ന്യൂഡല്‍ഹി: ലോക പരിസ്ഥിതി ദിനത്തില്‍ ഭൂമിയെ സംരക്ഷിക്കാനും ഭൂമി നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും ആഹ്വാനംചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹികമാധ്യമമായ എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പരിസ്ഥിതിദിന സന്ദേശം. 

To advertise here,

"ഈ ലോക പരിസ്ഥിതിദിനത്തില്‍ നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള ആഴത്തിലുള്ള ശ്രമങ്ങള്‍ തുടരുകയും നമ്മള്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുകയും ചെയ്യാം. നമ്മുടെ പരിസ്ഥിതിയെ പച്ചപ്പണിയിക്കാനും കൂടുതൽ മികച്ചതാക്കാനും പരിശ്രമിക്കുന്ന എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു", നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. 

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ഭഗവാന്‍ മഹാവീര്‍ വനസ്ഥലി പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മരത്തൈ നട്ടു. ആരവല്ലി മലനിരകളെ വനവത്കരിക്കുന്നതിന്റെ ഭാഗമായുള്ള ആരവല്ലി ഗ്രീന്‍ വോള്‍ പ്രൊജ്ക്ടിന്റെ ഭാഗം കൂടിയായിരുന്നു മരംനടല്‍. ഡല്‍ഹിയെ പരിസ്ഥിതി സൗഹാര്‍ദമാകുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. 200 ഇലക്ട്രിക് ബസുകളാണ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ പുറത്തിറക്കിയത്. 

പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പൊരുതുക എന്നതാണ് ഇത്തവണത്തെ പരിസ്ഥിതിദിന സന്ദേശം. യുണൈറ്റ്ഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം (യുഎന്‍ഇപി) ആണ് എല്ലാവര്‍ഷവും ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്.