മഞ്ഞുപുതച്ച താഴ്​വര, അവിടേയ്ക്ക് വീണ്ടും വീണ്ടും പൊഴിഞ്ഞുകൊണ്ടിരിക്കുന്ന മഞ്ഞുതുള്ളികൾ. സിനിമകളും റീലുകളും മനസിൽ നിറച്ച ഈ സ്വർഗീയാനുഭവം തേടിയാണ് പതിനായിരങ്ങൾ കശ്മീരിനെ തേടി പിന്നെയും പിന്നെയും വന്നുകൊണ്ടിരുന്നത്. പക്ഷേ, ഇപ്പോൾ കശ്മീരെന്ന സ്വപ്നഭൂമിയിലെത്തുന്നവർ ചോദിക്കുന്നത് ഒരൊറ്റ ചോദ്യമാണ്.  'എവിടെ നമ്മൾ സ്വപ്നം കണ്ട, നമ്മൾ  തേടിവന്ന ആ മഞ്ഞ്'? മഞ്ഞുപുതച്ച മലനിരകളും താഴ്​വരകളും കശ്മീരിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. പകരം  ഏതൊരു ഉത്തരേന്ത്യൻ നഗരത്തിലും കാണാവുന്ന മനംമടുപ്പിക്കുന്ന ചാരക്കുന്നുകൾ. പ്രതീക്ഷിച്ചതിന് നേർവിപരീതമായ കാഴ്ച.  മഞ്ഞുവീഴ്ചയില്ലാതായതോടെ വരണ്ടുണങ്ങിയ കാശ്മീർ കണ്ട് നിരാശരായി മടങ്ങാൻ വിധിക്കപ്പെട്ടവരാണ് ഇപ്പോൾ സഞ്ചാരികൾ. അവരിലേറെപ്പേരും കശ്മീരിനെ ഉപേക്ഷിച്ച് മറ്റ് ഹിൽസ്റ്റേഷനുകൾ തേടിപ്പോവാനും തുടങ്ങിയിരിക്കുന്നു. വലിയൊരു ഇടവേളയ്ക്കുശേഷം പച്ചപിടിച്ച താഴ്​വരയിലെയും മലനിരകളിലെയും വിനോദസഞ്ചാരമേഖലയും പ്രകൃതിയുടെ ഈ പ്രതിഭാസത്തിന് മുന്നിൽ വിറങ്ങലിച്ചുനിൽക്കുകയാണ് ഇപ്പോൾ.

To advertise here,

25ാം തിയ്യതിയോടെ കശ്മീരിൽ വീണ്ടും മഞ്ഞുവീണു തുടങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന പ്രതീക്ഷ. പക്ഷേ, അതുകൊണ്ട് പ്രശ്‌നം പൂർണമായി പരിഹരിക്കപ്പെടുന്നില്ല. മഞ്ഞില്ലാത്ത ഒരു ശൈത്യകാലം കടന്നുപോകുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ കശ്മീരിനെ വല്ലാതെ വേട്ടയാടും. ജലലഭ്യത, കൃഷി, സമ്പദ് വ്യവസ്ഥ തുടങ്ങി നിരവധി മേഖലകളെ മഞ്ഞുവീഴ്ചയുടെ അപര്യാപ്തത പ്രതികൂലമായി തന്നെ ബാധിക്കും. 

മഞ്ഞുമില്ല, മഴയുമില്ല...

ജമ്മു കശ്മീരിലും ലഡാക്കിലും ശീതകാല മഴ പ്രധാനമായും മഞ്ഞുവീഴ്ചയുടെ രൂപത്തിലാണ് ലഭിക്കാറുള്ളത്. സാധാരണയായി, ഡിസംബറിന്റെ ആദ്യ പകുതിയോടെ ആരംഭിക്കുന്ന മഞ്ഞുവീഴ്ച ജനുവരി വരെ തുടരും. എന്നാൽ ഈ സീസണിൽ ഭൂരിഭാഗം ദിവസങ്ങളും വരണ്ടുകിടക്കുകയാണ്. കശ്മീരിൽ ഓരോ വർഷം കഴിയുംതോറും മഞ്ഞുവീഴ്ചയിൽ കുറവ് രേഖപ്പെടുത്താറുണ്ടെങ്കിലും ഈ വർഷത്തെ സാഹചര്യം ശരിക്കും ആശങ്കയുണ്ടാക്കുന്നതാണ്. 

ഹിമാലയത്തിലെ പിർ പഞ്ചൽ പർവതനിരകളിലെ പ്രശസ്തമായ സ്‌കീ റിസോർട്ടായ ഗുൽമാർഗ് പോലുള്ള പ്രദേശങ്ങൾ ഈ വർഷം അസാധാരണമായി വരണ്ടിരിക്കുകയാണെന്നാണ് വിദഗ്ധർ പറയുന്നത്. നേപ്പാൾ മുതൽ ഹിന്ദുകുഷിലെ ഇന്ത്യൻ പ്രദേശം വരെ മഞ്ഞുവീഴ്ചയില്ലാത്ത പർവതശിഖരങ്ങളാണ്.  

placeholder
ഗുല്‍മാര്‍ഗിലെ കോങ്ഡോറിയില്‍ മഞ്ഞുവീഴ്ച കുറഞ്ഞപ്പോള്‍ I Photo: PTI
ഗുൽമാർഗിലെ കോങ്ഡോറിയിൽ മഞ്ഞുവീഴ്ച കുറഞ്ഞപ്പോൾ I Photo: PTI

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഡിസംബറിൽ ജമ്മു കശ്മീരിലെ മഞ്ഞുവീഴ്ചയിൽ 80 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ പോർട്ടലായ വേൾഡ് വെതർ ഓൺലൈനിന്റെ കണക്കനുസരിച്ച് ജനുവരിയിൽ ശരാശരി 130.61 സെന്റീമീറ്റർ മഞ്ഞുവീഴ്ച കാണുന്ന പ്രദേശത്ത് ഈ വർഷം ഇതുവരെ മഞ്ഞുവീഴ്ചയേ ഉണ്ടായിട്ടില്ല. ഈ രണ്ടു മാസങ്ങളിൽ ലഡാക്കിലും മഴയോ മഞ്ഞോ ഉണ്ടായിട്ടില്ല. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും സമാനമായ സാഹചര്യമാണ്. 

വെല്ലുവിളിയാകുന്നത് കാലാവസ്ഥാ വ്യതിയാനം...

കാലാവസ്ഥാ വ്യതിയാനത്തിന്റെയും എൽ നിനോയുടെയും പരസ്പര ബന്ധമാണ് കശ്മീരിൽ മഞ്ഞുവീഴ്ച ഇല്ലാതായതിനുള്ള പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കാലാവസ്ഥാ പ്രതിസന്ധിയും ആഗോളതാപനവും ഈ മേഖലയിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ കൂടുതൽ വഷളാക്കുകയാണ്. ഇതോടെ അസ്ഥിരവും പ്രവചനാതീതവുമായ കാലാവസ്ഥയ്ക്കാണ് പ്രദേശം സാക്ഷ്യം വഹിക്കുന്നത്. ഈ വർഷം മഞ്ഞുവീഴ്ചയില്ലെന്ന് കരുതി അടുത്ത വർഷവും ഇതാവർത്തിക്കുമെന്ന് പറയാനാകില്ല. അടുത്തവർഷം ചിലപ്പോൾ ശക്തമായ മഞ്ഞുവീഴ്ചക്കായിരിക്കും കശ്മീർ സാക്ഷ്യം വഹിക്കേണ്ടിവരിക. 

പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനില, ശരാശരിയേക്കാൾ കൂടുതലാവുന്ന ഒരു ആഗോള കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. ലോകമെമ്പാടുമുള്ള കാലാവസ്ഥയെ സ്വാധീനിക്കുന്ന ഇവ ഇന്ത്യയിൽ പ്രധാനമായും മൺസൂൺ സംവിധാനത്തെയാണ് ബാധിക്കുന്നത്. ഒരേ സമയം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ കുറയുന്നതിനും മറ്റു ചില സ്ഥലങ്ങളിൽ ശക്തമായ മഴ കാരണം വെള്ളപ്പൊക്കത്തിനും ഈ പ്രതിഭാസം കാരണമാകും. ഉദാഹരണത്തിന്, കഴിഞ്ഞ വർഷം ഓഗസ്റ്റിൽ,   നൂറ്റാണ്ടിലെ ഏറ്റവും വരണ്ട കാലാവസ്ഥയ്ക്ക് ഉത്തരേന്ത്യ സാക്ഷ്യം വഹിച്ചപ്പോൾ ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും കനത്ത മഴയും മണ്ണിടിച്ചിലുമായിരുന്നു അനുഭവപ്പെട്ടിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിലനിൽക്കുന്ന എൽ നിനോ പ്രതിഭാസം വരും മാസങ്ങളിലും തുടരും. ഇത് പ്രദേശത്തെ മഴയെയും മഞ്ഞിനെയും സാരമായി ബാധിക്കും. 

പകലും രാത്രിയുമെന്ന വ്യത്യാസമില്ലാതെ മലനിരകളിലെ താപനില കുതിച്ചുയരുന്നതും മഞ്ഞുവീഴ്ച കുറയുന്നതിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ 100 വർഷത്തിനിടയിൽ ആഗോള ശരാശരിയായ 0.74 ഡിഗ്രി സെൽഷ്യസിനേക്കാൾ വളരെ കൂടുതലാണ് ഹിമാലയത്തിലെ ചൂടെന്നാണ് ഹിന്ദുകുഷ് ഹിമാലയ അസസ്സ്‌മെന്റ് റിപ്പോർട്ടിൽ പറയുന്നത്. സമതലങ്ങളേക്കാൾ ഉയരമുള്ള പ്രദേശങ്ങളിലാണ് താപനിലയിൽ കൂടുതൽ വർധനവ് ഉണ്ടാകുന്നത്. 

placeholder
2022 ജനുവരി രണ്ടിനും 2024 ജനുവരി 13നുമായി കശ്മീരിലെ ഒരേ സ്ഥലത്തുനിന്നും പകര്‍ത്തിയ രണ്ടുചിത്രങ്ങള്‍ I Photo: AP
2022 ജനുവരി രണ്ടിനും 2024 ജനുവരി 13നുമായി കശ്മീരിലെ ഒരേ സ്ഥലത്തുനിന്നും പകർത്തിയ രണ്ടുചിത്രങ്ങൾ I Photo: AP

പ്രധാനമായും വെസ്റ്റേൺ ഡിസ്റ്റർബൻസുകളാണ് മൺസൂണിനു മുൻപും ശൈത്യകാലങ്ങളിലും ഉത്തരേന്ത്യയിൽ മഴ പെയ്യുന്നതിനു കാരണം. അഫ്ഗാനിസ്താനും ഇറാനും അപ്പുറത്തുനിന്നും ഉത്ഭവിച്ച്, മെഡിറ്ററേനിയൻ കടലിൽ നിന്നും അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിന്നും ഈർപ്പം ശേഖരിച്ച്, മഴമേഘങ്ങളെയും വഹിച്ചുക്കൊണ്ട് കിഴക്കോട്ട് നീങ്ങുന്ന കാറ്റാണിത്. ഇവ ഹിമാലയത്തിലേക്ക് അടുക്കുമ്പോൾ ഈർപ്പമുള്ള വായു മുകളിലേക്ക് ഉയരാൻ തുടങ്ങും. ഉയരത്തിലേക്ക് പോകുംതോറും ഈ വായു തണുക്കുകയും ഘനീഭവിക്കുകയും ചെയ്ത് മേഘങ്ങൾ രൂപപ്പെടും. ഇതാണ് പിന്നീട് മഞ്ഞായി പെയ്യുന്നത്.

ശൈത്യകാലത്ത്, ഓരോ മാസവും ശരാശരി നാലോ ആറോ വെസ്റ്റേൺ ഡിസ്റ്റർബൻസുകൾ സംഭവിക്കാറുണ്ട്. ഈ സീസണിൽ ഡിസംബറിൽ ഒന്നുണ്ടായിരുന്നെങ്കിലും വളരെ ദുർബലമായതിനാൽ മഴ ലഭിച്ചില്ല. വെസ്റ്റേൺ ഡിസ്റ്റർബൻസുകൾ സമീപകാലത്ത് കുറഞ്ഞുവരുന്ന പ്രവണതയുണ്ട്. ചില വർഷങ്ങളിൽ, സാധാരണയായി അഞ്ചോ ആറോ ഉണ്ടാവാറുള്ളിടത്ത് രണ്ടോ മൂന്നോ ആയി ചുരുങ്ങി. ഇക്കാരണത്താൽ, വടക്കൻ പ്രദേശങ്ങളിലെ ശൈത്യകാല മാസങ്ങളിൽ ആകെ ലഭിക്കുന്ന മഴയുടെ അളവിലും കുറവു വന്നതായി അന്തരീക്ഷ ശാസ്ത്രജ്ഞനായ എ പി ഡിമ്രി വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു വർഷത്തിനിടെ വെസ്റ്റേൺ ഡിസ്റ്റർബൻസുകൾ ആവർത്തിയിൽ 43 ശതമാനം കുറവ് വന്നിട്ടുണ്ട്. 

പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ -  https://mbi.page.link/mbplus

അതിവേഗം അപ്രത്യക്ഷമാകുന്ന പച്ചപ്പ്, വിഭവങ്ങളുടെ അമിതമായ ചൂഷണം, ആസൂത്രിതമല്ലാത്ത നഗരവൽക്കരണം, കാർഷിക ഭൂമി വാണിജ്യ ആവശ്യങ്ങൾക്കായി പരിവർത്തനം ചെയ്യുന്നത്, നഗരങ്ങളിലും പട്ടണങ്ങളിലും ഭൂമി ലഭ്യമല്ലാത്തതിനാൽ വനമേഖലകളിലേക്കുള്ള ആളുകളുടെ കുടിയേറ്റം എന്നിവയെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന് നേരിട്ടോ അല്ലാതെയോ കാരണമാകുന്നുണ്ട് എന്നതാണ് യാഥാർഥ്യം. 

ഇതിനിടെ മലിനീകരണം കൈകാര്യം ചെയ്യുന്നതിൽ പ്രത്യേകിച്ച് പാരിസ്ഥിതികമായി ദുർബലമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊക്കെ പ്രാദേശിക ഭരണകൂടത്തിന്റെ പരാജയമാണ് മഞ്ഞുവീഴ്ച ഇല്ലാതിരിക്കുന്നതിന് പിന്നിലെ കാരണമെന്ന് ചില ഗുൽമാർഗ് നിവാസികളും കുറ്റപ്പെടുത്തുന്നുണ്ട്. 

അസാധാരണമെങ്കിലും ആദ്യമല്ല...

കശ്മീരിലെ മഞ്ഞുവീഴ്ചയിലുണ്ടായ കുറവ് പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി കശ്മീരിലെ കാലാവസ്ഥയിൽ പ്രവചനാതീതതമായ വർധനവ് ഉണ്ടാകുന്നുണ്ടെന്നാണ് വിദഗ്ദർ പറയുന്നത്. എല്ലാ വർഷവും ഡിസംബർ 21ന് ആരംഭിച്ച് 40 ദിവസത്തോളം നീണ്ട ഏറ്റവും കഠിനമായ ശീതകാലമായ 'ചില്ലൈ കലൻ' സമയത്താണ് ഇപ്പോൾ മഞ്ഞുവീഴ്ചയിൽ വലിയ കുറവുണ്ടാകുന്നത്. സമീപ വർഷങ്ങളിലായി നവംബറിന്റെ തുടക്കത്തിലോ, ശൈത്യകാലത്തിന്റെ അവസാനമായ ഫെബ്രുവരിയിലോ ആണ് മഞ്ഞുവീഴ്ച കൂടുതലായി അനുഭവപ്പെടുന്നത്.

2014 മുതൽ മഞ്ഞുവീഴ്ചയില്ലാത്ത മൂന്ന് ചില്ലൈ കലനുകൾക്ക് കശ്മീർ സാക്ഷ്യം വഹിച്ചുക്കഴിഞ്ഞു. ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ ശരാശരി താപനില വലിയ രീതിയിൽ വർധിച്ചിട്ടുണ്ടെന്നും അതിനാൽ ജലബാഷ്പം മഞ്ഞുവീഴ്ചയായി മാറുന്നില്ലെന്നുമാണ് കശ്മീർ സർവകലാശാലയിലെ ജിയോ ഇൻഫോർമാറ്റിക്സ് വിഭാഗത്തിലെ ഡോ.ഇർഫാൻ റാഷിദ് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ ആഭിമുഖത്തിൽ പറയുന്നത്. 

1998ലും 2016ലും ഗുൽമാർഗിന് വരണ്ട വർഷങ്ങളായിരുന്നുവെന്നാണ് ലേ-ലഡാക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പങ്കുവെച്ച ഡാറ്റയിൽ വ്യക്തമാക്കുന്നത്. എൽ നിനോയുടെ സ്വാധീനം ഇല്ലാതിരുന്നിട്ടുപോലും 2022 ഡിസംബർ, 2018 ഡിസംബർ- ജനുവരി, 2015 ജനുവരി, 2014 ഡിസംബർ, 1998 ഡിസംബർ- ജനുവരി, 1992 ഡിസംബർ-തുടങ്ങിയ സമയങ്ങളിലെ ശൈത്യകാലവും വരണ്ടതായിരുന്നുവെന്ന് കേന്ദ്ര കലാവസ്ഥാ വകുപ്പിന്റെ ശ്രീനഗർ കേന്ദ്രത്തിലെ ചീഫ് മുഖ്തർ അഹ്‌മദ് ഒരു മാധ്യമത്തോട് പറഞ്ഞിരിക്കുന്നത്. 

placeholder
2021 ജനുവരി 19ന് ശ്രീനഗറിലെ മഞ്ഞില്‍ കളിക്കുന്ന വിനോദസഞ്ചാരികള്‍ I Photo: PTI
2021 ജനുവരി 19ന് ശ്രീനഗറിലെ മഞ്ഞിൽ കളിക്കുന്ന വിനോദസഞ്ചാരികൾ I Photo: PTI

വെള്ളവും കൃഷിയും പ്രതിസന്ധിയിൽ

ഉരുകുന്ന ഹിമാനികളും മഞ്ഞുമാണ് ഇൻഡോ-ഗംഗാ സമതലത്തിലെ പ്രധാന ജലസ്രോതസ്സ്. താഴ്വരയിലെ നദികളായ ഝലം, ചെനാബ്, സിന്ധ് എന്നിവയുടെയെല്ലാം പ്രധാന ജലസ്രോതസ്സ് ഹിമാലയമാണ്. അതുകൊണ്ട് തന്നെ ഹിമാലയത്തിൽ മഞ്ഞുവീഴ്ച കുറയുമ്പോൾ താഴ്വരയിലെ നദികളിലെയും വെള്ളം കുറയും. ഭൂഗർഭജല സംഭരണത്തെയും ഇത് പ്രതികൂലമായി ബാധിക്കും. മഞ്ഞുകൾ ഉരുകി ഹിമാചലിലുണ്ടാകുന്ന ചെറിയ അരുവികളും ഇല്ലാതെയാകും. 

മഞ്ഞുവീഴ്ചയുടെയും മഴയുടെയും അഭാവത്തിൽ ഉപരിതല ജലസ്രോതസ്സുകളിലൊന്നും വെള്ളമില്ല. കുറഞ്ഞ മഞ്ഞുവീഴ്ചയും ഉയർന്ന താപനിലയും കാരണം, ഝലത്തിന്റെ രണ്ട് പോഷകനദികളായ ലിഡർ, സിന്ധ് നദികളെ പോഷിപ്പിക്കുന്ന കോലാഹോയ് ഹിമാനികൾ 1962 മുതൽ ഏകദേശം 23% ആണ് ചുരുങ്ങിയത്. കഴിഞ്ഞ ദശകത്തിൽ, കശ്മീരിന്റെ പല ഭാഗങ്ങളിലും വരൾച്ച പോലുള്ള സാഹചര്യം പലതവണ ഉണ്ടായിട്ടുണ്ട്.

കശ്മീരിലെ നീണ്ട വരണ്ട കാലാവസ്ഥ, ഇവിടത്തെ തോട്ടങ്ങളെയും ഫലവിളകളെയും പ്രതികൂലമായി ബാധിക്കുകയും ഇത് കാർഷിക ഉൽപാദനക്ഷമതയ്ക്ക് കാര്യമായ വെല്ലുവിളി ഉയർത്തുകയും ചെയ്യുന്നുണ്ട്. പ്രദേശത്തെ ആപ്പിളുകൾ പഴുക്കുന്നതും ഈ മഞ്ഞുവീഴ്ചയ്ക്ക് അനുസരിച്ചാണ്. 2018 ലെയും 2019 ലെയും നവംബർ ആദ്യവാരത്തിലുണ്ടായ വ്യാപകമായ മഞ്ഞുവീഴ്ച കശ്മീരിലെ ആപ്പിൾ തോട്ടങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതിന് കാരണമായിരുന്നു.

കശ്മീരിലെ ജനങ്ങളുടെ പ്രധാന ഭക്ഷണമാണ് അരി. ജൂൺ മുതൽ സെപ്റ്റംബറിലെ വിളവെടുപ്പ് വരെയുള്ള വളർച്ചാ കാലയളവിൽ നെൽകൃഷിക്ക് ജലസേചനം ആവശ്യമാണ്. വേനൽക്കാലത്ത് ജലസേചന സൗകര്യങ്ങളുടെ കുറവ് വിളകളുടെ ഉൽപാദനക്ഷമതയെ പ്രതികൂലമായി ബാധിക്കും. ഇതുമൂലം കൃഷിയെയും മറ്റ് അനുബന്ധ മേഖലകളെയും ആശ്രയിച്ചു കഴിയുന്ന ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും ഉപജീവനവും പ്രതിസന്ധിയിലാകും.

പ്രദേശത്ത് കാട്ടുതീകൾ കൂടുന്നതിനും വരണ്ട കാലാവസ്ഥ ഇടവരുത്തും. ഈ സാഹചര്യത്തിൽ വിളകൾ നേരത്തെ പൂവിടുന്നതിനാൽ വിള കുറയുന്നതിനും കാരണമാകും. ശീതകാല മഞ്ഞ് മണ്ണിന്റെ സ്ഥിരമായ ഈർപ്പത്തിന്റെ ഉറവിടമാണ്, ഇത് ശൈത്യകാല വിളകൾക്ക്, പ്രത്യേകിച്ച് പൂന്തോട്ടപരിപാലനത്തിന് അത്യന്താപേക്ഷിതമാണ്. മഞ്ഞുവീഴ്ചയുടെ അഭാവം പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായ ആപ്പിളിന്റെയോ കുങ്കുമപ്പൂവിന്റെയോ വിളവിനെ മോശമായി ബാധിക്കും.

പ്രാദേശിക വിനോദസഞ്ചാരത്തിനേറ്റ ഇരുട്ടടി...

മഞ്ഞുകാണാതെ സന്ദർശകർ മടങ്ങിപ്പോവുകയും യാത്ര റദ്ദാക്കുകയും മറ്റും ചെയ്തപ്പോൾ ശരിക്കും പ്രതിസന്ധിയിലായത് വിനോദസഞ്ചാരത്തിന്റെ അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവരായിരുന്നു. പ്രദേശത്തെ ഹോട്ടൽ ഉടമകൾ, സ്കീയിംഗ് പരിശീലകർ, സ്ലീ റൈഡ് ഓപ്പറേറ്റർമാർ, ഗൈഡുകൾ തുടങ്ങി നിരവധി പേരുടെ ഉപജീവനമാണ് വഴിമുട്ടിയത്. സാധാരണയായി ഡിസംബർ മുതൽ ഫെബ്രുവരി വരെ എല്ലാ ദിവസവും ബുക്കിങ് ഉണ്ടായിരുന്ന സ്‌കീ പരിശീലകരെല്ലാം മറ്റെന്തെങ്കിലും ജോലി അന്വേഷിക്കേണ്ടി വരുമോയെന്ന ചിന്തയിലാണ്. 

കശ്മീരിലെ സമ്പദ്​വ്യവസ്ഥ വിനോദസഞ്ചാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രദേശത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) 7 ശതമാനവും ഈ മേഖലയിൽ നിന്നാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ 547 വിദേശികൾ ഉൾപ്പെടെ 95,989 വിനോദസഞ്ചാരികൾ ഗുൽമാർഗ് സന്ദർശിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ മാസത്തിന്റെ ആദ്യ പകുതിയിലെ ഔദ്യോഗികമായ കണക്കുകൾ ലഭ്യമല്ലെങ്കിലും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറഞ്ഞത് 60 ശതമാനമെങ്കിലും കുറവുണ്ടെന്നാണ് അധികൃതർ പറയുന്നത്. 

placeholder
മഞ്ഞുവീഴ്ചയില്ലാത്ത ഗുല്‍മാര്‍ഗിലെ മൈതാനത്ത് നിര്‍ത്തിയിട്ട സ്‌നോ ബൈക്കുകള്‍ I Photo: PTI
മഞ്ഞുവീഴ്ചയില്ലാത്ത ഗുൽമാർഗിലെ മൈതാനത്ത് നിർത്തിയിട്ട സ്‌നോ ബൈക്കുകൾ I Photo: PTI

2019-ൽ ന്യൂഡൽഹി പ്രദേശത്തിന്റെ പ്രത്യേക പദവി എടുത്തുകളയുകയും മാസങ്ങൾ നീണ്ട സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തത് കശ്മീരിലെ വിനോദസഞ്ചാരത്തെ സാരമായി ബാധിച്ചിരുന്നു. പിന്നാലെ വന്ന കോവിഡ് മഹാമാരിയും ലോക്​ഡൗണും ഈ സ്ഥിതി സങ്കീർണമാക്കി. ഏകദേശം മൂന്ന് വർഷത്തെ ലോക്​ഡൗണിന് ശേഷം 2022 ൽ ഏകദേശം 19 ദശലക്ഷം വിനോദസഞ്ചാരികളാണ് ഇവിടെയെത്തിയത്. 2023 സെപ്റ്റംബർ അവസാനം വരെ 16.8 ദശലക്ഷം വിനോദസഞ്ചാരികൾ താഴ്വര സന്ദർശിച്ചതായാണ് സർക്കാർ കണക്കുകൾ. സത്യത്തിൽ വർഷങ്ങൾ നീണ്ട നിരവധി പ്രതിസന്ധികൾക്കുശേഷം വിനോദസഞ്ചാര മേഖല ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സീസണാണായിരുന്നു ഈ വർഷത്തേത്. 

സ്‌കീയിങ്, സ്‌നോബോർഡിങ്, ഐസ് സ്‌കേറ്റിങ് തുടങ്ങിയ കളികളിലേർപ്പെട്ട് വിനോദസഞ്ചാരികളും കായികപ്രേമികളും തിങ്ങിനിറഞ്ഞിരുന്ന ചരിവുകൾ ഇപ്പോൾ തരിശായി കിടക്കുകയാണ്. പ്രശസ്തമായ നാലാമത്തെ ഖേലോ ഇന്ത്യ ഗെയിംസ്, വിവിധ സ്‌കീ കോഴ്സുകൾ തുടങ്ങിയ ശൈത്യകാല ഗെയിമുകളെല്ലാം ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. 

ശൈത്യകാലത്തേക്കും ആഘോഷത്തിനുമായുള്ള എല്ലാ ഓരുക്കങ്ങളും നടത്തിയ ഗുൽമാർഗ് ഡെവലപ്പ്‌മെന്റ് അതോറിറ്റി പ്രകൃതിയുടെ ക്രൂരതയിൽ നടുങ്ങിയിരിക്കുകയാണ്. പർവതങ്ങളിൽ ശരാശരി 30 മുതൽ 40 അടി വരെ (912) മീറ്റർ വരെ ഉയരത്തിൽ മഞ്ഞുണ്ടായിരുന്ന ഗുൽമാർഗിൽ ഇന്നാകെയുള്ളത് മൂന്നടിയോളം മഞ്ഞുവീഴ്ച മാത്രമാണ്. അതേസമയം ഇവിടത്തെ പരമാവധി താപനില 13 മുതൽ 15 ഡിഗ്രി സെൽഷ്യസ് വരെയാണ്. സാധാരണ ഉണ്ടാവാറുള്ളതിനേക്കാൾ 10-12 ഡിഗ്രി കൂടുതലാണിത്. 

വിനോദസഞ്ചാരികളുടെ പ്രധാന പ്രാദേശിക ആകർഷണങ്ങളിൽ ഒന്നായിരുന്നു പോണി റൈഡുകൾ. എന്നാൽ ഇപ്പോൾ പോണികളെ നിയന്ത്രിക്കുന്ന പുരുഷന്മാർ പകൽ മുഴുവൻ സ്റ്റാൻഡിൽ വെറുതെയിരിക്കുകയാണ്. പ്രദേശത്തെ നിരവധി ഹോട്ടലുകളിൽ ബുക്കിങ്ങുകളും കൂട്ടത്തോടെ റദ്ദാക്കപ്പെടുകയായിരുന്നു. 

