
കാസര്‍കോട് ജില്ലയിലെ ഖനന തലസ്ഥാനമാണോ വെള്ളരിക്കുണ്ട് എന്ന് ചോദിക്കേണ്ട സ്ഥിതിയാണ് നിലവില്‍ ജില്ല നേരിടുന്നത്. അതീവ പരിസ്ഥിതിലോലമായ പാമത്തട്ട് വനാതിര്‍ത്തി മുതല്‍ കച്ചവടകേന്ദ്രമായ കല്ലന്‍ചിറ പരിസരം വരെ കരിങ്കല്‍ഖനന പരിഗണനാപട്ടികയിലുണ്ട്. വെള്ളരിക്കുണ്ട്, പരപ്പ ടൗണുകള്‍ക്കടുത്ത് വടക്കാംകുന്നില്‍ ആറ് ഖനനക്കമ്പനികളാണ് രംഗത്തുള്ളത്. ഒന്ന് നിര്‍മാണം തുടങ്ങി.. ഒന്നിന് പാരിസ്ഥിതിക അനുമതി ലഭിച്ചു.. ബാക്കിയുള്ളവ കാത്തിരിപ്പില്‍.. അണിയറയില്‍ ഇനിയുമുണ്ട്.. ജില്ലയിലെ ഇത്തരം അപകടമേഖലകളെക്കുറിച്ച് ഒരന്വേഷണം... 'മലമുകളിലെ ജലബോംബുകള്‍'.
വെള്ളരിക്കുണ്ട് ബളാലിനടുത്ത് മുത്തപ്പന്‍മലയില്‍ വര്‍ഷങ്ങളായി കരിങ്കല്‍ക്വാറി പ്രവര്‍ത്തിക്കുന്നു. ഇതിനെതിരേ ആദ്യഘട്ടത്തില്‍ പ്രതിഷേധമുണ്ടായിരുന്നു. വേറൊന്നുകൂടി തുടങ്ങാന്‍ നീക്കമുണ്ടായപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇപ്പോള്‍ പ്രവര്‍ത്തനാനുമതിയുള്ളത് ഒരെണ്ണത്തിന്. ഖനനസ്ഥലത്തെ പാറമാലിന്യം മഴക്കാലത്ത് കിണറുകളിലേക്കും മറ്റും ഒലിച്ചിറങ്ങുന്നുവെന്ന് മുന്‍പ് പരാതിയുണ്ടായി. പാറഖനനം ചെയ്‌തെടുത്തിടത്ത് വലിയ അളവില്‍ വെള്ളം കെട്ടിനില്‍ക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഇത് ദുരന്തത്തിന് കാരണമാകുമെന്നഭീതിയാണ് താഴ്വാരത്തുള്ളവര്‍ക്ക്. ബളാല്‍, കല്ലന്‍ചിറ, വെള്ളരിക്കുണ്ട് ടൗണുകളിലുള്ളവരിലും ഈ ആശങ്കയുണ്ട്.
വെള്ളരിക്കുണ്ട് താലൂക്ക് ഖനനകേന്ദ്രം
ജില്ലയില്‍ കരിങ്കല്‍ക്വാറികള്‍ ഏറ്റവും കൂടുതലുള്ള മലയോര താലൂക്കാണ് വെള്ളരിക്കുണ്ട്. ഒന്‍പതെണ്ണത്തിന് പ്രവര്‍ത്തനാനുമതിയുണ്ട്. അഞ്ചെണ്ണത്തിന് പാരിസ്ഥിതികാനുമതിക്കുള്ള കടലാസുകള്‍ നീങ്ങുന്നു. മഴക്കാലത്ത് പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നവ മഴ കുറയുന്നതോടെ പുനരാരംഭിക്കാറാണ് പതിവ്. വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ വിശദമായ പരിസ്ഥിതിയാഘാതപഠനം വേണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ക്വാറികള്‍ക്കെതിരേ പരിസരവാസികള്‍ക്കൊപ്പം മറ്റുള്ളവരും പ്രതിഷേധവുമായി രംഗത്തിറങ്ങി.
Read more at: മലമുകളിലെ ജലബോംബുകള്‍; 40 വര്‍ഷം, 11 ക്വാറികള്‍.. ഭീതി വിട്ടൊഴിയാതെ മരുതളം ....
