തവിടുപൊടിയാണ് ഈ തൂശൻ; കഴിച്ചുകഴിഞ്ഞാൽ വേണമെങ്കിൽ പ്ലേറ്റും അകത്താക്കാം


അഖില്‍ ശിവാനന്ദ്

'തൂശന്‍' എന്ന് പേരിട്ട് വിപണിയില്‍ എത്തിച്ചിരിക്കുന്ന ഈ പ്ലേറ്റുകൾ ആഹാരം കഴിച്ചശേഷം വേണമെങ്കില്‍ കഴിക്കാം. ഇനി അതല്ലെങ്കില്‍ കന്നുകാലികള്‍ക്കോ പന്നികള്‍ക്കോ ഭക്ഷണമായി നല്‍കാം. ചെടികള്‍ക്ക് വളമാക്കാം. ഉപയോഗം കഴിഞ്ഞ് വെറുതേ വലിച്ചെറിഞ്ഞുകളഞ്ഞാലും ഈ പ്ലേറ്റുകള്‍ മണ്ണിലലിഞ്ഞോളും.

Photo: facebook.com/thooshanediblecutlery

പ്ലാസ്റ്റിക്കും അതിന്റെ ഉപയോഗവും കണ്ടു മടുത്താണ് വിനയകുമാര്‍ ബാലകൃഷ്ണനും ഭാര്യ ഇന്ദിരയും അതിനൊരു ബദല്‍ സാധ്യത തേടിയത്. പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍ക്കുള്ള ബദല്‍ എന്ന ഇരുവരുടേയും അന്വേഷണങ്ങള്‍ അവസാനിച്ചത് ഗോതമ്പ് തവിടുകൊണ്ട് നിര്‍മിക്കാവുന്ന പ്ലേറ്റുകളിലാണ്. 'തൂശന്‍' എന്ന് പേരിട്ട് വിപണിയില്‍ എത്തിച്ചിരിക്കുന്ന ഈ പ്ലേറ്റുകൾ ആഹാരം കഴിച്ചശേഷം വേണമെങ്കില്‍ കഴിക്കാം. ഇനി അതല്ലെങ്കില്‍ കന്നുകാലികള്‍ക്കോ പന്നികള്‍ക്കോ ഭക്ഷണമായി നല്‍കാം. ചെടികള്‍ക്ക് വളമാക്കാം. ഉപയോഗം കഴിഞ്ഞ് വെറുതേ വലിച്ചെറിഞ്ഞുകളഞ്ഞാലും ഈ പ്ലേറ്റുകള്‍ മണ്ണിലലിഞ്ഞോളും. പ്ലാസ്റ്റിക് പ്ലേറ്റുകള്‍ സൃഷ്ടിക്കുന്ന ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക്, 100 ശതമാനം പരിസ്ഥിതി സൗഹാര്‍ദപരമായ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഈ ദമ്പതികള്‍.

തിരുവനന്തപുരത്തെ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്‌ഐആര്‍) ആണ് ഗോതമ്പ് തവിടില്‍ നിന്ന് പാത്രങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചു നല്‍കിയത്. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള യന്ത്രഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഒന്നര വര്‍ഷത്തിനുള്ളില്‍ നിര്‍മാണയൂണിറ്റ് പൂര്‍ത്തിയാക്കി. പക്ഷേ അന്തിമമായി ഉത്പന്നം വിപണിയിലെത്തിക്കാന്‍ കുറച്ച് മാസങ്ങള്‍ കൂടി വേണ്ടി വന്നു. ഇപ്പോള്‍ പ്രതിദിനം 500ല്‍ അധികം പ്ലേറ്റുകള്‍ ഇവര്‍ നിര്‍മിക്കുന്നുണ്ട്. ഡിന്നര്‍ പ്ലേറ്റും സ്‌നാക് പ്ലേറ്റുമാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. ഇതിനു പുറമേ, അരിപ്പൊടികൊണ്ടുള്ള സ്ട്രോയും കോണ്‍ സ്റ്റാര്‍ച്ചും ബയോ ഡീ-ഗ്രേഡബിള്‍ പ്ലാസ്റ്റിക്കും ചേര്‍ത്ത ബാഗുകളും തയ്യാറാക്കുന്നുണ്ട്.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഗോതമ്പ് പ്ലേറ്റ് ശ്രദ്ധയില്‍പ്പെടുന്നു

നാടിനും പ്രകൃതിക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്ന ലക്ഷ്യത്തോടെയാണ് മൗറീഷ്യസില്‍ ഉദ്യോഗസ്ഥനായിരുന്ന വിനയകുമാര്‍ ബാലകൃഷ്ണനും ഭാര്യ ഇന്ദിര നായരും നാട്ടിലേക്ക് എത്തുന്നത്. തികച്ചും പരിസ്ഥിതി സൗഹാര്‍ദപരമായ ഉത്പന്നം നിര്‍മിക്കുകയായിരുന്നു ലക്ഷ്യം.

പ്ലാസ്റ്റിക്കും അതിന്റെ ഉപയോഗവും കണ്ടു മടുത്തിരുന്നുന്നു. നാലഞ്ച് വര്‍ഷമായി മൗറീഷ്യസിലായിരുന്നു. അവിടെ നിന്ന് തിരിച്ചുവന്നശേഷം, പ്ലാസ്റ്റിക്കിന്റെ ഉപയോഗം മൂലം നാട്ടില്‍ ഒരുപാട് വ്യത്യാസങ്ങള്‍ കാണാന്‍ സാധിച്ചു.ഞങ്ങള്‍ താമസിച്ചിരുന്ന കാക്കനാട് വളരെ ഹരിതാഭമായ ഒരു സ്ഥലമായിരുന്നു. പക്ഷേ തിരിച്ചുവന്നപ്പോള്‍ അതിന്റെ മുഖച്ഛായ തന്നെ മാറി. പലയിടത്തും പ്ലാസ്റ്റിക് കൂനകളും വേസ്റ്റ് കൂനകളും മാത്രം. ഗൗരവമായി എന്തെങ്കിലും ചെയ്യണമെന്ന് ആലോചിക്കമ്പോഴാണ് ഇങ്ങനെ ഒരു സാധാനം ഞങ്ങളുടെ കണ്ണില്‍പ്പെട്ടത് .

ദുബായിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ഗോതമ്പിന്റെ തവിടുകൊണ്ടുള്ള പാത്രങ്ങള്‍ വിനയകുമാറിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. പോളണ്ടിലെ ഒരു കമ്പനിയാണ് ആ പ്ലേറ്റ് നിര്‍മിച്ചിരുന്നത്. തുടര്‍ന്ന്, ഇന്ത്യയില്‍ കാര്‍ഷിക മാലിന്യങ്ങള്‍ വളരെ കൂടുതലാണെന്നും അത് ഇത്തരത്തില്‍ ഉപയോഗിക്കാമെന്നും സൂചിപ്പിച്ചുകൊണ്ട് വിനയകുമാര്‍ ആ കമ്പനിക്ക് കത്തെഴുതി. എന്നാല്‍ നിരാശപ്പെടുത്തുന്ന മറുപടിയായിരുന്നു അവരുടേത്. ഒരിക്കലും ഇതിന്റെ സാങ്കേതിക വിദ്യ പങ്കുവെക്കില്ല, ഇത് ഇന്ത്യക്കാര്‍ക്കുള്ളതല്ല എന്നുള്ള രീതിലായിരുന്നു മറുപടി. അതോടെ വിനയകുമാറിനും വാശിയായി.

സിഎസ്‌ഐആര്‍ പങ്കാളികളാകുന്നു

ഗോതമ്പ് തവിടില്‍ നിന്ന് പാത്രം വികസിപ്പിക്കുന്ന സാധ്യതകള്‍ തേടിയായി പിന്നീടുള്ള അന്വേഷണങ്ങള്‍. പാത്രം വികസിപ്പിക്കുന്നതിന്റെ സാധ്യതകള്‍ തേടി വിനയകുമാര്‍ പല എക്‌സിബിഷനുകളിലും പോകുമായിരുന്നു. അത്തരത്തിലൊരു പ്രദര്‍ശനത്തിലാണ് സിഎസ്‌ഐആറിന്റെ സ്റ്റാളില്‍ ചകിരികൊണ്ടുള്ള പ്ലേറ്റ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. ചകിരിക്ക് പകരം ഗോതമ്പ് തവിടു കൊണ്ട് പാത്രങ്ങള്‍ നിര്‍മിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചപ്പോള്‍ ആശാവഹമായ മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് തിരുവനന്തപുരത്ത് പോയി സിഎസ്ഐആറുമായി ആശയവിനിമയം നടത്തി. ഗവേഷണങ്ങള്‍ക്ക് ഫണ്ട് ചെയ്യാമെങ്കില്‍, പാത്രം നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ച് നല്‍കാമെന്ന് അവര്‍ സമ്മതിച്ചു.

സിഎസ്ഐആറിനും പുതിയ ഒരു ഉല്‍പ്പന്നം ഉണ്ടാക്കി നോക്കാന്‍ താല്പര്യമുണ്ടായിരുന്നു. ഗവേഷണത്തിനായി സാമ്പത്തികമായി സഹായിക്കാമോ എന്നാണ് സിഎസ്ഐആര്‍ ചോദിച്ചത്. തുടര്‍ന്ന് അവരുടെ ഗവേഷണാവശ്യത്തിനുള്ള ഉപകരണങ്ങളും സാമ്പത്തിക സഹായവും അസംസ്‌കൃത വസ്തുക്കളും നല്‍കി. അങ്ങനെ ഒന്നര വര്‍ഷത്തെ ഗവേഷണത്തിന് ശേഷം സിഎസ്‌ഐആര്‍ ഉത്പന്നം നിര്‍മിച്ച് നല്‍കി. പോളണ്ടുകാര്‍ 17 വര്‍ഷം എടുത്ത് വികസിപ്പിച്ച സാങ്കേതികവിദ്യയാണ് ഒന്നര വര്‍ഷം കൊണ്ട് സിഎസ്‌ഐആര്‍ വികസിപ്പിച്ചത്. പോളണ്ട് കമ്പനി വികസിപ്പിച്ചതിന്റെ അത്രയും പൂര്‍ണത കൈവരിച്ചില്ലെങ്കിലും സിഎസ്‌ഐആര്‍ ഒന്നര വര്‍ഷം കൊണ്ട് ഇത് പ്ലേറ്റ് ആക്കാന്‍ പറ്റുമെന്ന് കാണിച്ചുതന്നു.

ഒന്നരക്കോടി രൂപയോളം ചെലവ്

ഏതാണ്ട് ഒന്നര കോടിയോളം രൂപയാണ് ഗോതമ്പ് തവിടില്‍ നിന്ന് പാത്രം നിര്‍മിക്കാനുള്ള സങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി വിനയകുമാര്‍ ബാലകൃഷ്ണനും ഇന്ദിര നായരും ചിലവിട്ടത്. ഗവേഷണത്തിലടക്കം സിഎസ്‌ഐആറിനെ സഹായിക്കുകയും ചെയ്തിരുന്നു. സിഎസ്ഐആറിന്റെ ലാബ് ഉപയോഗിച്ചാണ് ഗവേഷണങ്ങള്‍ പുരോഗമിച്ചത്. കാര്‍ഷിക സര്‍വകലാശാല, ഇന്‍ഡിഗ്രാം ലാബ്സ്, ഐഐടി കാണ്‍പൂര്‍ എന്നിവയുടെ സാങ്കേതിക സഹായവും പ്ലേറ്റ് വികസിപ്പിക്കാന്‍ ലഭിച്ചിരുന്നു.

പത്ത് വര്‍ഷത്തേക്ക് ലോക്ക് ചെയ്തുകൊണ്ടാണ് പ്ലേറ്റ് നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ സിഎസ്ഐആര്‍ ഇരുവര്‍ക്കും കൈമാറിയത്. പാത്രം നിര്‍മിക്കാനുള്ള യന്ത്രസംവിധാനങ്ങള്‍ വിനയകുമാറും ഇന്ദിരയും തന്നെയാണ് ഒരുക്കിയത്. പല സ്ഥലത്തുനിന്നുള്ള എഞ്ചിനീയറിങ് സംഘവുമായി സഹകരിച്ചുകൊണ്ട്, വിവിധ ഭാഗങ്ങളില്‍ നിന്ന് യന്ത്രഭാഗങ്ങള്‍ കൊണ്ടുവന്ന്, കൂട്ടിച്ചേര്‍ത്താണ് പ്ലേറ്റ് നിര്‍മിക്കുന്നതിനുള്ള യന്ത്രസംവിധാനത്തിന് രൂപം നല്‍കിയത്. യന്ത്രസംവിധാനം രൂപപ്പെടുത്തിയതിനു ശേഷം ഒന്നര വര്‍ഷത്തോളം കഴിഞ്ഞാണ് അന്തിമ ഉല്‍പ്പനത്തിലേക്ക് ഇരുവരും എത്തുന്നത്. അതിനിടയില്‍ ഗവേഷണത്തിനും യന്ത്രംസംസ്ഥാപിക്കുന്നതിനുമെല്ലാമായി ഒന്നര കോടിയോളം രൂപ ഇരുവര്‍ക്കും ചിലവായി.

ഗോതമ്പ് തവിടില്‍ നിന്ന് പാത്രങ്ങള്‍ ഞങ്ങള്‍ സ്വയം ഉണ്ടാക്കുകയാണെങ്കില്‍ ഇതിനൊരു വിലയുണ്ടാകില്ല. ഭക്ഷണം കഴിക്കുന്ന പാത്രമായതിനാല്‍ തന്നെ ആളുകള്‍ക്ക് സംശയം ഉണ്ടാകും. നമ്മള്‍ പറയുന്നത് ആളുകളള്‍ക്ക് വിശ്വാസം ഉണ്ടാകില്ല. അതുകൊണ്ടാണ് ഞങ്ങള്‍ സിഎസ്ഐആറിനെ സമീപിച്ചത്. ഫണ്ട് നല്‍കിയതിന് പുറമേയും ഞങ്ങള്‍ ഒരുപാട് അവരെ സഹായിച്ചു. ഇക്കാര്യത്തില്‍, ഞങ്ങള്‍ ഒരുപാട് ഗവേഷണം നടത്തി. ഞങ്ങളും അവരും ഒരുമിച്ചാണ് ഗവേഷണം നടത്തിയത്. പക്ഷേ, അവരുടെ ലാബാണ് ഉപയോഗിച്ചത്.

തുടര്‍ പരീക്ഷണങ്ങള്‍

പാത്രം നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭിച്ചിട്ടും ഒന്നര വര്‍ഷത്തിന് ശേഷമാണ് ഇന്ന് കാണുന്ന തരത്തിലുള്ള പാത്രം നിര്‍മിച്ചെടുക്കാന്‍ ഇരുവര്‍ക്കും സാധിച്ചത്. സിഎസ്ഐആര്‍ നല്‍കിയ സാങ്കേതിക വിദ്യകൊണ്ട് വാണിജ്യാവശ്യത്തിന് വില്‍പ്പന നടത്താനുള്ള തോതില്‍ പ്ലേറ്റ് ഉണ്ടാക്കാന്‍ സാധിക്കില്ലായിരുന്നു. അതിന് തുടര്‍ ഗവേഷണങ്ങള്‍ അവശ്യമായിരുന്നു. ഇരുവരും അത് തുടര്‍ന്നുകൊണ്ടിരുന്നു. അതിനിടയില്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടായി. പ്ലേറ്റ് നിര്‍മിക്കുമ്പോള്‍ വക്കുകള്‍ അടക്കം പൊട്ടിപ്പോകുന്ന പ്രശ്നങ്ങളുണ്ടായിരുന്നു. ഒരുപാട് പ്ലേറ്റുകള്‍ ഇത്തരത്തില്‍ ഉപയോഗശൂന്യമായിപ്പോയി. യന്ത്രസംവിധാനം സജ്ജീകരിച്ച് ഒന്നൊന്നര വര്‍ഷത്തിന് ശേഷമാണ് 90 ശതമാനം കൃത്യമെന്ന് അവകാശപ്പെടാവുന്ന ഉല്‍പ്പന്നം നിര്‍മിച്ചെടുക്കാന്‍ ഇരുവര്‍ക്കും സാധിച്ചത്.

വിനയകുമാര്‍ ബാലകൃഷ്ണനും ഇന്ദിരയും

തവിടില്‍ നിന്ന് പ്ലേറ്റിലേക്ക്

10 ഇഞ്ചിന്റെ ഡിന്നര്‍ പ്ലേറ്റും ആറ് ഇഞ്ചിന്റെ സ്നാക്സ് പ്ലേറ്റുമാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. ഡിന്നര്‍ പ്ലേറ്റിനാണ് ആവശ്യക്കാര്‍ കൂടുതലുള്ളത്. സ്നാക്സ് പ്ലേറ്റ് ഓഡര്‍ അനുസരിച്ച് മാത്രമാണ് നിര്‍മിക്കുന്നത്. ഇപ്പോഴത്തെ യന്ത്രസംവിധാനം ഉപയോഗിച്ച് 20 മണിക്കൂറോളം ജോലി ചെയ്താലാണ് ഏതാണ്ട് 1000 പ്ലേറ്റുകള്‍ നിര്‍മിക്കാന്‍ സാധിക്കുക. ദിവസേന 500 പ്ലേറ്റുകള്‍ നിര്‍മിക്കുന്നുണ്ട്. പാത്രങ്ങള്‍ക്ക് പുറമേ അരിപ്പൊടി കൊണ്ടുള്ള സ്ട്രോയും ഇവര്‍ നിര്‍മിക്കുന്നുണ്ട്. നെല്ല് കുത്തുമ്പോള്‍ തവിടിന്റെ കൂടെ പുറം തള്ളുന്ന പൊടിയരിയാണ് ഇതിനായി ഉപയാഗിക്കുന്നത്. അത് പൊടിച്ചാണ് സ്ട്രോയ്ക്കാണ് ഉപയോഗിക്കുന്നത്. സ്ട്രോ ഭക്ഷ്യയോഗ്യമാണ് എന്ന് പറഞ്ഞു തന്നെയാണ് വിപിണിയിലെത്തിക്കുന്നത്.

വലിയ മില്ലുകള്‍ ഗോതമ്പ് കഴുകി കുതിര്‍ത്ത് അതിന്റെ തവിട് ചെത്തിക്കളയുകയാണ് ചെയ്യുന്നത്. ആ കഴുകിയ തവിടാണ് തൂശന്‍ പ്ലേറ്റുകള്‍ നിര്‍മിക്കാനായി ശേഖരിക്കുന്നത്. രണ്ട് തവണ കഴുകി, കുതിര്‍ത്ത് തോര്‍ത്തിയാണ് മില്ലുകള്‍ തവിടും ഗോതമ്പും വേര്‍തിരിക്കുന്നത്. അതുകൊണ്ട് തന്നെ അവില്‍ പോലെയാണ് തവിട് വരുന്നത്. ഗോതമ്പിന്റെ നല്ല ഭാഗങ്ങളെല്ലാം ഈ തവിടിലാണുള്ളത്. ഇന്ത്യയില്‍ മറ്റ് ഉപയോഗമില്ലാത്തതിനാല്‍, കാലിത്തീറ്റയ്ക്കായാണ് ഇത് പോകുന്നത്. ഈ തവിടാണ് ഞങ്ങള്‍ ശേഖരിക്കുന്നത്. ഈ തവിട് ഒരു പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലേറ്റാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഉയര്‍ന്ന മര്‍ദത്തിലും താപനിലയിലും ഇത് തവിട് ഉരുക്കി പ്ലേറ്റാക്കി മാറ്റുകയാണ്. ഇത് ഒരു തരം കുക്ക്ഡ് പ്ലേറ്റാണ് എന്ന് പറയാം. വേവിക്കുക എന്നതല്ല, ഏതാണ്ട് ബേക്ക് ചെയ്യുന്നത് പോലെ തന്നെയാണ്. വേറുതേ തവിടായിട്ട് ഇടുകയല്ല, പ്രോസസ് ചെയ്ത് പ്രസ് ചെയ്ത് പ്ലേറ്റാക്കി മാറ്റുകയാണ്.

പ്ലേറ്റ് ഒന്നിന് 20 രൂപ

20 രൂപക്കാണ് ഒരു പ്ലേറ്റ് വില്‍ക്കുന്നത്. സ്‌ട്രോ അഞ്ച് രൂപ നിരക്കിലും എന്നാല്‍, 100 ഉം 200 ഉം പ്ലേറ്റും ചോദിക്കുന്നവര്‍ക്ക് 13-14 രൂപ നിരക്കിലണ് വില്‍ക്കുന്നത്. 20 രൂപ എന്നത് പോലും ലാഭകരമല്ലെങ്കിലും ഒരുപാട് ലാഭമെടുത്താല്‍ ഇത്രയും പോലും പ്ലേറ്റുകള്‍ വിറ്റുപോകില്ലെന്നാണ് ഇന്ദിര ചൂണ്ടിക്കാട്ടുന്നത്. പ്ലേറ്റിന്റെ നിര്‍മാണ ചെലവ് ഒരുപാട് കൂടുതലാണ്. ഇപ്പോള്‍, ഗോതമ്പ് തവിട് കിട്ടാനും പ്രായസമാണ്. തുടക്കത്തില്‍ കിലോയ്ക്ക് 15 രൂപയ്ക്കാണ് തവിട് കിട്ടിയിരുന്നത്. ഇപ്പോള്‍ അത് ഇരിട്ടിയായി. വേനല്‍ക്കാലം ആയാല്‍ കൂടാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ നിരക്കെന്നും ഇന്ദിര പറയുന്നു.

Photo: facebook.com/thooshanediblecutlery

പാത്രങ്ങള്‍ കൊറിയര്‍ അയക്കാനുള്ള പ്രത്യേക കാര്‍ഡ്‌ബോര്‍ഡ് പെട്ടികളും ഇവര്‍ രൂപകല്പ്പന ചെയ്തിട്ടുണ്ട്. ബിസ്‌കറ്റ് പോലുള്ള സാധനമായതിനാല്‍ കൊറിയര്‍ ചെയ്യുമ്പോള്‍ പൊട്ടിപ്പോകാന്‍ സാധ്യതയുണ്ടെന്നാണ് ഇന്ദിര ചൂണ്ടിക്കണിക്കുന്നത്. കട്ടിയുണ്ടെങ്കിലും വക്കുകള്‍ പൊട്ടാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ കൊറിയര്‍ അയക്കാന്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടി തയ്യാറേക്കേണ്ടി വന്നു. പ്ലാസ്റ്റിക്കിന് ബദലായി ഒരു ഉല്പന്നം ഉണ്ടാക്കിയിട്ട്, അത് പ്ലാസ്റ്റിക്കില്‍ പൊതിയാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ പ്ലേറ്റ് ഇട്ട് കൊറിയര്‍ ചെയ്യാനായി ചെറിയ ഒരു കാര്‍ബോര്‍ഡ് പെട്ടി രൂപകല്പ്പന ചെയ്തു. അത് പലസ്ഥലത്തേക്കും അയച്ച് പരീക്ഷിച്ചു. പല ആള്‍ക്കാരും വാങ്ങി, പരാതി ഒന്നുമില്ലാതെ കിട്ടുന്നുണ്ട്. ആ ബോക്‌സ് അടക്കമാണ് 20 രൂപക്ക് നമ്മള്‍ വില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.

വലിയ തോതില്‍ നിര്‍മാണം തുടങ്ങിയാല്‍, പ്ലേറ്റുകള്‍ വില കുറച്ച് നല്‍കാന്‍ സാധിക്കും. നിര്‍മാണ പങ്കാളിത്തത്തിനായി ആരെങ്കിലും മുന്നോട്ട് വന്നാല്‍ തീര്‍ച്ചയായും വില കുറയ്ക്കാന്‍ സാധിക്കും. അങ്ങനെ ആണെങ്കിലേ ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കൂ. പല ആളുകളും സമീപിക്കുന്നുണ്ട്. പക്ഷേ വലിയ മുതല്‍മുടക്ക് വേണ്ടിവരും. അതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മാണം ആരംഭിച്ചാല്‍, സിഎസ്ഐആറിന് റോയല്‍റ്റി നല്‍കേണ്ടി വരും. ഗോതമ്പിന്റെ തവിട് മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത് ബാക്കി ധാന്യങ്ങള്‍ കൊണ്ടും ഗവേഷണം നടക്കുന്നു.

മികച്ച പ്രതികരണം

മികച്ച പ്രതികരണമാണ് ഇവരുടെ തൂശന്‍ പ്ലേറ്റുകള്‍ക്ക് ലഭിക്കുന്നത്. ഫ്‌ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്കാണ് ഇത് വലിയ ഗുണകരമാകുന്നത്. ഇതവര്‍ക്ക് അവരുടെ അടുക്കള മാലിന്യത്തിന്റെ കൂടെ കളയാം. കേറ്ററിങ്ങുകാര്‍ പ്ലാസ്റ്റിക് പ്ലേറ്റുകള്‍ എവിടെ കൊണ്ട് കളയും എന്ന ചോദ്യമുണ്ടായിരുന്നു. എന്നാല്‍, ഈ പ്ലേറ്റുകള്‍ അവരുടെ ജൈവമാലിന്യത്തിന്റെ കൂടെ സംസ്‌ക്കരിക്കാം. ഒരു കുഴിയെടുത്ത് ഇട്ടാല്‍ മതി. ഇനി കാലിത്തീറ്റയായോ പന്നികള്‍ക്ക് ഭക്ഷണമായോ ഉപയോഗിക്കാം. അതുകൊണ്ട് എങ്ങനെ സംസ്‌കരിക്കാം എന്ന പ്രശ്‌നം ഉദിക്കുന്നില്ല. അത് തന്നെയാണ് തൂശന്‍ പ്ലേറ്റുകളെ പ്രിയങ്കരമാക്കുന്നതും.

Content Highlights: This couple Develops Biodegradable Edible Cutlery From Wheat Bran And Rice

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


VINOJ

1 min

വാഹനം ഒട്ടകവുമായി ഇടിച്ച് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

May 19, 2022

More from this section
Most Commented