടാതെ 5.5 കോടി ആളുകള്‍ പ്രതിവര്‍ഷം നേരിട്ട് വരള്‍ച്ചയുടെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നു. ഇത് ലോകത്തിന്റെ മിക്കവാറും ഭാഗങ്ങളിലും കന്നുകാലികള്‍ക്കും വിളകള്‍ക്കും ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നു. പ്രകൃതിദത്ത ഇടങ്ങളായ വനങ്ങളും പുല്‍മേടുകളും തടാകങ്ങളും വരണ്ട ഭൂമിയും മുതല്‍ കൃഷിയിടങ്ങള്‍ വരെ ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്നു. അതുകൊണ്ടാണ് ഈ വര്‍ഷത്തെ പരിസ്ഥിതിദിനം ഭൂമി പുനഃസ്ഥാപിക്കല്‍, മരുവല്‍ക്കരണം തടയല്‍, വരള്‍ച്ചാ പ്രതിരോധം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നഗരങ്ങളും പട്ടണങ്ങളും ''പാരിസ്ഥിതിക മരുഭൂമികള്‍'' എന്നു പറഞ്ഞ് എഴുതിത്തള്ളേണ്ടവയല്ല. ലോകജനങ്ങളില്‍ 55 ശതമാനത്തിലധികം വസിക്കുന്ന ഇടമെന്ന നിലയിലുള്ള പ്രാധാന്യം തീര്‍ച്ചയായും നല്കണം. വീടുകള്‍ക്കും റോഡുകള്‍ക്കും ഫാക്ടറികള്‍ക്കുമിടയില്‍ പച്ചതുരുത്തുകള്‍ക്കു സ്ഥലം കണ്ടെത്തണം. ബോട്ടാണിക്കല്‍ ഉദ്യാനങ്ങള്‍, മൃഗശാല, ബയോളജിക്കല്‍ പാര്‍ക്കുകള്‍,  പൂന്തോട്ടങ്ങള്‍, മിയാവാകി മോഡല്‍ വനങ്ങള്‍, പൂമ്പാറ്റ ഉദ്യാനങ്ങള്‍, പാതയോര വൃക്ഷങ്ങള്‍, പുല്‍ത്തകിടികള്‍ എന്നിങ്ങനെ വിവിധങ്ങളായ ഇടപെടലുകള്‍ ഉണ്ടാവണം.

ഭൂമിയിലെ കരപ്രദേശത്തിന്റെ  മൂന്നു ശതമാനത്തില്‍ താഴെയാണ് നഗരപ്രദേശങ്ങളെങ്കിലും ലോകജനസംഖ്യയുടെ പകുതിയിലധികം (55%) ഇവിടെയാണ് വസിക്കുന്നത്

2050 ആകുമ്പോഴേക്കും ഭൂമിയിൽ ആകെയുള്ളവരില്‍ മൂന്നില്‍ രണ്ടും ഏതെങ്കിലുമൊരു നഗരകേന്ദ്രത്തില്‍ വസിക്കുമെന്നാണ് പ്രവചനം. നഗരങ്ങള്‍ ഭൂമിയുടെ 75 ശതമാനം വിഭവങ്ങളും ഉപയോഗിക്കുന്നു, പകുതിയിലധികം ആഗോള മാലിന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും, കുറഞ്ഞത് 60 ശതമാനം ഹരിതഗൃഹ വാതക ഉദ്വമനം സൃഷ്ടിക്കുകയും ചെയ്യുന്നു.

placeholder
സൈലന്റ് സ്പ്രിങ് പുസ്കത്തിന്റെ ചട്ട

മനുഷ്യന്‍ പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന കടുത്ത ആഘാതത്തെക്കുറിച്ച് ലോകത്തിന് ആദ്യമായി മുന്നറിയിപ്പ് നല്‍കിയത്  1962-ല്‍ പ്രസിദ്ധീകരിച്ച റേച്ചല്‍ കാര്‍സന്റെ The Silent Spring എന്ന ഗ്രന്ഥമാണ്. മനുഷ്യവംശത്തിനു സാംക്രമിക രോഗങ്ങളില്‍നിന്നു ശാശ്വതമോചനം നല്‍കാന്‍ കഴിവുണ്ട് എന്നു കരുതപ്പെട്ടിരുന്ന ഡി.ഡി.ടി.(ഡൈക്ലോറോ ഡൈഫിനൈൽ ട്രൈക്ലോറോ ഇഥെയ്ൻ), പ്രകൃതിക്ക് ഏല്‍പ്പിക്കുന്ന മുറിവുകള്‍ അവര്‍ തുറന്നു കാട്ടി. 1940-കളില്‍ കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ഡി.ഡി.ടി. എന്ന കീടനാശിനി, മലേറിയ, ടൈഫസ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു. സൈലന്റ് സ്പ്രിങ് അമേരിക്കയില്‍ വലിയ തോതില്‍ ആളുകളുടെ ശ്രദ്ധ ആകര്‍ഷിച്ചു. പരിസ്ഥിതി പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു അത്. പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ 1972-ല്‍ അമേരിക്ക ഡി.ഡി.ടി. നിരോധിച്ചു. പി.ഒ.പി. ( Persistent Organic Pollutants ) സംബന്ധിച്ച സ്റ്റോക്ക്‌ഹോം സമ്മേളനത്തെത്തുടര്‍ന്ന്  ഇന്ന് മിക്ക രാജ്യങ്ങളിലും ഡി.ഡി.ടി. നിരോധിത വസ്തുവാണ്. എങ്കിലും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മലേറിയ നിയന്ത്രണവിധേയമാക്കാന്‍ ഡി.ഡി.ടിയുടെ ഉപയോഗം അനുവദിച്ചിട്ടുണ്ട്. ഭൂമിയിലെ ജീവജാലങ്ങള്‍ ഉള്‍പ്പെടെ എല്ലാ വസ്തുക്കളും പരസ്പരം ബന്ധപ്പെട്ടതാണ് എന്ന് സമുദ്രങ്ങളെക്കുറിച്ചുള്ള പഠനങ്ങളിലൂടെ കാർസന്‍ നേരത്തെ തെളിയിച്ചിരുന്നു.

പ്രകൃതിയെ നിയന്ത്രിക്കാന്‍, മൃഗങ്ങള്‍ ഉള്‍പ്പെടെ ആരു ജീവിക്കണം, ആരു മരിക്കണം എന്നൊക്കെ തീരുമാനിക്കാന്‍ മനുഷ്യന് ആര് അധികാരം നല്‍കി എന്ന കാർസന്റെ ചോദ്യം ഈ പരിസ്ഥിതിദിനത്തിലും കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങുന്നു.
placeholder

ഭൂമിക്കു വേണ്ടിയുള്ള ആഗോളശബ്ദമെന്ന നിലയില്‍, മരുവല്‍ക്കരണവും വരള്‍ച്ചയുടെ പ്രത്യാഘാതങ്ങളും പരിഹരിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള  ഉടമ്പടിയാണ് UNCCD ( UN Convention to Combat Desertification). കാലാവസ്ഥാ വ്യതിയാനം ജൈവവൈവിധ്യം  എന്നിവയ്ക്കൊപ്പം റിയോ കണ്‍വെന്‍ഷന്‍ ഉടമ്പടികളില്‍ (റിയോ ഡി ജനീറോയില്‍ നടന്ന ഭൗമ  ഉച്ചകോടിയുടെ ഭാഗം) മൂന്നാമത്തേതാണ് UNCCD. കാലാവസ്ഥാ പ്രതിസന്ധി, ജൈവവൈവിധ്യനാശം, ഭൂമിയുടെ നാശം തുടങ്ങിയ പ്രശ്നങ്ങളെല്ലാം ഒരുമിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. അങ്ങിനെയാണ് ഈ മൂന്നു പരിസ്ഥിതി ഉടമ്പടികളും ഉണ്ടായത്. ഇന്ന് നാം അഭിമുഖീകരിക്കുന്ന വന്‍തോതിലുള്ള വ്യവസായവല്‍ക്കരണത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച്, ഏതൊരു ആധുനിക പരിസ്ഥിതി വാദിക്കും മുമ്പേ, ഗാന്ധി ലോകത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. യന്ത്രവല്‍ക്കരണം വ്യാവസായികവല്‍ക്കരണത്തിലേക്കും വന്‍ നഗരവല്‍ക്കരണത്തിലേക്കും തൊഴിലില്ലായ്മയിലേക്കും നയിക്കുമെന്ന് മാത്രമല്ല, പരിസ്ഥിതിയുടെ നാശത്തിലേക്കും നയിക്കുമെന്ന് ഗാന്ധി പ്രവചിച്ചു.

115 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1909-ല്‍ എഴുതിയ ഹിന്ദ് സ്വരാജ്, പരിസ്ഥിതി നാശത്തിന്റെയും ഗ്രഹത്തിന്റെ ഭീഷണിയുടെയും രൂപത്തില്‍ ലോകം ഇന്ന് അഭിമുഖീകരിക്കുന്ന അപകടങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രധാന പ്രസ്ഥാനങ്ങളായ ചണ്ഡി പ്രസാദ് ഭട്ടിന്റെയും സുന്ദര്‍ ലാല്‍ ബഹുഗുണയുടെയും നേതൃത്വത്തിലുള്ള ചിപ്കോ പ്രസ്ഥാനവും ബാബ ആംതെയുടെയും മേധാ പട്കറിന്റെയും നര്‍മ്മദാ ബച്ചാവോ ആന്ദോളന്‍ ഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. പരിസ്ഥിതി, നഗരവല്‍ക്കരണം, യന്ത്രവല്‍ക്കരണം എന്നിവയെക്കുറിച്ചുള്ള ഗാന്ധിയുടെ ഉത്കണ്ഠ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലും എഴുത്തുകളിലും തൊഴിലാളികള്‍ക്കുള്ള സന്ദേശങ്ങളിലും പ്രകടമായിരുന്നു. 'ദര്‍ശനത്തിലും പ്രയോഗത്തിലും ലോകത്തിലെ ആദ്യകാല പരിസ്ഥിതി പ്രവര്‍ത്തകന്‍' ആയിരുന്നു അദ്ദേഹം എന്നത് ശ്രദ്ധിക്കേണ്ടതാണ്. 'നമുക്ക്് ആവശ്യമായ വിഭവങ്ങള്‍ ഭൂമിയിലുണ്ട്, പക്ഷേ നമ്മുടെ അത്യാഗ്രഹത്തിനല്ല.' - ഗാന്ധി ഏറ്റവും കൂടുതല്‍ ഉദ്ധരിച്ച ഈ വാചകം പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള അദ്ദേഹത്തിന്റെ ശ്രദ്ധയെ ചിത്രീകരിക്കുന്നു.ഇത് ഈ പരിസര ദിനത്തിലും ഏറെ പ്രസക്തമാണ്.