പണ്ട് പണ്ട് ദിനോസറുകള്‍ക്കും മുന്‍പേ, മരങ്ങള്‍ക്കും മുന്‍പേ, ഒരു മൂന്നു ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ, അങ്ങ് സമുദ്രത്തില്‍ ആദ്യമായി ഒരു ജീവബിന്ദു സൂര്യപ്രകാശം ഉപയോഗിച്ച് പ്രകാശസംശ്ലേഷണം നടത്തി ഓക്സിജന്‍ ഉത്പാദിപ്പിച്ചു. അതിന്റെ പേര് സയനോബാക്ടീരിയ അല്ലെങ്കില്‍ ബ്ലൂ ഗ്രീന്‍ അല്‍ഗ എന്നായിരുന്നു. അതായിരുന്നു സമുദ്ര സസ്യങ്ങളുടെ പ്രത്യേകിച്ച് കടല്‍ പായലുകളുടെ (sea weeds) ഉത്ഭവത്തിന് കാരണം. അന്ന് മുതല്‍ സമുദ്രത്തില്‍ പടര്‍ന്നു വ്യാപിച്ച ഈ ചെടികള്‍ ഭൂമിയിലെ ജീവന്റെ പ്രധാന സംരക്ഷകരായി മാറി. നമ്മുടെ ഭക്ഷണമായും കടലില്‍ കലരുന്ന ര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ആഗിരണം ചെയ്യുന്നവരായും മാറി. അതിനു പുറമെ ഭൂമിയിലെ മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍, പ്രത്യേകിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കാന്‍ ഈ പായലുകള്‍ ഉപയോഗിച്ച് വലിയൊരു മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് ശാസ്ത്രലോകം.
ഫിലിപ്പീന്‍സിലെ സാന്‍ ഫെര്‍ണാഡോ എന്ന ചെറിയ ഒരു തീരപ്രദേശത്തെ മീന്‍പിടിത്തക്കാര്‍ക്ക് വലിയ ഒരു ബുദ്ധിമുട്ട് ഉണ്ടാകുന്നു. അവരുടെ വലയില്‍ മീനുകളെക്കാള്‍ നിറയുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. അവരുടെ ജീവിതം ഇതിനാല്‍ വഴിമുട്ടിയ സമയത്ത് അവിടുത്തെ ചില സ്ത്രീകള്‍ കടല്‍ പായലുകളെ ഭക്ഷണത്തിനു വേണ്ടി ആശ്രയിക്കുന്നു. ഇങ്ങനെ കടല്‍ പായല്‍ ഭക്ഷണത്തിനു വേണ്ടി തിളപ്പിക്കുന്ന സമയത്ത് രൂപം കൊള്ളുന്ന ജെല്‍ പോലെ കൊഴുത്ത ദ്രാവകം ഉണങ്ങി കഴിയുമ്പോള്‍ ഒരു ഷീറ്റ് പോലെ രൂപപ്പെടുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടു. വെള്ളത്തില്‍ വെച്ച് വീണ്ടും തിളപ്പിച്ചാല്‍ ഈ ഷീറ്റുകള്‍ അതില്‍ ലയിക്കുന്നതായും അവര്‍ കണ്ടു. മണ്ണിലെറിഞ്ഞാല്‍ ആഴ്ചകള്‍ കൊണ്ട് തന്നെ ഇവ വിഘടിക്കുമായിരുന്നു. ഈ ഷീറ്റ് ഉപയോഗിച്ച് ഭക്ഷണ പദാര്‍ത്ഥങ്ങളും മീനും മറ്റും പൊതിയമെന്ന് അവര്‍ കണ്ടെത്തി. പിന്നീടവര്‍ ഈ കൊഴുത്ത ദ്രാവകത്തെ പല പല അച്ചുകളില്‍ വെച്ച് ഉണക്കി വാര്‍ത്തെടുത്തു. അങ്ങനെ പ്രകൃതിക്ക് നാശം വരുത്താത്ത ഒരു പുതിയ തരത്തിലുള്ള ബയോപ്ലാസ്റ്റിക് രൂപം കൊള്ളുകയായിരുന്നു.
അവിടങ്ങളില്‍ അരി വില്‍ക്കുന്ന കച്ചവടക്കാര്‍ ഇത്തരം ഷീറ്റുകള്‍ കൊണ്ടുള്ള സഞ്ചികളില്‍ അരി ഉപഭോക്താക്കള്‍ക്ക് കൊടുക്കാന്‍ തുടങ്ങിയതോടെ ഈ വ്യവസായം വളര്‍ന്നു. ഈ വളര്‍ച്ചയില്‍ പക്ഷേ, എല്ലാവരും സന്തോഷവാന്മാരായിരുന്നില്ല. അത് സിന്തറ്റിക് പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുണ്ടാക്കുന്ന കമ്പനികളായിരുന്നു. അവര്‍ കടല്‍പായല്‍ പ്ലാസ്റ്റിക്ക് വൃത്തിഹീനമാണെന്നും ചിലവേറിയതാണെന്നും പ്രചരിപ്പിച്ചു. എന്നാല്‍ കടല്‍പായല്‍ പ്ലാസ്റ്റിക്കുണ്ടാക്കുന്ന സാധാരണക്കാര്‍ ഇതിനെ ശക്തിയായി എതിര്‍ത്തു. സുലഭമായി കിട്ടുന്ന കടല്‍ പായല്‍ ഉപയോഗിച്ച് ഇത്തരം ഭക്ഷണപ്പൊതികള്‍ ഉണ്ടാക്കാന്‍ ചെലവ് വളരെ കുറവാണെന്നും എളുപ്പത്തില്‍ ഇവ ഉണ്ടാക്കാമെന്നും ഇത്തരം വസ്തുക്കള്‍ പരിസ്ഥിതി സൗഹൃദ വസ്തുക്കളാണെന്നും തെളിഞ്ഞതോടെ ശാസ്ത്രലോകം വ്യാപകമായി ഇതേറ്റെടുത്ത് കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി. ഇതിന്റെയൊക്കെ ഫലമായി 2021 ഓടെ സാന്‍ ഫെര്‍ണാഡോ എന്ന നഗരം പൂർണമായി ഒറ്റതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ നിരോധിക്കുകയും കടല്‍പായല്‍ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളെ കൂടുതലായി ആശ്രയിക്കുകയും ചെയ്തു.
രാസപരമായി കടല്‍ പായലുകളില്‍ ഏറ്റവും കൂടുതലുള്ളത് പോളിസാക്കറൈഡ് എന്ന പദാര്‍ത്ഥമാണ്. പല പായലിലും ഇത്തരം രാസ സംയുക്തങ്ങളുടെ ഗുണങ്ങള്‍ വ്യത്യസ്തമാണ്. ഉദാഹരണമായി ബ്രൗണ്‍ പായലില്‍ കാണുന്ന അല്‍ജിനേറ്റ് എന്ന പോളിസാക്കറൈഡിനെ കാത്സ്യം ഉപയോഗിച്ച് ഉറപ്പുള്ളതാക്കി മാറ്റി നമുക്ക് കഴിക്കാവുന്ന തരത്തിലുള്ള ഭക്ഷണപ്പൊതികളാക്കി മാറ്റുവാന്‍ പറ്റും. നമ്മുടെ കോണ്‍ ഐസ്‌ക്രീമിലെ കോണ്‍ നാം കഴിക്കുന്നത് പോലെ! റെഡ് കടല്‍പായലിലെ കാരജീന്‍, ചുളുങ്ങാത്തതും പൊടിയാത്തതുമായ ഷീറ്റുകളുണ്ടാക്കാനും, അതിലെ തന്നെ അഗാര്‍ എന്ന പോളിസാക്കറൈഡ് ഉപയോഗിച്ച് കുറച്ചു കൂടി ചൂടിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുവാനും ഉപയോഗിക്കുന്നു. കടല്‍ പായലിലുള്ള പ്രോട്ടീനുകള്‍ അവയെ കൂടുതല്‍ ഉറപ്പുള്ളതാക്കിത്തീർക്കുന്നു. അതുപോലെ അതിലുള്ള ലിപ്പിഡുകള്‍ അതിന്റെ വെള്ളത്തോടുള്ള ആഭിമുഖ്യം കുറയ്ക്കുന്നു. അവയിലുള്ള മറ്റു മിനറലുകളും പോളിഫിനോളുകളും ഈ പ്ലാസ്റ്റിക്കിനെ നമുക്ക് രോഗം വരുത്തുന്ന ബാക്ടീരിയകളില്‍ നിന്നും അകറ്റിനിര്‍ത്തി കൂടുതല്‍ ഹൈജിനിക് ആക്കി മാറ്റുന്നു. കടല്‍ പായലിലുള്ള പോളിസാക്കറൈഡുകളെ വളരെ എളുപ്പത്തില്‍ നമുക്ക് വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്നത് വലിയ സവിശേഷതയാണ്.
ഇനി സാധാരണയായി എങ്ങനെയാണ് ഒരു പ്ലാസ്റ്റിക്ക് ഷീറ്റ് കടല്‍ പായലില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്നതെന്നു നോക്കാം. കടല്‍ പായല്‍ ഉണക്കി പൊടിച്ച് അതിനെ വെള്ളത്തില്‍ ലയിപ്പിച്ച സോഡിയം കാര്‍ബണൈറ്റ് പോലുള്ള ആല്‍ക്കലി ലായനിയുമായി പ്രവര്‍ത്തിപ്പിച്ചാല്‍ നമുക്ക് പോളിസാക്കറൈഡുകള്‍ വേര്‍തിരിക്കാന്‍ സാധിക്കും. ഇങ്ങനെ വേര്‍തിരിക്കുന്ന പോളിസാക്കറൈഡിലേക്ക് കുറഞ്ഞ അളവില്‍ ഗ്ലിസറോള്‍ ചേര്‍ക്കുന്നു. പ്ലാസ്റ്റിക്കിന്റെ ഫ്ലെക്സിബിലിറ്റി കൂട്ടാന്‍ വേണ്ടിയാണിത്. ഉറപ്പ് വര്‍ധിപ്പിക്കാന്‍ വേണ്ടി കുറച്ചു നാനോസെല്ലുലോസും ചേര്‍ക്കാം. ഈ ഒരു മിശ്രിതത്തെ ഒരു ഗ്ലാസ് അല്ലെങ്കില്‍ പ്ലാസ്റ്റിക്ക് ട്രേയില്‍ നിരത്തി ഒഴിച്ച് അന്‍പതു ഡിഗ്രിയോളം താപനിലയിൽ ആറു മുതല്‍ പന്ത്രണ്ടു മണിക്കൂറോളം ചൂടാക്കിയെടുത്താല്‍ നല്ല സുതാര്യമായ ഉറപ്പുള്ള ബയോപ്ലാസ്റ്റിക്ക് ഷീറ്റുകള്‍ ലഭിക്കും. ഇതിനുവേണ്ടി ഉപയോഗിക്കുന്ന വസ്തുക്കള്‍ നമുക്ക് ഹാനികരമല്ലാത്തതാണ്. ഇത്തരം ഷീറ്റുകളുടെ ഗുണഗണങ്ങള്‍ വര്‍ധിപ്പിക്കാന്‍ നമുക്ക് ഹാനികരമല്ലാത്ത പ്രകൃതിജന്യമോ അല്ലാത്തതോ ആയ വസ്തുക്കള്‍ ഇതിന്റ നിര്‍മാണവേളയില്‍ ചേര്‍ക്കാവുന്നതാണ്. അത്തരം ഗവേഷണങ്ങള്‍ ധാരാളമായി ലോകം മുഴുവന്‍ നടക്കുന്നുണ്ട്.
നേരത്തെ പറഞ്ഞ പോലെ തന്നെ കടല്‍ പായല്‍ പ്ലാസ്റ്റിക്കുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഒരു മേഖല ഭക്ഷണം പൊതിയാനുള്ള കവറുകള്‍ ആയാണ്. അതുപോലെ ചെടികള്‍ വളര്‍ത്തിയെടുക്കാനുള്ള ബാഗുകള്‍ നിര്‍മിക്കാം. മണ്ണില്‍ കുഴിച്ചിടുന്നതോടെ അത് വളമായി മാറുകയും ചെയ്യും. ആരോഗ്യരംഗത്ത് മുറിവുകള്‍ പൊതിയാനുള്ള ഡ്രസിങ് മെറ്റീരിയല്‍ ആയും, ക്യാപ്സ്യൂള്‍ ടാബ്ലെറ്റുകളുടെ നിര്‍മാണത്തിലും ഇതിനു നല്ല ഉപയോഗം ഉണ്ട്. നാസ പോലുള്ള ഏജന്‍സികള്‍ ബഹിരാകാശത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് വസ്തുകള്‍ക്ക് ബദലായി ഇത്തരം ബയോപ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കാന്‍ പറ്റുമോ എന്ന് പരിശോധിക്കുന്നുണ്ട്. യൂറോപ്യന്‍, മറ്റു പാശ്ചാത്യ രാജ്യങ്ങളില്‍, കഴിയാവുന്ന മേഖലകളില്‍ ഇത്തരം ബയോപ്ലാസ്റ്റിക്കുകള്‍ കൂടുതലായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതുപോലെ വളരെ ഉദാരമായി ഇത്തരം ഗവേഷണങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നുമുണ്ട്. ഇൻഡൊനീഷ്യയും ഫിലിപ്പീന്‍സും ലോകത്തിലെ കടല്‍പായല്‍ പ്ലാസ്റ്റിക്ക് നിര്‍മാണത്തില്‍ വളരെ മുന്നിലാണ്.
നിലവില്‍ കടല്‍ പായല്‍ പ്ലാസ്റ്റിക്കുകള്‍ ലാബുകളില്‍ നിന്നും പുറത്തേക്ക് വന്നു ഷെല്‍ഫുകള്‍ നിറയാന്‍ ഒരുങ്ങി നില്‍ക്കുന്നു. പക്ഷേ, നയപരമായ പിന്തുണയും നിക്ഷേപങ്ങളും വളരെ അനിവാര്യം.
Content Highlights: Seaweed Plastic: Eco-Friendly Bioplastic Revolution
Published: 05 Jun 2025, 12:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented