നമ്മള്‍, ഹോമോ സാപിയന്‍സ് പണ്ട് മറ്റൊരു സ്പീഷീസായ നിയാന്‍ഡര്‍ത്താല്‍ മനുഷ്യരുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. സാധാരണ ഒരു സ്പീഷീസ് മറ്റൊരു സ്പീഷീസുമായി ബാന്ധവത്തില്‍ ഏര്‍പ്പെടാറില്ല. പരിണാമത്തിന്റെ നിയമങ്ങളില്‍ ഒന്നാണത്. 40,000 വര്‍ഷംമുന്‍പ് ഒന്നടങ്കം ഇല്ലാതായവരാണ് യൂറോപ്പിലും മിഡില്‍ ഈസ്റ്റിലും വസിച്ചിരുന്ന ഈ നിയാന്‍ഡര്‍ത്താലുകള്‍. നമ്മള്‍ ഹോമോ സാപിയന്‍സ് ആണെങ്കില്‍ അവര്‍ ഹോമോ നിയാന്‍ഡര്‍ത്താലെന്‍സിസ് ആണ്. ഫോസിലുകളില്‍നിന്നുകിട്ടിയ ഡി.എന്‍.എ. പരിശോധനകളിലാണ് നമ്മുടെ ഈ അവിഹിതവേഴ്ചകളെപ്പറ്റി വിശദമായ വിവരങ്ങള്‍ കിട്ടിയത്.

To advertise here,

നേരത്തേതന്നെ നമ്മുടെ ആകപ്പാടെയുള്ള ഡി.എന്‍.എ.യില്‍ ഒന്നുമുതല്‍ മൂന്നുവരെ ശതമാനം ഡി. എന്‍.എ. അവരുടേതാണെന്ന് തെളിഞ്ഞിരുന്നു. ഇത് ആഫ്രിക്കയിലുള്ള മനുഷ്യരില്‍ താരതമ്യേന കാണാനില്ല. പണ്ട് രണ്ടുലക്ഷം വര്‍ഷംമുന്‍പ് മനുഷ്യര്‍ ആധുനികരായി പരിണമിച്ചുവന്നപ്പോള്‍ സഹാറാ മരുഭൂമിവഴി മിഡില്‍ ഈസ്റ്റില്‍ എത്തിച്ചേരുകയും അവിടെ മനുഷ്യസമാനരായ ഒരു വര്‍ഗത്തെ അഭിമുഖീകരിക്കുകയും ചെയ്തു. ജര്‍മനിയിലെ നിയാന്‍ഡര്‍ താഴ്വരയില്‍നിന്ന് ഫോസില്‍ ലഭിച്ചതിനാല്‍ 'നിയാന്‍ഡര്‍ത്താല്‍' എന്ന് ഇവര്‍ക്ക് പേരു കിട്ടി. ഇവരുടെ ജനിതകസ്വഭാവം നമ്മളുടേതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്.

യൂറോപ്പിലും തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലും മധ്യേഷ്യയിലും ഇവര്‍ വിഹരിച്ചിരുന്നു. ചാഞ്ഞ നെറ്റിയും തടിച്ചുയര്‍ന്ന പുരികവുമുള്ള, പൊക്കം കുറഞ്ഞവരായിരുന്നു ഇവര്‍. എങ്കിലും നല്ല വെളുത്തനിറവും ചെമ്പന്‍മുടിയുമുള്ള ഇവരുമായി കറുത്തനിറമുള്ള, ആഫ്രിക്കയില്‍നിന്നെത്തിയ പ്രാകൃതസ്വരൂപമനുഷ്യര്‍ ബാന്ധവത്തില്‍ ഏര്‍പ്പെടാന്‍ താത്പര്യം കാണിക്കുകയാണുണ്ടായത്. ഉയര്‍ന്ന് വിടര്‍ന്ന മൂക്ക് ഇവരുടെ പ്രത്യേകതയായിരുന്നു, നിയാന്‍ഡര്‍ത്താല്‍ സുന്ദരികളുമായി നമ്മള്‍ വേഴ്ചയിലേര്‍പ്പെടാന്‍ കാരണം വേറെവേണ്ടാ. നമ്മുടെ ജീനുകള്‍ പലതും അവര്‍ക്ക് പകര്‍ന്നുകൊടുത്തു, അവരുടെ ജീനുകള്‍ നമ്മളും ഇതോടെ സ്വായത്തമാക്കി.

ഇറ്റലിയിലെ റ്റസ്‌കനി എന്ന സ്ഥലത്തെ ആളുകളിലാണ് ഇപ്പോഴും ഏറ്റവും കൂടുതല്‍ നിയാന്‍ഡര്‍ത്താല്‍ ഡി.എന്‍.എ. കാണപ്പെടുന്നത്, അവിടെവെച്ചായിരിക്കും ഏറ്റവും കൂടുതല്‍ വേഴ്ചനടന്നത്. നമ്മള്‍, ഇന്ത്യക്കാരിലും ചെറിയശതമാനം (മൂന്നുശതമാനം) നിയാന്‍ഡര്‍ത്താല്‍ ഡി.എന്‍.എ. കാണപ്പെടുന്നുണ്ട്. രണ്ടരലക്ഷം വര്‍ഷംമുന്‍പ് തുടങ്ങിയ ഈ കൊടുക്കല്‍വാങ്ങല്‍ ആധുനികമനുഷ്യകുലത്തിന്റെയും നിയാന്‍ഡര്‍ത്താല്‍ മനുഷ്യരുടെയും ജനിതകത്തെയും ബയോളജിയെയും മൊത്തമായി ബാധിച്ചിട്ടുണ്ട്.

അവിഹിതവേഴ്ച പലതവണ

രണ്ടുലക്ഷം വര്‍ഷംമുന്‍പ്, മനുഷ്യര്‍ (ഹോമോ സാപിയന്‍സ്) പരിണമിച്ചുവന്നപ്പോഴേ തുടങ്ങി നിയാന്‍ഡര്‍ത്താലുമായുള്ള വേഴ്ച. ആധുനിക ഡി.എന്‍.എ. വിശ്ലേഷണം ഇതാണ് തെളിയിക്കുന്നത്. ആഫ്രിക്കയില്‍നിന്ന് സഹാറാ മരുഭൂമികടന്ന് മിഡില്‍ ഈസ്റ്റില്‍ എത്തിയവരാണിവര്‍. സാപിയന്‍സ് ആഫ്രിക്കയില്‍നിന്ന് പുറത്തുകടന്നത് ഇത്രയും നേരത്തേതന്നെയാണെന്ന് തെളിഞ്ഞത് ഈയിടെയാണ്.  പിന്നീട് ഏകദേശം 1,10,000 വര്‍ഷംമുന്‍പ് നിയാന്‍ഡര്‍ത്താലുകളുമായി ബന്ധപ്പെട്ട നമ്മള്‍, ഡി.എന്‍.എ. കലര്‍പ്പുകള്‍ക്ക് വഴിവെച്ചു. അതിനുശേഷം 45,000 മുതല്‍ 60,000 കൊല്ലംമുന്‍പ് മൂന്നാമതും നിയാന്‍ഡര്‍ത്താലുകളില്‍ ആകൃഷ്ടരായി നിര്‍ബാധം ബാന്ധവത്തില്‍ ഏര്‍പ്പെട്ടു.

ആദ്യത്തേതും (രണ്ടുലക്ഷം കൊല്ലംമുന്‍പുള്ളത്) രണ്ടാമത്തേതും (1,10,000 കൊല്ലംമുന്‍പുള്ളത്) ബാന്ധവങ്ങളില്‍ നമ്മളിലെ പല ജനിതകാംശങ്ങളും കൂടുതലായും നിയാന്‍ഡര്‍ത്താല്‍ മനുഷ്യര്‍ ഏറ്റുവാങ്ങുകയായിരുന്നു. അവസാനത്തെ ബന്ധത്തില്‍ (നാല്‍പത്തയ്യായിരം കൊല്ലംമുന്‍പുള്ളത്) നമ്മള്‍ ചില ജീനുകള്‍ സ്വാംശീകരിക്കുകയാണുണ്ടായത്. പിന്നീട്, 40,000 വര്‍ഷംമുന്‍പ് എന്നേക്കുമായി ഈ നിയാന്‍ഡര്‍ത്താല്‍ മനുഷ്യര്‍ ഭൂലോകത്തുനിന്നു മറഞ്ഞു, അവരുടെ തിരുശേഷിപ്പുകളായ ഡി.എന്‍.എ. കഷണങ്ങള്‍ നമ്മളില്‍ ഏല്‍പ്പിച്ചുകൊണ്ട്.

നമുക്കുകിട്ടിയ ജീനുകള്‍

നിയാന്‍ഡര്‍ത്താല്‍ മനുഷ്യരില്‍നിന്ന് നമുക്കും കിട്ടിയിട്ടുണ്ട് ജനിതകാംശങ്ങള്‍. യൂറോപ്പിലും  ഏഷ്യയിലും കണ്ടുവരുന്ന പല  അസുഖങ്ങള്‍ക്കെതിരേ പ്രതിരോധിക്കുന്ന ഇമ്യൂണ്‍ ജീനുകള്‍ ഉദാരമായി നിയാന്‍ഡര്‍ത്താലുകള്‍ സമ്മാനിച്ചവയാണ്. പൊതുവേ നമ്മുടെ പ്രതിരോധശക്തി കൂട്ടാന്‍ ഈ അവിഹിതബാന്ധവങ്ങള്‍ വഴിവെച്ചു എന്നതാണ് സത്യം. പക്ഷേ, പ്രമേഹം വരുന്നതിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന ജീനുകളും കോവിഡ് പോലത്തെ വൈറസ് ബാധയേല്‍ക്കുമ്പോള്‍ രോഗം മൂര്‍ച്ഛിക്കുന്നതിന്റെ കാരണക്കാരായ ചില ജീനുകളും അവരില്‍നിന്ന് കിട്ടിയിട്ടുണ്ട്. നമുക്കും വിടര്‍ന്ന മൂക്കും സ്വല്‍പം വെളുത്തനിറവും ചെമ്പന്‍മുടിയും ലഭിച്ചു.

പക്ഷേ, വേദന അധികം സഹിക്കാന്‍ വയ്യായ്ക, ചഞ്ചലമായ മാനസികാവസ്ഥ, ഇവയൊക്കെയുംകൂടി കിട്ടി. കുടല്‍ ചുരുങ്ങുന്ന ക്രോണ്‍സ് അസുഖം (Crohn’s Disease), ലൂപസ് എന്ന അസുഖം ഇവയൊക്കെ വന്നുകൂടാനുള്ള സാധ്യതയുളവാക്കുന്ന ജീനുകളും നമ്മില്‍ വന്നുചേര്‍ന്നു. എന്നാല്‍, കൂടുതല്‍ ഗര്‍ഭധാരണസാധ്യത, ഗര്‍ഭം അലസിപ്പോകലിന്റെ തോത് കുറവ്, എളുപ്പം രക്തം കട്ടപിടിക്കുന്ന കഴിവ് ഒക്കെ അവര്‍ നമുക്ക് നല്‍കിയ സൗഭാഗ്യങ്ങളാണ്. ഏകദേശം 50,000 വര്‍ഷംമുന്‍പായിരുന്നു അവസാനത്തെ നിയാന്‍ഡര്‍ത്താല്‍ വേഴ്ച, നമ്മളില്‍ ഏറ്റവും കൂടുതല്‍ അവരുടെ ജനിതകം ഉള്‍ച്ചെലുത്തിയ വേള.

നിയാന്‍ഡര്‍ത്താലുകള്‍ നമ്മളില്‍നിന്ന് എന്തുനേടി

നിയാന്‍ഡര്‍ത്താലുകളുടെ ഡി.എന്‍.എ.യില്‍ പത്തുശതമാനം നമ്മള്‍, സാപിയന്‍സ് സ്പീഷീസിന്റേതാണ്. തലച്ചോര്‍ വികാസത്തിനെ സഹായിക്കുന്ന ജീനുകള്‍ നമ്മള്‍ സദയം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. പക്ഷേ, ചില ജീനുകള്‍ അവര്‍ക്ക് പ്രതികൂലമായി എന്നതും സത്യമാണ്. തലച്ചോറിനെ ബാധിക്കുന്ന ചില ജീനുകള്‍ നല്‍കിയപ്പോള്‍ ഒരുകാര്യം നമ്മള്‍ അറിഞ്ഞില്ല. അവയ്ക്ക് മ്യൂട്ടേഷന്‍ (ഡി.എന്‍.എ.യില്‍ ചെറിയ മാറ്റങ്ങള്‍) സംഭവിച്ചാല്‍ കുഴപ്പക്കാരാകുന്നു എന്നതാണത്. ബുദ്ധിപരമായ പ്രശ്‌നങ്ങള്‍ ഉളവാക്കുന്നവയാണ് ചിലവ. തലച്ചോറില്‍ മറ്റുപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ജീനുകളും ഇതില്‍പ്പെടും.

ഓട്ടിസത്തിന് കാരണമാകുന്ന ചില ജീനുകളും നമ്മള്‍ അവരില്‍ പകര്‍ന്നു. ഈ മോശം ജീനുകള്‍  നിലനിന്നു എന്നതിന്റെ കാരണം അവയെ ഒഴിവാക്കാന്‍ പ്രാപ്തിനല്‍കുന്ന വലിയ സമൂഹമല്ലായിരുന്നു നിയാന്‍ഡര്‍ത്താലിന്റേത് എന്നതാണ്. ഒരുപാടുപേരുള്ള സമൂഹത്തില്‍ മോശം ജീനുകളുമായി പിറക്കുന്നവര്‍ കുട്ടികളില്ലാത്തവരാകുകയോ മരിച്ചുപോകുകയോ ആണ് സാധാരണ. കുറെക്കാലംകൊണ്ട് ഈ ജീനുകള്‍ അപ്രത്യക്ഷമാകും. നമ്മള്‍ സാപിയന്‍സ് അംഗസംഖ്യ കൂടുതലുള്ളവരായതിനാല്‍ ഇത്തരം ഹത്യാപരമായ ജീനുകള്‍ ഒഴിവായിക്കിട്ടി.

നിയാന്‍ഡര്‍ത്താലുകള്‍ക്ക് യൂറോപ്പിന്റെ വടക്കന്‍ഭാഗത്തെ തണുപ്പ് അതിജീവിക്കാനും സാധിച്ചിരിക്കില്ല. അവരുടെ സമൂഹം വളരെ ശോഷിച്ചതായി. നമ്മള്‍ ഹോമോ സാപിയന്‍സ് നല്‍കിയ ജീനുകളൊന്നും ഇക്കാരണംകൊണ്ട് അവരെ രക്ഷപ്പെടുത്തിയില്ല. ഒരു ജീന്‍ ഒരു സമൂഹത്തില്‍ നിലനില്‍ക്കണമെങ്കില്‍ വളരെയധികം വേഴ്ചയിലൂടെ, പലതലമുറകളില്‍ക്കൂടി അത് പടര്‍ന്നുപകരാന്‍ സാഹചര്യം ഭവിക്കേണ്ടതാണ്. സമൂഹത്തിലെ അംഗസംഖ്യ ഗണ്യമായിക്കുറഞ്ഞ് ഏകദേശം 40,000 വര്‍ഷങ്ങള്‍ക്കുമുന്‍പ് അവര്‍ എന്നേക്കുമായി അപ്രത്യക്ഷരായി.

ജനിതകപരമായി ദാനശീലരായിരുന്നു അവര്‍ എന്നത് ശ്രദ്ധേയമാണ്. പുതിയ ഡി.എന്‍.എ. പഠനങ്ങളാണ് ഈ വിശദതെളിവുകള്‍ വിദിതമാക്കിയത്. നിയാന്‍ഡര്‍ത്താലുകളെ നമ്മള്‍ വകവരുത്തിയതാണ് എന്നൊരു സിദ്ധാന്തം വളരെക്കാലം നിലനിന്നിരുന്നു. എന്നാല്‍, അവരുമായുള്ള വേഴ്ചയില്‍ കുട്ടികള്‍ പിറന്ന് അവരെ വളര്‍ത്തിയവരാണ് നമ്മളും അവരും. നമ്മളില്‍ ചിലരുടെ മുതുമുതുമുത്തച്ഛനോ മുത്തശ്ശിയോ ചിലപ്പോള്‍ ഒരു നിയാന്‍ഡര്‍ത്താല്‍ ആയിരുന്നിരിക്കാം, സാധ്യതയുണ്ട്.

(യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോയിലെ മുന്‍ സീനിയര്‍ സയന്റിസ്റ്റായ ലേഖകന്‍ ഷിക്കാഗോയിലെ ട്രൈറ്റാണ്‍ കോളേജിലെ അജങ്റ്റ് പ്രൊഫസറാണ്)