ഇന്ന് ഓസോൺ ദിനം. സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽനിന്ന് ഭൂമിയെ സംരക്ഷിക്കുന്ന കവചമായ ഓസോണിനെക്കുറിച്ച് കൂടുതലറിയാം.

To advertise here,

ജീവജാലങ്ങളുടെ നിലനിൽപ്പിനുതന്നെ ആധാരമാണ് ഈ സംരക്ഷണക്കുട. എന്നാൽ, ഓസോൺപാളിയിൽ പല കാരണങ്ങൾകൊണ്ട് വിള്ളൽ വീണുകൊണ്ടിരിക്കുന്നു. ആ വിള്ളലുകളിൽക്കൂടി അൾട്രാവയലറ്റ് കിരണങ്ങൾ ഭൂമിയിലേക്കെത്തുന്നു.

എങ്ങനെയാണ് ഓസോൺപാളിയിൽ വിള്ളലുകൾ വീഴുന്നത്? മനുഷ്യർ ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കളാണ് ഓസോൺപാളിയെ നശിപ്പിക്കുന്നത്. ഈ വസ്തുത മുൻനിർത്തി, ഓസോൺസംരക്ഷണത്തിന്റെ പ്രാധാന്യം ഏവരിലേക്കുമെത്തിക്കാൻ, ഐക്യരാഷ്ട്രസംഘടന തിരഞ്ഞെടുത്ത ദിനമാണ് സെപ്റ്റംബർ 16.

ഓസോൺ പാളിയിലെ വിള്ളൽ
1974-ൽ രസതന്ത്രജ്ഞരായ മരിയോ മോളീന, ഫ്രാങ്ക് ഷേർവുഡ് റോളാങ്ക് എന്നിവർ 'നെയ്ചർ' മാസികയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ്, ക്ലോറോഫ്ലൂറോകാർബൺ അന്തരീക്ഷത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് വിശദീകരിച്ചത്. ഓസോൺപാളിയെ അവ ബാധിക്കുന്നുണ്ടെന്ന് അവർ സൂചന നൽകി. 1995-ൽ ആ കണ്ടുപിടിത്തത്തിന് അവർക്ക് രസതന്ത്രത്തിൽ നൊബേൽസമ്മാനം ലഭിച്ചു. 1985-ൽ ശാസ്ത്രജ്ഞരായ ജോ ഫാർമൻ, ബ്രയാൻ ഗാർഡിനർ, ജോനാഥൻ ഷാങ്ക്‌ലിൻ എന്നിവർ അന്റാർട്ടിക്കയുടെ ഭാഗത്ത് ഓസോൺ പാളിയിൽ വിള്ളൽ കണ്ടെത്തുകയും സ്ഥിരീകരിക്കുകയും ചെയ്തു. 1987-ലെ മോണ്ട്രിയൽ പ്രോട്ടക്കോൾ എന്ന അന്താരാഷ്ട്ര ഉടമ്പടിയിൽ ഓസോണിനെ നശിപ്പിക്കുന്ന വസ്തുക്കളുടെ ഉപയോഗം കുറയ്ക്കാനുള്ള തീരുമാനമുണ്ടായി.

തണുപ്പുള്ള ഭൂമിക്കായി
ഈ വർഷത്തെ (2026) ഓസോൺദിനത്തിന്റെ മുദ്രാവാക്യം 'കൂടുതൽ തണുപ്പുള്ള ഒരു ഭൂമിക്കായി ആഗോളതലത്തിലുള്ള പ്രവർത്തനം - മോണ്ട്രിയൽ പ്രോട്ടക്കോളിന്റെ കീഴിലുള്ള കിഗാലി ഭേദഗതി (Kigali) പ്രകാരമുള്ള, സുസ്ഥിരമായ ശീതീകരണപ്രവർത്തനങ്ങളുടെ പത്താംവാർഷികം' എന്നതാണ്. മോണ്ട്രിയൽ പ്രോട്ടക്കോളിനുശേഷം ഓസോൺ നശിപ്പിക്കുന്ന രാസവസ്തുക്കളുടെ ഏതാണ്ട് 99 ശതമാനത്തിന്റെയും ഉപയോഗം കുറയ്ക്കാൻ ലോകത്തിന് കഴിഞ്ഞു. അതിനാൽ, മോണ്ട്രിയൽ പ്രോട്ടക്കോൾ ലോകത്ത് നടന്നിട്ടുള്ള ഏറ്റവും വിജയകരമായ അന്താരാഷ്ട്ര ഉടമ്പടിയായി കണക്കാക്കപ്പെടുന്നു. മോണ്ട്രിയൽ പ്രോട്ടക്കോളിന്റെ ഭേദഗതിയായ കിഗാലി ഭേദഗതി 2016-ൽ നിലവിൽവന്നു. അതിന്റെ പത്താംവാർഷികം എന്നനിലയിലാണ് ഈ വർഷം ഇങ്ങനെയൊരു തീം ആവിഷ്‌കരിച്ചിരിക്കുന്നത്.

എന്താണ് ഓസോൺ?
ഓക്‌സിജന്റെ രണ്ട് ആറ്റങ്ങൾ ചേർന്ന് 'O2' എന്ന തന്മാത്രയായാണ് അത് അന്തരീക്ഷത്തിൽ കാണപ്പെടുന്നതെന്ന് നമുക്കറിയാമല്ലോ. അന്തരീക്ഷത്തിൽ ഓസോൺ ഉണ്ടാകുന്നത് രണ്ടു ഘട്ടങ്ങളായിട്ടാണ്. സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ അന്തരീക്ഷത്തിലെ 'O2' തന്മാത്രയെ രണ്ട് ഓക്സിജൻ ആറ്റങ്ങളാക്കി മാറ്റുന്നു. ഇങ്ങനെ വേർതിരിഞ്ഞ ഓക്‌സിജൻ ആറ്റങ്ങൾ മറ്റൊരു 'O2'വുമായി പ്രവർത്തിച്ച് 'O3' (ഓസോൺ) ആയി മാറുന്നു. അങ്ങനെയാണ് ഓസോൺ ഉണ്ടാകുന്നത്.

അന്തരീക്ഷത്തെ സാധാരണമായി അഞ്ചുനിരകളായാണ് തരംതിരിച്ചിരിക്കുന്നത്. ഭൂമിയോട് ഏറ്റവുമടുത്ത് ട്രോപ്പോസ്ഫിയർ (15 കി.മീ. വരെ), രണ്ടാമത്തേത് സ്ട്രാറ്റോസ്ഫിയർ (50 കി.മീ. വരെ), മൂന്നാമത്തേത് മീസോസ്ഫിയർ (85 കി.മീ. വരെ), നാലാമത്തേത് തെർമോസ്ഫിയർ, അഞ്ചാമത്തേത് എക്‌സോസ്ഫിയർ. ഇതിൽ രണ്ടാമത്തെ നിരയായ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോൺ പാളി കാണപ്പെടുന്നത്.