വന്യമൃഗങ്ങളുടെ വർധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഡോ. പി.എസ്. ഈസ സംസാരിക്കുന്നു. ഏഷ്യൻ എലിഫന്റ് സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ് മെമ്പറും മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുളള സംഘർഷത്തെക്കുറിച്ചു പഠിക്കാൻ കേരള ഹൈക്കോടതി രൂപീകരിച്ച വിദഗ്ധ സമിതിയിൽ അംഗവുമാണ്‌. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു ഡോ. ഈസ.

To advertise here,

പെട്ടെന്ന് ഇത്തരം കേസുകളുടെ വർദ്ധനവിനു കാരണം കാലാവസ്ഥാ വ്യതിയാനം പോലെ എന്തെങ്കിലും

placeholder
ഡോ. പി.എസ്. ഈസ

കാലാവസ്ഥയെ വിടൂ. അങ്ങനെ പറയാൻ മാത്രം വിവരങ്ങൾ നമ്മുടെ പക്കലില്ല. റിപ്പോർട്ടിങ് കൂടിയതാണ് പ്രധാന കാരണം. ഉദാഹരണത്തിന് മൂന്നാറിൽ കടുവ ഇറങ്ങി എന്നാണ് ഇപ്പോൾ വാർത്ത വരുന്നത്. മുമ്പ് കടുവയെ കണ്ടു എന്നായിരുന്നു. കടുവയെ കണ്ടു എന്നു പറഞ്ഞിരുന്നത് കടുവ ഇറങ്ങി എന്നായിരിക്കുന്നു. ഭീതി ജനിപ്പിക്കുന്ന വാർത്തയായി മാറിയിരിക്കുന്നു. അതിരപ്പിള്ളി-മലക്കപ്പാറ റോഡിൽ കബാലി ആന വഴി തടയുന്നു എന്നൊക്കെ വാർത്ത വരുന്നു. ആ റോഡ് കാട്ടിൽ കൂടിയുള്ളതാണ്. മറയൂർ-ചിന്നാർ റോഡിൽ ആന വഴി തടഞ്ഞ് യാത്രക്കാരെ ഭീതിയിലാക്കി എന്ന വാർത്തയും കണ്ടു. അത് കാടല്ലേ, വന്യമൃഗസങ്കേതമല്ലേ?

വയനാട്ടിലെ സ്ഥിതി വളരെ വ്യത്യാസമാണ്. അവിടെ ആനയും കടുവയും ഒക്കെ ഉണ്ടായിരുന്നു. അവിടെ താമസിക്കാൻ വന്നവരൊക്കെ അതുമായി ഇഴുകിച്ചേർന്നാണ് ജീവിച്ചിരുന്നത്. മൃഗങ്ങളെ ഒരു പ്രശ്നമായി അവർ കണ്ടിരുന്നില്ല. വല്ലപ്പോഴും ഒക്കെ മരണമുണ്ടായിട്ടുണ്ടാവും. വയനാടിനെ സംബന്ധിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എഴുതിയ ഒരു പുസ്തകത്തിൽ ഏറുമാടങ്ങളുടെയും കമ്പിവേലികളുടെയും നാടാണ് വയനാടെന്നു പറയുന്നു. കേരളത്തിൽ മിക്കവാറും എല്ലായിടത്തും ഇതായിരുന്നു അവസ്ഥ. മൂന്നാറിൽ ആനകൾ കൃഷി നശിപ്പിക്കുന്നതിനെക്കുറിച്ച് ജനങ്ങൾ പരാതിപ്പെട്ടതിനെയും ആനകളുടെ എണ്ണം വർധിച്ചതാണ് കാരണമെന്നു ചൂണ്ടിക്കാണിച്ചതിനെയും പറ്റിപ്പറയുമ്പോൾ ആനകളുടെ എണ്ണം കൂടിയതു കൊണ്ടല്ല, ആന പോകുന്ന വഴികളിലൊക്കെ കൃഷി നടത്തിയതാണ് പ്രശ്നമെന്നാണ് രചയിതാവിന്റെ അഭിപ്രായം. അക്കാലം തൊട്ടേ പ്രശ്നമുണ്ട്, ഇതൊന്നും പുതിയ കാര്യമല്ല.

കാര്യമായ പ്രശ്നങ്ങളില്ല എന്നാണോ

നമ്മളെ സംബന്ധിച്ചിടത്തോളം പാമ്പ് ഒരു ഭീകരജീവിയായി മാറിയത് എങ്ങനെയാണ്? ഇപ്പോൾ പാമ്പു കടിക്കുന്നതു പോലും മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ ഭാഗമാക്കുകയാണ്. പാമ്പും മരപ്പട്ടിയും പോലുള്ള ജീവികൾ മനുഷ്യരുടെ ഇടയ്ക്ക് ജീവിച്ചു പോകുന്നവയാണ്. പക്ഷേ, ഇപ്പോൾ ഭീതി ജനിപ്പിക്കുന്ന രീതിയിലാണ് വാർത്തകൾ. ബേലൂർ കൊമ്പൻ ഇറങ്ങിയപ്പോൾ നാട്ടുകാരനായ ഒരു ആദിവാസിയോട് ചോദിച്ചു, വലിയ പ്രശ്നമാണല്ലോ എന്ന്. അയാൾ പ്രശ്‌നമൊന്നുമില്ലല്ലോ എന്ന് പറഞ്ഞതും ചാനലുകാർ സ്ഥലം വിട്ടു.

നമ്മുടെ സമീപനത്തിന്റെ പ്രശ്നമാണ് പലതിലും. പ്രശ്നങ്ങളില്ല എന്നല്ല അതിനർത്ഥം. കാട്ടുപന്നി കൃഷി നശിപ്പിക്കുന്ന പ്രശ്നം കാര്യമായി കൂടിയിട്ടുണ്ട്. കുരങ്ങും മയിലുകളും ഒക്കെ എല്ലായിടത്തും എത്തിയിരിക്കുന്നു. മുമ്പുതന്നെ മലയണ്ണാൻ പീച്ചിയുടെ അതിർത്തി പ്രദേശങ്ങളിൽ വന്ന് തേങ്ങ തുരന്ന് കുടിച്ചിട്ട് പോകും. മലപ്പുറത്ത് കുരങ്ങന്മാർ ഇതേ കാര്യം ചെയ്യുന്നുണ്ട്. പ്രശ്നമുണ്ട്, പക്ഷെ, അതു പെരുപ്പിച്ച് വലിയ പ്രശ്നമാക്കി ഭയം ജനിപ്പിക്കുകയാണ്. പണ്ട് പെരിയാറിൽ കടുവയില്ലായിരുന്നു, പിന്നീട് മധ്യപ്രദേശിൽനിന്നോ മറ്റോ കടുവകളെ കൊണ്ടുവന്നു റിലീസ് ചെയ്തതാണ് എന്ന് ഒരു പ്രധാന പത്രം എഴുതിയിരുന്നു. എത്ര നിരുത്തരവാദപരമാണത്.

വയനാട്ടിലെ പ്രശ്നം എന്തുകൊണ്ട്

എന്തിനാണ് വയനാട്ടിൽ പുറത്തുനിന്നുള്ളവർ വരുന്നത്? കാലാവസ്ഥയല്ല കാരണം. വരുന്നത് വന്യജീവികളെ കാണാൻ തന്നെയാണ്. പക്ഷേ, അതൊക്കെ മാറി, പ്രശ്നം ഭീകരമായിരിക്കുന്നു. വയനാടിന്റെ കാര്യം വ്യത്യസ്തമാണ്. വയനാട് നാടും കാടും സമ്മിശ്രമായാണ് കിടക്കുന്നത്. ഏതാ കാട്, ഏതാ നാട് എന്നറിയാൻ കഴിയില്ല. വന്യമൃഗ സങ്കേതവുമായി ബന്ധപ്പെട്ടുതന്നെ ഏതാണ്ട് 110 സെറ്റിൽമെന്റുകൾ ഉണ്ട്. ഇതിനകത്തുള്ളവർ- മനുഷ്യനും മൃഗവും- നടക്കുന്നത് കാട്ടിനകത്ത് കൂടിയാണ്. അതിനാൽ വന്യമൃഗങ്ങളെ കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇനി അതിർത്തിക്ക് പുറത്താണെന്ന് പറഞ്ഞാലും പ്രശ്നങ്ങളുണ്ട്. കാപ്പിത്തോട്ടം പോലുള്ളവ കടുവയ്ക്ക് ഒളിക്കാനും പിന്തുടർന്ന് ആക്രമിക്കാനും പറ്റിയ സ്ഥലങ്ങളാണ്.

വയനാട്ടിൽ മ്ലാവും മാനും പോലെ ഇരമൃഗങ്ങളുടെ എണ്ണം വളരെ കുറവാണെന്നാണ് എന്റെ ബലമായ സംശയം. അവയെ അധികം കാണാൻ സാധിക്കുന്നില്ല. പറമ്പിക്കുളം പോലുള്ള സ്ഥലങ്ങളിൽ ഉള്ളത്ര സൈറ്റിങ് ഈ ഭാഗത്തില്ല. ഇതുസംബന്ധിച്ച് ഒരു മൂന്നാം കക്ഷിയെ- വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയോ മറ്റോ-കൊണ്ട് വിലയിരുത്തൽ നടത്തേണ്ടതാണ്. തങ്ങളുടെ കണക്കുകളിൽ വിശ്വാസം ഇല്ലേ എന്നവർ ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം. തോൽപ്പെട്ടിയിൽ മാത്രമാണ് കുറച്ചെങ്കിലും ഇരമൃഗങ്ങളെ കാണുന്നത്.  

കേരളത്തിൽ മനുഷ്യനും വന്യമൃഗങ്ങളുമായി സംഘർഷമുള്ള സ്ഥലം വയനാട് മാത്രമാണ്. പിന്നെ ആറളവും. രണ്ടാമത്തേത് നയപരമായ പ്രശ്നമാണ്. വനംവകുപ്പിന്റെ എതിർപ്പിനെ അവഗണിച്ച് വന്യജീവി സങ്കേതത്തിന്റെ തൊട്ടതിർത്തിയിൽ കാടുമായി ഒരു ബന്ധവുമില്ലാത്ത ആളുകളെ ദൂരെനിന്നൊക്കെ കൊണ്ടുവന്നു കുടിയിരുത്തി. പന്നിയും ആനയും പോലുള്ള മൃഗങ്ങൾ പോയിരുന്നിടത്താണ് താമസവും കൃഷിയും. വയനാട്ടിലും ഇതാണ് സംഭവിച്ചത്. കഴിഞ്ഞ കുറേക്കാലത്തെ വയനാട്ടിലെ ഭൂവിനിയോഗത്തിന്റെ മാറ്റം ശ്രദ്ധിക്കണം. എത്ര റോഡുകൾ വന്നു, കെട്ടിടങ്ങൾ വന്നു, കൃഷിരീതികൾ മാറി, വനത്തിന്റെ വിസ്തൃതി കുറഞ്ഞു, ഉള്ള വനങ്ങൾ കഷണങ്ങളായി... ഇതാണ് അവിടുത്തെ പ്രശ്നം.

വയനാട്ടിൽ മഞ്ഞക്കൊന്നയാണ് പ്രശ്നമെന്നു  പറയുന്നു. 92-ൽ ഞങ്ങൾ ചെല്ലുമ്പോൾ അവിടെ മഞ്ഞക്കൊന്ന ഇല്ല. പിന്നീട് വനം വകുപ്പ് സോഷ്യൽ ഫോറസ്ട്രിക്കാർക്ക് കൊടുത്തിട്ടാണ് അത് വനം മുഴുവൻ വ്യാപിച്ചത്. ഈ കൊന്ന വിറ്റ കാശുകൊണ്ട് വനത്തെ പുനരുജ്ജീവിപ്പിക്കുമെന്നാണ് പറയുന്നത്. ഒരു ജോലി ചെയ്താൽ അതിന്റെ ഗുണഭോക്താവിന് മെച്ചം ഉണ്ടായിട്ടുണ്ടോ എന്നു നോക്കണ്ടേ? കടലിൽ കായം കലക്കുകയാണ്, ഉപ്പു കലക്കുകയാണ്. ആ പണം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കാൻ ഉപയോഗിക്കണം. സമയത്തിന് വേണ്ട രീതിയിലുള്ള നഷ്ടപരിഹാരം കിട്ടാത്തതു കൊണ്ടാണ് ജനങ്ങൾ കൂടുതൽ പ്രതികരിക്കുന്നത്.

ഈ പ്രശ്നം നമ്മൾ കൈകാര്യം ചെയ്യുന്ന രീതി ശരിയാണോ

ആഫ്രിക്കയിൽ പരീക്ഷിച്ചു വിജയിച്ചത് എന്ന പേരിലാണ് ഇവിടെ പലതും നടപ്പാക്കുന്നത്. പരിഹാര നടപടികൾ അതതു സ്ഥലത്തിന് യോജിച്ചതായിരിക്കണം, ചെലവു കുറഞ്ഞതും ഫലപ്രാപ്തി കൂടിയതുമായിരിക്കണം, സമൂഹത്തിന് സ്വീകാര്യമാവുന്നതായിരിക്കണം. തീരുമാനങ്ങൾ ജനങ്ങളെയും അതിന്റെ ഗുണഭോക്താക്കളെയും ബോധ്യപ്പെടുത്തുകയും അവരെ അതിൽ പങ്കാളിയാക്കുകയും വേണം. ഇവിടെ പൊതുജന പങ്കാളിത്തം തീരെയില്ല.

ധർണ്ണയും ആഘോഷവും അല്ലാതെ രാഷ്ട്രീയക്കാർ ജനങ്ങൾക്ക് ഉപകാരപ്രദമായ എന്തെങ്കിലും നടത്തിയതായി കേട്ടിട്ടുണ്ടോ? ഈ മനോഭാവം മാറേണ്ടിയിരിക്കുന്നു. പരിഹാര പ്രവർത്തനങ്ങളിൽ ധാരാളം താൽപര്യങ്ങളും കടന്നുവരുന്നുണ്ട്. കരാറുകാരുടെ ലോബികളുടെ താല്പര്യങ്ങൾ പോലുള്ളവ. അവർക്ക് പ്രശ്നം പരിഹരിക്കണമെന്നില്ല, നിലനിർത്തണം. പട്ടയമേളകളുടെ കാര്യം പോലെ. ഒറ്റയടിക്ക് പട്ടയം കൊടുത്ത് തീർത്താൽ പോരെ? അതുകൊണ്ടുള്ള മെച്ചം രാഷ്ട്രീയക്കാർക്കും വക്കീലന്മാർക്കും മാത്രമാണെന്ന് മുഖ്യമന്ത്രി പങ്കെടുത്ത ഒരു യോഗത്തിൽ ഞാൻ പറയുകയും ചെയ്തു. അതുപോലെ, കാടാണെന്ന് വനം വകുപ്പ് മാത്രം പറഞ്ഞാൽ മതിയോ? അവിടെ ചെല്ലുമ്പോൾ ആകെ കൃഷിസ്ഥലമാണ്. വേണ്ട കാലത്ത് നോക്കാതിരുന്നിട്ട് ഇപ്പോൾ കൃഷിക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ?

ആനയിറങ്കൽ എന്ന സ്ഥലത്തിന്് മൂന്നാറുമായി കണക്ഷൻ ഉണ്ടായിരുന്നു. അവിടെയൊക്കെ ഇപ്പോൾ റിസോർട്ടുകളും സ്‌കൂളുകളും വന്നു. അങ്ങോട്ടുമിങ്ങോട്ടും പോകാനുള്ള വഴിയില്ലാതായി. ആ ബന്ധം പുനഃസ്ഥാപിക്കണമെങ്കിൽ ആളുകൾ മാറണം, റിസോർട്ടുകളുടെ ചില ഭാഗങ്ങളെങ്കിലും പൊളിക്കണം. അവരൊക്കെ വലിയ ആളുകളായതിനാൽ ഞങ്ങൾ റിപ്പോർട്ട് കൊടുത്തിട്ട് അഞ്ചെട്ടു മാസമായിട്ടും ഇതുവരെ മിണ്ടിയിട്ടില്ല. ഹൈക്കോടതി വിദഗ്ധ സമിതിയിൽ അംഗമായ ഞാൻ തന്നെയാണ് റിപ്പോർട്ട് എഴുതിയത്. ആനകൾ അവിടെത്തന്നെ നിന്ന് ജീവിച്ചു മരിച്ചുപോകണം. അങ്ങനെ പ്രശ്നം തീരണം എന്നതാണ് അവരുടെ ആവശ്യം.

പരിസ്ഥിതിപരമായി വലിയ പ്രശ്നമാണെങ്കിലും പൊതുവേ, ചെറിയൊരു പ്രശ്നമെന്ന് തോന്നുന്ന ഒരു കാര്യം പറയാം. കല്ലാർ ഭാഗത്ത് മാലിന്യം തള്ളുന്ന വലിയൊരു കേന്ദ്രം ഉണ്ട്. ഇതുവരെ ചുറ്റുവേലി കെട്ടാൻ സാധിച്ചിട്ടില്ല. ഈ മാലിന്യക്കൂമ്പാരത്തിൽനിന്ന് ആന മാലിന്യം ഭക്ഷിക്കുന്ന വാർത്തയും ചിത്രങ്ങളും ഒക്കെ വന്നിട്ടുണ്ട്. ഇതൊക്കെ കാരണമാണ് ആന മൂന്നാറിൽ ഇറങ്ങുന്നത്. മാട്ടുപ്പെട്ടിയിലെ കടകളിലൊക്കെ പഴങ്ങളും മറ്റും വയ്ക്കുന്നുണ്ട്. അത് ആനകളെ ആകർഷിക്കും. പന്നി വരുന്നുണ്ടെന്ന് പറയുന്ന സ്ഥലങ്ങളിലൊക്കെ മാലിന്യക്കൂമ്പാരം ഉണ്ട്. കുരങ്ങനായാലും അങ്ങനെ തന്നെ. പന്നിയുടെ പ്രശ്നം കുറെയെങ്കിലും നാട്ടുകാർ തന്നെ തീർക്കണം. അതു സംബന്ധിച്ച് വനം വകുപ്പ് ഒരു ഉത്തരവ് കൊടുത്തിരുന്നു. പഞ്ചായത്തു സമിതിയുടെയൊക്കെ അനുമതിയോടെ വെടിവച്ചു കൊല്ലാൻ. അതിനു ലൈസൻസ് നിർബന്ധമായും വേണം. അല്ലാതെ കള്ളത്തോക്കിനെ പ്രോത്സാഹിപ്പിക്കാൻ കഴിയുമോ? പഞ്ചായത്തുകൾ പ്രമേയം പാസാക്കുന്നതല്ലാതെ നടപടി എടുക്കുന്നില്ല.

കാട്ടാന ശല്യം
 
കാട്ടിലെ ആന തുമ്മിയാലും ചീറ്റിയാലും വലിയ പ്രശ്നമാണ്. ഈ നാട്ടാന എത്ര പേരെ കൊന്നിട്ടുണ്ട്, ഉത്സവത്തിനും പള്ളിപ്പെരുന്നാളിനും ഒക്കെ കൊണ്ടുവരുന്ന ആനകൾ എത്ര പേരെ കൊന്നിട്ടുണ്ട്? അതിനു കണക്കുണ്ടോ, എന്താ നോക്കാത്തത്? ആന ഓടി, തളച്ചു. അത്രതന്നെ. ലക്ഷക്കണക്കിന് രൂപ കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങി കൊണ്ടുനടക്കുകയാണ് ചിലർ. ആർക്കും പരാതിയില്ല.

സർക്കാർ സമീപനവും നടപടികളും

വന്യമൃഗപ്രശ്നം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന്റെ നയങ്ങൾ ശരിയല്ല. പ്രശ്നമുണ്ടാവുമ്പോൾ വലിയ വർത്തമാനം പറയും. രാഷ്ട്രീയക്കാരോട് നമസ്‌കാരം പറയാൻ തോന്നിയ ഒരു സംഭവമുണ്ട്. താൽക്കാലിക വാച്ചറായി നിയമനം കൊടുക്കുന്ന ഉത്തരവ് മന്ത്രി കൊണ്ടുകൊടുത്തു. ദിവസ വേതനത്തിനുള്ള ജോലിക്കാരനാണ്. കേരളത്തിൽ എത്ര ഫോറസ്റ്റ് വാച്ചർമാർക്ക് സമയത്തിന് ശമ്പളം കിട്ടുന്നു എന്ന് അന്വേഷിച്ചു നോക്കണം. കൊടുക്കാൻ പറ്റുന്നില്ല. വനം വകുപ്പിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാശുണ്ടെങ്കിലല്ലേ അവർക്ക് കൊടുക്കാൻ കഴിയൂ.

അതുപോലെ ഒരു ആക്ഷൻ പ്ലാൻ ഉണ്ടാക്കുമെന്ന് മന്ത്രി പ്രസ്താവിച്ചിട്ടുണ്ട്. രണ്ടുവർഷം മുമ്പ് ഒരു മാസ്റ്റർ പ്ലാനിനെപ്പറ്റി മന്ത്രി പറഞ്ഞിരുന്നു അതെവിടെപ്പോയി എന്നാരും ചോദിക്കുന്നില്ല. ഉദ്യോഗസ്ഥർ സൗകര്യപൂർവ്വം മറക്കും, മന്ത്രിമാർ മനപ്പൂർവം മറക്കും. ജനങ്ങളെ ഇങ്ങനെ പറ്റിച്ചു കൊണ്ടിരിക്കും. ആക്ഷൻ പ്ലാൻ ഉണ്ടാക്കിയാൽ അതനുസരിച്ച് മുന്നോട്ട് പോകണ്ടേ? എന്തായിരിക്കണം ആക്ഷൻ പ്ലാൻ?  പ്രധാന കാര്യം ആളുകൾ മാറണം. കാടു കാടായും നാടു നാടായും ഇരിക്കണം. പക്ഷേ, സർക്കാരിന് താൽക്കാലികമായി രക്ഷപ്പെടണം എന്നേയുള്ളൂ.

ഈ രംഗത്തെ വിദഗ്ധരെയും ഉദ്യോഗസ്ഥരെയും പരിചയസമ്പന്നരായ കർഷകരെയും ചേർത്ത് ചർച്ച നടത്തി മാസ്റ്റർ പ്ലാൻ ഉണ്ടാക്കണം. കഴിഞ്ഞ പ്രാവശ്യത്തെ മാസ്റ്റർ പ്ലാൻ ചർച്ചകളിൽ ഞാനും പങ്കെടുത്തിരുന്നു. അതിനുശേഷം പ്ലാൻ എവിടെയെന്ന് ചോദിച്ചപ്പോൾ ആയി വരുന്നേയുള്ളൂ എന്നായിരുന്നു മറുപടി. തങ്ങൾ ചർച്ച ചെയ്ത കാര്യങ്ങൾ അതിൽ വന്നിട്ടുണ്ടോ എന്ന് പങ്കെടുത്തവർ അറിയണ്ടേ? വിദഗ്ധരെ തെരഞ്ഞെടുക്കുന്നതിൽ പോലും രാഷ്ട്രീയം വരുന്നു. രാഷ്ട്രീയം നോക്കാതെ അനുഭവസമ്പത്തുള്ളവരെയും വൈദഗ്ധ്യം ഉള്ളവരെയുമാണ് കമ്മിറ്റികളിൽ ഉൾപ്പെടുത്തേണ്ടത്. ഇന്ന് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഒക്കെ രാഷ്ട്രീയം കളിക്കുന്ന അവസ്ഥയാണ്. സർക്കാർ പദ്ധതി സമയബന്ധിതമല്ല. പ്രവൃത്തികൾക്ക് മുൻഗണനാക്രമം നിശ്ചയിച്ചിട്ടുമല്ല.

പ്രശ്നം കൈകാര്യം ചെയ്യാൻ കമ്മറ്റികളോടു കമ്മിറ്റികളാണ്. ഹൈക്കോടതിയുടെ സമിതിയെ മറികടക്കാൻ പല കമ്മിറ്റികൾ, പല തരത്തിൽ. പഞ്ചായത്ത് തലം മുതൽ അന്താരാഷ്ട്ര വിദഗ്ധരെ വരെ ചേർത്തിട്ടുള്ള കമ്മിറ്റി. ഇതൊക്കെ ജനങ്ങളെ പറ്റിക്കലാണ്. അന്താരാഷ്ട്ര വിദഗ്ധർ എവിടെയാണ്, അവർ എന്താണ് പറഞ്ഞത്? ഒക്കെ വെറുതെ തട്ടിമൂളിക്കുകയാണ്. ഇനിയും ഇവർ വിദഗ്ധ സമിതി എന്നൊക്കെ പറഞ്ഞ് കുറച്ചുപേരെ പുറത്തുനിന്ന് കൊണ്ടുവരും. നമ്മൾ വിചാരിക്കും, ഭീകരന്മാർ വരുന്നു. ഇവിടത്തെ കാര്യം അറിയാത്ത കുറെ പേര് വച്ചിട്ട് എന്തു ചെയ്യാനാണ്?

ജനപങ്കാളിത്തത്തോടെ വേണം പരിഹാരനടപടികൾ. അത് അവർക്ക് സ്വീകാര്യവും ആയിരിക്കണം. 93-94 കാലത്ത് ചാവക്കാട് അജ്ഞാതജീവി ഇറങ്ങി. ഞങ്ങളെ അത് പരിശോധിക്കാൻ വിട്ടു. നോക്കിയപ്പോൾ നായയാണ്. നായയുടെ കാൽപ്പാട് കണ്ടിട്ട് ചില നാട്ടുകാർ അത് കടുവയുടേതാണെന്ന് പറഞ്ഞു. ഞങ്ങൾ നായയെ കൊണ്ടുവന്ന് നടത്തിച്ചു കാണിച്ചു, ഇത് നായയുടെതല്ലേ എന്ന് ചോദിച്ചു. അവർ പറഞ്ഞു, ഇത് നായയുടെതാണ്, പക്ഷേ മറ്റേത് കടുവയുടെതാണ്. ചില നാട്ടുകാർ പറഞ്ഞത്, അങ്ങനെയല്ലല്ലോ പത്രത്തിൽ വന്നത് എന്നാണ്. ചാനലുകളിൽ വരുന്ന ഒരു ഷോട്ട് ജനങ്ങളുടെ മനസ്സിൽ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണ്. മാധ്യമങ്ങൾ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നാണ് ഞാൻ കരുതുന്നത്.

അന്യസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ

വന്യജീവി പ്രശ്നങ്ങളിൽ എല്ലാവരും ഒരേ കാര്യമാണ് ചെയ്യുന്നത്. എങ്കിലും തമിഴ്നാട്ടിലും കർണാടകത്തിലുമൊക്കെ വളരെ പെട്ടെന്ന് നടപടി ഉണ്ടാകും. ഏറ്റവും വേഗം നടപടിയെടുക്കുന്നത് തമിഴ്നാട്ടിലാണെന്ന് തോന്നുന്നു. അവിടെ കേരളത്തിലെപ്പോലെ ചാനലുകാർക്ക് എല്ലായിടത്തും ആക്സസ് ഇല്ല.
 
വന്യമൃഗങ്ങളെ കൊല്ലാനുള്ള മുറവിളിയെ കുറിച്ച്

ഒരാൾ പറഞ്ഞ് ഫലിപ്പിക്കുന്നതിന്റെ പിന്നാലെ എല്ലാവരും പോവുകയാണ്. അവരുടെ ബുദ്ധിയും ചിന്തയും ഒന്നും പ്രവർത്തിക്കാതാകുന്നു. ഇന്ന് സി.സി.എഫ്. (ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ്) വ്യക്തമായി പറഞ്ഞു, കടുവയെ വെടിവെച്ചിട്ടില്ല എന്ന്. വെടിവെച്ചു എന്നു പറഞ്ഞാലുള്ള ബുദ്ധിമുട്ട് അവർക്കറിയാം. പലയിടത്തുനിന്നും ചോദ്യം വരും. രണ്ടു കൂട്ടരുടെയും അടി അവർക്കാണ് കിട്ടുക. പാമ്പു കടിച്ചാലും നഷ്ടപരിഹാരം എന്ന ലെവലിലേക്ക് പോവുന്നത് നല്ലതല്ല. അങ്ങനെയാണെങ്കിൽ കുറുക്കൻ കടിച്ചാലും കൊടുക്കണ്ടേ? ഇതെല്ലാം സർക്കാരിന്റെ ഉത്തരവാദിത്വം ആണെന്ന് പറയുന്നതിൽ എന്താണ് അർത്ഥം? ഇത്രയും നാളും ഇതെല്ലാം നമ്മുടെ നാട്ടിലുണ്ടായിരുന്നല്ലോ, അന്നൊന്നും ഒരു പ്രശ്നവുമില്ലായിരുന്നല്ലോ.

ജനങ്ങളോട് പറയാനുള്ളത്

തീർച്ചയായും ഒരു പ്രശ്നമുണ്ട്. കൂട്ടായി ചിന്തിച്ച് ശാസ്ത്രീയ വൈദഗ്ധ്യം ഉള്ള ആൾക്കാരെ കൂടി ഉൾപ്പെടുത്തി വേണം പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ടത്. എന്തു കാര്യവും വിജയിക്കണമെങ്കിൽ ജനങ്ങളുടെ സഹകരണം വേണമെന്നത് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും മറക്കരുത്. പൊതുജനങ്ങളുടെ സഹായമില്ലാതെ ഒരു സംരക്ഷണ പ്രവർത്തനങ്ങളും വിജയിക്കില്ല. പ്രശ്നമുണ്ടായത് നിങ്ങൾ അവിടെ പോയി കിടന്നിട്ടല്ലേ എന്ന് ചോദിക്കുന്ന സാധാരണ പ്രകൃതി സംരക്ഷണക്കാരുടെ നിലപാട് ആരെയും സഹായിക്കില്ല. എന്തായാലും ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണം. അത് ഹ്രസ്വകാലത്തേക്കോ ദീർഘകാലത്തേക്കോ ആവാം.