
ഡിസംബർ അവസാന പകുതിയോടെ വീണ്ടുമൊരു ശൈത്യകാലത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് രാജ്യം. ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ചയോടെ 'ചില്ലായ് കലാൻ' എന്ന പേരിൽ അറിയപ്പെടുന്ന കശ്മീരിലെ ഏറ്റവും തണുപ്പേറിയ സമയവും തുടങ്ങി. ഡിസംബർ 21 മുതൽ ജനുവരി 31 വരെ നീണ്ടു നിൽക്കുന്നതാണ് ഈ അതിശൈത്യകാലം.
നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷമുള്ള മഞ്ഞുവീഴ്ച ആളുകളുടെ മനസ്സിലും കുളിര് പടർത്തിയിട്ടുണ്ട്. ഗുരെസ്, വർവാൻ എന്നീ താഴ്‌വരകളിലും തെക്ക്, വടക്ക് കാശ്മീരിന്റെ ഉയർന്ന പ്രദേശങ്ങളായ സിന്താൻ ടോപ്പ്, റാസ്ദാൻ പാസ്, സദ്‌ന ടോപ്പ്, സോജില, സോൻമാർഗ് എന്നീ സ്ഥലങ്ങളിലും മഞ്ഞുവീഴ്ച റിപ്പോർട്ട് ചെയ്തു. ദ്രാസിലും കാർഗിൽ ജില്ലയുടെ ചില ഭാഗങ്ങളിലും മഞ്ഞുവീഴ്ച രേഖപ്പെടുത്തി. ഈ പ്രദേശത്തെ മലയോരമേഖലകളിൽ വ്യാപകമായി ഈർപ്പമുള്ള കാലാവസ്ഥയ്ക്ക് ഇടയാക്കി.
കഴിഞ്ഞവർഷത്തെ കഠിനമായ വരണ്ട കാലവസ്ഥയ്ക്ക് ശേഷം കാശ്മീരിലെ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു ഈ മഞ്ഞുവീഴ്ച. കഴിഞ്ഞ രണ്ട് മാസമായി കാശ്മീരിൽ കാര്യമായ മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടായിരുന്നില്ല. ജലശ്രോതസ്സുകളിലടക്കമുള്ള വെള്ളം കുറഞ്ഞത് ആശങ്കയുളവാക്കിയിരുന്നു. അടുത്തദിവസത്തിനുള്ളിൽ ജമ്മു കാശ്മീരിൽ മുഴുവൻ മഞ്ഞുവീഴ്ച വ്യാപകമാവുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഈർപ്പമുള്ള കാലാവസ്ഥ കാശ്മീരിലെ കഠിനമായ വരണ്ട തണുപ്പിനെ ലഘൂകരിച്ചിട്ടുണ്ട്. തകർന്നുകിടക്കുന്ന വിനോദസഞ്ചാര മേഖലയെ പുഃനരുജ്ജീവിപ്പിക്കുന്നതിൽ ഈ മാറ്റം വലിയ പങ്കുവഹിക്കുമെന്നാണ് കരുതുന്നത്. മാറിവരുന്ന കാലാവസ്ഥയെ നേരിടാൻ വേണ്ടിയുള്ള ശീതകാല തയ്യാറെടുപ്പുകൾ സംബന്ധിച്ച യോഗത്തിൽ മുഖ്യമന്ത്രി ഓമർ അബ്ദുള്ള അധ്യക്ഷത വഹിച്ചു. കനത്ത മഞ്ഞുവീഴ്ചയെ നേരിടാൻ വേണ്ട എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സമയബന്ധിതമായ റോഡ് ക്ലിയറൻസ്, തടസ്സമില്ലാത്ത വൈദ്യുതി, കുടിവെള്ള ലഭ്യത എന്നിവയാണ് ഭരണകൂടത്തിന്റെ മൂന്ന് നിർണായക മാനദണ്ഡങ്ങളെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതിനായി ആളുകളുടെയും യന്ത്രങ്ങളുടേയും സഹായം ഉൾപ്പെടുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകിയതായി അദ്ദേഹം പറഞ്ഞു. ശ്രീനഗറിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ മൊബൈൽ ഡീ-വാട്ടറിംഗ് പമ്പുകൾ മുൻകൂട്ടി സ്ഥാപിക്കാൻ നിർദ്ദേശിച്ചു.
വരണ്ട കാലാവസ്ഥയെത്തുടർന്ന് ശുദ്ധജലലഭ്യത രൂക്ഷമായ സാഹചര്യത്തിൽ താഴ്‌വരയുടെ പല ഭാഗങ്ങളിലും റേഷൻ അടിസ്ഥാനത്തിൽ വെള്ളം ലഭ്യമാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം ജമ്മു കാശ്മീരിന്റെ കാലാവസ്ഥാരീതികളിലുണ്ടാക്കിയ മാറ്റങ്ങളിലേക്കാണ് ഇത്തരം കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്. ഭാവിയിലെ കാലാവസ്ഥാ ആഘാതങ്ങളിൽ നിന്ന് താഴ്‌വരയെ സംരക്ഷിക്കുന്നതിന് നടപടികളും ദീർഘകാല ശാസ്ത്രീയ ആസൂത്രണവും സംയോജിപ്പിക്കുന്ന സമഗ്രമായ ജല സംരക്ഷണ തന്ത്രവും ഇതാവശ്യപ്പെടുന്നുണ്ട്.
Published: 21 Dec 2025, 01:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented