തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറം സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചകൾ, തീരദേശവാസികൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ നേർചിത്രമാണ്. ഏതാനും ദിവസങ്ങളായി ഈ പ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണെന്ന് കേട്ടിരുന്നു. കടൽത്തീരത്തേക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ടെങ്കിലും, പലരും ദുരിതഭൂമി കാണാനും പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകൾ നടക്കുന്ന കൽമണ്ഡപത്തിൻ്റെ തണലിൽ വിശ്രമിക്കാനും എത്തുന്നുണ്ട്. ഈ മണ്ഡപത്തിനു ചുറ്റും ഇപ്പോൾ മത്സ്യബന്ധന വള്ളങ്ങൾ കെട്ടിയിട്ടിരിക്കുകയാണ്.  തീരങ്ങൾ കടലെടുക്കുന്നത് ശംഖുമുഖത്തെ ഒരു സ്ഥിരം പ്രതിഭാസമായി മാറിയിരിക്കുന്നു. സാധാരണഗതിയിൽ മഴക്കാലത്ത് നഷ്ടമാകുന്ന തീരം വർഷകാലം കഴിയുമ്പോൾ തിരികെ ലഭിക്കാറുണ്ടായിരുന്നു. എന്നാൽ, കുറച്ചുവർഷങ്ങളായി ഈ പ്രകൃതി പ്രതിഭാസത്തിൽ മാറ്റം വന്നിരിക്കുന്നു. ഈ നില തുടർന്നാൽ പത്തോ ഇരുപതോ വർഷം കഴിയുമ്പോൾ തിരുവനന്തപുരം വിമാനത്താവളം സീ-പ്ലെയ്നുകൾക്ക് മാത്രം ഇറങ്ങാൻ കഴിയുന്ന അവസ്ഥയിലേക്ക് എത്തുമെന്നത് അതിശയോക്തിയാവില്ല. ബീച്ച് അടച്ചിട്ടിട്ടും പാർക്കിംഗ് ഫീസ് പിരിക്കുന്നവർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടായിരുന്നു.

To advertise here,

കടലാക്രമണം: ഒരു പ്രകൃതി ക്ഷോഭമായി മാറുന്നു

 ഞാനും സുഹൃത്തുക്കളും കുറച്ചുകാലമായി തീരദേശത്തെ മാറ്റങ്ങളെയും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളെയും കുറിച്ച് ദൃശ്യങ്ങൾ പകർത്താറുണ്ട്. അതിനാൽത്തന്നെ ഇവിടുത്തെ മാറ്റങ്ങളും പലപ്പോഴും എൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഞാൻ എത്തിയപ്പോൾ കടൽ കൂടുതൽ പ്രക്ഷുബ്ധമായിരുന്നു. രണ്ടാഴ്ച മുമ്പ് കണ്ടെയ്നർ മാലിന്യങ്ങൾ തീരത്തടിഞ്ഞതിൻ്റെ ചിത്രങ്ങളെടുക്കാൻ വന്നപ്പോൾ റോഡിൽനിന്ന എൻ്റെ ദേഹത്തേക്കും ബാഗിലേക്കും തിരയടിച്ച് വെള്ളം തെറിച്ചത് ഓർമ്മയുള്ളതുകൊണ്ട്, ക്യാമറ നനയാതിരിക്കാൻ ഞാൻ ഏറെ ശ്രദ്ധിച്ചു. ആരോടൊക്കെയോ ദേഷ്യം തീർക്കാനെന്നപോലെ തിരമാലകൾ ശക്തിയായി തീരത്തേക്ക് ആഞ്ഞടിക്കുന്നുണ്ട്. റോഡിൻ്റെ ഭിത്തിയിലിടിച്ച് തിരികെ പോകുമ്പോൾ, നമ്മൾ കടലിന് സമ്മാനിച്ച മാലിന്യങ്ങളെല്ലാം അത് തിരികെ നൽകുന്നു. 

ഈ കാഴ്ചകൾ കൗതുകത്തോടെ കാണുന്നവരിൽ നിന്ന് വ്യത്യസ്തമാണ് ഇവിടെ ജീവിക്കുന്നവരുടെ അവസ്ഥ. കടലെടുത്ത ഒരു വീടിൻ്റെ സമീപത്ത് കടലിലേക്ക് നോക്കിനിൽക്കുന്ന ഒരു വീട്ടമ്മയെയാണ് ഞാൻ ആദ്യം കണ്ടത്. അത് അവരുടെ ഒരു ബന്ധുവിൻ്റെ വീടായിരുന്നു; അവർ അവിടെ നിന്നും താമസം മാറിയിരുന്നു. അവരുടെ സ്വന്തം വീടിൻ്റെ മുറ്റം വരെ കടലെത്തിയിരിക്കുന്നു. ചില വീടുകൾ സാൻഡ് ബാഗുകളുടെ ബലത്തിൽ ഏത് നിമിഷവും കടലെടുക്കാവുന്ന നിലയിലാണ്. കടലിലേക്ക് നിസ്സംഗതയോടെ നോക്കിനിന്നത് ഒരുപക്ഷേ, അങ്ങനെയൊരു വീട്ടിലെ അന്തേവാസിയായിരിക്കാം. താഴെ ചിതറിക്കിടക്കുന്ന പഴയ തീരദേശ സംരക്ഷണ ഭിത്തിയിലെ കല്ലുകളിലേക്ക് കടൽ മാലിന്യങ്ങൾ മുഴുവൻ തിരികെ നിക്ഷേപിച്ചിരിക്കുന്നു.

placeholder
ഫോട്ടോ: ബിജു കാരക്കോണം

കണ്ണാന്തുറയിലെ പ്രക്ഷോഭം

 ശംഖുമുഖത്തുനിന്ന് തീരദേശ റോഡിലൂടെ മുന്നോട്ട് പോയപ്പോൾ കണ്ണാന്തുറ കുരിശടിക്ക് സമീപം റോഡിൽ വള്ളം കുറുകെയിട്ട് തീരദേശവാസികൾ റോഡ് ഉപരോധം ആരംഭിച്ചിരുന്നു. തലേദിവസം കണ്ണാന്തുറ പ്രദേശത്തെ നിരവധി വീടുകളിൽ കടൽ കയറുകയും ചില വീടുകൾ ഭാഗികമായി തകരുകയും ചെയ്തിരുന്നു. പല വീടുകളും ഏതു നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. പ്രദേശവാസികളും മത്സ്യത്തൊഴിലാളി ഫെഡറേഷൻ അംഗങ്ങളും തഹസിൽദാറെ വിളിച്ചെങ്കിലും അദ്ദേഹം ഔട്ട് ഓഫ് സ്റ്റേഷൻ ആയിരുന്നു. ഡിസാസ്റ്റർ മാനേജ്മെൻ്റ് എ.ഡി.എമ്മിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഉടൻ ഒന്നും ചെയ്യാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതിനെത്തുടർന്ന് നാട്ടുകാർ രാത്രി റോഡ് ഉപരോധിച്ചു. പിന്നീട്, എ.ഡി.എം നിയോഗിച്ച ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തുകയും പിറ്റേദിവസം രാവിലെ തന്നെ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. കണ്ണാന്തുറ പള്ളി വികാരിയും ജനപ്രതിനിധികളും നൽകിയ ഉറപ്പിൽ രാത്രി ഉപരോധ സമരം അവസാനിപ്പിച്ചു.

placeholder
കടലോര നിവാസികൾ റോഡ് ഉപരോധിച്ചപ്പോൾ | ഫോട്ടോ: ബിജു കാരക്കോണം

തുടരുന്ന അതിജീവന പോരാട്ടം
 
എന്നാൽ, പിറ്റേദിവസം മൂന്നുമണി ആയിട്ടും അധികാരികൾ ഒരു നടപടിയും സ്വീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് നാട്ടുകാർ വീണ്ടും സംഘടിച്ച് വള്ളം കൊണ്ടുവന്ന് റോഡിലിട്ട് ഉപരോധം പുനരാരംഭിച്ചു. വലിയതുറ പോലീസും വൈദികനും ജനപ്രതിനിധികളും ഇടപെട്ടിട്ടും കോപാകുലരായ തീരദേശവാസികളെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല. ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ വിശാലമായ തീരദേശമുണ്ടായിരുന്ന സ്ഥലമായിരുന്നു ഇത്. ഓഖിയും തുടർന്നുവന്ന വെള്ളപ്പൊക്കങ്ങൾക്കും ശേഷം തീരദേശം ശോഷിച്ചു. പിന്നീട് ഈ പ്രദേശത്താകെ പത്തടിയിൽ കൂടുതൽ ഉയരത്തിൽ കൽഭിത്തികൾ സ്ഥാപിച്ചെങ്കിലും അതെല്ലാം ഇപ്പോൾ കടലെടുത്തു. കൊച്ചുകുട്ടികളും രോഗികളായ വൃദ്ധരുമടങ്ങുന്ന കുടുംബങ്ങൾ ഇന്ന് വലിയ ദുരിതത്തിലാണ്. ജീവൻ കയ്യിൽ പിടിച്ച് കാറ്റും കോളും കാരണം കടൽ രൂക്ഷമാകുന്ന രാത്രികളിൽ ഇവർക്ക് ഉറക്കമില്ലാതെ കഴിയേണ്ടി വരുന്നു.

ക്യാൻസർ രോഗിയായ ലോറൻസിന്റെ വീടും ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. ലക്ഷക്കണക്കിന് രൂപ ബാങ്ക് ലോണെടുത്ത് നിർമ്മിച്ച ചെറിയൊരു വീടാണത്. ഏഴെട്ട് വർഷങ്ങളായി വന്ന് നോക്കിപ്പോകുന്ന അധികാരികളാരും ഇവരുടെ അവസ്ഥ മനസ്സിലാക്കുന്നില്ലെന്നാണ് ഇവിടുത്തെ താമസക്കാരുടെ പരാതി. "ബാങ്ക് ലോണിലുള്ള വീടുകൂടി കടലെടുത്താൽ എൻ്റെ രണ്ട് പെൺമക്കളുമായി ഞാൻ എവിടെ പോകും?" എന്ന് പറയുമ്പോൾ അദ്ദേഹത്തിൻ്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ഒരു മകൾക്ക് രണ്ട് കുട്ടികളുമുണ്ട്.
 
 പ്രധാനമായും ലോറൻസിൻ്റെ വീട് സംരക്ഷിക്കാനാണ് നാട്ടുകാരുടെ ആദ്യ പരിഗണന. അതിനു വേണ്ടിയാണ് വള്ളവുമായി റോഡ് ഉപരോധം വീണ്ടും ആരംഭിച്ചത്. വലിയതുറ പോലീസും പ്രാദേശിക നേതാക്കളും പള്ളി വികാരിയും ഇടപെട്ട് ടൈറ്റാനിയത്തിൽ നിന്ന് കുറച്ച് ലോഡ് മണ്ണ് കൊണ്ടുവന്നു തന്നാൽ നാട്ടുകാർ തന്നെ ബാഗുകളിൽ നിറച്ച് താൽക്കാലിക ഭിത്തി കെട്ടിക്കൊള്ളാമെന്ന് പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ മണ്ണ് എത്തിക്കാമെന്ന് ഉറപ്പ് ലഭിച്ചു. എന്നിട്ടും തലേദിവസത്തെ ഉറപ്പ് പാലിക്കാത്തതിൻ്റെ അനുഭവം ഉള്ളതുകൊണ്ട് മണ്ണുമായി ലോറി വന്നതിനു ശേഷം മാത്രമേ റോഡ് ഉപരോധം അവസാനിപ്പിക്കൂ എന്ന് നാട്ടുകാർ പറഞ്ഞു. അപ്പോഴേക്കും റോഡിൽ സ്കൂൾ കുട്ടികളുമായി വരുന്ന ബസുകൾ ഉൾപ്പെടെ കടന്നുപോകാൻ കഴിയാതെ കിടന്നിരുന്നു. വലിയതുറ എസ്.ഐയുടെ സമചിത്തതയോടെയും സ്നേഹത്തോടെയുമുള്ള പെരുമാറ്റവും പ്രാദേശിക രാഷ്ട്രീയക്കാരുടെയും നിർബന്ധവും വഴി ഉപരോധം താൽക്കാലികമായി അവസാനിപ്പിച്ചു.

placeholder
ഫോട്ടോ: ബിജു കാരക്കോണം

ഒരു ജനതയുടെ കൂട്ടായ ശ്രമം

 ഞാൻ പതിയെ കടപ്പുറത്തെ ഈ വീടുകളെ ചിത്രീകരിക്കാൻ നടന്നു. റോഡിൽ നിന്ന് നൂറോ ഇരുന്നൂറോ മീറ്റർ അകലെയാണ് ഈ കോളനി. അടുത്തടുത്തായി സ്ഥിതിചെയ്യുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വീടുകൾ. കടലിന് അഭിമുഖമായി ഇരിക്കുന്ന വീടുകളുടെ മുറ്റത്തേക്കും ആർത്തിരമ്പി കടൽ കയറി വരുന്നുണ്ടായിരുന്നു. അവിടെയാകെ പണ്ട് കുറച്ചകലെ സ്ഥാപിച്ചിരുന്ന കൽഭിത്തികൾ തകർന്ന് കിടപ്പുണ്ട്. പല വീടുകളുടെയും ചുമരുകൾക്ക് മുന്നിൽ മണൽ നിറച്ച ചാക്കുകൾ അടുക്കി വെച്ചിരിക്കുന്നു. ഓഖിക്കു ശേഷം വന്ന കടൽക്ഷോഭങ്ങളിൽ കടലെടുത്ത വീടുകളുടെ അവശിഷ്ടങ്ങളും അവിടെ കാണാം.
 
ഉപരോധത്തിന് കൊണ്ടുപോയ ലോറൻസിൻ്റെ പഴയൊരു വള്ളം ആളുകൾ കൈവണ്ടിയിൽ തള്ളി കൊണ്ടുവന്ന് തീരത്തേക്ക് ഇറക്കുന്നത് കണ്ടു. അപ്പോഴേക്കും മണ്ണുമായി ഒരു ടിപ്പർ ലോറി വന്നു. ഈ വള്ളം കയറുകെട്ടി തീരത്തേക്ക് ഇറക്കുന്നത് കണ്ടപ്പോൾ ഈ കടൽക്ഷോഭ സമയത്ത് എന്തിനാണ് വള്ളത്തിനെ കടലിലേക്ക് കെട്ടിയിറക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. കുറച്ചുനേരം ഞാൻ അവരുടെ പ്രവർത്തികൾ പകർത്തിക്കൊണ്ടിരുന്നു. ലോറൻസിന്റെ വീടിൻ്റെ തുമ്പത്ത് കുറച്ചു താഴ്ചയിലുള്ള തീരത്താണ് ഈ വള്ളം കെട്ടി വെക്കുന്നത്. അപ്പോഴേക്കും മണ്ണ് നിറയ്ക്കാനുള്ള വലിയ കുറച്ച് ചാക്കുകളുമായി പോലീസിൻ്റെ വാഹനം വന്നു. ഈ വലിയ ചാക്കുകളിലാണ് മണ്ണ് നിറച്ച് കടലിൻ്റെ തീരത്ത് വെക്കാൻ പോകുന്നത്. ആ വള്ളം അവിടെ കെട്ടി നിർത്തിയിരിക്കുന്നത് ഈ ചാക്കുകൾ വെക്കാൻ ഒരു പ്ലാറ്റ്ഫോം ഒരുക്കാനാണെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച വള്ളമാണ് ഇപ്പോൾ കടലിൽ കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലായിരിക്കുന്നത്. പൊളിച്ച് വിറ്റാൽ പോലും പതിനായിരം രൂപയിൽ കൂടുതൽ ലഭിക്കില്ലെന്ന് ഒരാൾ പറഞ്ഞു.

കൊച്ചുകുട്ടികളും മുതിർന്നവരും സ്ത്രീകളും പുരുഷന്മാരും രോഗികളുമടങ്ങുന്ന എല്ലാവരും ഒരുമിച്ച് അവരിലൊരാളുടെ വീടിനെ സംരക്ഷിക്കാനുള്ള ദൗത്യം ആരംഭിക്കുകയാണ് ഇവിടെ. ഇത് പൂർത്തിയാക്കിയിട്ട് വേണം അടുത്തുള്ള മറ്റ് ചില വീടുകൾക്കും സുരക്ഷാ ഭിത്തി നിർമ്മിക്കാൻ. എല്ലാവരും ഒരേ മനസ്സോടെ പലരുടെയും വീടുകളിൽ നിന്ന് കൊണ്ടുവന്ന പാത്രങ്ങളുമായി മണ്ണ് കോരിയെടുത്ത് ചാക്കുകളിൽ നിറയ്ക്കാൻ തുടങ്ങി. അപ്പോഴാണ് വലിയ ചാക്കുകളിൽ മണ്ണ് നിറച്ച് താഴെ വള്ളത്തിലേക്കും അതിൻ്റെ സൈഡിലേക്കും ഈ ചാക്കുകൾ മാറ്റാൻ പ്രയാസമാകുമെന്ന് മനസ്സിലാക്കി ചിലർ വള്ളത്തിൽ ചാക്കുമായി ഇറങ്ങി മണ്ണ് ചട്ടികളിൽ കോരി കൊടുത്ത് സഞ്ചിയിൽ നിറയ്ക്കാൻ തുടങ്ങിയത്. പക്ഷേ, വിചാരിച്ചതുപോലെ അത്ര എളുപ്പമുള്ള ജോലിയായിരുന്നില്ല അത്. ശക്തിയായി ആഞ്ഞടിക്കുന്ന തിരമാലകൾ കെട്ടിവെച്ച വള്ളത്തെ ആട്ടിഉലച്ചുകൊണ്ടിരുന്നു. വള്ളത്തിനു മുകളിൽ നിന്ന് ചാക്കിലേക്ക് മണ്ണ് നിറയ്ക്കൽ പലപ്പോഴും സാഹസികമായിരുന്നു. ശക്തിയായ തിരമാലകൾ വരുന്നത് കണ്ട് നിർദ്ദേശം നൽകാൻ തീരത്ത് നിൽക്കുന്നവർ ശ്രദ്ധിക്കാറുണ്ടെങ്കിലും, പലപ്പോഴും ശക്തമായ തിരമാലകൾ ഇവരുടെ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയുയർത്തി.

placeholder
ഫോട്ടോ: ബിജു കാരക്കോണം


 അതിജീവനത്തിനായുള്ള ഒരു ജനതയുടെ ഈ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞത് അവരുടെ ജീവിതത്തെക്കുറിച്ചുള്ള ഒരു നേർചിത്രമാണ് എനിക്ക് നൽകിയത്. മറ്റൊരു വഴിയിലൂടെ സെൻ്റ് ആൻഡ്രൂസിലേക്ക് പോകാൻ തീരുമാനിച്ച ഞാൻ ഇന്ന് ഇതുവഴി വന്നത് ഒരുപക്ഷേ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ കൂടിയായിരിക്കാം. അരമണിക്കൂർ മുൻപോ അരമണിക്കൂർ ശേഷമോ അതുവഴി പോയിരുന്നെങ്കിൽ ഈ കാര്യങ്ങൾ എൻ്റെ ശ്രദ്ധയിൽ പെടില്ലായിരുന്നു. നാളെയോ മറ്റന്നാളോ അതുവഴി ഒന്നുകൂടി പോകണം, അവരുടെ അധ്വാനത്തിൻ്റെ ഫലം എന്തായി എന്നറിയാൻ.

കടൽ എന്നും നമ്മളെപ്പോലുള്ളവർക്ക് ഒരു കൗതുകവും അത്ഭുതവുമാണ്. അത് കണ്ട് ആസ്വദിച്ചു നിൽക്കാൻ എല്ലാവർക്കും വളരെ ഇഷ്ടവുമാണ്. കാരണം നമ്മളും കടലും തമ്മിൽ വേർപിരിയാനാവാത്ത ഒരു ബന്ധമുണ്ട്; നമ്മുടെ ശരീരത്തിൽ ഭൂരിഭാഗവും ജലമാണ്, അതുപോലെ ഭൂമിയിലെ ഭൂരിഭാഗവും കടലാണ്. ജീവൻ്റെ ഉത്പത്തിയും കടലിൽ നിന്നാണല്ലോ. എന്നാൽ നാം ഒട്ടുമിക്കവരും കാണാത്ത ഒരു ലോകമുണ്ട്. കടലുമായി മല്ലിട്ട് ജീവിക്കുന്ന ഒരു ജനതയുടെ അതിജീവനത്തിൻ്റെ കഥകൾ.

(പ്രകൃതി വന്യജീവി ഫോട്ടോ​ഗ്രാഫറാണ് ലേഖകൻ)