റുപതുകളിലാണ് ലോകത്ത് തിമിംഗിലവേട്ടയുടെ തോത് കുതിച്ചുയർന്നത്. ആ സമയം പ്രതിവര്‍ഷം 80,000 തിമിംഗിലങ്ങളെയാണ് വേട്ടയാടികൊണ്ടിരുന്നത്. സമുദ്രത്തിലെ ഭീമന്മാരായ തിമിംഗിലങ്ങളെ തോല്‍പ്പിക്കുന്നതിനുളള സാങ്കേതിക വിദ്യ, ഹാര്‍പ്പൂണുകള്‍ എന്നിവ വേട്ടക്കാരുടെ പക്കലുണ്ടായിരുന്നു. 1970-ല്‍ ഗ്രീന്‍പീസ് എന്ന സംഘടനയിലെ പ്രവര്‍ത്തകര്‍ ആഗോളതലത്തില്‍ തന്നെ തിമിംഗിലവേട്ട നിര്‍ത്തുന്നതിന് ഒരു പദ്ധതിയുമായി എത്തി. ഒരു ചിത്രം കൊണ്ടു വലിയ മാറ്റങ്ങള്‍ കൊണ്ടുവരികയായിരുന്നു ലക്ഷ്യം. അത് ഫലം കാണുകയും ചെയ്തു. 

To advertise here,

സോവിയറ്റ് യൂണിയന്റെ കപ്പല്‍ പസഫിക് സമുദ്രത്തില്‍ ഹാര്‍പ്പൂണ്‍ ഗണ്‍ ഉപയോഗിച്ച് തിമിംഗിലത്തെ കൊല്ലുന്ന ചിത്രം ലോകത്തിന്റെ ചിന്താഗതിയെ തന്നെ മാറ്റിമറിച്ചു. അങ്ങനെയാണ് ഗ്രീന്‍പീസ് എന്ന സംഘടനയുടെ 'മൈന്‍ഡ് ബോംബ്' എന്ന കാമ്പയിനിന് തുടക്കമാകുന്നത്.  റെക്‌സ് വെയിലര്‍ എന്നയാളാണ് പിന്നീട് ചരിത്രമായി മാറിയ ആ ചിത്രം പകര്‍ത്തിയത്. 

സ്ത്രീകളും സമാധാനവുമായി ബന്ധപ്പെട്ട് ധാരാളം മൂവ്‌മെന്റുകള്‍ ആ സമയമുണ്ടായിരുന്നു. എന്നാല്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഇത്തരത്തില്‍ യാതൊരു പ്രസ്ഥാനങ്ങളും ആ സമയം ഇല്ലായിരുന്നു. അത്തരമൊരു സമയത്താണ് മൈന്‍ഡ് ബോംബിന്റെ വരവ്. ഇത് ശരിക്കുമൊരു ചരിത്രത്തിന്റെ തന്നെ തുടക്കമായി മാറുകയായിരുന്നു. കാമ്പയിനിന്റെ ഭാഗമായി അനവധി ചിത്രങ്ങള്‍ പിന്നീട് എത്തി.

1970-കളില്‍ കാനഡയില്‍ കണ്ടുമുട്ടിയ ഗ്രീന്‍പീസിന്റെ ഏതാനും പ്രവര്‍ത്തകരിലൊരാളായിരുന്നു റെക്‌സ് വെയിലര്‍. ഇന്ന് ചിന്തിക്കുമ്പോള്‍ അന്ന് മൈന്‍ഡ് ബോംബ് പോലുള്ള പരിസ്ഥിതി മുന്നേറ്റം എത്ര പാടുള്ളതാണെന്ന്  മനസിലാക്കുന്നതായാണ് ഇതേപ്പറ്റി വെയിലര്‍ പിന്നീട് പ്രതികരിച്ചത്. മൈന്‍ഡ് ബോംബ് പോലുള്ള പരിസ്ഥിതി മുന്നേറ്റത്തിന് തിമിംഗിലവേട്ടയെ പറ്റിയുള്ള മുന്‍ധാരണകളെ കൂടി തിരുത്തിക്കുറിക്കാന്‍ സാധിച്ചു. 

ഭീമന്‍ തിമിംഗിലത്തെ ചെറിയ ബോട്ടുകളിലും മറ്റുമായി വേട്ടയാടുന്ന മനുഷ്യരെന്ന പ്രതീതിയായിരുന്നു മുന്‍പ് തിമിംഗിലവേട്ടയ്ക്കുണ്ടായിരുന്നത്. ഇത് അടിമുടി മാറ്റിമറിക്കാന്‍ മൈന്‍ഡ് ബോംബ് കൊണ്ട് സാധിച്ചു. 

തിമിംഗിലവേട്ടയെ പറ്റിയുള്ള ധാരണകള്‍ മാറണമെന്ന് ഏതൊരു പരിസ്ഥിതി പ്രവര്‍ത്തകനെയും പോലെ റെക്‌സ് വെയിലര്‍ ആഗ്രഹിച്ചു. കാരണം 1970-കളിലെ പരിമിതമായ സാഹചര്യങ്ങളില്‍ പോലും ഭീമന്‍ ബോട്ടുകളും വലിയ ഡീസല്‍ മോട്ടോറുകളും ഹാര്‍പ്പൂണ്‍ ഗണ്ണുകളും വേട്ടക്കാര്‍ സ്വന്തമാക്കി. മനുഷ്യന് ചെയ്യാവുന്ന ക്രൂരതയുടെ അങ്ങേയറ്റമായിരുന്നു ഇതെന്ന ഒന്നാലോചിച്ചാല്‍ മനസിലാകും. 113 കിലോഗ്രാം വരെ ഭാരം വരുന്ന ഹാര്‍പ്പൂണുകളുപയോഗിച്ചായിരുന്നു ആ സമയത്തെ തിമിംഗിലവേട്ട. 

1960-കളില്‍ തന്നെ തിമിംഗിലങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരാൻ തുടങ്ങി. 1960-കളില്‍ തന്നെ ആഗോളതലത്തില്‍ തിമിംഗിലങ്ങളുടെ എണ്ണം കുറഞ്ഞുവെന്ന് വ്യക്തമായതായി ഐസ്‌ലന്‍ഡ് നേച്ചർ കണ്‍സര്‍വേഷന്‍ അസോസിയേഷന്‍ അംഗവും ഗ്രീന്‍പീസ് സ്വീഡനുവേണ്ടി 1990-കളില്‍ പ്രവര്‍ത്തിച്ച ഓഷ്യന്‍ ആക്ടിവിസ്റ്റുമായ ആര്‍ണി ഫിന്‍സണ്‍ പ്രതികരിച്ചു. നോര്‍ത്ത് അറ്റ്‌ലാന്റിക്കില്‍ നീലത്തിമിംഗിലത്തിനായുള്ള വേട്ട ഇന്റര്‍നാഷണല്‍ വെയിലിങ് കമ്മീഷന്‍ (ഐഡബ്ല്യുസി) 1954-ല്‍ നിരോധിച്ചിരുന്നു. എന്നാല്‍ ദുര്‍ബലമായ നിയമവ്യവസ്ഥിതികള്‍ മൂലം തിമിംഗിലവേട്ട അനിയന്ത്രിതമായ തോതില്‍ തുടര്‍ന്നു. 

1972-ല്‍ യു.എന്‍ കോണ്‍ഫറന്‍സ് ഓണ്‍ ദ ഹ്യൂമന്‍ എന്‍വയോണ്‍മെന്റ് പത്തുവര്‍ഷത്തേക്ക് മോറട്ടോറിയം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ തുടങ്ങുമ്പോഴും എതിര്‍പ്പുകള്‍ ശക്തമായി തന്നെ തുടര്‍ന്നു. ഇന്റര്‍നാഷണല്‍ വെയിലിങ് കമ്മീഷന്‍ (ഐഡബ്ല്യുസി) ഇത് ഗൗനിക്കാനേ പോയില്ല. കടലില്‍ ശക്തമായ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഗ്രീന്‍പീസ് എന്ന സംഘടന തുടര്‍ന്നു. പസഫിക്കിലെ സോവിയറ്റ് യൂണിയന്‍ കപ്പലുകളാണ് പ്രധാനമായും തിമിംഗിലങ്ങളെ കൊന്നൊടുക്കിയിരുന്നത്. ഇതിന് എതിരേയും ശക്തമായി ഗ്രീന്‍പീസ് നിലകൊണ്ടു. 

മൈന്‍ഡ് ബോംബ് അഥവാ തിമിംഗിലവേട്ടയുടെ ക്രൂരത മനസിലാകുന്ന തരത്തിലൊരു ചിത്രം പകര്‍ത്തുന്നതിന് ധാരാളം കഷ്ടപ്പാടുകളിലൂടെ ഗ്രീന്‍പീസെന്ന സംഘടനയ്ക്ക് കടന്നുപോകേണ്ടി വന്നു. ഇതിനായി രണ്ടോ മൂന്നോ വര്‍ഷം സമയവും ഗ്രീന്‍പീസെടുത്തു. കാറ്റുകൊണ്ടു ഊതിവീര്‍പ്പിക്കാവുന്ന ചെറിയ ബോട്ടുകളാണ് ഗ്രീന്‍പീസ് ചിത്രം പകര്‍ത്താനായി അയച്ചത്. മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുകയെന്നതും ആ സമയത്ത് ഗ്രീന്‍പീസെന്ന സംഘടനയുടെ വലിയ ലക്ഷ്യങ്ങളിലൊന്ന് കൂടിയായിരുന്നു. 

റഷ്യന്‍ കപ്പലുകള്‍ അങ്ങനെയാണ് ഗ്രീന്‍പീസെന്ന സംഘനയുടെ ശ്രദ്ധയില്‍പ്പെടുന്നത്. കാലിഫോര്‍ണിയയുടെ തീരപ്രദേശത്തായിരുന്നു റഷ്യന്‍ കപ്പലുകള്‍ കണ്ടെത്തിയത്. ഹാര്‍പ്പൂണുകള്‍ ഉപയോഗിച്ച് തിമിംഗിലങ്ങളുടെ ജീവനെടുക്കുന്ന ചിത്രം പകര്‍ത്തുകയായിരുന്നു സംഘടനയ്ക്ക് വേണ്ടിയിരുന്നത്. 

ആഗോളതലത്തില്‍ തിമിംഗിലവേട്ടയുടെ ക്രൂരത വെളിപ്പെടുത്തുന്ന ഒരു ചിത്രം മാധ്യമങ്ങള്‍ക്ക് ലഭിച്ചാല്‍ വലിയ തോതില്‍ മാറ്റങ്ങളുണ്ടാകുമെന്ന എല്ലാവരും കരുതി. ഒടുവില്‍ ഈ കാമ്പയിനിന് മൈന്‍ഡ് ബോംബെന്ന വിളിപ്പേരുമിട്ടു. മറ്റൊരു ഗ്രീന്‍പീസ് പ്രവര്‍ത്തകനായ ബോബ് ഹണ്ടറുടെ ആശയമായിരുന്നു മൈന്‍ഡ് ബോംബെന്നത്. ആയുധങ്ങള്‍ക്ക് പകരം മാധ്യമങ്ങള്‍ ഉപയോഗിക്കുകയെന്നതായിരുന്നു ബോബ് ഹണ്ടറുടെ ലക്ഷ്യം. യഥാര്‍ഥ ബോംബുകള്‍ക്ക് പകരം മൈന്‍ഡ് ബോംബുകള്‍ അങ്ങനെ ജനപ്രീതിയാര്‍ജിച്ചു. ഗ്രീന്‍പീസെന്ന സംഘടനയുടെ വലിയ കാമ്പയിനുകളിലൊന്ന് കൂടിയായി ഇത് മാറി. 

തിമിംഗിലവേട്ട മൂലം തിമിംഗിലങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാകണമെങ്കില്‍ അവ വാര്‍ത്തയാകണമായിരുന്നു. അതാണ് മൈന്‍ഡ് ബോംബിങ് ജനപ്രിയമാക്കാന്‍ മാധ്യമങ്ങളെ ഗ്രീന്‍പീസെന്ന സംഘടന തിരഞ്ഞെടുത്തത്. കടലില്‍ വെച്ച് ചെറിയ സംവിധാനങ്ങളിലൂടെ നല്ലൊരു ചിത്രം പകര്‍ത്തുകയായിരുന്നു അടുത്ത വെല്ലുവിളി. ഇതിനായുള്ള ശ്രമങ്ങള്‍ ഫലം കണ്ടുവെങ്കിലും അടുത്ത വെല്ലുവിളി തിമിംഗിലങ്ങളായിരുന്നു. 

ക്യാമറയില്‍ തിമിംഗിലങ്ങളെ പകര്‍ത്തുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഹാര്‍പ്പൂണ്‍ ബോട്ടുകളെ പേടിച്ച് ഇടയ്ക്ക് ശ്വാസമെടുക്കാനായി ഉപരിതലത്തില്‍ വന്നും രക്ഷപ്പെടാനുള്ള പരിശ്രമത്തിലാകും തിമിംഗിലം അപ്പോള്‍. എന്നാല്‍ ഹാര്‍പ്പൂണ്‍ ഉപയോഗിച്ചുള്ള ആക്രമണമേറ്റാല്‍ പിന്നെ ചിത്രം ലഭിക്കാന്‍ യാതൊരുവിധ പ്രയാസവുമുണ്ടാകില്ല. എന്നാല്‍ അതലല്ലോ സംഘടനയ്ക്ക് വേണ്ടിയിരുന്നത്, തിമിംഗില വേട്ട തടയുകയായിരുന്നു ഗ്രീന്‍പീസിന് വേണ്ടിയിരുന്നത്. 

ഷട്ടര്‍ സ്പീഡ് പോലുള്ള ക്യാമറ സംവിധാനങ്ങളിലൂടെ ചിത്രമെടുക്കാനുള്ള പ്രയാസം കുറച്ചുകൊണ്ടുവരികയായിരുന്നുവെന്ന് റെക്‌സ് വെയിലര്‍ പ്രതികരിച്ചു. പകര്‍ത്തിയ ചിത്രങ്ങളെല്ലാം വളരെ ക്രൂരവും പൈശാചികവുമായ തരത്തിലുള്ളവയായിരുന്നു. ഹാര്‍പ്പൂണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ തിമിംഗിലം ചത്തൊടുങ്ങുകയാണ് ചെയതത്. സമുദ്രത്തിലാകെ ചോര പടര്‍ന്നു. ആരുടെയും മനസിനെ വേദനിപ്പിക്കുന്ന ഈ ദൃശ്യങ്ങള്‍ നേരിട്ട് കാണേണ്ടി വന്നു റെക്‌സ് വെയിലറിന്. 

ഹാര്‍പ്പൂണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ രക്ഷപ്പെടാനുളള ശ്രമങ്ങളും തിമിംഗിലത്തിന്റെ ഭാഗത്ത് നിന്നുണ്ടാകും. അതും കണ്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട് റെക്‌സ് വെയിലറിന്. ഈ രക്ഷപ്പെടാനുള്ള ശ്രമം പലപ്പോഴും വിജയിക്കണമെന്നില്ല. ഹാര്‍പ്പൂണ്‍ ഉപയോഗിച്ചുള്ള ആക്രമം തീര്‍ച്ചയായും തിമിംഗിലത്തിന്റെ ജീവന്‍ കവര്‍ന്നേക്കാം. 

ഗ്രീന്‍പീസ് സംഘടനയുടെ ലക്ഷ്യം നൂറ് ശതമാനം വിജയം കാണുന്നവയാണെന്ന വളരെ വൈകിയാണ് സംഘടനയിലെ അംഗങ്ങള്‍ക്ക് പോലും മനസിലായത്. ഒരു കൂട്ടം മനുഷ്യര്‍ തിമിംഗിലത്തിന്റെ ജീവനെടുക്കുന്ന ചിത്രങ്ങള്‍ ശരിക്കും ആര്‍ക്കാണ് വേണ്ടതെന്ന് തോന്നിയേക്കാം. പക്ഷേ യഥാര്‍ത്ഥത്തില്‍ ചിത്രം പകര്‍ത്തിയെത്തിയ ഗ്രീന്‍പീസ് സംഘം ഞെട്ടി. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഒരു പോര്‍ട്ടിലെത്തിയ സംഘത്തിന്റെ പക്കല്‍ നിന്ന് എല്ലാ മാധ്യമങ്ങള്‍ക്കും ചിത്രം വേണമായിരുന്നു. ഈ തരത്തിലുളള പ്രതികരണത്തിന് തങ്ങള്‍ തികച്ചും ഒരുക്കമായിരുന്നില്ലെന്നാണ് റെക്‌സ് വെയില്‍ പിന്നീട് പ്രതികരിച്ചത്. 

തൊട്ടടുത്ത ദിവസം എന്നിട്ടും യാതൊരു പ്രതീക്ഷയുമില്ലാതെയാണ് റെക്‌സ് വെയിലര്‍ പത്രം വാങ്ങിക്കാനായി പുറപ്പെട്ടത്. എന്നാല്‍ റെക്‌സ് വെയിലര്‍ ഉള്‍പ്പെട്ട സംഘത്തിന് അഭിമാനിക്കാനുള്ള വക അപ്പോഴേക്കും മാധ്യമങ്ങള്‍ കരുതിവെച്ചിരുന്നു. എല്ലാ പത്രങ്ങളുടെയും മുന്‍പേജില്‍ തന്നെ ചിത്രം അച്ചടിച്ച് വന്നു. 

'ഞങ്ങളുടെ ചിത്രം ഉപയോഗിച്ചുള്ള കാമ്പയിൻ ഫലം കണ്ടോയെന്ന ആശ്ചര്യത്തിലായിരുന്നു ഞങ്ങള്‍. തെരുവുകള്‍ തോറും പത്രം തേടി ഞാന്‍ നടന്നു. അപ്പോഴാണ് അത് ശ്രദ്ധയില്‍പ്പെടുന്നത്. ഒട്ടുമിക്ക എല്ലാ പത്രത്തിന്റെയും മുന്‍പേജില്‍ തന്നെ ഞങ്ങളുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച് വന്നു. ശരിക്കും അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. ശരിക്കും സന്തോഷമായി', റെക്‌സ് വെയിലര്‍ പറഞ്ഞു. 

മനുഷ്യരാശിക്ക് വേണ്ടി മാത്രമല്ല ഞങ്ങള്‍ നിലക്കൊള്ളുന്നതെന്ന വേട്ടക്കാരെ ബോധ്യപ്പെടുത്താന്‍ കൂടിയാണ് ചിത്രം പകര്‍ത്തിയതെന്ന് റെക്‌സ് വെയിലര്‍ അഭിപ്രായപ്പെട്ടു. 

ഗ്രീന്‍പീസിന്റെ കാമ്പയിനിനുശേഷം വാണിജ്യാവശ്യങ്ങള്‍ക്കായി ബന്ധപ്പെട്ട ഒരു മോറട്ടോറിയം (moratorium) 1982-ല്‍ ഇന്റര്‍നാഷണല്‍ വെയിലിങ് കമ്മിറ്റി ഏര്‍പ്പെടുത്തി. പൂര്‍ണനിരോധനം ഏര്‍പ്പെടുന്നതാകട്ടെ 1985-ലും. ഇതുമൂലം ഹംപ്ബാക്ക് പോലുള്ള ചില തിമിംഗിലങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. 

തിമിംഗിലവേട്ടയ്ക്ക് എതിരേ നിയമസംവിധാനങ്ങള്‍ ചില രാജ്യങ്ങള്‍ ശക്തമാക്കി. അക്കൂട്ടത്തില്‍ പ്രധാനമായിരുന്നു 1937-ലെ ഇന്റര്‍നാഷണല്‍ അഗ്രിമെന്റ് ഓഫ് ദ റെഗുലേഷന്‍ ഓഫ് വെയിലിങ്. എന്നാല്‍ ചില രാജ്യങ്ങളില്‍ ശക്തമായ നിയമസംവിധാനങ്ങളുടെ സാന്നിധ്യത്തിലും തിമിംഗിലവേട്ട നിയമവിരുദ്ധമായി തുടര്‍ന്നു. റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നിയമസംവിധാനങ്ങളെ ഭയപ്പെട്ടില്ല. അവര്‍ തിമിംഗില വേട്ട നിയമവിരുദ്ധമായി തുടര്‍ന്നു. 1900-നും 1999-നുമിടയില്‍ 2.9 ദശലക്ഷം വലിയ തിമിംഗിലങ്ങളെയാണ് വേട്ടയാടി കൊന്നത്. യഥാര്‍ത്ഥ കണക്കുകള്‍ ഇതിലും എത്രയോ കൂടുതലാണ്. നിലവില്‍ ഐസ്‌ലന്‍ഡ്, നോര്‍വേ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വാണിജ്യാവശ്യങ്ങള്‍ക്കായി ഇപ്പോഴും തിമിംഗിലവേട്ട തുടരുന്നുണ്ട്.