മുന്‍പ് ക്വാറികള്‍ പ്രവര്‍ത്തിച്ചുവന്ന ഇടങ്ങളിലെ വെള്ളക്കെട്ട് മലയിടിച്ചിലിന് കാരണമാകുമെന്ന മുന്നറിയിപ്പുണ്ട്. ബളാല്‍ മുത്തപ്പന്‍മല, പരപ്പ മുണ്ടത്തടം, തുള്ളന്‍കല്ല്, കോളിയാര്‍, കടുമേനി, ചീര്‍ക്കയം, ചട്ടമല, കള്ളാര്‍ എന്നിവിടങ്ങളിലാണ് അനുമതിയുള്ള ക്വാറികള്‍. പാമത്തട്ട്, കാരാട്ട്, ഭീമനടി, കള്ളാര്‍ എന്നിവിടങ്ങളിലേത് പാരിസ്ഥിതികാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. ഏറാന്‍ ചീറ്റയില്‍ ഒരു ക്വാറിക്ക് പരിസ്ഥിതി അനുമതി ലഭിച്ചിട്ടുണ്ട്. കല്ലന്‍ചിറയ്ക്കടുത്ത് ക്വാറിക്കുള്ള നീക്കം തുടങ്ങിയതായും നാട്ടുകാര്‍ പരാതിപ്പെടുന്നു.
വടക്കാംകുന്നിനെ വലയം ചെയ്യാന്‍ ആറ് ഖനനക്കമ്പനികള്‍; ഭീഷണി 2000 കുടുംബങ്ങള്‍ക്ക്
ജനവാസകേന്ദ്രങ്ങള്‍ക്ക് മുകളില്‍ അപകടഭീഷണിയായി ഭീമമായ അളവില്‍ മണ്ണ് കൂമ്പാരമിട്ടിരിക്കുന്നു. നീരുറവകള്‍ വഴിതെറ്റി ഒഴുകുന്നു. കുടിവെള്ളം മലിനമാകുന്നു. വനത്തില്‍നിന്ന് മൃഗങ്ങള്‍ കൃഷിയിടത്തിലിറങ്ങുന്നു - ഒരു കരിങ്കല്‍ക്വാറിക്കുള്ള പ്രാരംഭജോലി തുടങ്ങിയപ്പോള്‍തന്നെ കിനാനൂര്‍കരിന്തളം വടക്കാംകുന്നില്‍നിന്ന് ഉയരുന്ന പരാതികളാണിവ. പ്രവര്‍ത്തനാനുമതി കിട്ടിയ ഒന്നല്ല, ഇത്തരം അഞ്ചെണ്ണത്തിന് കൂടിയുള്ള ശ്രമങ്ങള്‍ നടക്കുകയാണ് ഈ മലയിലെ 200 ഏക്കറില്‍. പലവിധത്തില്‍ രണ്ടായിരത്തോളം കുടുംബങ്ങളെ ഇത് ബാധിക്കുമെന്ന് സമരസമിതി പറയുന്നു.
സമരം 590 ദിവസം പിന്നിട്ടു
മലമുകളില്‍ ക്വാറി വരുന്നത് പ്രതിരോധിക്കാന്‍ താഴ്വാരത്ത് സമരം തുടങ്ങിയിട്ട് 590 ദിവസം പിന്നിട്ടു. ഖനനത്തിനുള്ള നീക്കം തുടങ്ങിയ 2018-ലാണ് സമരവും തുടങ്ങിയത്. താലൂക്ക് ഓഫീസ് മാര്‍ച്ച്, പഞ്ചായത്ത് ഓഫീസ് മാര്‍ച്ച്, മലസംരക്ഷണ ചങ്ങല, സത്യാഗ്രഹ-നിരാഹാര സമരങ്ങള്‍. കോവിഡുകാലത്ത് വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍... ഇന്നും സമരം തുടരുകയാണ്. ഓരോദിവസവും ആളുകള്‍ സമരപ്പന്തലില്‍ ഒത്തുചേരുന്നു.

വയനാട്ടിലെ ദുരന്തം നാട്ടുകാരുടെ ഭീതിയും പ്രതിഷേധവും കൂട്ടിയിട്ടുണ്ട്. സമരത്തിന് പങ്കാളിത്തമേറുമ്പോഴും പ്രശ്‌നപരിഹാരം നീളുന്നു. ഖനനക്കമ്പനികള്‍ വഴിവിട്ടരീതിയില്‍ രേഖകള്‍ സമ്പാദിക്കുകയും അതിന് ഒരുവിഭാഗം അധികാരികള്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നുവെന്ന് പരാതിയുണ്ട്. നിയമം ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ നടക്കുന്നുവെന്ന പരാതിയില്‍ കളക്ടറുടെ നിര്‍ദേശപ്രകാരം ആര്‍.ഡി.ഒ. ഖനനസ്ഥലത്തേക്കുള്ള റോഡിന്റെയുള്‍പ്പെടെ നിര്‍മാണം താത്കാലികമായി തടഞ്ഞിട്ടുണ്ട്. ക്വാറികള്‍ വരുന്നത് തോടംചാല്‍, നെല്ലിയര, കൂളിപ്പാറ, പുലിയംകുളം, വെള്ളരിക്കുണ്ട്, കല്ലംചിറ, പരപ്പ, കാരാട്ട്, കനകപ്പള്ളി മേഖലയിലെ പരിസ്ഥിതിയെ സാരമായി ബാധിക്കുമെന്ന് സമരസമിതി പറയുന്നു.
ഇനിയൊരു ക്വാറിവേണ്ടെന്ന് വികസനസമിതി
പാരിസ്ഥിതിക പ്രത്യേകതകള്‍ കണക്കിലെടുക്കാതെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് ജനജീവിതത്തിന് ഭീഷണിയുയര്‍ത്തുന്നതായി താലൂക്ക് വികസനസമിതി. നിയന്ത്രണം വേണമെന്നും പുതിയതിന് അനുമതി നല്‍കരുതെന്നും ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു.
പാമത്തട്ട് ക്വാറിക്ക് പാരിസ്ഥിതികാനുമതി നല്‍കരുതെന്ന് വിദഗ്ധസമിതി
കൊന്നക്കാട് കോട്ടഞ്ചേരി വനാതിര്‍ത്തിയിലെ പാമത്തട്ട് മലയില്‍ കരിങ്കല്‍ക്വാറിക്ക് പാരിസ്ഥിതികാനുമതി നല്‍കരുതെന്ന് വിദഗ്ധസമിതി. സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി നിയോഗിച്ച സമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തലക്കാവേരി വന്യജീവിസങ്കേതത്തിന്റെ സാമീപ്യം, മലയിടിച്ചില്‍സാധ്യത, നീര്‍ച്ചാലുകളുടെ നാശം, ജനകീയ പ്രതിഷേധങ്ങള്‍, കോടതിക്ക് മുന്‍പിലുള്ള രണ്ടു കേസുകള്‍, സ്‌ഫോടനത്തിന് അനുമതിപത്രം കളക്ടര്‍ പലതവണ നിഷേധിച്ചത് തുടങ്ങിയവയാണ് പരിഗണിച്ചത്.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ഡി.എഫ്.ഒ.യുടെയും ഭൂജല, ജിയോളജി ഓഫീസുകളുടെയും റിപ്പോര്‍ട്ടുകളും തീരുമാനത്തിലേക്ക് നയിച്ചു. വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു. പാമത്തട്ടില്‍ ക്വാറി തുടങ്ങാനുള്ള നീക്കം ഏറെ സമരങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും കാരണമായിരുന്നു. പാരിസ്ഥിതികാനുമതി നല്‍കാതിരിക്കാന്‍ 19 കാരണങ്ങള്‍ സമിതി അക്കമിട്ട് നിരത്തുന്നുണ്ട്.
മൂന്നുസെന്റിലെ വീട്ടില്‍ ജീവന്‍ പണയംവെച്ച്

പരപ്പ മുണ്ടത്തടം ക്വാറിക്ക് 200 മീറ്റര്‍ താഴെയാണ് രാരീരം വീട്ടില്‍ വിജയന്റെ വീട്. മൂന്നുസെന്റില്‍ അഞ്ച് വര്‍ഷം മുന്‍പാണ് വീട് നിര്‍മിച്ചത്. ക്വാറിയിലെ സ്‌ഫോടനത്തില്‍ ഭിത്തിയെല്ലാം വീണ്ടുകീറി. വീടിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും തിട്ട ഇടിഞ്ഞു. കോണ്‍ക്രീറ്റ് വീട്ടില്‍ വെള്ളം കിനിഞ്ഞിറങ്ങുന്നു. അടിത്തറയും നിലവും ഉള്‍പ്പെടെ വിണ്ടുകീറി. കളക്ടര്‍ക്കും പഞ്ചായത്തിലുമുള്‍പ്പെടെ പരാതി നല്‍കി. അധികാരികളെത്തി. മാറിത്താമസിക്കണമെന്ന് നിര്‍ദേശിച്ചു.
വേറെ സൗകര്യം തന്നാല്‍ മാറാമെന്ന് വിജയനും ഭാര്യ നാരായണിയും പറഞ്ഞു. 'മൂന്ന് സെന്റ് മാത്രമുള്ള ഞാന്‍ എവിടേക്ക് മാറാന്‍. ജീവന്‍പണയംവെച്ച് ഇവിടത്തന്നെ കഴിയുന്നു'- ഇവര്‍ പറയുന്നു. കുറച്ച് മാസങ്ങളായി ക്വാറി പ്രവര്‍ത്തിക്കുന്നില്ലെങ്കിലും വര്‍ഷങ്ങളായി തുടര്‍ന്ന സ്‌ഫോടനത്തിന്റെ ആഘാതം താങ്ങുകയാണ് ഇവിടെയുള്ള പട്ടികവര്‍ഗകുടുംബങ്ങള്‍. ചീര്‍ക്കയത്തും പരസരങ്ങളിലും നിരവധിവീടുകള്‍ക്ക് സ്‌ഫോടനത്തില്‍ വിള്ളല്‍ വീണിരുന്നു.
Content Highlights: querries filled with rain water in kasaragod
Published: 07 Aug 2024, 03:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented