
കടലിൽനിന്ന് തീരത്തണയുന്ന വലിയതെന്തും കൗതുകകരമാണ്. തിമിംഗിലവും സ്രാവും മറ്റു സസ്തനികളും അതിന്റെ വലിപ്പക്കൂടുതൽ കൊണ്ട് ആകർഷണീയമാവുന്നു. പിന്നെ സെൽഫിയുടെ ചാകരയാണ്. ദിവസങ്ങൾക്കും ആഴ്ച്ചകൾക്കും മുമ്പേ കടലിൽ ജീവൻ വെടിഞ്ഞ മത്സ്യത്തിന്റെ തീരത്തെ കിടപ്പ് പശ്ചാത്തലമാക്കി കടുത്ത ദുർഗന്ധം സഹിച്ചും 'സഞ്ചാരികൾ' കൂട്ടത്തോടെയെത്തും. ഇവരെ ഒരുവിധം ഒതുക്കിക്കഴിഞ്ഞ ശേഷമായിരിക്കും തീരത്തുതന്നെ ഇവയുടെ നിത്യനിദ്ര. ഇതോടെ സെൽഫിക്കൂട്ടവും വാർത്തകളും ഇല്ലാതാവും. അപ്പോഴും ഉണർന്നിരിക്കുന്ന ഒരു വിഭാഗമുണ്ട്. തീരത്തണയുന്ന വലിയ ജീവികളുടെ ദുർവിധിയുടെ കാരണം തേടുന്ന ശാസ്ത്രലോകമുണ്ട്.
തിമിംഗിലം ഉൾപ്പടെയുള്ള കടൽ സസ്തനികളുടെ ജീവിതക്രമത്തിൽ എന്തു സംഭവിക്കുന്നുവെന്നു കണ്ടെത്താനുള്ള പഠനങ്ങളിലാണ് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ(സി.എം.എഫ്.ആർ.ഐ.) ശാസ്ത്രജ്ഞർ. സംഘം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയുടെ തീരത്താണ്. ഈ മാസം തുടങ്ങിയ സമുദ്രഗവേഷണം 100 ദീവസം നീളും. കടൽസസ്തനികളുടെ എണ്ണം എടുക്കുന്നതിനൊപ്പം മരണകാരണമാകുന്ന സാഹചര്യങ്ങളെ കുറിച്ചും വിശദമായ പഠനം നടക്കുന്നുണ്ട്.
കടലിലെ പഠനം
കപ്പലുകളും ബോട്ടുകളും ശരീരത്തിൽ വന്നിടിച്ചുണ്ടാവുന്ന പരിക്കുകൾ, പ്രായം, അണുബാധ, ശബ്ദമലിനീകരണം തുടങ്ങി വിവിധ കാരണങ്ങൾ കടൽ സസ്തനികൾ തീരത്തടിയുന്നത് കൂടാൻ കാരണമായിട്ടുണ്ടെന്ന് സി.എം.എഫ്.ആർ.ഐയിലെ ശാസ്ത്രജ്ഞനായ രതീഷ് കുമാർ രവീന്ദ്രൻ പറയുന്നു. യു.എസ്. കോൺഗ്രസ് കൊണ്ടുവന്ന മറൈൻ മാമൽ പ്രൊട്ടക്ഷൻ ആക്ടിന്റെ ഭാഗമായി യു.എസിലേക്ക് കടൽ മത്സ്യങ്ങളും അനുബന്ധ ഉത്പന്നങ്ങളും കയറ്റി അയക്കുന്ന എല്ലാ രാജ്യങ്ങളും അതത് രാജ്യങ്ങളിലെ കടൽ സസ്തനികളുടെ വൈവിധ്യത്തെക്കുറിച്ച് പഠനം നടത്തുകയും അവയുടെ ആവാസ വ്യവസ്ഥയെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും വേണം.
ഇതിന്റെ ഭാഗമായി 2019 മുതൽ കടൽ സസ്തനികളെ കുറിച്ച് സി.എം.എഫ്.ആർ.ഐയുടെ നേതൃത്വത്തിൽ വിവിധ ഏജൻസികളുമായി സഹകരിച്ച് പഠനം നടത്തുന്നുണ്ട്. കടൽ സസ്തനികളിൽ ഏതെല്ലാം വിഭാഗങ്ങൾ ഉണ്ട്, ഓരോ വിഭാഗത്തിലുമുള്ള സസ്തനികളുടെ എണ്ണം, അവയുടെ ആരോഗ്യസ്ഥിതി തുടങ്ങിയവയാണ് പഠനത്തിൽ ഉൾപ്പെടുന്നത്. കടൽ സസ്തനികൾ കരയ്ക്കടിയുന്നതിന്റെ കാരണവും ഇതിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.

മൺസൂണിലെ വിരുന്നുകാർ
മൺസൂൺ സീസണിലാണ് മലബാർ- കൊങ്കൺ തീരങ്ങളിൽ ഡോൾഫിനുകൾ കൂടുതലായി കരയ്ക്കടിയുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കൂട്ടമായി സഞ്ചരിക്കുന്ന മീനുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. മൺസൂൺ കഴിയുന്നതോടെ മലബാർ തീരത്ത് ചാകര ഉണ്ടാവും. ഇത്തരം മീനുകളെ ഇരയാക്കാൻ തിമിംഗിലങ്ങൾ തീരത്തേക്ക് എത്തും. എക്കോ ലൊക്കേഷൻ ഉപയോഗിച്ച് സഞ്ചരിക്കുന്ന ജീവിയായ തിമിംഗിലത്തിന് പക്ഷേ, ഈ സമയത്ത് കടൽ പ്രക്ഷുബ്ധമാവുന്നതും കലങ്ങിമറിയുന്നതും കാരണം ശരിയായ ദിശയിൽ സഞ്ചരിക്കാനാവില്ല. ദിശ തെറ്റി പലപ്പോഴും കരയിലേക്ക് എത്തും. വെള്ളം കുറഞ്ഞ ഇടത്തേക്ക് എത്തുന്നതോടെ ശരീരഭാരം താങ്ങാനാവാതെ ആന്തരികാവയവങ്ങൾക്കു തകരാറു സംഭവിക്കുന്നു. ക്രമേണ ജീവൻ നഷ്ടമാവുകയും ചെയ്യും. ജീവനോടെ തീരത്തേക്ക് അടുത്താലും അവയെ തിരിച്ചു കടലിലേക്കു തളളിവിടാൻ ശ്രമിച്ചാലും ഭാരം കാരണം ആന്തരികാവയവങ്ങൾ തകർന്നുപോവും.
കടലിലെ അപകടങ്ങൾ
കടലിൽ വാണിജ്യ കപ്പലുകളുടെയും ബോട്ടുകളുടെയും എണ്ണം ക്രമാതീതമായി വർധിച്ചതാണ് വലിയ കടൽജീവികളുടെ ജീവന് ഭീഷണിയാവുന്ന പ്രധാന വില്ലൻ. ജലോപരിതലത്തിൽ വന്ന് അന്തരീക്ഷവായുവിൽ നിന്നാണ് തിമിംഗിലങ്ങളും ഡോൾഫിനുകളും ശ്വസിക്കുന്നത്. ശരാശരി പത്തു മിനിറ്റ് ഇടവേളയിൽ ഡോൾഫിനുകളും 30-45 മിനുറ്റ് ഇടവേളയിൽ തിമിംഗിലങ്ങളും ശ്വാസോച്ഛ്വാസത്തിനായി ജലോപരിതലത്തിൽ എത്തും. ഈ സമയത്ത് കപ്പലുകളുടെ ഭീമാകാര പ്രൊപ്പല്ലറുകളും വലിയ ബോട്ടുകളുടെ അടിത്തട്ടും ഇവയുടെ ശരീരത്തിൽ ഏൽപ്പിക്കുന്ന ആഘാതം പിന്നീട് മരണകാരണമായി മാറുന്നു. പരിക്ക് ഗുരുതരമല്ലെങ്കിൽപ്പോലും മുറിവുകളിൽ ഉണ്ടാവുന്ന അണുബാധ ആരോഗ്യസ്ഥിതി ദുർബലമാക്കുകയും മരണത്തിലേക്കു നയിക്കുകയും ചെയ്യും. മരണത്തോടെ ജലോപരിതലത്തിൽ എത്തുന്ന ശരീരം കാറ്റിന്റെ ഗതിയനുസരിച്ച് തീരത്ത് അടിയുന്നു.
വില്ലൻവലകൾ
മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന വലയിൽ കുടുങ്ങുന്നതാണ് മറ്റൊരു പ്രശ്‌നം. വലയിൽ കുടുങ്ങിയാൽ ശ്വാസമെടുക്കാൻ ജലോപരിതലത്തിലേക്ക് പൊങ്ങിവരാൻ പറ്റാതാകും. ഇതും മരണകാരണമാണ്. ഇത്തരം ബാഹ്യ ഇടപെടലുകളല്ലാതെ കാലാവസ്ഥ വ്യതിയാനം പോലുള്ള മാറ്റിനിർത്താനാവാത്ത ഘടകങ്ങളും വലിയ കടൽജീവികളുടെ നിലനിൽപ്പിനെ സാരമായി ബാധിക്കുന്നുണ്ടെന്ന് രതീഷ് കുമാർ രവീന്ദ്രൻ പറയുന്നു.

ദിശ തെറ്റിക്കുന്ന ചുഴലിക്കാറ്റുകൾ
ചുഴലിക്കാറ്റുകളുടെ എണ്ണം കൂടി വരുന്നത് കടൽ സസ്തനികളെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ട്. തുടർച്ചയായി ഉണ്ടാവുന്ന ചുഴലിക്കാറ്റ് എക്കോ ലൊക്കേഷൻ സിസ്റ്റം തകരാറിലാക്കുകയും സഞ്ചാരപാത തെറ്റിച്ച് തീരത്തേക്ക് വന്നുപെടാനുളള സാധ്യത കൂട്ടുകയും ചെയ്യുന്നുണ്ട്. സമുദ്രാന്തർഭാഗത്ത് ഊഷ്മാവ് കൂടുന്നതാണ് മറ്റൊരു പ്രശ്‌നം. എൽ നിനോ പ്രതിഭാസം കടൽ സസ്തനികളുടെ ജീവിതത്തെ എത്തരത്തിലാണ് മാറ്റിമറിച്ചതെന്ന യാഥാർഥ്യം കൂടുതൽ വിശദമായ ഗവേഷണങ്ങളിലൂടെയേ കണ്ടെത്താനാവു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ജീവനെടുക്കുന്ന പരീക്ഷണങ്ങൾ
കടൽ മലിനീകരണമാണ് മറ്റൊരു കാരണം. കടലിൽ നടക്കുന്ന വിവിധ പരീക്ഷണങ്ങൾ, കൂടിവരുന്ന വാട്ടർ ട്രാഫിക്, ക്രമാതീതമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവയെല്ലാം മലീനകരണത്തിന് കാരണമാകുന്നുണ്ട്. ഇതും തിമിംഗലങ്ങളുടെ ഇയർ ബാലൻസ് നഷ്ടപ്പെടാൻ കാരണമാവുകയും എക്കോ ലൊക്കേഷൻ കൃത്യമായി പിന്തുടരാനുള്ള കഴിവ് നഷ്ടപ്പെട്ട് തീരത്തടിയാനും ജീവൻ നഷ്ടപ്പെടാനും കാരണമാകും. ആഴക്കടലിൽ നടക്കുന്ന പല തരത്തിലുള്ള പരീക്ഷണങ്ങളും ഗവേഷണങ്ങളുംവരെ കടൽ സസ്തനികളുടെ ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യ ഉള്ളിൽ എത്തുന്നതോടെ വയർ സ്ഥിരമായി നിറഞ്ഞിരിക്കുന്ന പ്രതീതിയായിരിക്കും ഉണ്ടാവുക. ഭക്ഷണം കഴിക്കാനാവാതെ ചത്തൊടുങ്ങുകയാണ്അടുത്ത ഘട്ടം.
നൂറുദിന പഠനം
സി.എം.എഫ്.ആർ.ഐയുടെ നൂറ് ദിവസത്തെ സമുദ്രദൗത്യം പുരോഗമിക്കുകയാണ്. ഇന്ത്യയാകെ നടക്കുന്ന ഒരു പഠനമാണിത്. കടൽ സസ്തനികൾ ഏതൊക്കെ, എണ്ണം എത്ര, ആരോഗ്യസ്ഥിതി, തീരത്തടിയുന്നതിന്റെ കാരണം തുടങ്ങിയവയാണ് ദൗത്യത്തിലെ ലക്ഷ്യങ്ങൾ. വടക്കൻ കേരളത്തിലെ തീരങ്ങളിൽ പഠനം പൂർത്തിയാക്കിയ പഠന സംഘം ഇപ്പോൾ മഹാരാഷ്ട്രയിലെ ആലിബാഗ് തീരം കേന്ദ്രീകരിച്ചാണ് പഠനം നടത്തുന്നത്. ഇതു കഴിഞ്ഞാൽ ഗോവ, കർണാടക തീരങ്ങളിലും പഠനം നടത്തും.

ഫീഡിങ് ഗ്രൗണ്ടായി മലബാർ തീരം
വിശദമായ പഠനങ്ങളിലൂടെ, മലബാർതീരം കടൽ സസ്തനികളുടെ ഫീഡിങ് ഗ്രൗണ്ടായി മാറിയെന്ന് സ്ഥിരീകരിക്കേണ്ടി വന്നാൽ ചില നിയന്ത്രണങ്ങൾ വേണ്ടി വന്നേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കടൽ സസ്തനികൾക്ക് വേണ്ട ഇരകളുള്ള ഇടങ്ങളിൽ കപ്പലുകളുടെയും ബോട്ടുകളുടേയും സഞ്ചാരം നിയന്ത്രിക്കേണ്ടി വരും. ഇത്തരം സ്ഥലങ്ങളിൽ 'ട്രാഫിക' കൂടുതലാണെങ്കിൽ ആ സ്ഥലം മറൈൻ മാമൽ പ്രൊട്ടക്ടഡ് പാർക്കോ മറ്റോ ആയി മാറ്റേണ്ടിവരും. ഇത്തരം ഭാഗങ്ങളിലേക്ക് ഗതാഗതം കുറയ്ക്കുന്നതാവും ഉചിതമെന്നും അദ്ദേഹം പറയുന്നു.
പ്രതിസന്ധിയായി പോസ്റ്റ്മോർട്ടം
കരയ്ക്കടുക്കുന്ന തിംമിഗില ജഡങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കാറുണ്ട്. വനം വകുപ്പിനാണ് ഇതിന്റെ ചുമതല. കരയ്ക്കടിയുന്ന ജഡങ്ങൾക്ക് പഴക്കം കൂടുതലായിരിക്കും എന്നത് പ്രതിസന്ധി സൃഷ്ടിക്കാറുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട അധികൃതർ ചൂണ്ടിക്കാട്ടുന്നുണ്ട്. മത്സ്യബന്ധന വലകളിൽ കുടുങ്ങുന്നതും ശ്വാസകോശത്തിൽ ഉണ്ടാവുന്ന പരുക്കും മറ്റും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമാകാറുണ്ട്. പ്രൊപ്പല്ലറുകളും തട്ടിയുണ്ടാവുന്ന മുറിവുകളും ആമാശയത്തിൽ പ്ലാസ്റ്റിക് കൂമ്പാരവും പ്രായാധിക്യവും മരണകാരണമായി പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്താറുണ്ട്. എന്നാൽ മറ്റ് അസുഖങ്ങൾ എന്തെങ്കിലും ബാധിച്ചിട്ടുണ്ടോ എന്നറിയാൻ അഴുകിയ ശരീരം തടസ്സമാവുന്നുവെന്ന് അധികൃതർ പറയുന്നു.
Content Highlights: Whale death and ocean environment
Published: 28 Oct 2023, 01:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented