കോട്ടയം: കോട്ടയം ജവഹർ നവോദയ വിദ്യാലയത്തിൽ ഗാന്ധി സ്മരണകളുണർത്തി പരിസ്ഥിതിദിനാഘോഷം ബുധനാഴ്ച നടന്നു. വിദ്യാലയാങ്കണത്തിൽ പൂർത്തിയാക്കിയ ഗാന്ധിപ്രതിമയുടെ അനാച്ഛാദനവും ഗാന്ധിജിയുടെ പാദസ്പർശമേറ്റ വൈക്കം സത്യാഗ്രഹഭൂമിയിൽ നിന്നുള്ള മണ്ണ് വിദ്യാലയങ്കണത്തിലെത്തിച്ച് ഫലവൃക്ഷങ്ങൾ നട്ടുവളർത്തുന്ന ഗാന്ധിസ്മൃതിഫലവൃക്ഷ പദ്ധതിക്കും ബുധനാഴ്ച തുടക്കമായി. 

To advertise here,

വൈക്കത്ത് സത്യാഗ്രഹ സ്മൃതി മണ്ഡപത്തിൽ രാവിലെ ഒമ്പതിന് ചേർന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ.യിൽ നിന്ന് വൈക്കത്തെ മണ്ണ് സ്കൂൾ പ്രിൻസിപ്പാൾ രാമകൃഷ്ണൻ ഏറ്റുവാങ്ങി.

വൈക്കം നഗരസഭ  ചെയർപേഴ്സൺ പ്രീത രാജേഷ്, കൗൺസിലർ ബിന്ദു ഷാജി എന്നിവർ പരിസ്ഥിതിദിന സന്ദേശം നൽകി. വൈക്കത്ത് നിന്ന് ശേഖരിച്ച മണ്ണുമായി കോട്ടയം ജവഹർ നവോദയ വിദ്യാലയത്തിൽ എത്തിച്ചേരുന്ന യാത്രാ സംഘത്തെ ഗാന്ധിസ്മൃതിഗീത സംഘം സ്വീകരിച്ചു . വൈക്കത്ത് നിന്നുള്ള മണ്ണിൽ ഫലവൃക്ഷത്തൈ നടീൽ കർമ്മവും ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും തുടർന്ന് നടന്നു. 

മുതിർന്ന അധ്യാപിക ശ്രീകല പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോട്ടയം നവോദയ സ്കൂളിലെ ചിത്രകല അധ്യാപകൻ  രാജേഷ് കുമാർ ആണ് മഹാത്മ ഗാന്ധിയുടെ പൂർണ്ണകായ പ്രതിമ നിർമ്മിച്ചത്.