ജനുവരി മാസത്തോടെ വരണ്ട കാലാവസ്ഥയ്‌ക്കൊരു മാറ്റമുണ്ടായില്ലെങ്കിൽ ഫെബ്രുവരി ആദ്യവാരം ഗുൽമാർഗിൽ നടക്കുന്ന ഇന്ത്യയുടെ വാർഷിക ദേശീയ ശീതകാല ഗെയിമുകൾ റദ്ദാക്കേണ്ടിവരും. 

ഇനി കാത്തിരിപ്പ്... 

ജനുവരി 25 മുതൽ കശ്മീരിലെ ഉയർന്ന പ്രദേശങ്ങളിൽ ചെറിയ അളവിൽ മഞ്ഞുവീഴ്ച തുടങ്ങുമെന്നാണ് ഞായറാഴ്ച കാലാവസ്ഥാ വകുപ്പ് പറയുന്നത്. ഇത് ചിലപ്പോൾ രണ്ടുദിവസത്തേക്ക് കൂടി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച വരെ വരണ്ട കാലാവസ്ഥ തുടരും. ജനുവരി 24, 25 തീയതികളിൽ ഒറ്റപ്പെട്ട ഉയർന്ന പ്രദേശങ്ങളിൽ നേരിയ മഞ്ഞിനും മേഘാവൃതമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ഡോ. മുക്താർ അഹമ്മദ് റൈസിങ് കശ്മീരിനോട് പറഞ്ഞിരിക്കുന്നത്. ജനുവരി 27-28 വരെ ഈ കാലാവസ്ഥയായിരിക്കും ഉണ്ടായിരിക്കുക. 

ജനുവരി അവസാനവാരം ജമ്മു കശ്മീരിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് 65% സാധ്യതയുണ്ടെന്ന് സ്വതന്ത്ര കാലാവസ്ഥാ നിരീക്ഷകൻ ആബിദ് മഖ്ബൂലും അറിയിച്ചിട്ടുണ്ട്. ജനുവരി അവസാന വാരത്തിൽ പ്രധാനമായും സോനാമാർഗ്, ഗുൽമാർഗ്, പഹൽഗാം എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നത്.

കാലാവസ്ഥാ വകുപ്പ് നൽകുന്ന പ്രവചനങ്ങളിൽ വിശ്വസിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുന്ന എന്നല്ലാതെ മറ്റുവഴികളൊന്നും പ്രദേശവാസികൾക്കോ വിനോദസഞ്ചാരമേഖലകളിൽ തൊഴിലെടുക്കുന്നവർക്കോ ചെയ്യാനില്ല. പലർക്കും ഉപജീവനമാണ് പ്രതിസന്ധിയിലായത്. ആഴ്ചകൾക്കുള്ളിൽ സഞ്ചാരികളെത്തിയാലും പ്രശ്‌നം പൂർണമായി പരിഹരിക്കപ്പെടുന്നില്ല. വേനൽക്കാലത്തെ ജലക്ഷാമത്തെ അവർ എങ്ങനെ നേരിടുമെന്നത്, കൃഷിയിലുണ്ടായ നഷ്ടം എങ്ങനെ മെച്ചപ്പെടുത്തുമെന്നത് ഒരു ചോദ്യം തന്നെയാണ്. 

പ്രത്യക്ഷത്തിൽ അല്ലെങ്കിലും നിലവിലെ കശ്മീരിലെ അവസ്ഥയ്ക്ക് കാരണം നമ്മുടെ ചെയ്തികൾ തന്നെയാണ്. കാലങ്ങളായി പറഞ്ഞുക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനവും അതിന്റെ പ്രതിഫലനവും തന്നെയാണ് ഉണ്ടായിരിക്കുന്നത്. സ്വയം തിരുത്താൻ തയ്യാറാവാതിരിക്കുന്നിടത്തോളം ഇത്തരം അസാധാരണതത്വത്തെ കൂടി നേരിടാൻ പഠിക്കേണ്ടിവരും, ഇതിലും വലുത് പ്രതീക്ഷിക്കേണ്ടിവരും.