വീണ്ടുമൊരു പരിസ്ഥിതി ദിനം വന്നെത്തിയിരിക്കുകയാണ്. ഓരോ പരിസ്ഥിതി ദിനവും നമ്മെ ഓർമ്മപ്പെടുത്തുന്നത് മനുഷ്യനും പരിസ്ഥിതിയും തമ്മിൽ ഒരു അഭേദ്യമായ ബന്ധമുണ്ടെന്നു തന്നെയാണ്. നാളേക്ക് വേണ്ടി പരിസ്ഥിതിയെ സംരക്ഷിക്കാതെ നമുക്കൊരിക്കലും മുന്നോട്ടുപോകാനാവില്ല. ഇത്തവണത്തെ പരിസ്ഥിതിദിനത്തിൻ്റെ ആപ്തവാക്യം തന്നെ “പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കുക” എന്നതാണ്. പ്ലാസ്റ്റിക് ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ചു നമുക്ക് ഇന്ന് ചിന്തിക്കാൻ പോലും കഴിയില്ല. എന്നാൽ പ്ലാസ്റ്റിക് മലിനീകരണം വരുത്തി വയ്ക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. മനുഷ്യൻ്റെ ശാരീരീരികാരോഗ്യത്തെ മാത്രമല്ല മനസികാരോഗ്യത്തെയും താറുമാറാക്കാൻ പ്ലാസ്റ്റിക് കാരണമാകുന്നുണ്ട്. മനുഷ്യനെ മാത്രമല്ല ഭൂമിയിലെ മറ്റു ജീവജാലങ്ങളെയും അവരുടെ ആവാസവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ നമ്മുടെ പരിസ്ഥിതിയോടുള്ള മനോഭാവത്തിലും പ്രവൃത്തികളിലും ഒരുപാട് മാറ്റങ്ങൾ ആവശ്യമാണ്.
മുതിർന്നവരുടെ പരിസ്ഥിതി സൗഹാർദ്ദപ്രവർനത്തങ്ങൾ വളർന്നു വരുന്ന കുട്ടികളിലും നല്ല മാറ്റങ്ങൾക്കു കാരണമാകും. ഓരോ ദിവസവും പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണ്. അതിനാൽ തന്നെ കുട്ടികളിൽ പ്രകൃതി സൗഹാർദ്ദ പ്രവർത്തങ്ങൾ വളർത്തിയെടുക്കേണ്ടതുണ്ട്. “പരിസ്ഥിതിക്ക് മേലുള്ള പ്രതികൂല ആഘാതം കുറയ്ക്കുന്നതിനും ഭൂമിയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തികളോ സംഘടനകളോ എടുക്കുന്ന പ്രവർത്തനങ്ങളെയും തീരുമാനങ്ങളെയും പരിസ്ഥിതി അനുകൂല പെരുമാറ്റം സൂചിപ്പിക്കുന്നു (Pro-environmental Behaviour).
എന്താണ് പരിസ്ഥിതി അനുകൂല പെരുമാറ്റങ്ങൾ?
വൃക്ഷതൈകൾ നട്ടു പരിപാലിക്കുന്നത് മാത്രമല്ല പരിസ്ഥിസൗഹാർദ്ദപരമായി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും പരിസ്ഥിതി അനുകൂല പെരുമാറ്റത്തെ സൂചിപ്പിക്കുന്നു. പരിസ്ഥിതി അനുകൂല പ്രവർത്തനങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
പുനരുപയോഗ സാധ്യതയുള്ള പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കുന്നതും, സൈക്കിൾ യാത്ര, കാൽനട യാത്ര എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതും മാലിന്യങ്ങളെ ശരിയായ രീതിയിൽ നിർമ്മാജ്ജനം ചെയ്യുന്നതും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു കാരണവശാലും കത്തിക്കാതിരിക്കുന്നതും വൈദ്യുതി ആവശ്യമില്ലാതെ പാഴാക്കാതെയിരിക്കുന്നതും പരിസ്ഥിതിക്കിണങ്ങിയ വസ്തുക്കൾ മാത്രം പരമാവധി ഉപയോഗിക്കുന്നതും സസ്യജന്തു ജാലങ്ങളെയും അവരുടെ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുന്നതും പരിസ്ഥിതി അനുകൂല പെരുമാറ്റങ്ങളിൽ ഉൾപ്പെടുന്നു. ഇത്തരം പ്രവർത്തനങ്ങൾ കാഴ്ചവെച്ചുകൊണ്ട് കുട്ടികൾക്ക് നല്ലൊരു മാതൃകയാകുവാൻ മുതിർന്നവർക്കും സാധിക്കും.
ഇത്തരം പെരുമാറ്റങ്ങൾ കുട്ടികളിൽ എങ്ങനെ വളർത്തിയെടുക്കാം?
പരിസ്ഥിതി സംരക്ഷണത്തിൽ ചെറുതല്ലാത്ത മാറ്റങ്ങൾ ഉണ്ടാക്കിയെടുക്കൻ കുട്ടികൾക്ക് തീർച്ചയായും സാധിക്കും.
മുതിർന്നവരുടെ പരിസ്ഥിതി അനുകൂല പ്രവർത്തങ്ങൾ കുട്ടികളെയും പഠിപ്പിക്കാം. ഇതിനായി പരിസ്ഥിതിയെക്കുറിച്ചുള്ള വിദ്യാഭ്യാസം ആവശ്യമാണ്. മൃഗങ്ങൾ, സസ്യങ്ങൾ, മലിനീകരണം, കാലാവസ്ഥ എന്നിവയെക്കുറിച്ച് ലളിതമായ രീതിയിൽ പഠിപ്പിക്കാം.
പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ ഏർപ്പെടാം പ്രകൃതി നടത്തം, മാലിന്യങ്ങൾ ശരിയായ രീതിയിൽ സംരക്ഷിക്കൽ , വൃക്ഷതൈകൾ നടൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാം. ചെറുതാണെങ്കിൽപ്പോലും നമ്മൾ നടത്തുന്ന പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ പരിസ്ഥിസംരക്ഷണത്തിനായി എത്രത്തോളം പ്രയോജനപ്പെടുന്നുവെന്നു കുട്ടികളെ ബോധ്യപ്പെടുത്താം.
പ്രകൃതിയുമായി കുട്ടികളിൽ വൈകാരികമായ അടുപ്പമുണ്ടാക്കാൻ ചെറുകഥകൾ, പാട്ടുകൾ, ചിത്ര രചനകൾ എന്നിവ ഉപയോഗപ്പെടുത്താം. പരിസ്ഥിതിയെ സംരക്ഷക്കുന്നതിനു വേണ്ടിയുള്ള മാനസികാരോഗ്യ ഘടകങ്ങൾ കുട്ടികളിൽ വളർത്തിയെടുത്തു നല്ല രക്ഷിതാവാകാം.
ഇതിനായി എന്തെല്ലാം ചെയ്യാം?
ഇതിനായി കുട്ടികളിൽ പ്രകൃതിയോടുള്ള സഹാനുഭൂതി, ഉത്തരവാദിത്തബോധം, പരിസ്ഥിതിയുമായുള്ള ബന്ധം കൂടാതെ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവ വളർത്തിയെടുക്കാം. കുട്ടികളുടെ പ്രകൃതി സൗഹാർദ്ദ പ്രവർത്തങ്ങളിൽ മുതിർന്നവർക്കും ഒപ്പംച്ചേരാം.
എല്ലാ വർഷവും ജൂൺ 5 ന് ആഘോഷിക്കുന്ന ലോക പരിസ്ഥിതി ദിനം, നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലാണ് എന്നതിൽ തർക്കമില്ല. നാളത്തെ തലമുറക്കായി പ്രകൃതിയെ സംരക്ഷിക്കുന്നതിന് കുട്ടികൾക്ക് പരിസ്ഥിതി അനുകൂലമായ പെരുമാറ്റം പഠിപ്പിക്കുന്നത് ഇന്ന് ഏറെ അത്യാവശ്യമാണ്. ചെറുപ്പം മുതലേ പ്രകൃതിയെ സ്നേഹിക്കാനും പരിപാലിക്കാനും കുട്ടികളെ പഠിപ്പിക്കുമ്പോൾ, പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ തങ്ങളുടെ പങ്കിനെക്കുറിച്ച് ബോധവാന്മാരായ ഉത്തരവാദിത്തമുള്ള പൗരന്മാരായി അവർ വളർന്നു വരാൻ കാരണമാകുന്നു. വിദ്യാഭ്യാസത്തെ രസകരവും പ്രായോഗികവുമായ പ്രവർത്തനങ്ങളുമായി സംയോജിപ്പിക്കുന്നതിലൂടെ ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ നാം ഓരോരുത്തർക്കും തീർച്ചയായും സാധിക്കും. അതിനുള്ള ഒരവസരമാകട്ടെ ഈ പരിസ്ഥിതി ദിനവും.
തയ്യാറാക്കിയത് : ഡോ. ഗിതിൻ. വി. ജി, സൈക്കോളജിസ്റ്റ്, തൃശ്ശൂർ
Content Highlights: relation between mind and environment day
Published: 05 Jun 2025, 02:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented