കാഠ്മണ്ഡു: “വലിയ നദി കടന്നാൽ സുരക്ഷിതരാകുമെന്നാണ് കരുതിയത്. പക്ഷേ, ഇത്ര വർഷം കഴിഞ്ഞിട്ടും ആ ആന ഞങ്ങളെ കണ്ടെത്തി. ഇനി ഓടിരക്ഷപ്പെടാൻ ഒരിടവുമില്ല’’ -ഇതു പറഞ്ഞ് ശനിച്ചര ബോട്ടെ വിതുമ്പി.

To advertise here,

നേപ്പാളിൽ 14 വർഷത്തിനിടെ ഒരു കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞത് കുടുംബത്തിലെ നാലുജീവനുകൾ. ചിത്വാൻ ദേശീയോദ്യാനത്തിനുസമീപത്തെ മാഡി സ്വദേശിയായ ശനിച്ചര ബോട്ടെയുടെ കുടുംബത്തിനാണ് ഈ ദുർവിധി. 2012 ഡിസംബറിലാണ് ‘ധുർബെ’ എന്ന ഒറ്റയാൻ അദ്ദേഹത്തിന്റെ അച്ഛനമ്മമാരെ ചവിട്ടിക്കൊന്നത്. ഇതോടെ കുടുംബം കാട്ടാനപ്പേടിയിലായി.

ഗ്രാമംവിട്ട് റാപ്തി നദികടന്ന് ഒൻപത് മൈൽ അകലെയുള്ള ജഗത്പുരിലേക്ക് താമസം മാറ്റി. ഈ കുടുംബത്തെയാണ് അതേ കാട്ടാന 14 വർഷത്തിനിപ്പുറം ആക്രമിച്ചത്. ഈ മാസം ജഗത്പുരിലെ വീട്ടിലെത്തി ബോട്ടെയുടെ 25-കാരിയായ മരുമകൾ ആശിക ബോട്ടെയെയും നാലുവയസ്സുള്ള കൊച്ചുമകൻ ഭരത് ബോട്ടെയെയും ആക്രമിച്ച് കൊലപ്പെടുത്തി.

നേപ്പാളിലെ ഏറ്റവും കുപ്രസിദ്ധമായ ഒറ്റയാന്മാരിലൊന്നാണ് ധുർബെ. 2010 മുതൽ ഇതുവരെ 25 പേരെയാണ് ഈ ആന കൊന്നത്. 2016 മുതൽ ആനയുടെ സഞ്ചാരം നിരീക്ഷിക്കാൻ ജി.പി.എസ്. കോളർ ഘടിപ്പിച്ചെങ്കിലും പിന്നീടും ആക്രമണം തുടർന്നു.