.jpg?$p=9fc1b60&f=16x10&w=856&q=0.8)
ലീലാമ്മ സ്വന്തമായി നിർമിച്ച ഉത്പന്നങ്ങൾ
വീട്ടില്‍ ദിനംപ്രതി കുമിഞ്ഞുകൂടുന്ന പാല്‍കവര്‍ എങ്ങനെ ഉപയോഗപ്രദമായി വിനിയോഗിക്കാമെന്ന ചിന്തയിലാണ് ഒരു പേഴ്‌സ് ആദ്യമായി പത്തനംതിട്ട അടൂര്‍ സ്വദേശിനി ലീലാമ്മ നിര്‍മ്മിക്കുന്നത്. പിന്നീടങ്ങോട്ട് വാനിറ്റി ബാഗ് മുതല്‍ തുണി ബാസ്‌ക്കറ്റ് വരെ ഒരുക്കൂട്ടം ഉത്പന്നങ്ങളുടെ ഘോഷയാത്രയായിരുന്നു. മിന്നുന്നതെല്ലാം പൊന്നല്ലെന്നല്ലേ പഴഞ്ചൊൽ. എന്നാല്‍ ലീലാമ്മയുടെ കണ്ണില്‍ പെടുന്നതെല്ലാം പൊന്നായില്ലെങ്കിലും പണമായോ മനുഷ്യർക്ക് ഉപകാരമുള്ള ഉത്പന്നങ്ങളായോ മാറുമെന്നത് തീർച്ചയാണ്. വീട്ടിലെ പാഴ് വസ്തുക്കളില്‍ സൗന്ദര്യം കണ്ടെത്തി മാതൃകയാവുകയാണ് അറുപത്തിയേഴുകാരിയായ ലീലാമ്മ.
ലീലാമ്മ ഉണ്ടാക്കിയ പാൽകവർ ഉത്പന്നങ്ങളിൽ ഏറ്റവും പുതിയ താരം മില്‍മ പാല്‍കവറുകള്‍ ഉപയോഗിച്ചുണ്ടാക്കിയ അലമാരയാണ്. കഷ്ടപ്പെട്ട അലമാര നിര്‍മിച്ചെടുക്കാനുള്ള കാരണമെന്തെന്ന് ചോദിച്ചാല്‍ ഉത്തരം തീര്‍ത്തും ലളിതം-" ഒരു അലമാര നിര്‍മ്മിച്ചെടുക്കാനുള്ള കൂലിച്ചെലവ് നോക്കിയാല്‍ ഇച്ചിരി ബുദ്ധിമുട്ടിയാലും സാരമില്ല".
നാലായിരത്തോളം പാക്കറ്റ് മില്‍മയുടെ പാല്‍കവറുകളാണ് അലമാരയുടെ നിര്‍മാണത്തിനായി വേണ്ടിവന്നത്. കമ്പി ഉപയോഗിച്ചാണ് ഫ്രെയിം നിര്‍മ്മിച്ചിരിക്കുന്നത്. പാല്‍കവറുപയോഗിച്ചാണ് പുറംച്ചട്ട നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും വിടവ് വരാനുള്ള സാധ്യത കണക്കിലെടുത്ത് കര്‍ട്ടന്‍ തുണിയിലാണ് പാല്‍കവറുകള്‍ പൊതിഞ്ഞു ചേര്‍ത്തിരിക്കുന്നത്. തുച്ഛമായ തുകയാണ് നിര്‍മാണത്തിനായി വേണ്ടിവന്നത്. അലമാരയ്ക്കായുള്ള കമ്പിയില്‍ ഭൂരിഭാഗവും വീട്ടില്‍ നിന്ന് തന്നെ ശേഖരിച്ചു. അലമാര സുഗമമായി നീക്കി വെയ്ക്കാനും മറ്റുമുള്ള നാല് ചക്രങ്ങള്‍ മാത്രമാണ് പുറമേ നിന്ന് വാങ്ങിയത്. അതാണ് ആകെയുള്ള ചെലവും. മില്‍മ കവറിന്റെ നീല നിറം എടുത്തു കാണിക്കുന്ന അലമാര ഇന്ന് സാമൂഹിക മാധ്യമങ്ങളിലടക്കം താരമാണ്.
%20(1).jpg?$p=1e83e09&f=1x1&w=284&q=0.8)
.jpeg?$p=809ac0f&f=1x1&w=284&q=0.8)
.jpeg?$p=ff5a894&q=0.8&f=16x10&w=284)


+1
ചെറുപ്പത്തില്‍ വഴിയില്‍ കണ്ട ആലിലയുടെ സ്കെലിട്ടണോട് തോന്നിയ കൗതുകമാണ് പിന്നീട് ലീലാമ്മയില്‍ വളര്‍ന്ന് പന്തലിച്ചത്. ആലില ദ്രവിച്ച ശേഷം അവശേഷിക്കുന്ന ഭാഗം അത്രത്തോളം അവരെ അത്ഭുതപ്പെടുത്തിയിരുന്നു. പിന്നീട് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. നാല്‍പ്പതോളം ആലിലകള്‍ ചുറ്റുപാടില്‍ നിന്ന് ശേഖരിച്ചു. ഒടുവില്‍ ഫൗണ്ടേന്‍ പേനയുടെ മഷി ഉപയോഗിച്ച് നിറം നല്‍കി അതൊരു മര രൂപമാക്കി മാറ്റിയപ്പോള്‍ ആത്മവിശ്വാസമേറി. പിന്നീടങ്ങോട്ട് അടങ്ങാത്ത അഭിനിവേശമായിരുന്നു ഉപയോഗ ശൂന്യമായ പാഴ് വസ്തുക്കളുപയോഗിച്ചുള്ള നിർമാണങ്ങളോട്. അത് സ്വന്തം കൈ കൊണ്ടു തന്നെയാകണമെന്ന് ശാഠ്യവുമുണ്ട്.
67 വയസ്സ് കഴിഞ്ഞെങ്കിലും അഭിനിവേശം കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴും ചുറ്റുമുള്ള പാഴ് വസ്തുക്കളില്‍ സൗന്ദര്യം കണ്ടെത്തും. നിര്‍മ്മിച്ചെടുക്കുന്നതില്‍ മിക്കതും സ്വന്തം തലയില്‍ വിരിയുന്ന ഐഡിയ തന്നെയാണ്. സ്മാര്‍ട്ട് ഫോണുണ്ടെങ്കിലും യൂട്യൂബ് സെര്‍ച്ചിനൊന്നും ലീലാമ്മ മെനക്കെടാറില്ല.
കടയില്‍ കാണുന്ന കരകൗശല വസ്തുക്കള്‍ തന്നെ ആകര്‍ഷിക്കാറില്ലെന്നും ലീലാമ്മ പറയുന്നു. ''നല്ല നിറമുള്ള കവറുകള്‍ കണ്ടാല്‍ മാറ്റിവെച്ച് വിവിധ നിറത്തിലുള്ള പൂക്കളുണ്ടാക്കും''. മറ്റാരുടെയെങ്കിലും സഹായം തേടാറുണ്ടോയെന്ന് ചോദിച്ചാല്‍ ഉടന്‍ വരും മറുപടി, അതിലൊരു ത്രില്ലില്ലെന്ന്!. വീടിനുളളില്‍ മാത്രം ഒതുങ്ങുന്നില്ല ലീലാമ്മ എഫ്ക്ട്. വീടിന് പുറത്ത് പ്ലാസ്റ്റിക് കുപ്പി കൊണ്ടുളള ചെടിച്ചട്ടിയുടെ തട്ടും കാണാം. പ്ലാസ്റ്റിക് കവറ് പോലെയുള്ള വേസ്റ്റും സിമന്റും നിറച്ചാണ് നിര്‍മാണം.
വീടിനുള്ളില്‍ കുമിഞ്ഞുകൂടാതിരിക്കാന്‍ എല്ലാവരും പ്ലാസ്റ്റിക് വേസ്റ്റുകള്‍ കത്തിച്ച് പരിസ്ഥിതി നശിപ്പിക്കാൻ മെനക്കെടുന്ന ഈ കാലത്ത് ലീലാമ്മ സ്വീകരിച്ച പാത വേറിട്ടതാണ്. വീട്ടിലെ പ്ലാസ്റ്റികുകള്‍ ഒരിക്കലും കത്തിക്കാറില്ല ലീലാമ്മ. "പ്ലാസ്റ്റിക് കവറുകള്‍ ഒരിക്കലും മണ്ണില്‍ അലിയില്ല. അവ വര്‍ഷങ്ങളോളം മണ്ണില്‍ ശേഷിക്കും. കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് കവറുകള്‍ ഭൂമിക്ക് ഭാരമാകാതെ എത്രയോ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം'', ലീലാമ്മ കൂട്ടിച്ചേർത്തു.
ന്യൂസ് പേപ്പർ കൊണ്ടുണ്ടാക്കിയ വള്ളം, തുണി കൊണ്ടുണ്ടാക്കിയ പട്ടിക്കുട്ടി എന്നിങ്ങനെ നിരവധി വസ്തുക്കളാണ് ലീലാമ്മയുടെ ശേഖരത്തിലുള്ളത്. ഷോകേസിന്റെ ഒരുഭാഗം നിറയെ ഇത്തരം കരകൗശല വസ്തുക്കള്‍ക്കായി നീക്കി വെച്ചിരിക്കുകയാണ് ലീലാമ്മ.
പകല്‍ സമയങ്ങളാണ് കൂടുതലും ഇത്തരം വസ്തുക്കളുടെ നിര്‍മാണത്തിനായി തിരഞ്ഞെടുക്കുന്നത്. ഇതിനോടകം നിരവധി പേരാണ് അലമാര വേണമെന്നാവശ്യപ്പെട്ട് ലീലാമ്മയുടെ അടുത്തെത്തിയത്. വളരെ സമയമെടുത്താണ് അലമാരയുടെ നിര്‍മാണമെന്നതിനാല്‍ വില്‍ക്കാനുള്ള പദ്ധതികള്‍ നിലവിലില്ലെന്ന് പറയുന്നു ലീലാമ്മ. രണ്ടുവര്‍ഷമായി താന്‍ സ്വയം നിര്‍മിച്ച പേഴ്‌സുകളും ബാഗുകളുമായാണ് ലീലാമ്മയുടെ സഞ്ചാരം. ചെല്ലുന്നിടതെല്ലാം താരം ബാഗും പേഴ്‌സുകളും തന്നെ. ഇതേ വൈദ്ഗദ്ധ്യം സമീപത്തുള്ള ഒരു ഹൈസ്‌കൂളില്‍ തയ്യല്‍ ടീച്ചറായി ലീലാമ്മയ്ക്ക് ജോലിയും നേടി കൊടുത്തു. പിന്നീട് കോവിഡ് വന്നതോടെ ജോലി നിര്‍ത്തുകയായിരുന്നു. ഭര്‍ത്താവും രണ്ട് മക്കളുമടങ്ങുന്ന കുടുംബം ഫുള്‍ സപ്പോര്‍ട്ടാണ്. ഇപ്പോള്‍ പ്ലാസ്റ്റിക് കുപ്പി മാത്രം ഉപയോഗിച്ചുള്ള മാനിന്റെ നിര്‍മാണത്തിലാണ് ലീലാമ്മ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..