ഭാരതപ്പുഴ സംരക്ഷണത്തിനായി മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളുടെ മേലുള്ള അവഗണന വര്‍ഷങ്ങളായി തുടരുകയാണ്. കാലാകാലങ്ങളില്‍ നിയമസഭാ പരിസ്ഥിതി സമിതി ചേര്‍ന്ന് പുഴസംരക്ഷണത്തിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാറുണ്ടെങ്കിലും മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ഇതില്‍ താത്പര്യമെടുക്കാറില്ല. നിളയോരത്തെ കാഴ്ചകളെക്കുറിച്ച് 'മാതൃഭൂമി ' നടത്തുന്ന അന്വേഷണം, നാഥനില്ലാതെ നിള.

To advertise here,

2010-ലും 2014-ലും നിയമസഭാ പരിസ്ഥിതി സമിതികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുന്‍ എം.എല്‍.എ. സി.പി. മുഹമ്മദടക്കമുള്ളവര്‍ പരിസ്ഥിതി കമ്മിറ്റി ചെയര്‍മാനായിരുന്നപ്പോഴും ഇത്തരം റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. 2017 ഓഗസ്റ്റ് 23-ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ ഇതുവരെയും നടപടിയായില്ല. അതിനുശേഷം രണ്ടുതവണ ഹരിത ട്രിബ്യൂണല്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. എന്നിട്ടും മാറ്റമൊന്നുമുണ്ടായില്ല.

2017-ല്‍ മുല്ലക്കര രത്‌നാകരന്‍ ചെയര്‍മാനായ പരിസ്ഥിതി കമ്മിറ്റി റിപ്പോര്‍ട്ടില്‍ പുഴയ്ക്കും അതിജീവനത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. രണ്ടുകിലോമീറ്ററില്‍ ഒന്നെന്ന കണക്കില്‍ ഭാരതപ്പുഴയില്‍ നിര്‍മാണം നടക്കുന്നുവെന്നതും പുഴയുടെ സ്വാഭാവിക ഒഴുക്ക് ഇല്ലാതാവുകയാണെന്നും കണ്ടെത്തലുണ്ടായിരുന്നു. വര്‍ഷത്തില്‍ മൂന്നോ നാലോ മാസം മാത്രമാണ് പുഴയില്‍ സ്വാഭാവിക ഒഴുക്കുള്ളത്.

Read more at: ചത്താല്‍ തള്ളിവിടുന്നത് പുഴയിലേക്ക്; കോവിഡ് കാലത്തോടെ കാലിത്തൊഴുത്തായ ഭാരതപ്പുഴ

പുഴയുടെ അവകാശം സംരക്ഷിക്കുന്നതിന് ഭാരതപ്പുഴ സംരക്ഷണ അതോറിറ്റി രൂപവത്കരിക്കാനുള്ള നിര്‍ദേശവും നടപ്പായില്ല. പരിസ്ഥിതി സ്‌നേഹികളും പുഴസ്‌നേഹികളും ഏറെക്കാലമായി ഇക്കാര്യം ആവശ്യപ്പെടുന്നു. 444 കുടിവെള്ളപദ്ധതികള്‍ പുഴയെ ആശ്രയിച്ചാണുള്ളത്. എന്നാല്‍, പുഴ മാലിന്യമുക്തമാക്കാനുള്ള നടപടിക്ക് ഒച്ചിഴയും വേഗമാണ്. ബന്ധപ്പെട്ട നഗരസഭകളും വിഷയത്തില്‍ വേണ്ടത്ര പഠനം നടത്തിയിട്ടില്ല.

എന്‍.ആര്‍.സി.പി. രജിസ്ട്രേഷന്‍ നടന്നില്ല

ദേശീയ നദീസംരക്ഷണ പദ്ധതിയില്‍ (എന്‍.ആര്‍.സി.പി.) ഭാരതപ്പുഴയെ ഉള്‍പ്പെടുത്തണമെന്ന് ഏറെക്കാലമായുള്ള ആവശ്യമാണ്. ഇന്ത്യയിലെ 33 നദികളാണ് പദ്ധതിയിലുള്ളത്. ഇതില്‍ കേരളത്തില്‍നിന്ന് പമ്പയും പെരിയാറും മാത്രമാണുള്ളത്. ജില്ലയിലെ മറ്റുപുഴകളെ അപേക്ഷിച്ച് ഭാരതപ്പുഴയില്‍ മാലിന്യം തള്ളല്‍ കുറവാണെന്നാണ് കണ്ടെത്തല്‍. അതേസമയം, കല്‍പാത്തിപ്പുഴയില്‍ മലിനീകരണത്തോത് കൂടുതലാണെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തി.

placeholder
bharathapuzha
പട്ടാമ്പി ബസ് സ്റ്റാന്‍ഡിന് സമീപം ഭാരതപ്പുഴയോരത്ത് പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് സ്റ്റേഷനിലെ മാലിന്യം ചേരുന്ന ടാങ്ക് നില്‍ക്കുന്ന ഭാഗം

പുഴസ്‌നേഹികള്‍ക്ക് ഇത് മറിച്ചാണെന്ന് അറിയാമെങ്കിലും ഇടപെടാനാകുന്നില്ല. എന്‍.ആര്‍.സി.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ നിള മാലിന്യമുക്തമാക്കാന്‍ ആകുമെന്നാണ് പ്രതീക്ഷ. ഇതില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തേണ്ടതുണ്ട്.

Read more at: ചന്തയിലെയും ശൗചാലയത്തിലെയുമടക്കം മലിനജലം ഒഴുക്കുന്നത് കുടിവെള്ളത്തിലേക്ക് | ഭാഗം - 2

ഹരിത ട്രിബ്യൂണല്‍ രണ്ടുതവണ ഭാരതപ്പുഴ മലിനീകരണ വിഷയത്തില്‍ വിധിപറയുകയും നിരവധി കമ്മിറ്റികള്‍ പുനരുജ്ജീവന പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തിട്ടും ഭാരതപ്പുഴയെ കേന്ദ്രപരിഗണനയില്‍ കൊണ്ടുവരാന്‍ സാധിച്ചില്ലെന്നത് അനാസ്ഥയാണെന്നും ദേശീയ നദീസംരക്ഷണ പദ്ധതിയില്‍ ഭാരതപ്പുഴയെ ഉള്‍പ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ ജനറല്‍ സെക്രട്ടറി വിനോദ് നമ്പ്യാര്‍ പറഞ്ഞു.

(തുടരും)

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ: https://mbi.page.link/mbes